VOL 04 |
 Flip Pacha Online

പലസ്തീനും യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയും

By: മുഷ്‌താഖ്‌ കൊടിഞ്ഞി

പലസ്തീനും യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയും
ന്യൂയോർക്കിൽ വീണ്ടും ഐക്യ രാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് വേദിയൊരുങ്ങുകയുണ്ടായി.

2025 സെപ്തംബർ 9 മുതൽ ആരംഭിച്ച സമ്മേളനത്തിൽ രാഷ്ട്ര തലവന്മാരുടെ പ്രസംഗങ്ങളാണ് പ്രസക്തം. പലസ്തീൻ തന്നെയാണ് പ്രധാന വിഷയം.ഇത്തവണത്തെ ഉച്ചകോടിക്ക് വളരെയധികം പ്രാധാന്യമുണ്ട്.

ഐക്യരാഷ്ട്ര സഭയിലെ 193 അംഗരാജ്യങ്ങളിൽ 157 എണ്ണം പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ഇത് യുഎൻ അംഗരാജ്യങ്ങളുടെ ഏകദേശം 81% വരും.

പലസ്തീനെ ഒരു നിരീക്ഷണ രാഷ്ട്രമായി (observer state) യുഎൻ അംഗീകരിച്ച 2012 മുതൽ 138 രാജ്യങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ, യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്കയുടെ
വീറ്റോ കാരണം പലസ്തീൻ ഇന്നും ദുരിതമനുഭവിക്കുകയാണ്. ഇക്കാലംവരെ അമേരിക്കയുടെ സഖ്യകക്ഷികളായിരുന്ന വൻകിട രാഷ്ട്രങ്ങൾപോലും പലസ്തീനെ അംഗീകരിക്കാൻ മുന്നോട്ടുവന്നതാണ് എൺപതാമത്തെ യു.എൻ സമ്മേളനത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഫ്രാൻസ് ഫലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്.

ഫ്രാൻസിലുടനീളം ടൗൺഹാളുകളിൽ മേയർമാർ പലസ്തീൻ പതാക ഉയർത്തുകയും ചെയ്തു.
ബ്രിട്ടൻ,കാനഡ,ഓസ്‌ത്രേലിയ,പോർച്ചുഗൽ എന്നീ രാഷ്ട്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു.ഇറ്റലിയിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജനം പ്രക്ഷോഭം നടത്തിവരികയാണ്.അമേരിക്കൻ ഇസ്രായേൽ കടുത്ത എതിർപ്പുകൾ തള്ളിയാണ് ഈ രാഷ്ട്രങ്ങളെല്ലാം പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത്
എന്നോർക്കണം.

എക്കാലത്തും അമേരിക്കയുടെ ഏറ്റവും വലിയ കൂട്ടുകക്ഷിയാണ് ബ്രിട്ടൻ. ഒന്നാം ലോക മഹായുദ്ധം,രണ്ടാം ലോക മഹായുദ്ധം,ഗൾഫ് യുദ്ധം, ഇറാഖ്, അഫ്‌ഗാൻ, സിറിയ, ലിബിയ തുടങ്ങി, യുദ്ധങ്ങളിലും, അധിനിവേശങ്ങളിലും,അട്ടിമറികളിലുമെല്ലാം അമേരിക്കയോട് തോളോട് തോൾചേർന്നുനിന്ന
രാജ്യമാണ് ബ്രിട്ടൻ.

2023-ൽ ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനുശേഷം ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ഹമാസിനെ തുരത്താൻ എല്ലാവിധ പിന്തുണയും ഇസ്രായേലിന് നൽകുകയും ചെയ്തിരുന്നു.

ഒന്നാംലോക മഹായുദ്ധം, ഗൾഫ് യുദ്ധം, അഫ്ഗാൻ,സിറിയ,ലിബിയ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയോടൊപ്പം പ്രവർത്തിച്ച സഖ്യകക്ഷിയാണ് ഫ്രാൻസ്.

രണ്ടാം ലോക മഹായുദ്ധം, ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കയോട് കൂടെ പ്രവർത്തിച്ച രാഷ്ട്രമാണ് ഓസ്‌ട്രേലിയ.രണ്ടാം ലോക മഹായുദ്ധം,അഫ്ഗാൻ,സിറിയ,ലിബിയ നീക്കങ്ങളിൽ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നു കാനഡ.
രാഷ്ട്രീയമായി ഇത്രയും അടുത്ത ബന്ധങ്ങൾ നിലനിൽക്കുമ്പോൾത്തന്നെയാണ് പലസ്തീൻ വിഷയത്തിൽ ഈ രാഷ്ട്രങ്ങളെല്ലാം സ്വന്തം നിലപാടുകളുമായി മുന്നോട്ടുവന്നിട്ടുള്ളത്.

ഇസ്രായേൽ എന്ന രാഷ്ട്രത്തിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയ നാൾ മുതൽ ഫലസ്തീനികളുടെ കഷ്ട കാലവും ആരംഭിച്ചിരുന്നു.
കേരളത്തിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രം വിസ്തൃതിയുള്ള ആ ദേശത്ത് ജൂതന്മാരെ കുടിയിരുത്തി ഫലസ്തീനികളുടെ സ്വൈര്യ ജീവിതം നശിപ്പിച്ച ഇസ്രായേലിന്റെ ചട്ടമ്പിത്തരത്തിന് അമേരിക്കയും യൂറോപ്യൻ ക്രൈസ്തവ സമൂഹവും എന്നും കൂട്ടായി നിന്ന് കയ്യടിച്ച് പ്രോത്സാഹനം നൽകിയതായി കാണാം.

ആയുധങ്ങളും അർത്ഥവും നൽകി,ഇസ്രയേലിന്റെ വിജയം സ്വന്തം വിജയം എന്ന മട്ടിൽ അവർ ആഘോഷിക്കുകയും ചെയ്തു.

പാശ്ചാത്യ പരീഷന്മാരുടെ തണലിൽ ചുടു ചോറു മാന്തിക്കുന്ന ഒരു കുട്ടിക്കുരങ്ങന്റെ റോളിലേക്ക് ഇസ്രായേൽ മാറിയതിന്റെ ചരിത്രത്തിന് സഹസ്രാബ്ധങ്ങളുടെ പഴക്കമുണ്ട്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ യൂറോപ്പിന് ബാധ്യതയായി മാറിയ ജൂതന്മാരെ എവിടെയെങ്കിലും കുടിയിരുത്തേണ്ടത് അവരുടെ ആവശ്യമായിരുന്നു.
അങ്ങനെയാണ് ബാൽഫർ ഡിക്ളറേഷൻ എന്ന തുണ്ടു കടലാസിന്റെ ബലത്തിൽ 1948-ൽ ഐക്യരാഷ്ട്ര സഭയുടെ അനുമതിയോടെ ബ്രിട്ടൺ ഇസ്രയേലിനെ പലസ്തീനിൽ കുടിയിരുത്തുന്നത്.
പലസ്തീൻ വിഷയം ഒരു തലവേദനയായി മാറിയപ്പോൾ ബ്രിട്ടൺ ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയോട് ഇടപെടാൻ ആവശ്യപ്പെടുകയായിരുന്നു. പലസ്തീനിന്റെ 53% ജൂതർക്കു വിട്ടുകൊടുക്കുവാനും 46% അറബികൾക്കും അവശേഷിക്കുന്ന ഭാഗം, ജറൂസലേം സ്വതന്ത്രമായി നിലനിർത്താനുമാണ് തീരു മാനിച്ചത്. അതിനുശേഷം നിരന്തര വെട്ടിപ്പിടുത്തങ്ങളിലൂടേയും സൈനിക നടപടികളിലൂടേയും രക്തരൂഷിതമായ മറ്റ് മാർഗ്ഗങ്ങളിലൂടേയും പലസ്തീനികളെ വെസ്റ്റ് ബാ ങ്കിലേയും ഗാസാ പ്രദേശത്തേയും തുണ്ടുഭൂമികളിലേക്ക് ആട്ടിയകറ്റി.

കിരാതവും മനുഷ്യത്വഹീനവുമായ ഈ ഉന്മൂലനങ്ങളിൽ ലക്ഷക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമായിരുന്നു.അതുകൊണ്ടാണ് അന്താരാഷ്ട്ര കോടതി ഈ കൂട്ടക്കുരുതിയെ വംശഹത്യയായി പ്രഖ്യാപിച്ചത്.

ഇന്ന്, പലസ്തീൻ ജനത ഗസ്സ എന്ന ഇത്തിരി സ്ഥലത്ത് ശ്വാസം മുട്ടിപ്പിടയുമ്പോഴും ഇസ്രായേൽ അവരുടെ മനുഷ്യത്വരഹിതമായ നരവേട്ട തുടരുകതന്നെയാണ്. ഗസ്സ കൂടി ഒഴിപ്പിച്ച് അവിടെ നിന്ന് അവസാന പലസ്തീനിയേയും ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് തള്ളുക എന്ന ലക്ഷ്യത്തോടെ ഗസ്സയിൽ ഇന്ന് ടാങ്കുകളും പോർ വിമാനങ്ങളും നിസ്സഹായരായ ഒരു ജനതയുടെ നെഞ്ചത്ത് ഇരമ്പുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

മനുഷ്യത്വരഹിതവും അതിക്രൂരവുമായ ഈ നടപടികളാണ് യൂറോപ്യൻ രാജ്യങ്ങളുടെ മനസ്സാക്ഷിയെ പിടിച്ചുലച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാം.

മാനവികതയുടെയും മനുഷ്യാവകാശങ്ങളുടേയും സകല ധാർമ്മിക മര്യാദകളും കാറ്റിൽ പറത്തി ഒരു ജനതയെ വംശീയമായി തുടച്ചുനീക്കുന്നതിനെതിരെ ഒരു സമാധാനത്തിന്റെ അപ്പോസ്തലരും പ്രതികരിക്കുന്നില്ല.

ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഈയിടെ എക്സിൽ കുറിച്ചത്,'ഗസ്സയിലെ മുഴവൻ ജനങ്ങളെ കൊല്ലേണ്ടി വന്നാലും ഗസ്സയെ സമ്പൂർണ്ണമായി തങ്ങളുടെ അധീനതയിൽ കൊണ്ടുവരും' എന്നാണ്. മാത്രമല്ല ഗസ്സയിലെ അവസാന പലസ്തീനികളേയും അടിച്ചോടിച്ച് അവിടെ ഒരു ടൂറിസ്റ്റ് കേന്ദ്രം പണിയുന്നതിന്റെ സ്വപ്ന ത്തിലാണ് നോബൽ സമ്മാന മോഹവുമായി നടക്കുന്ന
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.

1993-ൽ നോർവേയുടെ കാർമ്മികത്വത്തിൽ രൂപം കൊണ്ട ഓസ്‌ലോ കരാറുകൾ അടക്കം സകല സമാധാന ഉടമ്പടികളേയും കാറ്റിൽ പറത്തിയ ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ ഒരു ശക്തികളേയും ഭയമില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം. ഇസ്രായേലിന്റെ ചെയ്തികളെ ചോദ്യം ചെയ്യാൻ പ്രാപ്തരായ ഒരു നാടും ഇന്ന് ലോകത്തില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നാളെ മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരങ്ങളിൽ ഇങ്ങനെ ഒരു ജനത ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയാത്ത മട്ടിൽ അവരെ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കാനാണ് നെതന്യാഹു ഭരണകൂടം ശ്രമിക്കുന്നത് എന്ന് ചുരുക്കം.

നിരവധി അഴിമതിയാരോപണങ്ങൾ നേരിടുന്ന നെതന്യാഹു അധികാരത്തിൽനിന്ന് നിഷ്കാസിതനായാൽ തടവറയാണ് തന്നെ കാത്തിരിക്കുന്നത് എന്ന ബോധ്യത്തിൽ നിന്നാണ് ഈ കിരാത ചെയ്തിയികൾക്ക് മൂർച്ച കൂട്ടുന്നത്. മാത്രമല്ല,അന്താരാഷ്ട്ര മനുഷ്യാവകാശ കോടതി 2024 നവംബർ 21-ന് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.

ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് ഇരുപതിനായിരംസൈനികരെ വിന്യസിച്ച് കൊണ്ട് ഇസ്രയേലിന്റെ ടാങ്കുകൾ ഗസ്സയിൽ അണിനിരത്തി അവസാന ഉന്മൂലന പ്രക്രിയയ്ക്ക് തുടക്കമിട്ടത്. ഒരേസമയംതന്നെ ഇസ്രായേലിന്റെ കര,വ്യോമ,നാവിക സേനകൾ പലസ്തീൻ മണ്ണിൽ ആക്രമണം ശക്തമാക്കിക്കൊണ്ടിരിക്കുന്നു.സ്വന്തം വീട്ടിൽ നിന്ന് കുടിവെള്ളത്തിനും ഭക്ഷണത്തിനും പോലും പുറത്തിറങ്ങാൻ പറ്റാത്ത വിധം ഫലസ്തീനികൾ ഒറ്റപ്പെടുമ്പോഴും ഇസ്രയേലിലെ നെതന്യാഹു ഭരണകൂടം വേട്ടനായ്ക്കളെ പോലെ അവരെ ഉന്മൂലനം തുടരുകയാണ്.

പലസ്തീനെ അനുകൂലിച്ച് യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവന്നാൽപ്പോലും ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് ആരും കരുതുന്നില്ല. ഇസ്രായേലിന്റെ ഏത് കിരാത ചെയ്തികളേയും ന്യായീകരിക്കാൻ അമേരിക്കക്ക് യു.എൻ രക്ഷാസമിതിയിൽ വീറ്റോ പവർ ഉള്ള കാലത്തോളം സമാധാനത്തിന്റെ ചിറകുകൾ അരിഞ്ഞു മാറ്റപ്പെടുക തന്നെ ചെയ്യും.

അതിന് പ്രധാന കാരണങ്ങളിലൊന്ന് അറബ് രാഷ്ട്രങ്ങളുടെ അഴകൊഴമ്പൻ നിലപാടുകളാണ്.സ്വന്തം സ്ഥാപിത താൽപ്പര്യങ്ങളിൽ മാത്രം അഭിരമിക്കുന്ന ഈ അറബ് രാഷ്ട്രങ്ങൾ ഈ സമയത്തും ഇസ്രയേലിനെതിരെ വിരലനക്കാൻ മടിച്ചു നിൽക്കുകയാണ്.

തങ്ങളുടെ വിധേയത്വം പ്രകടമാക്കാൻ പല അറബ് രാഷ്ട്രങ്ങളും 2020-ൽ അബ്രഹാം കരാറിൽ ഒപ്പ് വെച്ചു കഴിഞ്ഞു.പലസ്തീൻ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയ ശേഷം മാത്രമേ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കൂ എന്ന പതിറ്റാണ്ടുകളായുള്ള നിലപാടിന് ഈ കരാറുകൾ മാറ്റം വരുത്തി. ഇത് ഇസ്രായേലിന് അറബ് ലോകത്ത് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. അതുപോലെതന്നെ, ഈ കരാറുകൾ ഒപ്പുവെച്ച അറബ് രാജ്യങ്ങൾക്ക് അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ ലഭിക്കുന്നതിനും ഇത് വഴിയൊരുക്കി.

എന്നാൽ, പലസ്തീനികൾ ഈ കരാറിനെ അന്നുതന്നെ ശക്തമായി എതിർത്തിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാതെ അറബ് രാജ്യങ്ങൾ ഇസ്രാ യേലുമായി ബന്ധം സ്ഥാപിച്ചത് വഞ്ചനയാണെന്നാണ് അന്നവർ ആരോപിച്ചത്. കരാറിന്റെ തിക്തഫലം ഇന്നും പലസ്തീൻ ജനത അനുഭവിക്കുന്നു.

പല യൂറോപ്യൻ രാഷ്ട്രങ്ങളും ഫലസ്തീനെ അംഗീകരിക്കാൻ തയ്യാറായി എന്നത് സമാധാന കാംക്ഷികൾക്ക് ശുഭ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും യു.എസ് നയത്തിൽ മാറ്റംവരാതെ പലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടുകയില്ല.

എക്കാലത്തും യു.എൻ രക്ഷാസമിതിയിൽ അമേരിക്ക പലസ്തീൻ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

അമേരിക്ക കൂടാതെ ഫ്രാൻസ്,ബ്രിട്ടൻ,ചൈന,റഷ്യ എന്നീ രാഷ്ട്രങ്ങളാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ.പലസ്തീൻ വിഷയത്തിൽ ഫ്രാൻസ്,ബ്രിട്ടൻ,ചൈന,റഷ്യ രാഷ്ട്രങ്ങൾ എടുത്തത് ഒരേ നയമാണെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഭരണഘടനയനുസരിച്ച്,രക്ഷാസമിതിയിൽ ഏതെങ്കിലും ഒരുരാജ്യം വീറ്റോ ചെയ്‌താൽ മറ്റു അംഗങ്ങൾക്ക് നോക്കിനിൽക്കാനേ സാധിക്കൂ. ഇതാണിപ്പോഴും പലസ്തീൻ വിഷയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ ബ്രിട്ടന്റെ നിലപാടാണ് അതിൽ ഏറ്റവും ശ്രദ്ധേയമാണ്. കാരണം ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ജൂതർക്ക് കൈമാറിയത് ബ്രിട്ടനായിരുന്നു.

മാത്രമല്ല. അമേരിക്കയും ബ്രിട്ടനും അർദ്ധ സഹോദര രാഷ്ട്രങ്ങളായി ലോക ചരിത്രത്തിൽ അടയാളപ്പെട്ട രാഷ്ട്രങ്ങളായിരുന്നു.പ്രത്യേകിച്ച് നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാൻ ഇല്ലങ്കിലും ബ്രിട്ടന്റെ ഈ ചുവട് മാറ്റം ആശ്വാസം നൽകുന്നു.