VOL 04 |
 Flip Pacha Online

വിദ്യാഭ്യാസം നാടിന്റെ സാംസ്‌കാരിക സമ്പത്ത്

By: സി.പി. ചെറിയമുഹമ്മദ്

വിദ്യാഭ്യാസം നാടിന്റെ സാംസ്‌കാരിക സമ്പത്ത്
വിദ്യാഭ്യാസം പോലെ ചർച്ച ചെയ്യാവുന്ന മറ്റൊരു വിഷയം ഭൂമി മലയാളത്തിലുണ്ടാവില്ല. മലയാളിക്ക് വിനോദിക്കാനും വിവാദിക്കാനും വിദ്യാഭ്യാസം വേണം. അരങ്ങത്തും അടുക്കളയിലും ഇവ്വിഷയം കേറി വരും. നാടിന്റെ ഏറ്റവും വലിയ സാംസ്‌കാരിക സമ്പത്ത് (cultural wealth) വിദ്യാഭ്യാസമാണ്.

വിദ്യാഭ്യാസ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്കൂ‌ൾ വിദ്യാഭ്യാസം. ഒരു രാഷ്ട്രത്തിന്റെ മൂല്യ സങ്കൽപനവും പൗരവീക്ഷണവുമെല്ലാം രൂപപ്പെടുന്നത് സ്കൂ‌ൾ വിദ്യാഭ്യാസത്തിലൂടെയാണ്. പിന്നാേക്കാവസ്ഥയ്ക്ക് പരിഹാരവും അവഗണിക്കപ്പെട്ടവന്റെ പിടിവള്ളിയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ തിരിച്ചു വരവിനുള്ള ഏകോപാധിയും വിദ്യാഭ്യാസമാണ്. സാമൂഹ്യ വ്യക്തിത്വം രൂപപ്പെടുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെ നയപരം, ഘടനാപരം, അക്കാദമികം എന്നീ
ഘടകങ്ങളിലൂടെ സമീപിക്കുന്നത് ഉചിതമായിരിക്കും.

നയപരം
രാഷ്ട്രത്തിന്റെ ഭാവിയും വർത്തമാനവും രൂപപ്പെടുന്ന വിദ്യാഭ്യാസ പ്രക്രിയയിൽ ഭരണകൂടനയങ്ങൾക്ക് മുന്തിയ പരിഗണനയും ഭരണകൂടനിറവും പ്രത്യയശാസ്ത്ര മണവും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാവിയെ സ്വാധീനിച്ചതിനും പ്രതികൂലമായി ബാധിച്ചതിനും തെളിവുകളുണ്ട്. ഇതിന്റെ തെളിവാണ് വിദ്യാഭ്യാസ അവകാശ നിയമം (Right to Education). 2010 ഏപിൽ 1 മുതൽ വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി രാജ്യം ഭരിച്ചിരുന്ന യു.പി.എ. സർക്കാർ നിയമമാക്കിയിരുന്നു. ഭരണഘടന ഭേദഗതിയിലൂടെ ആർട്ടിക്കിൾ 21 എ
കൂട്ടിച്ചേർത്തു.

പ്രതിലോമപരമായ നീക്കം വിദ്യാഭ്യാസത്തെ തകർത്തതിന് തെളിവാണ് ഇക്കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാറിന്റെ വിദ്യാഭ്യാസ നയം. 'പെരുകുന്ന പരിഷ്കാരങ്ങൾ. തകരുന്ന പൊതു വിദ്യാഭ്യാസം' 19996 - 2001 കാലത്തെ ഡിപിഇപി പരിഷ്‌കാരങ്ങളേൽപ്പിച്ച മാരകപരുക്കിൽ നിന്നും പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ചെടുത്തത് 2001 2006-ൽ ഭരണത്തിൽ അഡ്വ. നാലകത്ത് സൂപ്പിയുടെ പൊതുവിദ്യാഭ്യാസ ശക്തീകരണത്തിന്റെ ഫലമായിട്ടായിരുന്നു.

ഇംഗ്ലീഷ് അധ്യാപക തസ്‌തിക സൃഷ്ടിച്ചതും കംപ്യൂട്ടർ പഠനം കരിക്കുലത്തിന്റെ ഭാഗമാക്കിയതും, ഒറ്റയടിക്ക് 286 സർക്കാർ സ്‌കൂളുകൾ ഹയർ സെക്കൻഡറികളാക്കി ഉയർത്തിയതുമെല്ലാം. ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഊഴമായപ്പോൾ ഈ മേഖല സുസജ്ജവും സുമോഹനവുമായി. ഏഡ്യൂസാറ്റും ലൈബ്രറി നവീകരണവും ഗ്രേഡിംഗിന്റെ പൂർത്തീകരണവും സർക്കാർ സ
കുളുകളിൽ അധിക തസ്‌തിക സൃഷ്ടിച്ചതുമെല്ലാം ഇതിൽ ചിലത് മാത്രം.

ദീപ്‌തമായ ഒരു കാലഘട്ടത്തിൽ നിന്നും ക്രമേണ അപചയത്തിന്റെ പാതയിലേക്കാണ് വിദ്യാഭ്യാസ വകുപ്പ് (2006 - 2011) മാറിയത്. എസ്.എസ്.എ, പ്രിന്റിങ്ങ് മുതലാളിമാർക്ക് തടിച്ചു കൊഴുക്കാനുള്ള ലാവണമായി. മണ്ടശ്ശിരോമണികൾ ഗാന്ധിജിയുടെ ചിത്രത്തിന് പകരം വാൽമാക്രിയെ ചിത്രീകരിച്ചു. പ്രത്യയശാസ്ത്ര പ്രത്യാക്രമണത്തിന് പാഠപുസ്‌തകങ്ങളെ നിമിത്തമാക്കിയ ഈ ഭരണകൂടത്തോട് മുണ്ടശ്ശേരി മാഷ് പോലും പൊറുക്കില്ല. മതമില്ലാത്ത ജീവനും മതവിരുദ്ധതയും പാഠപുസ്ത‌കങ്ങൾക്ക് അലങ്കാരമായി. 'ക്വിറ്റ് ഇന്ത്യ' സമരത്തേക്കാൾ പ്രാധാന്യം തെലുങ്കാനയ്ക്കും തേഭാഗക്കുമുണ്ടായി. ഈ പ്രക്ഷോഭങ്ങളെ പേടിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്നും ചരിത്ര പാഠപുസ്‌തകത്തിൽ തട്ടിവിടാൻ ആസ്ഥാന ബുദ്ധിജീവികളും പാർട്ടി പരിഷകളും കിണഞ്ഞു പരിശ്രമിച്ചപ്പോൾ പാഠപുസ്തകങ്ങൾ നിലവാരവുമില്ലാത്തതും ചരിത്ര പുസ്‌തകങ്ങൾ മനുഷ്യത്വവിരുദ്ധവുമായി.

പൊതുവിദ്യാഭ്യാസത്തിന്റെ നിലവിലുള്ള സമ്പ്രദായത്തെ തകർത്തു അനൗപചാരിക വിദ്യാഭ്യാസമാക്കി മാറ്റാനും പന്ത്രണ്ടാം ക്ലാസ് കഴിയുന്നതോടെ കുട്ടികൾ പഠനം അവസാനിപ്പിക്കട്ടെയെന്ന നിലപാടും ചില പ്രത്യയശാസ്ത്ര വിശാദരന്മാർ കണ്ടുപിടിച്ചു നടപ്പാക്കാനൊരുങ്ങി. കെ.എസ്‌.ടി.എ.ക്കാർ പോലും മൗനത്തിന്റെ വാൽമീകത്തിൽ നിന്നും പുറത്തിറങ്ങി വന്നു. അധ്യാപകരെ അപ്രസക്തരാക്കുകയും പാഠപുസ്‌തകങ്ങളെ പലവിധ പഠന മാധ്യമങ്ങളിലൊന്നാക്കി ഒരുക്കുകയും ലോക്കൽ ടെക്സ്റ്റിന് പാഠപുസ്‌തകങ്ങളേക്കാളും പ്രാധാന്യം നൽകുകയും ചെയ്തു. പരീക്ഷകളെ പ്രഹസനമാക്കി. ഗുണനിലവാര പരിശോധനകൾ ഇല്ലാതാക്കി. ഇതിനെതിരെ രംഗത്ത് വന്നവരെ മൗനികളാക്കാൻ റഫറണ്ടമെന്ന കത്തി കാട്ടി അക്കാദമിക ഭീഷണിയുമുണ്ടാക്കി ഭരണകൂട നയം വിദ്യാഭ്യാസമെന്ന മൂല്യവത്തായ ഒരു തത്വശാസ്ത്രത്തെ, ജനോപകാരപ്രദമായ ഒരു സാമൂഹ്യ സ്ഥാപനത്തെ എപ്രകാരം തകർത്തുവെന്നതിനും
ഏറെ തെളിവുകൾ വേണ്ടതില്ല.
ഘടനാപരം
വിദ്യാഭ്യാസമേഖല വിപുലമായ ഒരു പ്രസ്ഥാനമാണ്. മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള വിപുലമായ സംവിധാനം. ഭരണതലത്തിൽ പതിനാല് റവന്യു ജില്ലകൾ, 38 വിദ്യാഭ്യാസ ജില്ലകൾ, 154 സബ് ജില്ല അത്രയും ഓഫീസർമാരും അവർക്ക് താഴെ മൂവ്വായിരത്തോളം മിനിസ്റ്റീരിയൽ സ്റ്റാഫ്. രീതിയിലും സമ്പ്രദായത്തിലും ആധുനീകരണത്തിന് മടിച്ചു നിൽക്കും ഓഫീസുകൾ. പ്രശ്‌നങ്ങളുമായെത്തുന്നവർക്കും പ്രശ്‌ന പരിഹാരത്തിനിരിക്കുന്നവർക്കും ഒന്ന് നിന്നു തിരിയാൻ പോലുമിടമില്ലാത്ത കുടുസ്സ് മുറികളിൽ തളയ്ക്കപ്പെട്ട ജീവിതങ്ങൾ.

വിദ്യാഭ്യാസ ആപ്പീസുകളുടെ ശാസ്ത്രീയ വിഭജനം അനിവാര്യമായിരിക്കുന്നു. പാലക്കാട്, കണ്ണൂർ, ആലുവ എന്നീ വിദ്യാഭ്യാസ ജില്ലകളുടെ വിഭജനവും തിരൂരങ്ങാടി, മണ്ണാർക്കാട്, തളിപ്പറമ്പ് തുടങ്ങിയ ജില്ലകളുടെ രൂപീകരണവും അത്യാവശ്യമായിരിക്കുന്നു. അഞ്ഞൂറോളം വിദ്യാലയങ്ങളിൽ ഇന്നും ഷിഫ്റ്റും സെഷനുകളും നിലനിൽക്കുന്നു. എൽ.പി. അറ്റാച്ച്ഡ് സ്കൂ‌ളുകളും ഹയർ സെക്കൻഡറികളും ഉടച്ചു വാർത്തേ തീരൂ. ക്ലർക്കുമാരില്ലാത്ത പ്രൈമറികളും ക്ലാസ് ചാർജുള്ളൂ, പ്രൈമറി ഹെഡ്മ‌ാസ്റ്ററും ക്ലർക്കുമാരില്ലാത്ത ഹയർ സെക്കൻഡറിയും യോഗ്യതയുണ്ടായിട്ടും എച്ച്.എം. പ്രൊമോഷൻ നിഷേധിക്കപ്പെടുന്ന ഭാഷാധ്യാപക പ്രശ്നവും കുരുക്കഴിക്കേതുണ്ട്. വി.എച്ച്.എസ്. സ്കൂളുകൾക്ക് പ്രത്യേക പ്രിൻസിപ്പൽ എന്ന ഘടനാ മാറ്റം അനിവാര്യം. ചടുലമായ അധ്യാപക രക്ഷാകർത്തൃസമിതിയും ഈ മേഖലയെ ഘടനാപരമായി ജീവസ്സുറ്റതാക്കണം.

അക്കാദമികം
വിദ്യാലയങ്ങൾ ഓഫീസുകളുമായി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. സചേതനവും ജീവൽ സ്‌പർശവുമായ സാമൂഹ്യ പ്രസ്ഥാനമാണ് വിദ്യാലയം. രാഷ്ട്ര നിർമ്മാണ പ്രക്രിയയിലെ ശിക്ഷിത വിധേയ പടുക്കളെ വാർത്തെടുക്കുന്നതാണവിടം. കോത്താരിയ്ക്ക് ഒരു തിരുത്തെന്നോണം ഭാവി ഇന്ത്യയല്ല വർത്തമാന ഇന്ത്യയാണ് ക്ലാസ് മുറികളിൽ രൂപപ്പെടുന്നത്. വിദ്യാലയ പ്രവർത്തനങ്ങൾ രാഷ്ട്രീയമുക്തവും അക്കാദമിക താൽപര്യം മുൻനിർത്തിയുള്ളതുമാവണം.

കക്ഷിരാഷ്ട്രീയത്തിനും ജാതിമത പരിഗണനകൾക്കതീതവുമായ ഒരു ബഹുമത സമുഹത്തിന്റെ നേർ പ്രതീകമാണ് വിദ്യാലയം. നാടിന്റെ വീടാണത്. പൗലോ ഫ്രെയർ പറഞ്ഞതു പോലെ ഗുരുവും ശിഷ്യനുമവിടെ പരസ്‌പരം പഠിക്കുകയും പഠിപ്പിക്കുകയുമാണ്. അങ്ങനെ ക്ലാസ് റൂം അനുഭവങ്ങൾ ജ്ഞാനപ്രകാശിതമാകുന്നു.

മേൽ ലക്ഷ്യത്തിലാണ് കരിക്കുലം രൂപപ്പെടുന്നത്. ഉള്ളടക്കം (Content) ബോധന രീതി (methodology) മൂല്യനിർണ്ണയം (Evaluation) എന്നീ ഘടകങ്ങൾ ഒന്നിക്കുമ്പോഴാണ് കരിക്കുലമാവുന്നത്. ഒരു നാടിന്റെ പ്രതീക്ഷയുടെ പ്രതിഫലനവുമായിരിക്കും അത്. ഉള്ളടക്കം പാഠപുസ്‌ത്‌കങ്ങളുടെ മേഖലയാണ്. ഭാവി ജീവിതത്തിലേക്ക് ആവശ്യം
സൂക്ഷിച്ചു വ‌യ്ക്കേണ്ട വിജ്ഞാന ശേഖരമാവണം അത്. സ്റ്റേറ്റിന്റെ അറിവിലും ചുമതലയിലുമാണത് ഇറങ്ങേണ്ടത്. പുസ്തകങ്ങൾ പ്രാദേശികവൽക്കരിക്കുകയല്ല ദേശീയ-അന്തർദേശീയ നിലവാരത്തിലേക്കുയർത്തുകയാണ് വേണ്ടത്.

ബോധന രീതിശാസ്ത്രവും നിലവാര സൂചികയുടെ ഭാഗമാണ്. കുട്ടി അനുഭവത്തിലൂടെ കണ്ടും ചെയ്‌തും പഠിക്കുന്ന രീതിയാണ് ഏറ്റവും അഭികാമ്യം. കുട്ടിയാണിവിടെ കേന്ദ്രബിന്ദു. വിദ്യാർത്ഥി മനസ്സിൽ വർത്തുളമായ മാറ്റങ്ങൾ അലങ്കരിപ്പിക്കുന്ന പ്രവാചകതുല്യ പദവിയിലേക്ക് ഗുരു മാറുമ്പോൾ വിദ്യാഭ്യാസ ലക്ഷ്യത്തിന് മൂർത്തത ലഭിക്കുന്നു. വിദ്യാർത്ഥി അധ്യാപക അനുപാതം, 1:30 ആയേ
മതിയാവൂ. ക്ലാസ്‌മുറികളിലെ ഭൗതിക സൗകര്യങ്ങൾ ഇനിയും വർദ്ധിപ്പിക്കണം. എസ്.എസ്.എ., ആർ.എം.എസ്.എ. സൗകര്യങ്ങൾ എയ്‌ഡഡ് സ്‌കൂളുകളിലെ ഭൗതിക സൗകര്യ വികസനത്തിന് കൂടി ലഭ്യമാവണം. ഓരോ സ്‌കൂളിലും ഓരോ സ്മാർട്ട് മുറിയല്ല
എല്ലാ മുറികളും സ്മ‌ാർട്ടാവണം. ഏറ്റവും സ്‌മാർട്ടാവേണ്ടത് അധ്യാപകരാണ്.

മൂല്യനിർണ്ണയ രീതിയും ഏറെ കുറ്റമറ്റതാവണം. പരീക്ഷയിലൂടെ കുട്ടിയെ നോവിച്ചൂടാ എന്ന 'കുട്ടിസ്നേഹം' പുരോഗമനപരമല്ല. ജീവിതത്തിലുടനീളം മത്സര പരീക്ഷകളും വെല്ലുവിളികളും നേരിടാനുള്ള തയ്യാറെടുപ്പ് കുഞ്ഞുനാളിലേ തുടങ്ങുന്നുവെന്ന നിലയിലും പരീക്ഷയെ കാണാൻ കഴിയണം. പൊതുവിദ്യാഭ്യാസം നാടിന്റെ പൊതു സ്വത്താണ്. ചിലർ തെറ്റിദ്ധരിപ്പിച്ചത് പോലെ ആരുടെതുമല്ലാത്തത് കൊണ്ടല്ല ആ പേര് വന്നത്. എല്ലാ ഓരോരുത്തരുടേതുമായതിനാലാവണം പേര് വന്നത്. ലോക വ്യാപാര കേന്ദ്രം സപ്തംബർ 11 ന് തകർന്നെന്ന് പറയുമ്പോലെ 2011 മെയ് 19 ന് ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസം തകർക്കണോ ? പിണറായി വിജയന്റെ ദേശാഭിമാനി ലേഖനം (ജൂൺ 17) സി.പി.എം. അനുബന്ധ സംഘടനകളുടെ സംരക്ഷണ ദിനാചരണങ്ങൾ എല്ലാം കാണുമ്പോൾ മുതലാളിയുടെ മനസ്സിൽ തെളിയുന്ന ഒരു ചോദ്യമാണിത്. പുതുതായി വല്ല തകർച്ചയും ഉണ്ടായോ ?

ദേശീയ പാർട്ടി 1957 ന് ശേഷം ആദ്യമായി ഈ വകുപ്പ് നേരിട്ട് ഏറ്റെടുത്തത് മൂലമുണ്ടായ ഭരണ വൈകല്യങ്ങളുടെ തിരുശേഷിപ്പുകൾ മാത്രമാണ് ഇന്നത്തെ പ്രശ്നങ്ങൾ. പാഠപുസ്‌തക വിതരണത്തിന്റെ ഒറ്റ കാര്യമെടുത്താൽ ഇതെല്ലാവർക്കും ബോധ്യമാവും.
കേരളത്തിലെ എല്ലാ ബുക്ക് ഡിപ്പോകളും അടച്ചു പൂട്ടി പുസ്‌തക വിതരണം തപാൽ വകുപ്പിനെയാണ് കഴിഞ്ഞ വർഷം ഏൽപ്പിച്ചത്. വർഷം അവസാനിക്കുമ്പോഴേക്ക് പുസ്തക വിതരണം ഏതാണ്ട് തീർന്നു. നടപ്പ് വർഷം കൊറിയർ സർവ്വീസിനെയാണ് ഏൽപിച്ചത്. വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയെല്ലാം നിഷ്പ്രഭമാക്കിയെടുത്ത ദുരന്തമാണിപ്പോൾ അനുഭവിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ നാലായിലത്തോളം പേരാണ് പടിയിറങ്ങിപ്പോയത്. അവർ ഇനിയൊരിക്കലും ഈ തൊഴിലിലേക്ക് തിരിച്ചു കേറാനാവില്ല. അവർക്ക് പ്രൊട്ടക്ഷനില്ലായിരുന്നു. പ്രൊട്ടക്റ്റഡായി മാറിയവർ അതിലധികവുമുണ്ട്. അൺ എക്കണോമിക്കുകൾ മൂവായിരത്തിലേറെ കൊഴിഞ്ഞുപോക്കും സ്‌കൂൾ മാറ്റവുമായി ഈയൊരു ഭരണകാലം നാലുലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളോട് വിട പറഞ്ഞിറങ്ങി.വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ഒരു വകുപ്പിനെ ഭംഗിയായി നയിച്ച ബേബി ടച്ച്.
ഇവ്വിധമാക്കി പൊതുവിദ്യാഭ്യാസത്തെ പടിയിറക്കി പിണ്ഡം വയ്ക്കാനൊരുമ്പെടുന്നവരുടെ ഇപ്പോഴത്തെ വീമ്പുപറിച്ചിലിന് എന്തു വില.

വിദ്യാഭ്യാസ വകുപ്പിനും, പുതുതായി ചുമതലയേറ്റ മന്ത്രിക്കും മുമ്പിൽ സങ്കീർണ്ണതകളുടെ കുരുക്കളുണ്ടാക്കി പടിയിറങ്ങിയവരോട് നമുക്ക് കുരുക്കുകളോരോന്നായി അഴിച്ചു ഈ മേഖലയിൽ ശുദ്ധി കലശത്തിനും കർമ്മ വീഥിയൊരുക്കുന്നു. യു.ഡി.എഫ്. സർക്കാരിന്റെ (2011-2016) മുഖ്യ അജണ്ട പൊതുവിദ്യാഭ്യാസം തന്നെയാവണം. ഈ രംഗത്ത് സ്ഥായിയായതും രചനാത്മകവുമായ ചില നയങ്ങൾക്കും നിലപാടുകൾക്കുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ സന്നദ്ധയുണ്ടായിട്ടുള്ളത്. വിജ്ഞാന കുരുക്കുകളായ വിദ്യാർത്ഥികളും പഠനപ്രവർത്തനങ്ങളിൽ ഇടപെടുന്ന രക്ഷിതാക്കളും വിദ്യാലയ നന്മയിൽ സപ്പോർട്ടീവാവുന്ന ഭരണകൂടങ്ങളും നിഷ്ക്രിയത്വം വെടിഞ്ഞു
സക്രിയമാവുന്ന അധ്യാപക സമൂഹവും ഒന്നിച്ചു കൈകോർത്താൽ ഈ മേഖലയിൽ വിദ്യയുടെ പൊൻ വെളിച്ചം തൂകാനാവും.

'കുട്ടികളുടെ ആത്മാവ് നാളെയുടെ വീട്ടിലാണ് താമസം, താങ്കൾക്കെന്നല്ല താങ്കളുടെ സ്വപ്‌നങ്ങൾക്ക് പോലും ആ വീട് സന്ദർശിക്കാനാവില്ല.' ഖലീൽ ജിബ്രാന്റെ പ്രോഫറ്റിലെ അമരത്വമുള്ള വരികളിലൂന്നി അത്രയും മനോഹരമായ ലോകം സൃഷ്ടിക്കാൻ കുട്ടികളുടെ ഗേഹമായ പൊതുവിദ്യാലയങ്ങളെ നമുക്ക് നവീകരിക്കാം ശാക്തീകരിക്കാം.