VOL 04 |
 Flip Pacha Online

യെമൻ അതിർത്തിയിലൂടെ നാല് ദിവസം

By: ഫൈസൽ മാലിക് എ.ആർ നഗർ

യെമൻ അതിർത്തിയിലൂടെ  നാല് ദിവസം
പൂക്കളും സസ്യങ്ങളും കൊണ്ട് നിർമിച്ച പുഷ്പകിരീടം തലയിൽ ചൂടിയിരിക്കുന്നു. വിവിധ നിറങ്ങളും രൂപങ്ങളും കൊണ്ട് അലങ്കരിച്ച തുറന്ന മുൻഭാഗമുള്ള നീളംകൈ ഷർട്ട്. മുട്ടിൻകാലിൽ നിന്നും അല്പം താഴെ അവസാനിക്കുന്ന ചിത്രപ്പണികളുള്ള ഒറ്റക്കളർ തുണി. തുണി ഉറപ്പിച്ച് നിർത്തുന്ന അരപ്പട്ടയിലെ ഉറയിൽ വിശ്രമിക്കുന്ന കൊത്തുപണിയുള്ള കഠാര. ജിസാൻ പ്രവിശ്യയിൽ നിഗൂഢത പുതച്ചുറങ്ങുന്ന ബ്ലാക്ക് മൗണ്ടൻ്റെ നെറുകയിൽ ആഘോഷത്തിമിർപ്പിലാറാടുന്ന സംഘത്തോട് നിങ്ങൾ സൗദിയാണോ യെമനിയാണോ എന്ന് ചോദിച്ചതിന്റെ കൗതുകം ഇപ്പോഴും മാറിയിട്ടില്ല. പരമ്പരാഗത അറബ് വേഷവിധാനത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് യെമനുമായി അതിർത്തി പങ്കിടുന്ന സൗദി പ്രദേശങ്ങളിലെ ഗ്രോത്ര വർഗക്കാരുടെ വേഷം. അവരുടെ പ്രദേശത്തിന്റെ പ്രതീകമായും ഐഡന്റിറ്റിയായും ഈ വേഷത്തെ അവർ കണക്കാക്കുന്നു. സംസാര ശൈലിയും ആകാരവടിവും സംസ്കാരവും എല്ലാം യെമനികളോട് സാമ്യം. വഴിയിൽ വെച്ച് പരിചയപ്പെട്ട ഖാലിദ് പറഞ്ഞത് പുറത്തേക്ക് പോകുമ്പോൾ ഞാൻ തോബ് ധരിക്കും എന്നാണ്. (അബഹ സിറ്റിയാണ് അവരുടെ പുറംലോകം എന്നതാണ് രസകരം)

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അസീർ പ്രവിശ്യയിലെ ബിഷ, തത്‌ലിത്ത് സമതലങ്ങളിലൂടെ പടിഞ്ഞാറോട്ട് സരാവത് പർവതനിരകളിലൂടെ ജിസാൻ മേഖലയുടെയും യെമന്റെയും അതിർത്തികളെ സ്പർശിച്ച് തെക്ക് 4000 വർഷത്തെ ചരിത്രമുള്ള നജ്‌റാൻ വരെയും വടക്ക് റിയാദ് പ്രവിശ്യയിലെ വാദിദവാസിറിലൂടെ റാനിയ ചുറ്റിയുള്ള നാല് ദിവസത്തെ യാത്ര തീർത്തും പുതിയ അനുഭവമായിരുന്നു.

പാറക്കെട്ടുകൾ നിറഞ്ഞ സങ്കീർ‌ണ്ണമായ ഭൂപ്രകൃതിയാൽ സമ്പന്നമായ സരാവത്ത് മലനിരകൾക്ക് ചില സ്ഥലങ്ങളിൽ 3000 മീറ്റർ വരെ ഉയരമുണ്ട്. പ്രദേശത്തിന്‍റെ സാംസ്കാരിക പാരമ്പര്യങ്ങളും ഗോത്ര വർഗ്ഗങ്ങളുടെ ജീവിത രീതിയും പ്രകൃതിരമണീയമായ കാഴ്ചകളും മലമടക്കുകൾക്കിടയിലൂടെയുള്ള യാത്രയും ഹൃദയഹാരിയാണ്. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അസീർ മേഖലയിലെ ഒരു പ്രധാന പട്ടണമാണ് ശരത് ഉബൈദ. വാദി ലജബിലേക്കുള്ള യാത്രയിൽ വഴി തെറ്റിയാണ് ഞങ്ങൾ അവിടെയെത്തിയതെങ്കിലും അത് അനുഗ്രഹമാവുകയായിരുന്നു. സുഖശീതളമായ കാലാവസ്ഥയും ക്ലീൻ സിറ്റിയും ഏതോ യൂറോപ്യൻ നഗരത്തിൽ എത്തിപ്പെട്ട പ്രതീതി. ആസൂത്രണത്തിലെ മികവ് എടുത്തുകാണിക്കുന്ന മനോഹരമായ റോഡുകളും തെരുവുകളും. ഖമീസ് മുഷൈത്ത്-നജ്‌റാൻ റോഡിൽ അബഹ നഗരത്തിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ശരത് ഉബൈദ. ശരത് ഉബൈദയെ ചുറ്റിപ്പറ്റിയുള്ള കാർഷിക ഗ്രാമങ്ങളും സമതലങ്ങളും മുറിച്ചുകടന്നായിരുന്നു വാദീ ലജബിലേക്കുള്ള യാത്ര. റോഡുകൾക്കിരുവശവും കൊട്ടാര സമാനമായ രമ്യഹർമ്മങ്ങൾ. ഇത് സൗദിയിലെ ഗ്രാമങ്ങൾ തന്നെയാണൊ എന്ന് ശങ്കിച്ചു പോകും.

വാദി ലജബ്
ജിസാൻ മേഖലയിലെ അതിമനോഹര താഴ്‌വരകളിൽ ഒന്നാണ് വാദി ലജബ്. സൗദിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന്. മാനംമുട്ടെ ഉയർന്നു നിൽക്കുന്ന രണ്ട് പർവ്വതങ്ങൾക്കിടയിലെ 10 മീറ്ററോളം വീതിയുള്ള വിള്ളലാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ വിള്ളലിന് ഏകദേശം 11 കിലോമീറ്റർ ദൂരമുണ്ട്. പ്രവേശന കവാടത്തിൽ നിന്ന് രണ്ട് കിലോമീറ്റർ വരെ വാഹനത്തിൽ സഞ്ചരിക്കാം. പിന്നെ ചിതറിക്കിടക്കുന്ന വലിയ പാറക്കെട്ടുകളിലൂടെ മുന്നോട്ട് നടന്നാൽ നിരവധി വെള്ളച്ചാട്ടങ്ങളും ചെറിയ തടാകങ്ങളും കാണാം. അതിൽ കുളിച്ചുല്ലസിക്കാം. തെളിഞ്ഞ വെള്ളത്തിലെ ചരലിൽ കാലനക്കാതെ നിന്നാൽ കാലിൽ പൊതിയുന്ന മീനുകൾ ആരെയാണ് കുട്ടിക്കാലത്തെ ഓർമയിലേക്ക് കൊണ്ടുപോവാതിരിക്കുക. യുനെസ്കോ പൈതൃക പട്ടിക യിൽ ഇടംനേടിയ സ്ഥലം കൂടിയാണ് വാദിലജബ്.

ബ്ലാക്ക് മൗണ്ടൻ
ജിസാൻ മേഖലയിലെ ഒരു പ്രധാന പ്രകൃതിദത്ത ലാൻഡ്‌മാർക്കാണ് ബ്ലാക്ക് മൗണ്ടൻ. വാദി ലജബിൽ നിന്ന് 12 കിലോമീറ്റർ അകലെയായി ഇത് സ്ഥിതിചെയ്യുന്നു. മേഘങ്ങള്‍ മുത്തംവെക്കുന്ന മലകളും മഞ്ഞുപുതച്ച കുന്നുകളും ആകാശവും ഭൂമിയും ഒന്നാവുന്ന അനിർവചനീയ ചാരുതയുമാണ് ബ്ലാക്ക് മൗണ്ടൻ്റെ സവിശേഷത. ഹൃദയമിടിപ്പ് നിന്നുപോകുന്ന ചെങ്കുത്തായ കയറ്റത്തിൽ രണ്ടുതവണ വാഹനം നിന്നുപോകുകയും ചെയ്തു. പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാഞ്ഞത് ഭാഗ്യമായി.

ദഹ്‌റാൻ അൽ ജനൂബ്
സൗദി-യെമൻ അതിർത്തിയിൽ 19 കിലോമീറ്റർ അടുത്താണ് ദഹ്‌റാൻ അൽ ജനൂബ്. വാദിലജബിൽ നിന്ന് നജ്റാനിലേക്കുള്ള സാഹസിക പാത ചെന്നെത്തുന്നത് ഖമീസ് മുഷൈത്ത്-നജ്‌റാൻ റോഡിലെ ഈ ചെറുപട്ടണത്തിലാണ്. അറ്റം കാണാത്ത മലനിരകളാണ് ചുറ്റിലും. പരിചിതമല്ലാത്ത മലമ്പാതകളിലൂടെയും വീതി കുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെയും ഏത് നിമിഷവും തദ്ദേശീയരുടെ വാഹനങ്ങൾ ചീറിപ്പാഞ്ഞെത്താം. ഒരു സെക്കൻ്റ് മതി എല്ലാം അവസാനിക്കാൻ. അങ്ങിനെയുള്ള പല മുഹൂർത്തങ്ങളും ഈ യാത്രയിൽ നേരിടേണ്ടിവരും. ഇതിലെ വാഹനമോടിക്കാൻ അതീവ ശ്രദ്ധയും വൈദഗ്ധ്യവും അത്യാവശ്യമാണ്. മലവെള്ള പാച്ചിലിൻ്റെ അടയാളങ്ങൾ ധാരാളമായി കാണാം. സമതലങ്ങൾ വിവിധതരം കൃഷികൾക്കായി ഉപയോഗിച്ചിരിക്കുന്നു. ദഹ്റാൻ ജുനൂബ് കെഎംസിസി നേതാവ് കരീം അടിവാരം പറഞ്ഞപ്പോഴാണ് വാദി ദുബയിലെ മാവിൻതോട്ടത്തെ കുറിച്ച് അറിഞ്ഞത്. പിറ്റേദിവസം ആദ്യയാത്ര അങ്ങോട്ടായിരുന്നു. ആയിരക്കണക്കിന് മാവുകളാണ് റോഡിനിരുവശത്തെയും തോട്ടങ്ങളിലുള്ളത്. പല നിറത്തിലും വലിപ്പത്തിലും സമൃദ്ധമായി കാഴ്ച്ച് നിൽക്കുന്ന മാവുകൾ. കൂട്ടത്തിൽ പ്ലാവും ഉണ്ട്. മുർശിദാബാദ് സ്വദേശി സാലിം സൽക്കരിച്ച മാങ്ങകൾ വയറ് നിറയെ കഴിച്ചു. സാലിം ജോലിക്കാരൻ മാത്രമല്ല കൃഷിയിൽ അറബിയുടെ പങ്കാളി കൂടിയാണ്.

നജ്‌റാൻ
4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന പ്രദേശമാണ് നജ്റാൻ. വിശുദ്ധ ഖുർആനിൽ പരാമർശിച്ച അസ്ഹാബുൽ ഉഖ്ദൂദ് (ജൂദായിസം നിലനിർത്താനായി ഇരുപതിനായിരത്തിലധികം വരുന്ന ജനതയെ പച്ചയായി ചുട്ടുകൊന്ന സംഭവം) ഉൾക്കൊള്ളുന്ന സ്ഥലം ഇപ്പോഴും ശോകമൂകമായി കിടക്കുന്നു. ഇതിനോട് ചേർന്ന് ഒരു മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. ചരിത്ര ഗവേഷണങ്ങളെ തുടർന്ന് ലഭിച്ച പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രവാചകന് മുമ്പ് നജ്റാൻ ഒരു ക്രിസ്തീയ ദേശമായിരുന്നു. ഹിജ്റ ഒമ്പതാം വർഷം നജ്റാൻ ദേശക്കാരായ ക്രിസ്തീയ പാതിരി സംഘം നബിയുടെ അടുക്കൽ വന്നതും അവർക്ക് മദീന പള്ളിയിൽ പ്രാർത്ഥിക്കാൻ അനുമതി നൽകിയതും ചരിത്രത്തിൽ പ്രസിദ്ധമാണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ യെമൻ അതിർത്തിയിലെ നജ്‌റാൻ വാലിയിലേക്ക് ഇപ്പോൾ സന്ദർശനാനുമതിയില്ല. പുരാതന ലോക വ്യാപാരത്തിൽ നജ്റാൻ തന്ത്രപ്രധാന സ്ഥാനം വഹിച്ചിരുന്നു.

വാദീ ദവാസിർ
സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട താഴ്‌വരകളിൽ ഒന്നാണ് വാദി ദവാസിർ. നിരവധി കൊട്ടാരങ്ങളും പുരാവസ്തു കേന്ദ്രങ്ങളും ചരിത്ര ഗവേഷകരെ ഇങ്ങോട്ട് ആകർഷിക്കുന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യ മ്യൂസിയങ്ങളിൽ ഒന്നാണ് അൽ സാദ്രിയ മ്യൂസിയം. വാദി ദവാസിറിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര, പൈതൃക കേന്ദ്രമാണിത്. അറബ്, ഇസ്‌ലാമിക വാസ്തുവിദ്യയുടെ നിരവധി ശേഖരങ്ങൾ ഇവിടെയുണ്ട്. സൗദി കാലഘട്ടം വരെയുള്ള അറേബ്യയിലെ ജീവിതശൈലിയുടെ മാതൃകകളും അവശിഷ്ടങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ബിസി 3,000 വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ രണ്ടായിരത്തിലധികം പുരാവസ്തുക്കളും 1,000 നാണയങ്ങളും സൂക്ഷിച്ചിരിക്കുന്നു. 1,700 വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന സുമേറിയൻ കയ്യെഴുത്ത് പ്രതികൾക്ക് പുറമേ നിരവധി യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്ന വാളുകളും കുന്തങ്ങളും മ്യൂസിയത്തിലുണ്ട്. 14,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയം സന്ദർശകർക്ക് സൗജന്യമായി തുറന്നിട്ടിരിക്കുകയാണ്.

മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സമൃദ്ധമായി വെള്ളം ലഭിക്കുന്ന സ്ഥലമാണിത്. കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന തീറ്റപ്പുൽ കൃഷി ഫാമാണ് വാദീ ദവാസിറിലെ മറ്റൊരു വേറിട്ട കാഴ്ച. തീറ്റപ്പുൽ കൃഷിയുടെ സീസൺ കഴിഞ്ഞാൽ അതേ നിലത്തിൽ ശമ്മാമും ഉരുളക്കിഴങ്ങ്, തക്കാളി മുതലായ പച്ചക്കറി കൃഷിയാണ്. വരണ്ടുണങ്ങിയ മരുഭൂമിയുടെ വിരിമാറിനെ ഈര്‍പ്പവും നനവുമുള്ള പാടശേഖരമാക്കി മാറ്റുന്ന കൃഷി വൈഭവത്തിൽ ആരും അത്ഭുതപ്പെട്ടു പോവും. നൂറുകണക്കിന് ട്രൈലറുകളും മറ്റ് വാഹനങ്ങളുമാണ് ദിനേന ഇവിടെ നിന്ന് തീറ്റപ്പുൽ കയറ്റി പോകുന്നത്. ചരിത്രവും വിനോദവും സമ്മേളിച്ച അഞ്ച് രാവും നാല് പകലും നീണ്ട യാത്ര റാനിയ വഴി അൽ ഖുർമയിൽ അവസാനിക്കുമ്പോൾ അമൂല്യമായ ഒരുപിടി അറിവുകളും അനുഭവങ്ങളും ഞങ്ങൾ സമ്പാദിച്ചിരുന്നു.