VOL 04 |
 Flip Pacha Online

കാവലാൾ കാട്ടാളനായാൽ

By: മിൻഷിന ജിഷാദ് കക്കോടി

കാവലാൾ കാട്ടാളനായാൽ

കേരളം-വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പുരോഗതി എന്നിവയിൽ ഇന്ത്യക്ക് ഒരു മാതൃകയായി എന്നും നിലകൊള്ളുന്നു. ഉയർന്ന മാനവ വികസന സൂചികകൾ നമ്മുടെ സാമൂഹിക വിപ്ലവങ്ങളുടെയും പുരോഗമന ചിന്തയുടെയും ഫലമാണ്. എന്നാൽ, ഈ നേട്ടങ്ങളുടെ തിളക്കത്തിനിടയിലും നമ്മുടെ സങ്കൽപ്പങ്ങളെ തകർക്കുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. പൗരന്മാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ നിയമവ്യവസ്ഥ, ചില ഉദ്യോഗസ്ഥരുടെ ക്രൂരതയിലൂടെ ഭീഷണിയുടെയും പീഡനത്തിന്റെയും വേദിയായി മാറുമ്പോൾ, അത് ഭരണഘടനയുടെ ആത്മാവിനെ തന്നെ വ്രണപ്പെടുത്തുന്നു. അധികാരത്തിന്റെ മറവിൽ നടക്കുന്ന ഈ അതിക്രമങ്ങൾ ഇന്ന് നമ്മുടെ സാമൂഹിക നീതിക്ക് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുന്നു.

ഒരു സമൂഹത്തിന്റെ നിയമ സംരക്ഷകരാണ് പോലീസ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരികയും, സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്തുകയും ചെയ്യുക എന്നതാണ് അവരുടെ പ്രാഥമിക ഉത്തരവാദിത്തം. എന്നാൽ, ചില ഉദ്യോഗസ്ഥർ അധികാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുമ്പോൾ, അവർ ജനങ്ങളോടുള്ള തങ്ങളുടെ കടമ മറന്നുപോകുന്നു. പൗരന്മാർക്ക് പോലീസിനെ കാണുമ്പോൾ സുരക്ഷിതത്വബോധവും വിശ്വാസവുമാണ് ഉണ്ടാകേണ്ടത്. എന്നാൽ പലപ്പോഴും, ആ കാഴ്ച ഭീതിയിലേക്ക് വഴിമാറുന്നു. പോലീസ് മർദ്ദനം ശരീരത്തെ മാത്രമല്ല, അതിലുപരി മനസ്സിനെയും, നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തെയും തകർക്കുന്നു. ഈ ദുരനുഭവങ്ങളുടെ ഏറ്റവും വലിയ ഇരകൾ സമൂഹത്തിലെ സാധാരണക്കാരാണ്; അറിവ് കുറഞ്ഞവരും, നിയമം അറിയാത്തവരുമാണ് ഈ ക്രൂരതകൾക്ക് ഇരയാകുന്നത്. മർദ്ദനം എങ്ങനെ സാധാരണമായ ഒരു പതിവാകുന്നു? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

പ്രതിയെ സമ്മതിപ്പിക്കാൻ”, “സമ്മർദ്ദത്തിൽ സത്യം പറയും” എന്ന ന്യായീകരണങ്ങളാണ് പല ഉദ്യോഗസ്ഥരും ഇത്തരം അതിക്രമങ്ങൾക്ക് കാരണമായി പറയുന്നത്. എന്നാൽ ഇത് അന്വേഷണ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയെയാണ് സൂചിപ്പിക്കുന്നത്. ഒരാൾ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, പോലീസ് അല്ല. കുറ്റകൃത്യങ്ങൾ തെളിയിക്കേണ്ടത് ബലപ്രയോഗം കൊണ്ടല്ല, മറിച്ച് തർക്കരഹിതമായ തെളിവുകൾ കൊണ്ടാകണം.

നാം 21-ാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും, ഇന്നത്തെ ചില പോലീസ് നടപടികൾ 19-ാം നൂറ്റാണ്ടിലെ ദയാരഹിതമായ അതിക്രമങ്ങളെ ഓർമ്മിപ്പിക്കുന്നു. ജാലിയൻ വാലാബാഗ് പോലുള്ള സംഭവങ്ങളാണ് നമുക്ക് മുന്നിലേക്ക് വരുന്നത്. മനുഷ്യാവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാനാവകാശങ്ങളും ലംഘിക്കപ്പെടുമ്പോൾ പോലും, ഭയം കാരണം പലർക്കും പ്രതികരിക്കാൻ കഴിയുന്നില്ല. ഇത് ഈ ദുഷ്പ്രവണതകളെ കൂടുതൽ ബലപ്പെടുത്തുന്നു.

നമ്മുക്ക് പോലീസ് മർദ്ധനത്തിന്റെ ചില ഉദാഹരണങ്ങൾ നോക്കാം.
നെയ്യാറ്റിൻകര കേസ് (2022): ഒരു കുടുംബത്തിനെതിരെ പോലീസ് നടത്തിയ വ്യാപക അതിക്രമം വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. കുട്ടികളുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിച്ചത് പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചു.

കുന്നംകുളം സംഭവം: ചെറിയ ആരോപണത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യലിനിടെ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്.

പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കേസുകൾ ചോദ്യം ചെയ്യലിന്റെ മറവിലെ ക്രൂരതകളും, കുറ്റം സമ്മതിപ്പിക്കാൻ ഉപയോഗിച്ച അസാധുവായ മാർഗ്ഗങ്ങളും വ്യക്തമാക്കുന്നു.

പോലീസ് അതിക്രമങ്ങളോടുള്ള സമൂഹത്തിന്റെ നിലപാട് പലപ്പോഴും അനീതിക്ക് വളം നൽകുന്ന ഒന്നാണ്. “അവൻ കുറ്റവാളിയല്ലേ? എങ്കിൽ കുറച്ച് അടി കിട്ടിയാൽ എന്താണ്?” എന്ന ചിന്താഗതി, നമ്മുടെ സാമൂഹിക നീതിബോധത്തിന്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പ്രതികരണമില്ലായ്മ, അംഗീകരിക്കപ്പെടുന്ന അനീതിയിലേക്ക് വഴിതെളിക്കുന്നു. പൊതുജനങ്ങളുടെ മൗനം, രാഷ്ട്രീയ പാർട്ടികളുടെ അർത്ഥശൂന്യമായ പ്രതികരണങ്ങൾ, മനുഷ്യാവകാശ പ്രവർത്തകരെ ‘വമനികൾ’ എന്ന് മുദ്രകുത്തുന്ന ചില മാധ്യമങ്ങളുടെ നിലപാടുകൾ എന്നിവയെല്ലാം ചേർന്ന് അധികാരത്തിന്റെ കറുത്ത നിഴലുകൾക്ക് തണലൊരുക്കുന്നു.
ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ട്, ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താൻ താഴെ പറയുന്ന പരിഷ്കാരങ്ങൾ അത്യാവശ്യമാണ്:

സാങ്കേതിക ഉപാധികൾ: എല്ലാ പോലീസ് സ്റ്റേഷനുകളിലും 24x7 ക്യാമറകൾ സ്ഥാപിക്കുകയും ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കുകയും ചെയ്യണം. കസ്റ്റഡിയിലുള്ളവരുടെ ഡിജിറ്റൽ രജിസ്റ്റർ സൂക്ഷിക്കുന്നത് സുതാര്യത ഉറപ്പാക്കും.

സ്വതന്ത്ര അന്വേഷണ സമിതികൾ: പോലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ നിയമജ്ഞരും പൊതുപ്രതിനിധികളും ഉൾപ്പെടുന്ന നിരപേക്ഷ സംഘങ്ങളെ നിയമിക്കണം. ഇത് അന്വേഷണമെന്ന പേരിൽ രഹസ്യമായി നടക്കുന്ന നടപടികൾക്ക് അറുതി വരുത്തും.

പോലീസ് പരിശീലനം & മാനസികാരോഗ്യ സംരക്ഷണം: ഉദ്യോഗസ്ഥർക്ക് സഹാനുഭൂതിയിലും മാനുഷിക മൂല്യങ്ങളിലും ഊന്നിയ പരിശീലനം നൽകണം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിംഗും വിശ്രമദിനങ്ങളും നൽകുന്നത് അവരുടെ പ്രവൃത്തികളെ കൂടുതൽ മാനുഷികമാക്കാൻ സഹായിക്കും.

പൊതുസമൂഹ ബോധവത്കരണം: ജനങ്ങൾക്കായി അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കണം. വിദ്യാലയങ്ങളിലും കോളേജുകളിലും പൗരാവകാശ ക്ലാസുകൾ ഉൾപ്പെടുത്തുന്നത് പുതിയ തലമുറയെ കൂടുതൽ ബോധവാന്മാരാക്കും.

നിയമം കയ്യിലെടുത്താൽ നീതി നഷ്ടമാകും പോലീസ് തന്നെ 'ജഡ്ജ്, ജൂറി, എക്സിക്യൂഷണർ' എന്നീ റോളുകൾ ഏറ്റെടുത്താൽ നീതി നടപ്പാകില്ല. അതിനാൽ, നിയമപാലകർ തന്നെ നിയമം ഏറ്റവും ശക്തമായി പാലിക്കേണ്ടത് അനിവാര്യമാണ്. ഭൂരിഭാഗം പോലീസുദ്യോഗസ്ഥരും സത്യസന്ധരും സമർപ്പിതരുമാണ്. എന്നാൽ, ചിലരുടെ അതിക്രമങ്ങൾ മുഴുവൻ സംവിധാനത്തെയും സംശയത്തിലാക്കുന്നു. അതുകൊണ്ടുതന്നെ, ജനാധിപത്യവ്യവസ്ഥയിൽ അധികാരത്തിന് നിയന്ത്രണങ്ങളും നിയമപരമായ പരിധി കളും അത്യാവശ്യമാണ്.

കാവൽക്കാരൻ കരുണയോടെ, നീതിയോടെ പോലീസ് ഒരു ഭരണഘടനാപരമായ സംവിധാനമാണ്. അവരുടെ കൈകളിൽ നിന്നും ഉയരേണ്ടത് സുരക്ഷയും നീതിയുമാണ്, ഭയവും പീഡനവുമല്ല. സമൂഹം കണ്ണടച്ചാൽ അധികാരം കാട്ടുന്ന അതിക്രമങ്ങൾ ഭീതിയുടെ ഒരു ഭാവി മാത്രമേ സമ്മാനിക്കൂ. അതുകൊണ്ട്, നമുക്ക് ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് അനിവാര്യമാണ്.

പടച്ചവനായാൽ കരുണയോടെ- കാവലാളായാൽ നീതിയോടെ." ഈ തത്ത്വം ഉൾക്കൊണ്ട്, പോലീസ് സേനക്ക് സമൂഹം നൽകുന്ന ആദരവ് ഭയത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേ ക്കും നീതിയിലേക്കും പരിവർത്തനം ചെയ്യപ്പെടട്ടെ.