VOL 04 |
 Flip Pacha Online

ഞങ്ങളുണ്ട് ഗസ്സക്കൊപ്പം

By: ചരിത്രം രചിച്ച് മുസ്‌ലിം ലീഗിന്റെ ഗസ്സ ഐക്യദാർഢ്യ സമ്മേളനം

ഞങ്ങളുണ്ട് ഗസ്സക്കൊപ്പം
ഗസ്സയിൽ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശം നിഷേധിച്ച് ഇസ്രാഈൽ എന്ന തെമ്മാടി രാഷ്ട്രം നടത്തുന്ന ക്രൂരമായ കൂട്ടാക്കൊലയുടേയും പട്ടിണി കിടന്ന് മരിക്കുന്ന നിസ്സഹയാരായ പിഞ്ചു കുഞ്ഞുങ്ങളുടെയും ആർത്തനാദവും വേദനയും ഹൃദയത്തിൽ ഏറ്റുവാങ്ങി മുസ്‌ലിം ലീഗിന്റെ ഗസ്സ ഐക്യദാർഢ്യ സമ്മേളനം. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിലേക്ക് പതിനായിരങ്ങളാണ് പ്രാർത്ഥനാനിർഭരമായ മനസ്സുമായി ഒഴുകിയെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ഗസ്സ ഐക്യ ദാർഢ്യസമ്മേളനം ഫലസ്തീന്റെ വേദനകൾ നെഞ്ചിലേറ്റി കൊണ്ടുള്ള മനുഷ്യ മഹാ സംഗമമായി മാറി. രാവിലെ മുതൽ തന്നെ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ജനം കൊച്ചി നഗരത്തിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. തെക്ക് നിന്നും വടക്ക് നിന്നും രാവിലെ മുതൽ എത്തിയ ട്രെയിനു കളെല്ലാം ഗസ്സ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവരെ കൊണ്ടു തിങ്ങിനിറഞ്ഞിരുന്നു. ബസുകളിലും മറ്റു വാഹനങ്ങളിലുമായും ആയിരങ്ങൾ മഹാനഗരത്തിലേക്ക് പ്രവഹിച്ചു. ഫലസ്തീൻ ജനതക്കും ഗസ്സക്കും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി നൽകുന്ന ആഗോള ആദരവും പിന്തുണയുമായി സംഗമം മാറി. ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരെ ആഗോള തലത്തിൽ മുഴങ്ങുന്ന പ്രതിഷേധ ശബ്ദങ്ങളിൽ മറൈൻഡ്രൈവ് സമ്മേളനം പങ്കുകൊണ്ടു.

ഗസ്സയെ കൈവിടില്ലെന്ന കേരളത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് മറൈൻ ഡ്രൈവിൽ നടന്നത്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഗസ്സ ഐക്യദാർഢ്യ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും നാഷണൽ അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് മുഖ്യാതിഥിയായിരുന്നു. ഫലസ്തീനുവേണ്ടി സാദിഖലി തങ്ങളുടെ പ്രത്യേക പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.

ജനീവ കരാർ ഉൾപ്പെടെ മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് ഇസ്രാഈൽ ഫലസ്തീനിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടക്കം കൊന്നൊടുക്കുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഇസ്രാഈലിനെതിരെ ലോകാഭിപ്രായം കൂടുതൽ ശക്തമാകേണ്ടിയിരിക്കുന്നു. യു.എന്നിൽ ഉൾപ്പെടെ അമേരിക്ക നടത്തുന്ന വീറ്റോ ബോംബിനു മുമ്പിൽ മറ്റ് രാഷ്ട്രങ്ങളുടെ എല്ലാം പ്രതിരോധവും വിഫലമാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മഹാത്മാഗാന്ധി ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം നടത്തുമ്പോൾ ഫലസ്തീൻ ഫലസ്തീനികളുടെതാണെന്ന മുദ്രാവാക്യവും ഉയർത്തിയിരുന്നു. അമേരിക്കയും ഇസ്രാഈലും നടത്തുന്നതിന് തുല്യമായ ഒരു ഭീകരവാദം ഇനി ഉണ്ടാകാനില്ല. ലോകം മുഴുവൻ ഇസ്രാഈലിനെതിരെ നിലകൊള്ളുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.

ഫലസ്തീൻ പതാക പറത്തി കൊണ്ടാണ് ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി മഹാസംഗമം ഫലസ്തീൻ അംബാസിഡറെ അറിയിച്ചത്. ഫലസ്തീനും ഗസക്കും വേണ്ടി ശക്തമായി നിലകൊള്ളുമെന്ന പ്രതിജ്ഞയും മഹാസംഗമത്തിൽ പങ്കെടുത്തവർ ചൊല്ലി.
മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പിഎം മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. ഫ്രണ്ട് ലൈൻ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ശിവഗിരി മഠം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ഫാദർ തോമസ് തറയിൽ, ഫാദർ പോൾ തേലേക്കാട്ടിൽ, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, സലിം സഖാഫി, സലാഹുദ്ദീൻ മദനി, ഒ.പി നൗഷാദ്, ഷമീർ മദനി, എം.പി ഫൈസൽ, സന്ദീപ് വാര്യർ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ. ഷിബു മീരാൻ, ഓണമ്പള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു.