VOL 04 |
 Flip Pacha Online

സുതാര്യതയും കണിശതയും സി.എച്ചിന്റെ മുഖമുദ്ര

By: സി.എച്ച് ദേശീയ സെമിനാർ

സുതാര്യതയും കണിശതയും സി.എച്ചിന്റെ മുഖമുദ്ര
തേഞ്ഞിപ്പലം: സി.എച്ചിന്റെ പാതയിൽ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധിനേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്‌ലിംകൾക്ക് അഭിമാനകരമായി ജീവിക്കാൻ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാലിക്കറ്റ് സർവകലാശാലയിലെ സി.എച്ച് മു ൃഹമ്മദ് കോയ ചെയർ ഫോർസ്റ്റഡീസ് ഓൺ ഡെവലപിങ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുതാര്യതയും കണിശതയുമായിരുന്നു സി.എച്ചിന്റെ മുഖമുദ്രയെന്നും അത് വഴിയാണ് പൊതുസമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ മുസ്‌ലിം സമുദായത്തിന് പ്രാപ്തിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച് ഒരു നവോത്ഥാന പുരുഷനായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ.എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. നവോത്ഥാനത്തിന്റെ പ്രഭാവവും പ്രഭയും സി.എച്ചിൽ ഉണ്ടായിരുന്നു. ഗസ്സയിൽ നടക്കുന്ന ക്രൂരമായ നരമേധം എല്ലാവരെയും വേദനിപ്പിക്കുന്നു. ഗാന്ധിയുടെ ഫലസ്തീനെ കുറിച്ചുള്ള അഭിപ്രായം മാറ്റാൻ സയണിസ്റ്റുകൾ ശ്രമം നടത്തിയിരുന്നു. ഇസ്രാഈൽ മുൻ പ്രസിഡന്റും പ്രധാനമന്ത്രിയും ഗാന്ധിയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. നഗ്നമായ തീവ്രവാദം എന്നാണ് ഇസ്രാഈലിന്റെ പ്രവർത്തികളെ ഗാന്ധി വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ സംസാരിച്ച ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആകാർ പട്ടേലൽ, ഇന്ത്യയിലെ ഭരണകൂട ഭീകരതയുടെ ആഴം തുറന്നു കാട്ടി. അന്താരാഷ്ട്ര നിയമങ്ങളിൽ ഇന്ത്യ ഒപ്പ് വെച്ചിട്ടുണ്ടെങ്കിലും റോഹിങ്ക്യൻ മുസ്‌ലിംകളെ കണ്ണുകെട്ടി കടലിൽ തള്ളി. മുസ്‌ലിംകളുടെ വീടുകൾ തകർക്കപ്പെട്ടു. കോടതി എന്തുപറയുന്നു എന്നത് ബിജെപി ക്ക് പ്രശ് നമല്ലെന്നും അദ്ദേഹം പറഞ്ഞു. ജിഡിപിയും വിദേശനയവും വികസനവും ഏറ്റവും മോശമായ രീതിയിലാണ് മോദി ഭണകൂടം കൈകാര്യം ചെയ്യുന്നത്. സി.എച്ച് തുടങ്ങിവെച്ച വിദ്യഭ്യാസ വിപ്ലവത്തിന്റെ ഫലമാണ് ഇന്ന് മുസ്‌ലിം സമുദായത്തിനുണ്ടായ പുരോഗതിയെന്ന് സമാപന സമ്മേളനത്തിൽ മുൻ എം.എൽ.എ കെ.എസ് ശബരീനാഥ് പറഞ്ഞു.

രണ്ട് ദിവസമായി നടന്ന ദേശീയ സെമിനാറിൽ സയ്യിദ് അഷറഫ് തങ്ങൾ, വി.കെ.എം ശാഫി, ഡോ.ആബിദ ഫാറൂഖി, ഡോ.റഷീദ് അഹമ്മദ്, പി.കെ നവാസ്, അഹമ്മദ് സാജു, ഡോ. വി.പി അബ്ദുൽ ഹമീദ്, ഡോ. വി.പി സക്കീർ ഹുസൈൻ, ഖാദർ പാലാഴി, ടി.പി അഷ്റഫലി, അഷ്റഫ് തൂണേരി, ഡോ. ഷാഹിന മോൾ എ.കെ., പി.എ റഷീദ്, അഡ്വ.ഫൈസൽ ബാബു. അഡ്വ. ത്വഹാനി, അഡ്വ.ഫാത്തിമ തഹ്ലിയ, ഡോ. അഷ് റഫ് വാളൂർ, ഷിബു മീരാൻ, ആയിഷ ബാനു, ബാബുരാജ് ഭഗവതി, ഇർഷാദ് കോട്ടപ്പുറം, നഷ മുനീർ, ദാമോദർ പ്രസാദ്, ലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സി.കെ സുബൈർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗം ടി.പി.എം ബഷീർ സ്വാഗതവും ഡോ.മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.