VOL 04 |
 Flip Pacha Online

സ്വർഗ്ഗം പുഞ്ചിരിക്കുന്നു -കവിത

By: എമി ഷറഫലി

സ്വർഗ്ഗം പുഞ്ചിരിക്കുന്നു -കവിത
ഉമ്മാടെ കുഞ്ഞിപ്പൂവേ...

നിന്റെ വെള്ള ലിബാസ് തിളങ്ങുന്ന കണ്ടോ...
കൈകാലുകളിൽ ഇന്നലെ വരഞ്ഞ നിന്റെ പേര്
മൈലാഞ്ചി പോൽ ചുവന്നത് കണ്ടോ...

ദേ...നീയൊരു സുന്ദരി മാലാഖയായിരിക്കുന്നു.

നിന്റെ കൂടെ വരാൻ ഇക്കാക്ക തിടുക്കപ്പെടുന്നു.
അലിയും റാണയും മിലാനയും വെള്ളപ്പുടവയ്ക്കു
വേണ്ടി തിരക്കു കൂട്ടുന്നു.
ഉപ്പാടെ ഒരു നൂറു ഉമ്മകൾ നിന്നെ
പൊതിഞ്ഞിരിക്കുന്നല്ലോ....
നിനക്ക് കുളിരുന്നുണ്ടോ വാവേ...

ഞാൻ ഓർക്കുന്നു നിന്റെ ആദ്യ പുഞ്ചിരി
പൂനിലാവ് കണ്ട നിറവായിരുന്നന്ന്...
ഞാൻ ഓർക്കുന്നു ആദ്യമായ് നീയെന്റെ
മാതൃത്വം നുകർന്നത്...
സ്വർഗ്ഗം കണ്ട ആഹ്ലാദമായിരുന്നന്ന്

ഉമ്മയെ നീ വെറുക്കുന്നോ ജീവനെ...

ഗസ തന്ന മുറിവിൽ ഇനി നിനക്ക് വേദനിക്കില്ല...
സ്വപ്നങ്ങൾ തകർന്ന ഗസയുടെ തെരുവുകൾ
ഇനി നിന്നെ ഞെട്ടിയുണർത്തില്ല.
ദേ... അവിടെ മാലാഖമാരെന്റെ
കുഞ്ഞിനെ കാത്തിരിക്കുന്നു.

നിന്റെ ശഹീദിന്റെ സുഗന്ധം
സ്വർഗ്ഗീയാരാമങ്ങളെ കുളിരണിയിക്കുമെന്ന്

നിനക്ക് പേടിയുണ്ടോ പൂവേ...

നോക്ക് ഉമ്മയുടെ കൈകളിപ്പോൾ വിറയ്ക്കുന്നില്ല
കണ്ണുകളിൽ ഭയം നിറയുന്നില്ല
മാറിടം ഭീതികൊണ്ട് കനപ്പെടുന്നില്ല.
നീ സുരക്ഷിതയായിരിക്കുന്നു....
ശാന്തതയുടെ, സമാധാനത്തിന്റെ
സന്തോഷത്തിന്റെ ലോകത്തേക്ക്
നീ ചെല്ലുന്നതും കാത്ത്
ഗസയുടെ ബാല്യങ്ങളൊരുപാടുണ്ടവിടെ
നിന്നെ തൊട്ടിലാട്ടാൻ നിന്നോട് കഥ പറയാൻ
കുളിപ്പിക്കാൻ കുഞ്ഞുടുപ്പിടീക്കാൻ
ദേ...മാലാഖമാരിപ്പോൾ തന്നെ മത്സരമാണെന്ന്

ഉമ്മാടെ തിങ്കളെ....

നീ ചെല്ലുന്ന സ്വർഗ്ഗത്തെ പോലെ
ഒരു നാൾ... ഒരു നാൾ ... ഗസ പുഞ്ചിരിക്കും...
ഒലിവുമരങ്ങൾ തഴച്ച് വളരും ...
കുടുംബങ്ങളൊന്നിക്കും ...
തകർന്ന സ്വപ്നങ്ങളിൽ പ്രതീക്ഷകൾ പൂവിടും