VOL 04 |
 Flip Pacha Online

സുഹൃത്ത്; സഹപ്രവർത്തകൻ

By: സി അച്ചുതമേനോൻ

സുഹൃത്ത്; സഹപ്രവർത്തകൻ
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (1973 ഒക്ടോബർ 4-1977 മാർച്ച് 25). 1957ലെ ആദ്യ കേരള മന്ത്രിസഭയിൽ ധനവകുപ്പ് മന്ത്രിയായിരുന്നു. വിമോചന സമരകാലത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി ഏറ്റെടുത്തു. 1968-69 കാലയളവിൽ രാജ്യസഭാംഗമായി. തൃശൂർ ജില്ലയിലെ പുതുക്കാട്ട് 1913 ജനുവരി 13ന് ജനനം. 1977ൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിച്ചു. 1991 ഓഗസ്റ്റ് 16ന് 78-ാം വയസിൽ അന്തരി


വെളുത്ത് സുന്ദരമായ ആ മുഖവും കറുത്ത് തഴച്ച തലമുടിയും മുഖത്തെ നറും മന്ദഹാസവും ഇനിയൊരിക്കലും കാണാനൊക്കുകയില്ല. നർമ്മരസം കലർത്തിയും എതിരാളികളുടെ നേർക്ക് കുരമ്പുകൾ വർഷിച്ചും അനർഗളമായി പ്രഹിവക്കാറുള്ള ആ പ്രസംഗങ്ങൾ ഇനി കേൾക്കാൻ ഭാഗ്യമില്ല. കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ചൈതന്യധന്യനായ നേതാവാണ് അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് പ്രാപ്തനായ ഒരു ഭരണാധികാരിയും സുഹൃത്തുക്കൾക്ക് സ്നേഹസമ്പന്നനായ ആത്മ മിത്രവും നഷ്‌ടപ്പെട്ടിരിക്കുന്നു.

1957ലാണ് ഞാൻ സി.എച്ചിനെ കാണുന്നത്. അന്ന് ഞാൻ ഇ.എം.എസ് മന്ത്രിസഭയിലെ ഒരംഗവും സി.എച്ച് പ്രതിപക്ഷത്തുമായിരുന്നു. എട്ട് മെമ്പർമാർ മാത്രമുള്ള മുസ്‌ലിംലീഗ് നിയമസഭാ പാർട്ടിയുടെ നേതാവായിരുന്നു സി.എച്ച്. പ്രതിപക്ഷത്ത് അന്ന് ശ്രീമാൻമാർ പട്ടംതാണുപിള്ളയെയും പി.ടി ചാക്കോയെയും പോലുള്ള പ്രഗത്ഭരായിരുന്നു നേതൃത്വത്തിൽ. ചെറുപ്പക്കാരനായിരുന്ന സി.എച്ചിന് അന്ന് ശോഭിക്കാൻ അത്രയധികം സന്ദർഭങ്ങളൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും പരിഹാസത്തിന്റെ മാലപ്പടക്കത്തിന് തീ കൊളുത്താറുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അന്നു തന്നെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിരുന്നു.

പിന്നീട് വിമോചന സമരത്തെത്തുടർന്നുള്ള തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി, നിയമസഭയിൽ ന്യൂനപക്ഷമായി പ്രതിപക്ഷത്തിരിക്കേണ്ടിവന്നു. കോൺഗ്രസ്സ് - പി.എസ്.പി - ലീഗ് സഖ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണപക്ഷത്തിന് വമ്പിച്ച ഭൂരിപക്ഷം ലഭിച്ചത്. എല്ലാ ധാർമ്മിക നിയമങ്ങളുമനുസരിച്ച് പുതിയ മന്ത്രിസഭയിൽ ലീഗിന് സ്ഥാനം നൽകേണ്ടതായിരുന്നു. അത് ചെയ്യാനു ള്ള മര്യാദയോ നെറിയോ അന്ന് കോൺഗ്രസ്സിനുണ്ടായിരുന്നില്ല. കേവലം ഒരു സ്‌പീക്കർസ്ഥാനം കൊണ്ട് ലീഗിന് തൃപ്‌തിപ്പെടേണ്ടിവന്നു. അന്ന് നിയമസഭയിലുണ്ടായിരുന്നവരിൽ പട്ടംതാണുപിള്ള ഒഴികെ മറ്റാരേക്കാളും സീനിയറായ, വന്ദ്യവയോധികനായ സീതി സാഹിബ് സ്‌പീക്കറായി. അധികകാലം കഴിയുന്നതിന് മുമ്പ് സീതിസാഹിബ് നിര്യാതനായി. അദ്ദേഹത്തിന്റെ മേലങ്കി മുഹമ്മദ് കോയയിൽ ആണ് വന്നുവീണത്. ഇത്തവണ കോൺഗ്രസ് ഒരുപാധികൂടിവച്ചു. സ്പീക്കറാകണമെങ്കിൽ ലീഗിൽനിന്ന് രാജിവെക്കണമെന്ന്. സി.എച്ചിന് വ്യക്തിപരമായി അതിൽ തീരെ താൽപര്യമില്ലായിരുന്നുവെങ്കിലും പാർട്ടി തീരുമാനമെന്ന നിലക്ക് അച്ചടക്കമുള്ള ഒരു യോദ്ധാവിനെപ്പോലെ അദ്ദേഹം അനുസരിച്ചു. പക്ഷേ ഏറെക്കാലം കഴിയും മുമ്പ് ആ സഖ്യംതന്നെ പൊളിയുകയും സി.എച്ച് സ്പീക്കർസ്ഥാനം രാജിവെക്കുകയും ചെയ്തു.

1965ലെ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ലീഗുമായി രഹസ്യ ധാരണയോടെ മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നിയമസഭ കൂടാൻ അനുവദിക്കാതെ കേന്ദ്രം സഭ പിരിച്ചുവിട്ട പ്രസിഡണ്ട് ഭരണം ഏർപ്പെടുത്തി. പിന്നീട് 1967-ലെ തെരഞ്ഞെടുപ്പിലാണ് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്‌ലിംലീഗുംകൂടി മറ്റുചില പാർട്ടികളോടൊപ്പം ഐക്യമുന്നണി രൂപീകരിച്ച് തെരഞെഞ്ഞെടുപ്പിന് നിന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കാനും മന്ത്രിസഭ രൂപീകരിക്കാനും അന്ന് മുന്നണിക്ക് കഴിഞ്ഞു. ആ മന്ത്രിസഭയിലെ വിദ്യാഭ്യാ സമന്ത്രി എന്ന നിലയ്ക്കാണ് സി.എച്ച് മുഹമ്മദ് കോയ അദ്ദേഹത്തിന്റെ മികവുറ്റ കഴിവ് കാഴ്ചവെക്കാൻ തുടങ്ങിയത്. 1969-ൽ ആ ഭരണം തകരുകയും തത് സ്ഥാനത്ത് ഇതെഴുതുന്ന ആളുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തപ്പോഴും സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിതന്നെതുടർന്നു. അതിന്റെ കൂടെ ആഭ്യന്തരമന്ത്രി പദവും അദ്ദേഹം വഹിച്ചിരുന്നു. പിന്നീട് കോൺഗ്രസ്സിന്റെ മന്ത്രിസഭാ പ്രവേശംവരെ അതായിരുന്നു നില.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്കും ആഭ്യന്തരമന്ത്രി എന്ന നിലയ്ക്കും സി.എച്ചിന്റെ അനിതര സാധാരണമായ കഴിവുകൾ ഒരു സഹപ്രവർത്തകന്റെ അടുത്ത ബന്ധംവെച്ച് നോക്കിക്കാണുവാൻ ഈ ലേഖകന് കഴിഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസപരമായി വളരെ പിന്നണിയിൽ നിൽക്കുന്ന തന്റെ സമുദായത്തിന് പ്രത്യേകം പില പരിഗണനകൾ നൽകണമെന്ന് കരുതിക്കൊണ്ടു തന്നെയാണ് സി.എച്ച് വിദ്യാഭ്യാസ വകുപ്പ് ശഠിച്ചുവാങ്ങിയത്. അതിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്വ സമുദായത്തിന് പല നന്മകളും അദ്ദേഹം ചെയ്തു. മുസ് ലിം ബാലികാ വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നൽകാൻ സ്കോളർഷിപ്പ് ഏർപ്പെടുത്തിയത് സി.എച്ച് ആണ്. അറബി പഠനത്തിന് പ്രോത്സാഹനം നൽകിയതും അദ്ദേഹം തന്നെ. 10 കുട്ടികളെങ്കിലുമുണ്ടെങ്കിൽ അറബി ഭാഷക്ക് ഒരു ക്ലാസ് അനുവദിക്കുമെന്നും അതിന് ഒരു അറബി അധ്യാപകനെ നിയമിക്കാമെന്നും ചട്ടമുണ്ടാക്കി. അവർക്ക് മറ്റ് ഭാഷാധ്യാപകർക്ക് തുല്യമായ ശമ്പളവും അനുവദിച്ചു. കോഴിക്കോട് സർവകലാശാല സി.എച്ചിന്റെ തൊപ്പിയിലെ തൂവലാണെന്നു പറയുവാൻ മടിക്കേണ്ടതില്ല.

മുസ്‌ലിം സമുദായത്തിനു ചില പ്രോത്സാഹനങ്ങൾ വിദ്യാഭ്യാസ വിഷയത്തിൽ ചെയ്തതിനെച്ചൊല്ലി, അത് വിഭാഗീയതയും സാമുദായികത്വവുമാണെന്നു ആക്ഷേപിച്ചവരുണ്ട്. എന്നാൽ അത് അങ്ങനെയല്ല.

ഒരു പിന്നാക്ക സമുദായത്തെ മറ്റുള്ളവരോടൊ പ്പമെത്തിക്കാൻ വേണ്ടി ജനാധിപത്യ ഗവൺമെന്റ് അവശ്യം ചെയ്യേണ്ട നടപടികളായിട്ടുമാത്രമാണ്അവയെ കാണേണ്ടത്. അങ്ങനെ കാണാതിരിക്കുന്നതാണ് വാസ്തവത്തിൽ സാമുദായിക മനോഭാവത്തിന്റെ ലക്ഷണം.

കാലിക്കറ്റ് സർവകലാശാലയെതന്നെ കേരളത്തിലെ അലീഗഡ് എന്നുപറഞ്ഞ് ആക്ഷേപിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ കാലിക്കറ്റ് സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സി.എച്ച് കണ്ടുപിടിച്ചുകൊണ്ട് വന്ന ആൾ ഘനിസാഹിബ് അവർകളായിരുന്നുവെന്ന് നാം ഓർക്കണം. അദ്ദേഹത്തിന്റെ പേരിൽ സാമുദായിക പക്ഷപാതിത്വം ആരോപിക്കാൻ ആരും ധൈര്യപ്പെടുമെന്ന് തോ അദ്ദേഹത്തിനു സമശീർഷനായ ഒരു വൈസ് ചാൻസലർ പിന്നീട് ആ സർവകലാശാലക്ക് ഉണ്ടായിട്ടില്ലെന്നതും സത്യമല്ലേ? അതുകൊണ്ടാണല്ലോ രണ്ടാമതൊരു ടേം കൂടി അദ്ദേഹത്തിന് നൽകപ്പെട്ടത്.

മുസ്‌ലിം സമുദായത്തിൽപെട്ടവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കണമെന്ന ആഗ്രഹം സി.എച്ചിനുണ്ടായിരുന്നു. എന്നാൽ ഒന്നിനും കൊള്ളാത്തവരെ മുസ്‌ലിമാണെന്ന കാരണംകൊണ്ടു മാത്രം നിയമിക്കുകയല്ല അദ്ദേഹം ചെയ്തത്. അർഹരായവർക്ക് നിഷേധിക്കപ്പെടുമായിരുന്ന സ്ഥാനം ന്യായമായും നൽകാൻ മാത്രമേ അദ്ദേഹം മുതിർന്നിട്ടുള്ളൂ.

സ്വന്തം അധികാരത്തിൽപെട്ടതും തന്റെ ഇഷ്ടംപോലെ ചെയ്യാവുന്നതുമായ കാര്യമാണെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് ചെയ്യുക എന്നതായിരുന്നു സി.എച്ചിന്റെ പതിവ്. അക്കാദമികൾ പുനഃസംഘടിപ്പിക്കപ്പെടുമ്പോൾ അതിലെ അംഗങ്ങൾ ആരാകണം, പ്രത്യേകിച്ച് അധ്യക്ഷൻ ആരാകണം എന്നത് എന്നോട് ആലോചിച്ച് യോജിച്ച് തീരുമാനമെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പൊൻകുന്നം വർക്കിയും പി. കേശവദേവും മറ്റും സാഹിത്യ അക്കാദമി അധ്യക്ഷരായത് അങ്ങനെയാണ്. അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെങ്കിലും സ്ഥലച്ചുരുക്കത്തിൽ നിർത്തുന്നു.

അഭ്യന്തരമന്ത്രി എന്ന നിലക്ക് അനാവശ്യമായി വിവേചനാധികാര പൊലീസുദ്യോഗസ്ഥരുടെത്തിൽ കൈകടത്തുന്ന സമ്പ്രദായം സി.എച്ചിനുണ്ടായിരുന്നില്ല. സ്വതഃസിദ്ധമായ ശൈലിയിൽ കോയാസാഹിബ് പറയുമായിരുന്നു: പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് രണ്ട് കസേരകൾ ഉണ്ടാകാറുണ്ടെന്നും അതിൽ ഒന്ന് താൻ എടുത്തു മാറ്റിഎന്നും. അതിന്റെ ക്രഡിറ്റ് തീർച്ചയായും നമ്മുടെ സ്റ്റേ
റ്റിൽ കൊടുക്കാവുന്നത് സി.എച്ച് മുഹമ്മദ് കോയക്കാണ്. സ്വന്തം പാർട്ടിയിലെ പ്രമാണികളായ ചിലനേതാക്കൾക്കു പോലും മുഹമ്മദ് കോയയോട് ഇക്കാരണത്താൽ അസന്തുഷ്‌ടി ഉണ്ടായിട്ടുണ്ടെന്നാണ്) എന്റെ അറിവ്. എന്നാൽ അദ്ദേഹം നീതിയുടെ മാർഗത്തിൽനിന്ന് വ്യതിചലിക്കാൻ സന്നദ്ധനായിരുന്നില്ല.