VOL 04 |
 Flip Pacha Online

ഒരു മേൽക്കൂരക്കു ചോട്ടിലെ ഓർമ്മകൾ

By: പി.എം അബൂബക്കർ

ഒരു മേൽക്കൂരക്കു ചോട്ടിലെ ഓർമ്മകൾ
1932 ജൂലൈ ഒന്നിന് കോഴിക്കോട്ട് ജനനം. 1962 മുതൽ 1974 വരെ കോഴിക്കോട് കോർപറേഷൻ കൗൺസിലർ, ഇടക്കാലത്ത് ഡെപ്യൂട്ടി മേയർ. ആറു തവണ കേരള നിയമസഭയിൽ അംഗം. 1980-81 കാലയളവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി. നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ, കെ.എസ്.എഫ്.ഇ. വൈസ് ചെയർമാൻ, കേരള ഖാദിബോർഡ് മെമ്പർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, ചന്ദ്രിക ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗവും ആയിരുന്നു. 1994 ഒക്ടോബർ 17ന് അന്തരിച്ചു.


മമ്മത്തു ഇന്നില്ല. മമ്മത്തുവിനെക്കുറിച്ചുള്ള ഓർമ്മകൾ, അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. മമ്മത്തുവിന്റെ നടക്കാവിലുള്ള കൊളശ്ശേരിവീട്ടിന്റെ മാളികയിൽ കഴിഞ്ഞവരിൽ പലരും ഇന്നെവിടെയാണെന്ന് ഓർക്കാൻ പ്രയാസമുണ്ട്. സർക്കാർ ജീവനക്കാരായി ജോലിനോക്കുന്ന, പാർപ്പിട സൗകര്യമില്ലാത്തവർക്ക് ഒരു കാലഘട്ടത്തിൽ അത്താണിയായിരുന്നു കൊളശ്ശേരിവീട്ടിന്റെ മാളിക.

ഈ വീട്ടിൽനിന്ന് എല്ലാ പ്രഭാതങ്ങളിലും ചന്ദ്രിക. ഓഫീസിലേക്കു നടന്നുവരുന്ന സുമുഖനായ വെളുത്ത ചെറുപ്പക്കാരനെക്കുറിച്ചുള്ള സ്മരണകൾക്ക് മനസ്സിൽനിന്ന് മോചനമില്ല. നടക്കുമ്പോൾ ശരീരത്തിൽ തൊടാതെ അകന്നുനിൽക്കുന്ന കൈകൾ. പാർശ്വങ്ങളിൽ നിൽക്കുന്നവരോട്, എതിരെ കടന്നുവരുന്നവരോട് നിമിഷാർദ്ധത്തിലൊതുക്കുന്ന പുഞ്ചിരി. മേൽചുണ്ടിനുമീതെ കനത്ത, നീളം വെട്ടിച്ചുരുക്കിയ കട്ടിമീശ. ചന്ദ്രികയുടെ എഡിറ്റോറിയൽ മുറിയിൽ വന്ന് ഇരുന്നുകഴിഞ്ഞാൽ തമാശയായി. 'പരദൂഷണങ്ങളായി.' പറ്റിക്കലായി-അങ്ങനെ പ രസ്പര വിശ്വാസവും സൗഹൃദവും വ ർദ്ധിച്ചതുകൊണ്ടുണ്ടാകാവുന്ന സർവവിധ 'കുരുത്തക്കേടു'കളുമായി.

സി.എച്ചിന്റെ "ഇത്താച്ചിക്കഥ'കൾ പഴയ സഹപ്രവർത്തകരിൽ ആരെങ്കിലും ഓർക്കുന്നോ എന്നറിയില്ല. മമ്മത്തുവിന്റെ വീട്ടിലെ അന്തേവാസികളുടെ ഉമ്മയായിരുന്നു ഇത്താച്ചി. സി.എച്ച്, രാവിലെ ചന്ദ്രികയിലെത്തിയാൽ ആദ്യത്തെ ഇനം കുറേ ബഹളമാണ്. പത്രത്തിൽ കൊടുത്തിട്ട് അച്ചടിച്ചുവരാത്ത വാർത്തകളെച്ചൊല്ലി, എഡിഷൻ മാറ്റത്തിലുള്ള പാകപ്പിഴകളെച്ചൊല്ലി, പ്രൂഫ് മിസ്റ്റേക്കുകളെക്കുറിച്ച്, ദിനപത്രങ്ങൾ വാരിവലിച്ച് ഇട്ടതിനെപ്പറ്റി - അങ്ങനെ എന്നും കാണും ശകാരത്തിനുള്ള വഹകൾ.

കുറച്ചുകഴിഞ്ഞാൽ ഒന്നു തണുക്കും. തണുത്താൽ നല്ല നിലവാരത്തിലേക്കുയരും. മൂഡ് നന്നാകുമ്പോഴാണ് 'ഇത്താച്ചിക്കഥ'കൾ വരിക. ഇത്താച്ചിത്താത്തയെക്കുറിച്ച് ഒരു കഥാസമാഹാരം എഴുതണമെന്ന് സി.എച്ച് പലപ്പോഴും പറയാറുണ്ടായിരുന്നു.

ഒരു മേൽക്കൂരക്കു കീഴിൽ ഇണങ്ങിക്കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്തെ അവിസ്‌മരണീയ സംഭവങ്ങൾ തിരശ്ശീലയിലെന്നപോലെ ഏകാന്തതകളിൽ തെളിഞ്ഞുവരാറുണ്ട്. ഉറക്കിനു മുമ്പുള്ള നിമിഷങ്ങളിൽ, യാത്രയിലെ ഏകാന്തതയിൽ, വിശ്രമവേളയിലെ ഒറ്റപ്പെടലുകളിൽ - ആ ഓർമകൾ എവിടെനിന്നോ മനസ്സിൽ പറന്നെത്തുന്നു. പരസ്പരം അറിഞ്ഞിരുന്നിട്ടില്ലാത്ത ഒരു രഹസ്യവും പതിനഞ്ചു വർഷത്തിനിടെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.

വ്യക്തിജീവിതത്തിലെ സ്വകാര്യതകളിലെ ഓരോ മണിക്കൂറിലും ഞങ്ങൾ ഒന്നായിരുന്നു. മറ്റാർക്കും മുറിച്ചുമാറ്റാൻ കഴിയാത്തവണ്ണം ആ കാലത്ത് ഞങ്ങളടുത്തു. അന്നൊന്നും കരുതിയില്ല, രാഷ്ട്രീയ വിചാരങ്ങളിൽ, വികാരാതീതമായ ഒരുധ്രുവദൂരം ഉണ്ടാകുമെന്ന്.

കാലത്തിന്റെ പിരനാക്കിൽ തട്ടി ബന്ധങ്ങളിൽമുറിവുവീണു. രാഷ്ട്രീയ ചരിത്രം വിധിയുടെ വിളിക്കൊത്ത് ഒതുങ്ങിക്കൊടുത്തു. ഞാൻ പൊതുമരാമത്തുവകുപ്പുമന്ത്രിയായപ്പോൾ ഞങ്ങൾക്കിടയിലെ അകൽച്ചക്ക് ഒരു നൂറ്റാണ്ടിന്റെ കനം തോന്നി. രാഷ്ട്രീയ രുചിഭേദങ്ങൾ കാരണം 1974-ൽ ഞങ്ങൾ അവസാനമായി ഗുഡ്ബൈ പറയുമ്പോൾ പിൽക്കാലത്തെ ദുസ്സഹമായ ഒരു ജീവിതം വിഭാവനം ചെയ്‌തിരുന്നില്ല. ഞങ്ങൾ പറ്റെ അകന്നുവെന്ന് മറ്റുള്ളവർക്കു തോന്നാൻമാത്രം ഉദാഹരണങ്ങളുണ്ടായി. പക്ഷേ, എന്റെ ഹൃദയത്തിൽ ചന്ദ്രികയുടെ മേൽക്കുരക്കു താഴെ ഞങ്ങളായിട്ട് ഉണ്ടാക്കിയെടുത്ത ഒരു 'സ്വർഗ'ലോകമുണ്ടായിരുന്നു, ഇത്താച്ചിക്കഥകളിലെ പൊട്ടിച്ചിരികളുണ്ടായിരുന്നു.

പറഞ്ഞുവന്നത് അതല്ല. ഞാൻ മന്ത്രിയായിരിക്കെ, സി.എച്ച് സുഖമില്ലാതെ കലിക്കറ്റ് നഴ്സിംഗ് ഹോമിൽ കിടന്നു. ആ പഴയ നേതാവിനെ കാണാൻ, സഹപ്രവർത്തകനെ കാണാൻ ഞാൻ ചെന്നു. എത്രയോ കാലങ്ങൾക്കുശേഷം ഞങ്ങളന്ന് അടുത്തു കാണുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മെത്തയിലിരുന്നു. പലതും സംസാരിച്ചു. ഒന്നിച്ചു കഴിഞ്ഞ നാളുകളെപ്പറ്റി, ഭിന്നിച്ചു കഴിഞ്ഞ നാളുകളെപ്പറ്റി മനസ്സും മനസ്സും വേവലാതിപ്പെട്ടു.

കുറച്ചുനാൾ കഴിഞ്ഞ്, ഞാൻ രണ്ടാമത്തെ ഹജ്ജ് തീർത്ഥാടനത്തിനു പോകുമ്പോഴും സി.എച്ചിനെ കാണാൻ നടക്കാവിലുള്ള വീട്ടിൽചെന്നു. എഴുന്നേറ്റിരിക്കാനോ ഒരു കൈ പൊക്കാനോ അദ്ദേഹത്തിന് വയ്യായിരുന്നു. ഹജ്ജിനു പോകുന്നെന്നും ഉമ്മയും ഭാര്യയും കൂടെയുണ്ടെന്നും പറഞ്ഞു. കഴിഞ്ഞകാല ജീവിതങ്ങളിൽ പ്രയാസമുണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ മറക്കാനും പൊറുക്കാനും ആവശ്യപ്പെട്ടപ്പോൾ സി.എച്ചിന്റെ കണ്ണുകൾ നിറയുന്നതു കണ്ടു. എനിക്കറിയില്ല, അദ്ദേഹം കണ്ണുനീരുകൊണ്ട് കവിളുകൾ നനച്ചതെന്തിനായിരുന്നു? രാഷ്ട്രീയ ഭിന്നതകൾ കാരണം രണ്ടു തട്ടുകളിൽ കഴിയേണ്ടിവന്നപ്പോഴും പൂർവബന്ധങ്ങളെക്കുറിച്ചുള്ള ഓർമകൾ ഞങ്ങൾ രണ്ടുപേരെയും വേദനിപ്പിച്ചിട്ടുണ്ട്. സി. എച്ച് എന്റെ കൈകൾ കൂട്ടിപ്പിടിച്ചു. ഞാൻ ആകണ്ണുകളിലേക്കു നോക്കി. നിസ്സഹായനായ ഒരു കൊച്ചുകുഞ്ഞാവുകയാണോ ഈ വലിയ മനുഷ്യൻ.

കേരള രാഷ്ട്രീയത്തിന്റെ അങ്കത്തട്ട് വീണ്ടും പ്രകമ്പനംകൊണ്ടു. വീണ്ടും രാഷ്ട്രീയ നിലവാരങ്ങളിൽ മാറ്റംവന്നു. സി.എച്ച് പൊതുമരാമത്തു വകുപ്പുമന്ത്രിയായി. ഒരിക്കൽ തിരുവനന്തപുരത്തുവെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: അബു, ആരോഗ്യ. ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു. എങ്ങനെനോക്കും തടി. നമ്മൾ ചെന്നാൽ ആളുകൾ തിന്നാൻ തരും. തിന്നാൻ കിട്ടിയാൽ എങ്ങനെ നോക്കി നിൽക്കും?"

ചന്ദ്രികയിലായിരുന്നപ്പോൾ ഞങ്ങൾ പങ്കുവെച്ച ആഹാരത്തെപ്പറ്റി ആലോചിച്ചു. അവിടെ ഉച്ചഭക്ഷണത്തിന് ചിലരൊക്കെ പൊതിച്ചോറ് കൊണ്ടുവരുമായിരുന്നു. ഉള്ളതുകൊണ്ട് ഉണ്ട ഉച്ചകളുടെ ഓർമകൾ..... പലപ്പോഴും മനസ്സറിയാതെ കണ്ണുകൾ നനയുന്നു.

ആ കാലത്ത് മുഖ്യ പത്രാധിപർക്ക് 150 രൂപയാണ് ശമ്പളം. സഹ പത്രാധിപന്മാരായ ഞങ്ങൾക്കൊക്കെ അറുപതിനും തൊണ്ണൂറിനുമിടക്കും. ഓവർ ടൈം ചെയ്‌താൽ രണ്ടുറുപ്പികകൂടുതൽ കിട്ടും. സി.എച്ച് തന്റെ മരണത്തെപ്പറ്റി വളരെ അടുത്ത ചിന്തയിലായിരുന്നു. താനൊരു സഞ്ചരിക്കുന്ന മയ്യിത്താണെന്ന് സ്വന്തം ശരീരത്തെപ്പറ്റി വിധിയെഴുതാൻ അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

സി.എച്ചിന്റെ മരണവാർത്ത അറിയുന്നത് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ വച്ചാണ്. അവിടെ നിന്ന് അഞ്ചു മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ ഗോഹട്ടിയിലെത്താം. അവിടുന്ന് കൽക്കത്ത വിമാനത്താവളത്തിൽ എത്തിയാൽതന്നെ ഉച്ചക്കുശേഷമേ വിമാനമുള്ളൂ. എങ്ങനെ ശ്രമിച്ചാലും മയ്യിത്ത് ഖബറടക്കും മുമ്പ് കോഴിക്കോട്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ വെറുതെ ഒരു സാഹസത്തിനൊരുങ്ങിയില്ല. എന്റെ കൂടെയുണ്ടായിരുന്ന കൊരമ്പയിൽ അഹമ്മദാജിക്കും ഇതേ ഗതിതന്നെയായിരുന്നു. സി.എച്ചിന്റെ മരണ വാർത്ത അറിഞ്ഞതോടെ ഞങ്ങൾ, കേരള നിയമസഭയിലെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങൾ പെട്ടെന്നു പരിപാടികൾ നിർത്തിവെച്ചു. പിറ്റേന്ന് ഷില്ലോങിലെ തണുത്ത അന്തരീക്ഷത്തിൽ പരിപാടികളില്ലാതെ, മുറിയടച്ച് മരവിച്ചിരുന്നപ്പോൾ മനസ്സ് വല്ലാതെ നൊന്തു.

ചിറകുകൾ കരിഞ്ഞ്, നെഞ്ചുരുകി, കാലൊടിഞ്ഞ ഒരു കുരുവിയാണോ ഇപ്പോൾ ഞാൻ? എനിക്കങ്ങനെയാണ് എന്നെപ്പറ്റി തോന്നിയത്.