VOL 04 |
 Flip Pacha Online

സുഹൃത്തേ, വിട

By: പി.പി ഉമ്മർകോയ

സുഹൃത്തേ, വിട
ഗാന്ധിയൻ, സ്വാതന്ത്ര്യ സമര സേനാനി. 1922 ജൂലൈ ഒന്നിന് കോഴിക്കോട്ട് ജനനം. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. 1952ൽ മലബാർ യൂത്ത് കോൺഗ്രസ് കൺവീനർ. 1960ൽ മഞ്ചേരിയിൽനിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി വൈസ് പ്രസിഡണ്ട്, കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പട്ടംതാണുപിള്ള സർക്കാറിൽ വിദ്യാഭ്യാസവും ആർ. ശങ്കർ സർക്കാറിൽ പൊതുമരാമത്ത് വകുപ്പും കൈകാര്യം ചെയ്തു. 2000 സെപ്ത‌ംബർ ഒന്നിന് അന്തരിച്ചു.


പ്രിയങ്കരനായ സുഹൃത്ത്, സി.എച്ച് നിദ്രയിലാണ്ടുകഴിഞ്ഞു. ഒരിക്കലും ഉണരാത്ത സുഖസുഷുപ്‌തിയിൽ.

ശാശ്വത മുകതയിൽ അദ്ദേഹത്തിന്റെ ആത്മാവ് വിലയം പ്രാപിച്ചിരിക്കുകയാണ്. സൂർ കാഹളം മുഴങ്ങുന്നതുവരെ അത് ചലനരഹിതമായിരിക്കും.

ജീവിതത്തിൽനിന്ന് മരണത്തിലേക്കുള്ള യാത്രകഴിഞ്ഞു; മരണത്തിൽനിന്ന് അമരത്വത്തിലേക്കുള്ള യാത്ര തുടങ്ങി.

ഹ്രസ്വമായ ജീവിതം. അനിശ്ചിതത്വത്തിന്റെ കാലഘട്ടങ്ങൾ. പല വഴികളിലൂടെയുള്ള ജൈത്രയാത്ര. പുതിയ പാതകൾ വെട്ടിത്തുറന്നും ഇരുട്ടിൽ വെളിച്ചം തെളിയിച്ചുമുള്ള ദീർഘസഞ്ചാരം. പ്രയാസമേറിയ കയറ്റങ്ങൾ. കുടിലിൽനിന്ന് മന്ത്രിമന്ദിരത്തിലേക്കുള്ള വളർച്ച. സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് ജനഹൃദയങ്ങളിലേക്കുള്ള ഉയർച്ച. യുവചൈതന്യത്തെപ്പോലും അകാല വാർധക്യത്തിലേക്ക് തള്ളിയിടാനിട യാക്കിയ ജീവിതായോധ

നം. പല മേഖലകളിലും തങ്ങി, പല മാനങ്ങളും കണ്ടെത്തി, പല നേട്ടങ്ങളും തേടി രാപകലുകളിലുടെ നീങ്ങി.

എന്റെ സുഹൃത്തിന്റെ ജീവിതം വിളഭൂമിയായിരുന്നു. അതിൽ വിതയും കൊയ്ത്തും നടന്നു. സമൃദ്ധമായ കൊയ്ത്ത്.

എന്റെ സുഹൃത്ത് ഭാഗ്യദേവതയുടെ പ്രേമഭാജനമായിരുന്നു. പല പടവുകളും കയറി പദവികളാർജ്ജിച്ചപ്പോൾ ആ പദവികൾക്കുവേണ്ട അർഹതയും യോഗ്യതയും സുഹൃത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ ഒരു മാന്ത്രിക ദണ്ഡുണ്ടായിരുന്നുവെന്ന് തോന്നുന്നു. അതുകൊ ണ്ടായിരിക്കണം അത്ഭുതങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞത്.

സുഹൃത്ത് മാനത്ത് നക്ഷത്രംപോലെ തിളങ്ങി. ചില വേദികളിൽ സിംഹത്തെപ്പോലെ ഗർജ്ജിച്ചു.

പലപ്പോഴും നർമ്മോക്തികൾകൊണ്ട് രസിപ്പിച്ചു. ഒരു ഗുരുനാഥനെപ്പോലെ ഉപദേശങ്ങൾ നൽകി.

അണികൾക്ക് ആവേശം പകരുന്ന വാചാലത കാഴ്ചവെച്ചു.

കാര്യങ്ങൾ ഗ്രഹിക്കാനും അവതരിപ്പിക്കാനും ന്യായീകരിക്കാനും തന്റെ വാദങ്ങൾക്ക് അംഗികാരം നേടാനുമുള്ള അസാമാന്യ കഴിവ് പ്രദർശിപ്പിച്ചു.

പ്രതികൂല പരിതഃസ്ഥിതികളുടെ ഒഴുക്കിനെ മുറിച്ചു കടന്നു ആ ജീവിതം. വിജയത്തിൽനിന്ന് വിജയത്തിലേക്ക് കുതിച്ചുയരാനുള്ള കരുത്താർജ്ജിച്ചത് അങ്ങനെയാണ്.

ആയിരങ്ങളുടെ മനസ്സിന്റെ ആവേശവും കണ്ണിലുണ്ണിയുമായിത്തീരാൻ കഴിഞ്ഞു എന്നതാണ് ആജീവിതത്തിന്റെ സൗഭാഗ്യം.

വിവിധ മണ്ഡലങ്ങളിൽ ചലിച്ച സുഹൃത്ത് എവിടെയും തന്റെ അസാമാന്യ വ്യക്തിത്വം പുലർത്തി.

പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, സമുദായോദ്ധാരകൻ, പത്രാധിപർ, ഗ്രന്ഥകാരൻ, വാഗ്മി, സംഘാടകൻ, നേതാവ്, ഭരണാധികാരി, സ്നേഹാദരവുകൾ പിടിച്ചെടുത്ത സുഹൃത്ത് - ഈനിലയിലെല്ലാം അദ്ദേഹം അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പത്രപ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് കടന്നു. ആദ്യം കോഴിക്കോട് മുനിസിപ്പൽ കൗൺസിലറായി. വാശിയേറിയ മത്സരത്തിലൂടെയാണ് അദ്ദേഹം കൗൺസിലറായത്. പിന്നീടങ്ങോട്ട് ഉയർച്ചയാണ്. നിയമസഭാംഗം, നിയമസഭാ സ്പീക്കർ, പാർലമെന്റംഗം, മന്ത്രി, മുഖ്യമന്ത്രി - ഈ സ്ഥാനങ്ങളെല്ലാം വഹിച്ചു. കാൽ നൂറ്റാണ്ടുകാലം സംസ്ഥാനത്തെ പൊതു ജീവിതത്തിൽ നിറഞ്ഞുനിന്നു.

സമചിത്തത, ഔചിത്യബോധം, ഔദാര്യപൂർവകമായ സൗഹാർദ സ്വഭാവം, സേവനൗൽസുക്യം-ഇതെല്ലാമായിരുന്നു ആ ജീവിതത്തെ പ്രകാശമാന മാക്കിയത്.ചുമതലാബോധവും തീരുമാനമെടുക്കാനുള്ള കഴിവും കാര്യക്ഷമതയും ആ ജീവിതത്തിലുടനീളം കാണാമായിരുന്നു.

സന്ദർഭങ്ങൾക്കൊത്തുയരാൻ പ്രയാസമുണ്ടായില്ല. വ്യക്തികളോടും പരിതസ്ഥിതികളോടും എളുപ്പം ഇണങ്ങിച്ചേരാനും കഴിഞ്ഞു. ആത്മാർത്ഥത മുറ്റിനിന്ന സമുദായ സ്നേഹി, തന്റെ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചും അവശതയെക്കുറിച്ചും ദൗർബല്യങ്ങളെക്കുറിച്ചും ബോധവാനായ നേതാവ്, ക്രിയാത്മക സമീപനങ്ങളിലൂടെ പ്രശ്‌നപരിഹാരം കാണുന്നതിൽ വ്യഗ്രതയുള്ള ബുദ്ധിജീവി സമർത്ഥമായി രാഷ്ട്രീയം കൈകാര്യം ചെയ്യാൻ പരിചയിച്ച രാഷ്ട്രീയ നായകൻ, സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുവേണ്ടി നാവും തുലികയും നിരന്തരം ഉപയോഗപ്പെടുത്തിയ പരിഷ്കർത്താവ് - ഇതെല്ലാമായിരുന്നു സി.എ എച്ച്

'വിലമതിക്കേണ്ടവനാണെങ്കിലും പാവപ്പെട്ടവനും കഷ്ടപ്പെടുന്നവനുമായ മുസ്‌ലിമിനെക്കുറിച്ച് ഞാനെന്താണെഴുതേണ്ടത്? ഈ മുസ്ലിമിന്റെ രക്തത്തിൽ ചൈതന്യവും ആവേശവും ഇല്ല. അയാളുടെ വയലേലകളിൽ ഒരു കൃഷിയും നടക്കുന്നില്ല. അയാളുടെ പോക്കറ്റുകൾ എത്രമാത്രം ശൂന്യമാണോ അത്രയും ശൂന്യമാണ് അയാളുടെ കൈകളും അയാളുടെ തകർന്നുകിടക്കുന്ന വീട്ടിൽ വേദഗ്രന്ഥം ചിതറിക്കിടക്കുകയാണ്.

അല്ലാമാ ഇഖ്ബാലിന്റെ ഈരടിയിൽ പ്രതിഫലിക്കുന്ന ദുഃഖസത്യം സ്വാഭാവികമായും സി.എച്ചിന്റെമനസ്സിനെ മഥിച്ചു.

അതുകൊണ്ടുതന്നെ തന്റെ ആത്മചൈതന്യത്തെ സമുഹത്തിന് കർമ്മശക്തി പ്രദാനം ചെയ്യുന്നതിനുവേണ്ടി അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തി.

ഇസ്ലാമിക വിജ്ഞാനത്തിന്റെ വെളിച്ചവും ഊഷ്മാവും അനന്തമാണ്. അതിൽനിന്ന് ഭൗതിക വിജ്ഞാനവും നേട്ടങ്ങളും ആർജ്ജിക്കുന്നതിനുവേണ്ട പ്രചോദനം ഉൾക്കൊള്ളുക.ഓരോ രാത്രിയും പ്രഭാതമാക്കി മാറ്റുന്നതിനു പ്രകൃതി നിങ്ങളെ ക്ഷണിക്കുന്നു.

ഈ ആഹ്വാനം തന്റെ സമൂഹം സ്വീകരിക്കുമെന്നും ഇന്നല്ലെങ്കിൽ നാളെ അവർ ഇരുട്ടിൽനിന്ന് പുറത്തുകടക്കുമെന്നുമുള്ള ശുഭപ്രതീക്ഷയായിരുന്നു സി.എച്ചിന്.

ആ ശുഭപ്രതീക്ഷയായിരുന്നു സി.എച്ചിന്റെ മനക്കരുത്തിന്റെ ഉറവിടം. ചർച്ചകളിൽ കാര്യമാത്ര പ്രസക്തമായ അഭിപ്രായപ്രകടനം. പ്രസംഗവേദികളിൽ കുറിക്കുകൊള്ളുന്ന അസ്ത്രപ്രയോഗം. വികാരങ്ങൾക്ക് ചൂടുപിടിക്കുന്ന രംഗങ്ങളിൽ അന്തരീക്ഷം തണുപ്പിക്കുന്നതിനു സഹായകമായ ഫലിതപ്രയോഗം. പ്രതിസന്ധികളെ തരണംചെയ്യാൻ ആരമസംയമനം - സി.എച്ചിന്റെ ഈ ഭാവങ്ങൾക്കെല്ലാം അന്ന് നമ്മൾ ദൃക്സാക്ഷികളായിരുന്നു.

അടുത്തുനിന്നും അകലെനിന്നും സി.എച്ചിനെകാണാനും എതിർചേരിയിൽ നിന്നും ഒന്നിച്ചിരുന്നും മനസ്സിലാക്കാനും കഴിഞ്ഞ ഒരാളുടെ വിലയിരുത്തലാണിത്.

മൂന്ന് ദശാബ്ദങ്ങളിലേറെ പഴക്കമുള്ളതാണ് ഞങ്ങളുടെ ബന്ധം. അത് എങ്ങനെ ആരംഭിച്ചു എന്ന് എനിക്ക് നിശ്ചയമില്ല. ചില കാര്യങ്ങളിൽ ധ്രുവാന്തരമുള്ള ആശയങ്ങളും ചില കാര്യങ്ങളിൽ ഒരേ മനസ്സുമുള്ള രണ്ട് വ്യക്തികൾ അടുത്തപ്പോൾഅവർ പരസ്പ‌രം സ്നേഹം കൈമാറുകയും ആദരിക്കുകയും ചെയ്തു.

ഞങ്ങൾ വളരെക്കാലം വിരുദ്ധ ചേരികളിൽ പതിവ് പ്രസംഗകരായിരുന്നു. തെരഞ്ഞെടുപ്പുകളിൽ പരസ്പ്‌പരം എതിർത്തു. വാക്‌ശരങ്ങൾ തൊടുത്തു വിട്ടു. എന്റെ ആയുധങ്ങളേക്കാൾ മൂർച്ച സി.എച്ചി ന്റെ അസ്ത്രങ്ങൾക്കായിരുന്നു. എന്നാൽ കടുത്ത എതിർപ്പിന്റെ അടിയിൽ പരസ്‌പര ബഹുമാനത്തിന്റെ ധാര ഉണ്ടായിരുന്നു. ഒരേ ചേരിയിൽനിന്ന് ഒന്നിച്ച് പ്രവർത്തിക്കാനും ഞങ്ങൾക്കവസരമുണ്ടായി.

സാമൂഹിക- സാംസ്‌കാരിക വേദികളിൽ ഒന്നിച്ചിരുന്നു. രാഷ്ട്രീയ രംഗത്തും ഒന്നിച്ചു നിങ്ങിയ അവസരങ്ങളുണ്ടായി. ആദ്യത്തെ കേരള നിയമസഭയിലേക്ക് വ്യത്യസ്ത കക്ഷികളുടെ പ്രതിനിധികളായി ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സും മുസ്‌ലിംലീഗും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിനുശേഷം കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരായി പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ സി.എച്ച് പ്രധാന പങ്കുവഹിച്ചു. തുടർന്ന് നടന്ന വിമോചന സമരത്തിലും പൊതു തെരഞ്ഞെടുപ്പിലും കോൺഗ്രസ്സും മുസ്‌ലിംലീഗും ഒന്നിച്ചുനിന്നു. 1960ൽ ഞാൻ മന്ത്രിയായി. സി.എച്ച് ഭരണ പക്ഷത്തെ ഏറ്റവും കരുത്തനായ പാർലമെന്റേറിയനുമായി. സീതി സാഹിബിന്റെ മരണത്തെത്തുടർന്ന് സി.എച്ച് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടദേഹം സ്‌പീക്കർ സ്ഥാനം രാജി വെച്ചൊഴിഞ്ഞു. അതോടെ മുസ്‌ലിംലീഗ് ഭരണപക്ഷത്തുനിന്ന് മാറി പ്രതിപക്ഷത്തിരുന്നു. 1964ൽ ശങ്കർ മന്ത്രിസഭയുടെ പതനത്തോടെ അസംബ്ലി പിരിച്ചുവിട്ടു. ഞങ്ങൾ വീണ്ടും തിരുവനന്തപുരത്തെത്തി. 1965ൽ ഞാൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗമായും സി.എച്ച് 1967ൽ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായും. കേരളത്തിലെ വഖഫുകളുടെ ചുമതലയും അന്ന് സി.എച്ച് വഹിച്ചിരുന്നു. ഞാൻ കേന്ദ്ര വഖഫ് കൗൺസിൽ അംഗമായിരുന്നു. ഡൽഹിയിൽ കേന്ദ്ര വഖഫ് കൗൺസിലിൽ ഞങ്ങൾ ഒന്നിച്ച് പങ്കെടുത്തു. അക്കാലത്ത് കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ എന്നെ വഖഫ് ബോർഡ് അംഗമായി നിയമിച്ച് സി.എച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും സർവീസ് കമ്മീഷൻ അംഗം സ്റ്റാട്ട്യൂട്ടറി ബോർഡിൽ അംഗമാകാൻ പാടില്ലാത്തതുകൊണ്ട് ഉത്തരവ് മാറ്റേണ്ടിവന്നു.
സീതിസാഹിബ് കേരള നിയമസഭയുടെ ഏറ്റവും പ്രഗത്ഭനായ സ്പ‌ീക്കറാ യിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേക്ക് സി.എച്ച് തെരഞ്ഞെടുക്കപ്പെട്ടു. സീതിസാഹിബിന്റെ അനുഭവങ്ങളോ പരിചയ സമ്പത്തോ നിയമ പരിജ്ഞാനമോ ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ സ്പീക്കർ സ്ഥാനത്തിന്റെ കനത്ത ഉത്തരവാദിത്തങ്ങൾഎങ്ങനെ നിറവേറ്റുമെന്ന് പലരും ശങ്കിച്ചിരുന്നു. എന്നാൽ സ്ഥാനത്തിന്റെ ഗൗരവത്തിനും അന്തസ്സിനും ചേർന്നവിധം ചുമതലകൾ നിർവഹിക്കാൻ സി.എച്ചിന് കഴിഞ്ഞു. പലപ്പോഴും സീതിസാഹിബിന്റെ മികവിന്റെ ഫുലിംഗങ്ങൾ സി.എച്ചിന്റെ ഉത്തരവുകളിലും സഭാനടപടികൾ നിയന്ത്രിക്കുന്നരീതിയിലും ദൃശ്യമായിരുന്നു.

പലതിലും മികവുറ്റവനും ചില കാര്യങ്ങളിൽ ഒന്നാമനുമായിരുന്നു സി.എച്ച്. നിയമസഭാ സ്പീക്കറായിരിക്കെ പാർട്ടിയുടെ തീരുമാനമനുസരിച്ച് അദ്ദേഹം ആ സ്ഥാനം വിട്ടൊഴിഞ്ഞു. പിന്നീട് മന്ത്രിയായി.

മന്ത്രിസ്ഥാനം രാജിവെച്ച് പാർലമെന്റംഗമായി. കേരള രാഷ്ട്രീയത്തിന്റെ നിർണ്ണായക ഘട്ടത്തിൽ കുറച്ചുകാലം സംസ്ഥാന മുഖ്യമന്ത്രിയുമായി. മന്ത്രിയായിരിക്കെ മാരകമായ ആക്രമണത്തിന് വിധേയനായി മരണത്തെ മുഖാമുഖം കണ്ട സന്ദർഭവുമുണ്ടായി. തന്റെ പാർട്ടിയുടെ പിളർപ്പിനും അദ്ദേഹം ദക്സാക്ഷിയായി.

മനോവീര്യം കെടുത്തത്തക്ക വിധത്തിലുള്ളവെല്ലുവിളികളും ജീവിതത്തെയാകെ ഉലയ്ക്കുന്നതിന് പര്യാപ്തമായ പ്രതിസന്ധികളും നേരിട്ടു.

ജീവിതം നിത്യവസന്തമാക്കാൻ കൊതിച്ചു. എന്നാൽ യൗവനത്തിന്റെയും ആരോഗ്യത്തിന്റെയും ചേതന നേരത്തെതന്നെ വിടപറഞ്ഞു. എന്നിട്ടും കർമ്മനിരതനായി രംഗത്ത് നിലയുറപ്പിച്ചു. ശുഭാപ്തിവിശ്വാസം ആ ജീവിതത്തിലുടനീളം പ്രശോഭിച്ചു.

എന്റെ അനുഭവങ്ങൾ പരിമിതമാണ്. പക്ഷേ, സി.എച്ചിനെക്കുറിച്ചുള്ള എന്റെ ഓർമകൾ എന്നും പച്ചയായിരിക്കും. അനുഭവങ്ങളും പരിചയങ്ങളുമാണ് എന്റെ ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യം. മധുരമായ ഓർമകളാണ് എന്റെ വരണ്ട ജീവിത ത്തിൽ കുളിരേകിയിരുന്നത്.
എന്റെ സുഹൃത്തുക്കളെക്കുറിച്ചുള്ള ഓർമകൾ ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ്, നാലു വയസ്സുകാരനായ എന്റെ കൊച്ചുമകന് സി.എച്ച് തന്റെ വസതിയിൽ വളർത്തിയിരുന്ന വെള്ള മുയലുകളെ സമ്മാനിച്ചപ്പോൾ അവന്റെ മനസ്സും മുഖവും സന്തോഷം കൊണ്ട് വികസിച്ചു. ഒരമൂല്യനിധി കിട്ടിയ അനുഭൂതിയാ യിരുന്നു അവന്. സി.എച്ച് തന്റെ ജീവിതത്തിൽ എത്രയോ ആളുകൾക്ക് ഇത്തരം അനുഭൂതിയുണ്ടാകാൻ സഹായിച്ചിട്ടുണ്ട്.

സി.എച്ച് ലോഭമെന്യേ പലർക്കും പ്രശംസകൾ ചൊരിഞ്ഞുകൊടുത്തിട്ടുണ്ട്. പ്രശംസയുടെ കാര്യത്തിൽ ലുബ്‌ധ് കാണിക്കുന്നവരുടെ ഇടയിൽ നിന്നുകൊണ്ടുതന്നെ.

കോഴിക്കോട്ടെ അവസാനത്തെ പരിപാടി. സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പണിപൂർത്തിയാകാറായ ഇൻഡോർ സ്റ്റേഡിയത്തിലായി ദുന്നു ചടങ്ങ് ആധ്യക്ഷ്യം വഹിച്ച സി.എച്ച് ആശംസാപ്രസംഗം നടത്തേണ്ട ഓരോരുത്തരേയും ക്ഷണിച്ചത് ഓരോ വിശേഷണങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു. 'കോഴിക്കോട്ടു കാരുടെ പ്രിയങ്കരനായ വാഗ്മി' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രഗത്ഭ വാഗ്മികളിൽ ഒരാളായ സി.എച്ച് എന്നെ പ്രസംഗിക്കാൻ ക്ഷണിച്ചത്.

അന്ന് വിടപറയുമ്പോൾ അത് അവസാനത്തേതാകുമെന്ന് ആർക്കും മനസ്സിലായിരുന്നില്ല. സൗഹൃദത്തിന് മരണമില്ല. അവശേഷിക്കുന്ന
സുഹൃത്തുക്കളുടെ മനസ്സിൽ ആ സ്നേഹം നിത്യ നൊമ്പരമായി നിലനിൽക്കും. അതുകൊണ്ടാണ് നമ്മുടെ കണ്ണുകൾ നനയുന്നത്.

സി.എച്ച് സമർത്ഥനായ പ്രബോധകനായിരുന്നു. അദ്ദേഹത്തിന്റെ സംഭാഷണം ശ്രോതാക്കൾക്ക് ഹൃദ്യമായിരുന്നു. പ്രസംഗകലയിൽ അദ്ദേഹം
ജേതാവായിരുന്നു. പ്രവർത്തനങ്ങളിലും അദ്ദേഹം വിജയശ്രീലാളിതനായി. ആ പാവന സ്‌മരണകൾക്ക് മുമ്പിൽ എന്റെ ശ്രദ്ധാഞ്ജലി.