VOL 04 |
 Flip Pacha Online

സദാ ജ്വലിച്ചു നിന്ന ദീപം

By: എൻ.എ.എം പെരിങ്ങത്തൂർ

സദാ ജ്വലിച്ചു നിന്ന ദീപം
1931ൽ അമ്പലക്കണ്ടി മുസ മുസ്‌ല്യാരുടെയും മറിയത്തിന്റെയും മകനായി കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽ ജനനം. 1970 മുതൽ 73 വരെ ആഭ്യന്തര വകുപ്പ് മന്ത്രി സി.എച്ചിന്റെ പേഴ്സണൽ അസിസ്റ്റന്റ്റ്. തലശ്ശേരി താലൂക്ക് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി, മുസ്‌ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം. 1979ൽ തലശ്ശേരി നഗരസഭ ചെയർമാൻ. 1982 മുതൽ 84 വരെ പെരിങ്ങളം നിയോ ജക മണ്ഡ‌ലത്തിൽനിന്നുള്ള നിയമസഭാംഗം. ചന്ദ്രികയുടെ പെരിങ്ങളം ലേഖകനായും പ്രവർത്തിച്ചു. ഇസ്‌ലാമും കമ്മ്യൂണിസവും എന്ന ശീർഷകത്തിൽ ചന്ദ്രിക ആഴ്ചപതിപ്പിൽ തുടർ ലേഖനങ്ങൾ എഴുതിയിരുന്നു. നൂറുൽ അബ്സർ, അൽബയാൻ മാസികകളിൽ ഇസ്‌ലാമിക ലേഖനങ്ങൾ എഴുതി. കണ്ണുരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നവപ്രഭ' വാരികയുടെ പത്രാധിപരായിരുന്നു. യു.എ.ഇ പര്യടനത്തിനിടെ 1984 ഡിസംബർ 13ന് അന്തരിച്ചു.



കേവലം വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്രമായിരുന്നില്ല, അതോടൊപ്പം വെന്തുരുകുന്ന ഹൈദരാബാദിലെ മുസ്‌ലിം ഹൃദയങ്ങളിൽ ആശ്വാസവും സമാധാനവും പകർന്നുകൊടുക്കുകയെന്ന കൃത്യം നിർവഹിക്കലും കുടിയായിരുന്നു സി.എച്ചിന്റെ ഹൈദരാബാദ് യാത്രക്ക് പിന്നിലുണ്ടായിരുന്ന ലക്ഷ്യം. ആളിക്കത്തുന്ന ഹൈദരാബാദിൽ, തൽസമയം ചെന്നെത്തുന്നത് സുഖകരമല്ലെന്ന് അറിയാമായിരുന്നിട്ടും തന്റെ യാത്രക്ക് മുടക്കം വരുത്താതെ, അദ്ദേഹം അങ്ങോട്ട് ചെന്നത് ആ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ്. അസ്വസ്ഥമായ ഹൈദരാബാദിന്റെ മണ്ണിൽ, വർഗീയക്കോമരങ്ങൾ നിർത്താതെ വിളയാട്ടം തുടരുകയാണ്. ഇരു സമുദായങ്ങൾ നമ്മിൽ സൗഹാർദവും നാട്ടിൽ സമാധാനാന്തരീക്ഷവും പുനഃസ്ഥാപിക്കാൻ സമാധാനപ്രേമിയായ സി.എച്ച് മുന്നിട്ടിറങ്ങിയതിൽ അത്ഭുതത്തിന്നവകാശമില്ല. തന്റെ ഗുരു മർഹും സയ്യിദ് അബ്‌ദുറഹിമാൻ ബാഫഖിതങ്ങളോടൊപ്പം സാമുദായിക സൗഹൃദത്തിനുവേണ്ടി വർഷങ്ങൾക്ക് മുമ്പ് പയ്യോളിയിലും നടുവട്ടത്തും പാഞ്ഞെത്തിയ ആളായിരുന്നു സി. എച്ച്. ഇരു വിഭാഗങ്ങൾ പരസ്പ‌രം തലയറുക്കാൻ കാത്തുകഴിയുന്ന സമയത്താണ് ബാഫഖിതങ്ങളോടൊപ്പം സി.എച്ച് അവിടെ എത്തുന്നത്. വർഗീയ വിരോധംകൊണ്ട് കൊലവിളി നടത്തുന്നൊരു ജനക്കുട്ടത്തിന് മുമ്പിലാണ് നീളക്കുപ്പായവും തലക്കെട്ടും ധരിച്ച ബാഫഖിതങ്ങളും തലയിൽ ജിന്നാ കേപ്പ് ധരിച്ച സി.എച്ചും ചെന്നിറങ്ങിയത്. വിറപൂണ്ടുക ഴിയുന്ന മുസ്‌ലിം സമുദായത്തിന് അതൊരു ആശ്വാസമായി. ചുടുചോരക്ക് ദാഹിച്ച വർഗീയ ഭ്രാന്തൻമാർ ഹാലിളകി. പക്ഷേ ആ സമാധാന സന്ദേശവാ ഹകരുടെ മുമ്പിൽ അതൊന്നും വിലപ്പോയില്ല. തകർന്നുകൊണ്ടിരുന്ന മതസൗഹാർദം അവിടെ പുനഃസ്ഥാപിക്കപ്പെട്ടു. ആളിപ്പടർന്നുകൊണ്ടിരുന്ന വർഗീയാഗ്നി തൽക്ഷണം കെട്ടടങ്ങി. സ്വതഃസിദ്ധമായ പുഞ്ചിരിയോടെ, അനുനയത്തിലുള്ള വാക്ചാതുരിയിലൂടെ തന്റെ ഗുരുവോടൊപ്പം പ്രശ്നപരിഹാരത്തിൽ സി.എച്ചും പങ്കുവഹിച്ചു. നടുവട്ടത്ത് സാമൂഹിക വിരുദ്ധ ശക്തികൾ ഇരുചേരികളിലായി നിന്ന് പോർവിളി നടത്തിയപ്പോൾ അവിടെ ഓടി എത്തിയതും ഇവർതന്നെയായിരുന്നു. ബാഫഖി തങ്ങളുടെ വാക്കുകൾ ചെവിക്കൊള്ളാത്തവർ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു.

ഹൈദരാബാദിൽ ഒരു മുസ്‌ലിംപള്ളി ആക്രമിപ്പെട്ടതിനെത്തുടർന്നുണ്ടായ രോഷാഗ്നി ആളിപ്പടരുകയായിരുന്നു. അതിലും സാമൂഹിക വിരുദ്ധ ശക്തികൾ ഇരുചേരികളിൽനിന്ന് അസ്വാസ്ഥ്യം വർധിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. പൊലീസിന്റെ സമാധാന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഈ സന്ദർഭത്തിൽ സമാധാനം സ്ഥാപിക്കുന്നതിൽ എന്തെങ്കിലും സംഭാവന, നൽകാനാവുമോയെന്ന് അനാരോഗ്യവാനെങ്കിലും ആ സമുദായസ്നേഹി അഭിലഷിച്ചുവെങ്കിൽ അതഭിനന്ദനീയമാണ്. അതുസംബന്ധമായി ചില പ്രാരംഭ കുടിയാലോചനകൾ അദ്ദേഹം നടത്തിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ വിധി അത് പൂർത്തിയാക്കാൻ ഇടം കൊടുത്തില്ല. സപ്ത‌ം: 27, ചൊവ്വാഴ്‌ച രാത്രി കിടന്നുറങ്ങിയ അദ്ദേഹം, പിറ്റേന്ന് കാലത്ത് ബോധമറ്റ നിലയിൽ കിടക്കുന്നതാണ് കൂട്ടുകാർ കണ്ടത്. വേദനകൾ കടിച്ചിറക്കിക്കൊണ്ട് എത്രയെത്ര യാത്രകൾ അദ്ദേഹം ചെയ്തു. കർമ്മരംഗമല്ലാതെ മറ്റൊന്നും ഇഷ്ടപ്പെടാത്ത ആ സാഹസികൻ. രണ്ടുവർഷമായി മാരകമായ രോഗങ്ങൾ തന്നെ പിടികൂടിയിട്ടും കർമഭൂമിയിൽനിന്നും പിൻമാറിയില്ല. ഏതവസര വും പ്രവൃത്തിപഥത്തിൽ മാത്രമേ അദ്ദേഹത്തെ കണ്ടെത്തുകയുള്ളൂ. അടങ്ങിയിരിക്കുക സി.എച്ചിന്റെ സ്വഭാവമല്ല. എന്തെങ്കിലും കുത്തിക്കുറിക്കണം. ചെറുപ്പത്തിലേയുള്ള ശീലമാണ്. പത്രമാപ്പീസിലായാലും മന്ത്രിമന്ദിരത്തിലായാലും പ്രസംഗമണ് പത്തിലായാലും അദ്ദേഹമെപ്പോഴും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കും. ഫയൽ കുമ്പാരങ്ങൾക്കിടയിലും പത്രങ്ങളിലേക്ക് ലേഖനമെഴുതാൻ മടിക്കാറില്ല. ഫയലുകൾ തീർക്കുന്ന കാര്യത്തിൽ ഇത്രയധികം നിഷ്കർഷത കാണിക്കുന്ന മറ്റൊരു മന്ത്രിയെ കാണുകയില്ല. ആഭ്യന്തരവും വിദ്യാഭ്യാസവും ഒന്നിച്ച് കൈകാര്യം ചെയ്‌തിരുന്ന കാലത്ത് ഫയലുകളുടെ അട്ടി എത്ര വലുതാണെങ്കിൽപോലും അന്നന്ന് വന്ന ഫയലുകൾ അന്നന്ന് തന്നെ നോക്കിത്തീർത്ത് പിറ്റേന്ന് കാലത്ത് തിരിച്ചയക്കുക അദ്ദേഹത്തിന്റെ സമ്പ്രദായമായിരുന്നു. ഏറ്റവുമധികം ഫയലുകൾ കൈകാര്യം ചെയ്യേണ്ടിയിരുന്ന വകുപ്പുകളാണിവ.

ഞാൻ ആ കാലത്ത് അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു. ചില പൊതു പരിപാടികൾ കഴിഞ്ഞ് പാതിരാ സമയത്തായിരിക്കും വീട്ടിൽ തിരിച്ചെത്തുക. എന്നാലും ഔദ്യോഗിക കൃത്യം പൂർത്തിയാക്കിയേ സി.എച്ച് ഉറങ്ങാൻ പോകാറുള്ളൂ. കാലത്തെഴുന്നേറ്റ് പ്രഭാത നമസ്കാരവും മറ്റും നിർവഹിച്ച് എട്ടുമണിക്ക് മുമ്പുതന്നെ പുറത്തുവന്ന് സന്ദർശകരെ സ്വീകരിക്കും. അസംബ്ലിസമ്മേളിക്കുന്ന ദിവസങ്ങളിൽ അതിന് മുമ്പുതന്നെ പുറത്തുവരും. മുഴുസമയവും നിയമസഭയിലി രിക്കുന്ന മന്ത്രി, സി.എച്ച് മാത്രമായിരുന്നു. മറ്റ് മന്ത്രിമാർ തങ്ങളുടെ ജോലികൾക്കായി ഓഫീ സിലും മറ്റും പോകുമെങ്കിലും സി.എച്ച് നിയമസഭാ നടപടിപൂർത്തിയാകുംവരെ എല്ലാവരുടെയും പ്രസം ഗം ശ്രദ്ധിച്ച് അവിടെത്തന്നെ ഇരിക്കും. മൂത്രമൊഴിക്കാനോ ലൈബ്രറിയിൽ പുസ്‌തകം തിരയാനോ മാത്രമേ അദ്ദേഹം അവിടംവിട്ട് പോകാറുള്ളൂ. റിട്ടയറിംഗ് റൂമിൽ ചെന്ന് വിശ്രമിക്കുന്ന ശീലം അദ്ദേഹത്തിനില്ല. എന്നും ഉത്സാഹത്തോടെ ജോലി ചെയ്യും. സന്ദർശകരുടെ ആവശ്യങ്ങൾ അവരുടെ ആദ്യവാക്യംകൊണ്ടുതന്നെ ഏതാണ്ട് മനസ്സിലാക്കും. ആരെയും മുഷിപ്പിക്കാതെ ഉത്തരം പറയും. നടക്കാത്ത കാര്യങ്ങൾ നടക്കുമെന്ന് പറഞ്ഞ് ആളുകളെ കറക്കുകയില്ല. വിഷയം എന്തെന്ന് മനസ്സിലാക്കുന്നതിലും ആഴത്തിൽ ചിന്തിച്ച് അതിന്റെ മുഴുവശങ്ങളും ഗ്രഹിക്കുന്നതിലുമുള്ള കഴിവ് സി.എച്ചിന് ഒരു അനുഗ്രഹമായിരുന്നു. ഏതെങ്കിലും ഒരു ചർച്ചയിൽ വിഷയം പഠിക്കാതെയാണ് പോയതെങ്കിൽ ഒരൊറ്റ വായനകൊണ്ടോ ആദ്യത്തെ സംസാരംകൊണ്ടോ മുഴുവൻ കാര്യങ്ങളും അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരിക്കും. ഈ കഴിവ് അദ്ദേഹത്തിന് സ്വതഃസിദ്ധമാണ്. പത്തുപ്രാവശ്യം ആവർത്തിച്ച് പറഞ്ഞാലും കാര്യം ഗ്രഹിക്കാൻ കഴിയാത്തവർക്ക് സി.എച്ച് തികഞ്ഞ പാഠമാണ്.

പതിനായിരക്കണക്കിൽ ശ്രോതാക്കളുള്ള സദസിലായാലും ആളുകൾ കുറഞ്ഞ സഭയിലായാലും സ്വതഃസിദ്ധമായ ആലങ്കാരിക ശൈലിയിൽതന്നെ അദ്ദേഹം സംസാരിക്കും. പ്രസംഗം കഴിയുന്നതുവരെ സദസിനെ ഇരുത്താൻ കഴിയുന്ന പ്രത്യേകശൈലി സി.എച്ചിന് വശമുണ്ട്. രാഷ്ട്രിയ വിരോധികൾപോലും ആ പദപ്രയോഗങ്ങൾക്ക് മുമ്പിൽ തല താഴ്ത്തും. നിയമസഭയിൽ അദ്ദേഹം ചില പൊടിക്കൈകൾ പ്രയോഗിക്കാറുണ്ട്. ഒടുവിലത്തെ നിയമസഭയിൽപോലും അത്തരം പ്രയോഗങ്ങൾ കേൾക്കാൻ കഴിഞ്ഞിരുന്നു. ചില ഉദാഹരണങ്ങളിതാ: കണ്ണിൽ പൊടിയിടുന്നുവെന്ന് ചിലർ പറഞ്ഞു. കണ്ണിൽ പൊടിയിടാനല്ല, റോഡിൽ മണ്ണിടാനാണ് എഎന്നെ ഈ വകുപ്പ് ഏൽപിച്ചത്.

'ആ മെമ്പറുടെ മണ്ഡ‌ലത്തിൽ എവിടെയോ ഒരു വളവുണ്ടത്രെ. ആ വളവ് തീർക്കാൻ ആർക്ക് സാധിക്കും...

'ആ പദപ്രയോഗം ഞാനൊരു നിഘണ്ടുവിലും കണ്ടിട്ടില്ല. അടുത്ത് പ്രസിദ്ധീകരിക്കാനിരിക്കുന്ന...ന്റെ അശ്ലീല നിഘണ്ടുവിൽ ചിലപ്പോൾ കണ്ട
ത്തിയേക്കാം.

'വൈദ്യരെ, നിങ്ങളുടെ ചികിത്സ എനിക്കുവേണ്ട. മുറിവൈദ്യൻ ആളെ കൊല്ലും.

ഇത്തരം പ്രയോഗങ്ങൾ എല്ലാവരെയും ചിരിപ്പിക്കാൻ പര്യാപതമായിരുന്നു. അധികാരികളുടെ മുമ്പിൽ മുട്ടുകുത്തുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആരുടെ മുമ്പിലും നട്ടെല്ല് വളക്കാതെകാൽമുട്ടുകൾ വിറക്കാതെ അദ്ദേഹം സംസാരിക്കും. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ചുരുക്കം രാഷ്ട്രീയ നേതാക്കളിലെരാളാണ് സി.എച്ച്. വർണശബളമായ വ്യക്തിപ്രഭാവത്തിലൂടെ നാല് പതിറ്റാണ്ടുകാലം കൈരളിക്ക് സംഭാവനകളർപ്പിച്ച ആ മനുഷ്യസ്നേഹിയെ നമുക്ക് എന്നും ഓർക്കാം.