VOL 04 |
 Flip Pacha Online

ഇങ്ങിനെയൊരാൾ ഇനിയെന്ന് ?

By: ഡോ. സി.എം. കുട്ടി

ഇങ്ങിനെയൊരാൾ ഇനിയെന്ന് ?
മുസ്‌ലിംലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. 1922ൽ ജനനം. മലപ്പുറം
ജില്ലയിലെ താനൂർ സ്വദേശി. ഇന്റർമീഡിയറ്റിനുശേഷം ഹോമിയോപതിക് കോഴ്‌സിൽ ഉന്നത പഠനം പൂർത്തിയാക്കി ഡോക്‌ടറായി സേവനം ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ എം.എസ്.എഫ് സംഘടനയിലൂടെ പൊതുരംഗത്തും മുസ്‌ലിംലീഗിന്റെ നേതൃനിരയിലുമെത്തി. ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു. 1943-44ൽ മലബാർ ജില്ലാ എം.എസ്. എഫിന്റെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 1962ൽ താനൂരിൽനിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 ഡിസംബർ 21ന് അന്തരിച്ചു.


സി.എച്ച് മുഹമ്മദ്കോയാ സാഹിബിന്റെ ജീ.വചരിത്രം കേരള രാഷ്ട്രീയത്തിന്റെ ഒരുഭാഗമാണ്. നീണ്ട 40 കൊല്ലക്കാലം ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ സുഹൃത്തും സഹപ്രവർത്തകനുമെന്ന നിലയിൽ എനിക്ക് സി.എച്ചിനെപ്പറ്റിദീർഘമായി പ്രതിപാദിക്കാൻ കഴിയുന്ന ഒട്ടേറെഅനുഭവങ്ങൾ ഉണ്ട്.

മുസ്‌ലിംലീഗ്, അതിന്റെ അമരക്കാരനായ ഖാഇദെ അഅ്സം മുഹമ്മദലി ജിന്നാ സാഹിബിന്റെ നിസ്‌തുലമായ നേതൃത്വ ഫലമായി അത്യുന്നതിയിൽ എത്തിയ കാലഘട്ടമായിരുന്നു 1942.

മുസ്‌ലിംലീഗിന്റെ യുവ നേതാവായ മഹമുദാബാദ് രാജാ (രാജാ ഓഫ് മഹമൂദാബാദ്) പ്രസിഡണ്ടായ മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷൻ രൂപീകൃതമായത് അക്കാലത്താണ്. മലബാറിൽ അതിന്റെ ഒരു ശാഖ വേണമെന്നു മുസ്‌ലിംലിഗ് അനുഭാവികളായ ഞങ്ങളിൽ പലരും ആഗ്രഹിച്ചു. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് എന്നീ രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള വിദ്യാർത്ഥി ഫെഡറേഷൻ, വിദ്യാർത്ഥി കോൺഗ്രസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആപൽക്കരങ്ങളായ പ്രവർത്തന രീതിയും മതവിരുദ്ധ മനോഭാവവും ഈ ആവശ്യത്തിന് കൂടുതൽ പ്രേരണ നൽകി. ഹാജി അബ്‌ദുസത്താർ സേട്ടുസാഹിബ്, കെ.എം സീതിസാഹിബ് തുടങ്ങിയ മുസ്‌ലിംലീഗ് നേതാക്കൾ ഞങ്ങൾക്കതിന് പ്രചോദനവും മാർഗദർശനവും നൽകുകയും ചെയ്‌തു. തൽഫലമായി എം.എസ്.എഫിന് മലബാറിൽ ഒരു ശാഖ ഉണ്ടായി. തലശ്ശേരിയിൽ രൂപംകൊണ്ട പ്രസ്‌തുത ശാഖയുടെസ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സി.എച്ച്. അന്ന് അദ്ദേഹം കൊയിലാണ്ടി ഹൈസ്കൂ‌ളിലും ഇതെഴുതുന്ന ആൾ മലപ്പുറം ഗവ. മുസ്‌ലിം ഹൈസ്കൂളിലും എസ്.എസ്‌.എൽ.സി ക്ലാസിൽ പഠിക്കുകയായിരുന്നു. എം.എസ്.എഫ് രൂപീകരണമാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ കാരണമായത്.

1943-ൽ സി.എച്ച് കോഴിക്കോട് സാമൂതിരി കോളജിലും ഞാൻ മലബാർ ക്രിസ്ത്യൻ കോളജിലും ഇന്റർ മീഡിയറ്റ് ക്ലാസിൽ ചേർന്നു. ഞങ്ങൾ തമ്മിലുള്ള നിരന്തര സമ്പർക്കത്തിന് ഇത് കാരണമായി. കോഴിക്കോട്ടും മലബാറിന്റെ മറ്റ് പല ഭാഗങ്ങളിലും ഞങ്ങൾ എം.എസ്.എഫിന് ശാഖകൾ ഉണ്ടാക്കി. സി.എച്ച്, കഴിവുള്ള പ്രസംഗകനാണെ ന്ന് അക്കാലത്ത് ഞങ്ങൾക്കും മുസ്‌ലിംലീഗ് നേതാക്കളായ സത്താർസോട്ട്, സീതി സാഹിബ്, ബാഫഖി തങ്ങൾ മുതലായവർക്കും അറിയാമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ പൊന്നാനിയിൽ നടന്ന ഒരു മുസ്‌ലിം ലീഗ് യോഗത്തിൽ സി.എച്ച് അധ്യക്ഷനായിരുന്നു. 'പ്രഗത്ഭരായ സത്താർ സേട്ടുസാഹിബ്, സീതി സാഹിബ്, ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ കെ.എം മൗലവി സാഹിബ് തുടങ്ങിയ നേതാക്കൾ ഈ സദസ്സിൽ ഇരിക്കുമ്പോൾ കേവലം ഒരു ബാലനായ എന്നെ അധ്യക്ഷനാക്കിയതിലുള്ള അനൗചിത്യം മനസ്സിൽ വെച്ചുകൊണ്ടാണ് ഈ പദവി അലങ്കരിക്കുന്നത്' എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് സി.എച്ച് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. തന്റെ അധ്യക്ഷപ്രസംഗം ആരംഭിച്ചത്. മുസ്‌ലിംലീഗ് വൃത്തങ്ങളിലും മറ്റും സി.എച്ചിന് ഒരു പ്രസംഗകന്റെ അംഗീകാരം ലഭിച്ച ആദ്യ സംഭവം ഇതാണെന്നാണ് എന്റെ ഓർമ.

1943-ലാണെന്ന് തോന്നുന്നു, മസംഗവി എന്ന് പേരുള്ള ഒരു ഖാക്‌സാർ വളണ്ടിയർ ജിന്നാസാ ഹിബിനുനേരെ വധശ്രമം നടത്തുകയുണ്ടായി. നിവേദനം നൽകാനെന്ന വ്യാജേനയാണ് മസംഗവി സന്ദർശനാനുമതി നേടിയത്. തുടർന്ന് രഹസ്യമായി സൂക്ഷിച്ചിരുന്ന കത്തികൊണ്ട് ജിന്നാ സാഹിബിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. അക്രമിയെ തടുത്ത ജിന്നാ സാഹിബിന്റെ കൈയ്ക്ക് ചില്ലറ പരിക്കേ പറ്റിയിരുന്നുള്ളൂ ഈ സംഭവം മുസ്‌ലിം ഇന്ത്യയെ രോഷാകുലമാക്കി. നാടൊട്ടുക്കും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും ചേർന്ന് സംഭവത്തിൽ അമർഷം പ്രകടിപ്പിച്ചു. കോഴിക്കോട് ടൗൺഹാളിൽ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന വമ്പിച്ച പ്രതിഷേധയോഗത്തിൽ പലരും പ്രസംഗിച്ചു. ഇനി ആർക്കെങ്കിലും പ്രസംഗിക്കാനുണ്ടോ എന്ന അധ്യക്ഷന്റെ ചോദ്യത്തെതുടർന്ന് സി.എച്ച് സ്റ്റേജിൽ കയറി പ്രസംഗം തുടങ്ങി. ആ പ്രസംഗത്തിലെ ഓരോ വാചകവുംകരഘോഷത്തോടെയാണ് സദസ്സ് ശ്രദ്ധിച്ചത്.

സി.എച്ചിന്റെ സഹപാഠികളായ സി.വി മുഹമ്മദലി, ബി.വി മമ്മദ്കോയ എന്നിവരും ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥികളായ പി.പി മൂസക്കുട്ടി യും ഈ ലേഖകനും അന്ന് ഹൈസ്കൂ‌ൾ വിദ്യാർത്ഥികളായ പി.എൻ. എം കോയട്ടി, എൻ. അഹമ്മദ് കോയ എന്നിവരും സജീവമായി എം.എസ്.എഫ് പ്രവർത്തകരായിരുന്നു. വൈ.എം.സി.എയിലെ എന്റെ മുറിയും കോഴിക്കോട് കടപ്പുറവും കുറ്റിച്ചിറയുടെ പരിസരവും ഞങ്ങളുടെ വിഹാര രംഗങ്ങളും ലീഗ് - എം.എസ്.എഫ് പ്രവർത്തന കേന്ദ്രങ്ങളുമായിരുന്നു. പാർട്ടി യോഗങ്ങളിൽ പ്രസംഗിക്കാനുള്ള അവസരങ്ങൾ സി.എച്ചിനും എനിക്കും ധാരാളം ലഭിച്ചിരുന്നു. 'മാതൃഭൂമി' പത്രാധിപ സമിതി അംഗമായിരുന്ന എ. കുഞ്ഞബ്‌ദുല്ലയും മുസ്‌ലിം ലീഗ് സ്റ്റേജിൽ അറിയപ്പെടുന്ന യുവ പ്രസംഗകനായിരുന്നു. തലശ്ശേരിയിൽനിന്ന് വാരികയായി പ്രസിദ്ധീകരിച്ചിരുന്ന 'ചന്ദ്രിക'യിൽ സി.എച്ച് സ്വന്തം പേരുവെച്ച് എഴുതുന്ന ലേഖനങ്ങൾക്ക് പുറമെ 'എം.കെ അത്തോളി' എന്ന തൂലികാനാമത്തിൽ കാലിക രാഷ്ട്രീയ കാര്യങ്ങളെ സ്‌പർശിച്ച് നർമ്മരസപ്രദങ്ങളായ കുറിപ്പുകളും എഴുതിയിരുന്നു.

മുസ്‌ലിംലീഗിന്റെ ഔദ്യോഗിക പത്രമായ 'ഡോണി'ന്റെ കോഴിക്കോട് ലേഖകനായും സി.എച്ച് അക്കാലത്ത് പ്രവർത്തിച്ചു. ന്യൂഡൽഹിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഡോണും എം.എ റഊഫ് സാഹിബിന്റെ പത്രാധിപത്യത്തിൽ മദിരാശിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ഡെക്കാൻ ടൈംസ്' വാരികയും അന്ന് മലബാറിലെ മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു.

ഞങ്ങളുടെ സുഹൃത്തും സഹപാഠിയുമായിരുന്ന ബി.വി മമ്മദ്കോയ കുശാഗ്രബുദ്ധിയും വലിയ വായനാപ്രിയനും എപ്പോഴും ഫലിതം പൊട്ടിക്കുന്ന ആളുമായിരുന്നു. മമ്മദ്കോയ ഞങ്ങൾക്ക് ഒരാവേശം തന്നെയായിരുന്നു. കോഴിക്കോട് പട്ടണത്തിലൂടെ ഒന്നിച്ച് സഞ്ചരിക്കുമ്പോൾ റോബിൻ സൺ റോഡിൽ നെടുങ്ങാടി ബേങ്കും മറ്റും സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുമായിരുന്നു: ഇവിടെ ഒരു കെട്ടിടത്തിൽ 'ചന്ദ്രിക' ദിനപത്രമായി വരികയും സി.എച്ച് അതിന്റെ പത്രാധിപരായി ഗമയോടെ ഇരിക്കുകയും ചെയ്യുന്നത് നമുക്ക് കാണാം."

അദ്ദേഹം തമാശയായി അന്ന് പ്രവചിച്ച കാര്യം പിന്നീട് പുലർന്നു. ചൂണ്ടിക്കാണിച്ച സ്ഥലത്തല്ലെ ങ്കിലും കിഴക്കെ നടക്കാവിലെ ഒരു വാടക കെട്ടിടത്തിലും പിന്നീട് വൈ.എം.സി.എ റോഡിലെ സ്വന്തം കെട്ടിടത്തിലും 'ചന്ദ്രിക' ദിനപത്രമായി കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങി. സി.എച്ച് അതിന്റെ സഹ പത്രാധിപരും പിന്നീട് മുഖ്യ പത്രാധിപരുമായി. പക്ഷേ. ബി.വി മമ്മദ്‌കോയക്ക് അത് കാണാനുള്ള ഭാഗ്യമുണ്ടായില്ല. ക്ഷയരോഗിയായിമാറിയ അദ്ദേഹം അതിന് മുമ്പുതന്നെ ഞങ്ങളെ ദുഃഖത്തിലാഴ്ത്തി വിട്ടുപിരിഞ്ഞിരുന്നു.

1944-ൽ എം.എസ്.എഫിന്റെ ഒരു മഹാസമ്മേളനം പൊന്നാനിയിൽ നടന്നു. ചെറുപ്പക്കാരനും ബിരുദധാരിയുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടുവായിരുന്നു അതിന്റെ അധ്യക്ഷൻ. സത്താർ സേട്ടുസാഹിബിന്റെ അടുത്ത ബന്ധുകൂടിയായ ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ മലബാറിലെ ആദ്യത്തെ പൊതു പരിപാടി അതായിരുന്നു. വിഷയ നിർണ്ണയ കമ്മിറ്റിയിലും പൊതു സമ്മേളനത്തിലും സി.എച്ച് പ്രദർശിപ്പിച്ച അപാരമായ കഴിവ് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തായിരുന്നു. പൊന്നാനി സമ്മേളനാനന്തരം മലബാർ ജില്ലാ എം.എസ്.എഫിന്റെ ജനറൽ സെക്രട്ടറിയായി ഈ ലേഖകൻ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗ് നേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന ലിയാഖത്ത് അലിഖാന്റെ നേതൃത്വത്തിൽ ദേശീയ നേതാക്കൾ മലബാർ സന്ദർശനത്തിന് എത്തിയത് അക്കാലത്താണ്. കോഴിക്കോട് മുസ്‌ലിം ലീഗ് ഓഫീസിൽ ചേർന്ന ലീഗ് പ്രവർത്തക കൺവെൻഷനിൽ നേതാക്കളുടെ ശ്രദ്ധയിൽ പലതുംപെടുത്തിക്കൊണ്ട് ചിലർ പ്രസംഗിച്ചു. എം എസ്.എഫിനെ പ്രതിനിധീകരിച്ച് സി.എച്ച് ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. നേതാക്കളിൽ സത്താർസേട്ടുവിന് മാത്രമേ മലയാളം അറിഞ്ഞിരുന്നുള്ളൂ. പക്ഷേ പ്രസംഗ ശൈലി അവരെ മുഴുവൻ വല്ലാതെ ആകർഷിച്ചു. വലിയ കരഘോഷത്തോടെയാണ് സി.എച്ചിന്റെ പ്രസംഗം സദസ്സ് കേട്ടത്. പ്രസംഗത്തിന്റെ ആശയം സേട്ടുസാഹിബ് നേതാക്കൾക്ക് മനസ്സിലാക്കിക്കൊടുത്തു. ജിന്നാ സാഹിബ് മലബാർ സന്ദർശിക്കണമെന്ന ബാഫഖി തങ്ങളുടെ നിവേദന രൂപത്തിലുള്ള പ്രസംഗമാണ് ആ യോഗത്തിൽ പ്രത്യേകം ശ്രദ്ധേയമായിരുന്ന മറ്റൊന്ന്.

കോഴിക്കോട് കടപ്പുറത്ത് അന്നു നടന്ന പൊതുസമ്മേളനത്തിൽ മലബാർ എം.എസ്.എഹിന്റെ മംഗളപത്രം ഈ ലേഖകൻ വായിച്ച് സമർപ്പിച്ചു. 'മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷൻ മംഗളപത്രത്തെപ്പറ്റി ഞാൻ ആദ്യമായി രണ്ടുവാക്ക് പറയട്ടെ' എന്ന ആമുഖത്തോടെയാണ് ലിയാഖത്ത് അലിഖാൻ പ്രഭാഷണം തുടങ്ങിയത്. വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കരുതെന്നും രാഷ്ട്രീയം തങ്ങളുടെ പഠനത്തെ ബാധിക്കാതെ അവർ പഠിക്കണമെന്നുമാണ് അദ്ദേഹം ഉപദേശിച്ചത്. മറ്റ് പല രാഷ്ട്രീയ കക്ഷികളും വിദ്യാർത്ഥികളെ തങ്ങളുടെ പർട്ടികളുടെ ചട്ടുകങ്ങളാക്കി അവരുടെ ശോഭനമായ ഭാവി അപകടപ്പെടുത്തിയിരുന്ന ഒരു കാലഘട്ടത്തിൽ ഈ ഉപദേശം സന്ദർഭോചിതവും യുക്തവുമായിരുന്നു.

എം.എസ്.എഫിന്റെ ഐതിഹാസികമായ മറ്റൊരു സമ്മേളനം കോഴിക്കോട്ട് നടത്താൻ ഞങ്ങൾ തീരുമാനിച്ചു. പഞ്ചാബിലെ അന്നത്തെ പ്രിമിയറായ (മുഖ്യമന്ത്രി) സർ സിക്കന്തർ ഹയാത്ത് ഖാന്റെ പുത്രനും സൈനിക സേവനം നടത്തിയിരുന്ന ആളുമായ ശൗഖത്ത് ഹയാത്ത് ഖാനെ ഞങ്ങൾ, ഈ സമ്മേളനത്തിലേക്ക് അധ്യക്ഷനായി ക്ഷണിച്ചു. ക്ഷണം അദ്ദേഹം സന്തോഷപുരസ്സരം സ്വീകരിച്ചു. സത്താർ സേട്ടുസാഹിബിന്റെ ശിപാർശയാണ് അതിന് കാരണമായത്. വിപുലമായ സ്വാഗതസംഘം രൂപീകരിക്കപ്പെട്ടു. അക്കാലത്ത് മലബാർ എം.എസ്.എഫിന്റെ ജനറൽ സെക്രട്ടറിയായ എനിക്കും സി.എച്ചിനും സിറ്റി എം.എസ്.എഫ് സെക്രട്ടറിയായ സി.വി മുഹമ്മദലിക്കും ഇന്റർമീഡിയറ്റ് കോഴ്സ് അവസാനിച്ചതിനാൽ കോഴിക്കോട്ട് താമസിക്കുക സാമ്പത്തികമായി പ്രയാസമായിരുന്നു. എം.എസ്.എഫ് സമ്മേളനത്തിന്റെ പ്രവർത്തനത്തിന് ഞങ്ങളുടെ സാന്നിധ്യം ഇവിടെ അനുപേക്ഷണീയവുമായിരുന്നു. ഇതിന് ചിലപോംവഴികൾ കാണ്ടെത്തി. അന്ന് മുനിസിപ്പാലിറ്റിയിലെ നോമിനേറ്റഡ് അംഗമായിരുന്ന ബാഫഖി തങ്ങളുടെ സ്വാധീനംമൂലം സി.എച്ചിന്ന് മുനിസിപ്പൽ ആപ്പീസിൽ താൽക്കാലികമായി ക്ലാർക്കിന്റെ ജോലികിട്ടി. ടെക്നോ കെമിക്കൽ ഇൻഡസ്ട്രിയിൽ അപ്രന്റീസ് ആയി മുഹമ്മദലിയും നിയമിതനായി.

മുസ്‌ലിംലീഗിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരധ്യായം കുറിക്കപ്പെട്ട രാഷ്ട്രീയ ചർച്ചകളുടെയും 1946-ലെ തെരഞ്ഞെടുപ്പ് തയാറെടുപ്പിന്റെയും സന്ദർഭമായിരുന്നു അത്. അക്കാരണത്താൽ നേതാക്കളുടെ അസൗകര്യം സമ്മേളന പരിപാടിക്ക് തടസ്സമായി. ഞങ്ങളുടെ വലിയൊരാശ അതുകാരണം നിറവേറിയില്ല.

വാരികയായിരുന്ന 'ചന്ദ്രിക' തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയും ദിനപത്രമായി പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. പ്രൊഫസർ കെ.വി അബ്‌ദുറഹിമാൻ സാഹിബ് പത്രാധിപരും പ്രൊഫസർ കെ. കുഞ്ഞിപ്പക്കി സാഹിബ് മാനേജരും ആയി. അധികം താമസിയാതെ സി.എച്ച് സഹപത്രാധിപരായി ചേർന്നു. കുറച്ചുകാലംകഴിഞ്ഞപ്പോൾ എം.എസ്.എഫ് പ്രവർത്തകരായിരുന്ന ഞാനും പി.എൻ.എം കോയട്ടിയും പത്രാധിപ സമിതിയിൽ ചേർന്നു. കോയട്ടി കോളജ് വിദ്യാഭ്യാസം തുടർന്നിരുന്നതുകൊണ്ട് പാർട്ട്ടൈം ആയാണ് ചന്ദ്രികയിൽ പ്രവർത്തിച്ചിരുന്നത്.

സി.എച്ചിന്റെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് പരാജയം എന്താണെന്നറിഞ്ഞിട്ടില്ല. മുനിസിപ്പാലിറ്റിയിലേക്കും അസംബ്ലിയിലേക്കും പാർലമെന്റിലേക്കും സി.എച്ച് മത്സരിച്ചിട്ടുണ്ട്. പക്ഷേ, രണ്ട് തെരഞ്ഞെടുപ്പുകൾ എന്നും സ്‌മൃതിപഥത്തിൽനിന്ന് മായാത്തവണ്ണം ഐതിഹാസികമായിരുന്നു. 1955ൽ കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്കും 1962ൽ പാർലമെന്റ്റിലേക്കും നടന്ന തെരഞ്ഞെടുപ്പുകളായിരുന്നു അവ. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയസാധ്യത കുറഞ്ഞ വാർഡിൽ ബാഫഖി തങ്ങളുടെ ഹിതമനുസരിച്ച് സി.എച്ച് പത്രിക സമർപ്പിച്ചു. എതിരാളി അറിയപ്പെട്ട രാഷ്ട്രീയ നേതാവും പ്രദേശത്തുകാരനും. ലീഗ് സ്ഥാനാർത്ഥി ക്കെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും അണിനിരന്നു. തെരഞ്ഞെടുപ്പ് ദിവസം ലീഗ് പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന പലതും മറുപക്ഷത്തുള്ളവർ നടത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനം വീക്ഷിക്കാൻ വന്ന ബാഫഖി തങ്ങളെ വാർഡിൽവെച്ച് പരസ്യമായി അവഹേളിക്കുകയും കൂക്കിവിളിക്കുക യും ചെറിയതോതിൽ ദേഹോപദ്രവം ഏൽപിക്കുകപോലും ചെയ്തു. പ്രമുഖനായ ഒരു വ്യക്തി ഈ മര്യാദകെട്ട പ്രവർത്തനത്തിന് നേതൃത്വം നൽകി മുൻനിരയിൽ ഉണ്ടായിരുന്നു. മുസ്‌ലിംലീഗുകാറുടെ ക്ഷമ പരീക്ഷിക്കപ്പെട്ടു. ഏറനാട്ടിൽനിന്നും മറ്റും തെരഞ്ഞെടുപ്പ് വീക്ഷിക്കാൻ വന്ന മുസ്‌ലിംലീഗുകാർ എം.പി.എം അഹമ്മദ് കുരിക്കളുടെ നേതൃത്വത്തിൽ പ്രതികാര ത്തിന് തയാറെടുത്തു. ബാഫഖി തങ്ങളുടെ അനുവാദം മാത്രമേ വേണ്ടിയിരുന്നുള്ളു. മറുപക്ഷത്തുള്ളവർ ധാരാളം വോട്ടർമാരെ തേടിക്കൊണ്ടുവന്നതോടെ വിജയ സാധ്യത കുറഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയം ഞങ്ങളെ തുറിച്ചുനോക്കി. ബാഫഖി തങ്ങൾ ലീഗ് പ്രവർത്തകരോട് സംയമനം പാലിക്കാനും ക്ഷമാശീലരായിവോട്ടർമാരെ തേടിക്കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കാനുമാണ് ഉപദേശിച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അറിയുന്നതിന് മുമ്പുതന്നെ എതിരാളികൾ വിജയം ആഘോഷിച്ചു, ബാഫഖി തങ്ങളുടെകോലം കത്തിച്ച് നൃത്തമാടി. ഫലഫ്രഖ്യാപനത്തോടെ ലീഗ് പ്രവർത്തകർ ആക്രമിക്കപ്പെടുമെന്ന ഭീതിയും പലർക്കുമുണ്ടായി. പക്ഷേ, നാൽപതിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.എച്ച് തെരഞെഞ്ഞെടുക്കപ്പെട്ടു. അതോടെ എതിരാളികൾ അമ്പരന്ന് മാളത്തിൽ ഒളിച്ചു.

1957ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് പാർലമെന്റ്റ് നിയോജക മണ്‌ഡലത്തിൽനിന്ന് ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത് സീതി സാഹിബായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. അതേ മണ്‌ഡലത്തിൽ 1962ൽ സി.എച്ച് മത്സരിച്ചു. ലീഗിന്റെ തീരുമാനമനുസരിച്ച് കേരള അസംബ്ലി സ്പ‌ീക്കർസ്ഥാനം രാജിവെച്ചാണ് സി.എച്ച് പാർലമെന്റിലേക്ക് മത്സരിച്ചത്. എതിരാളികൾ കുട്ടികൃഷ്ണൻ നായരും മഞ്ചുനാഥ റാവുവുമായിരുന്നു. രാഷ്ട്രീയ ഗുരുവായ സീതി സാഹിബിനെ 13,000 വോട്ടിന് പരാജയപ്പെടുത്തിയ കുട്ടികൃഷ്ണൻ നായരെ 15,000 വോട്ടിന് തോൽപിച്ച് സി.എച്ച് ചരിത്രം മാറ്റി എഴുതി. മഞ്ചുനാഥറാവു രണ്ടാംസ്ഥാനത്ത് നിന്നു. സി.എച്ച് നിയമസഭാംഗത്വം രാജിവെച്ചു. പ്രസ്‌തുത ഒഴിവിലേക്ക് താനുരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഈ ലേഖകൻ വിജയിച്ച് അസംബ്ലിയിലെത്തി.

ഇവിടെ സൂചിപ്പിച്ച രണ്ട് തെരഞ്ഞെടുപ്പുകൾമുസ്‌ലിംലീഗിന്റെയും സി.എച്ചിന്റെയും ചരിത്രത്തിൽ മായാ തെ കിടക്കുകയാണ്.

എം.എൽ.എ, സ്‌പീക്കർ, പാർലമെന്റ്റ് അംഗം, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ സി.എച്ച് വഹിച്ചുപോന്ന സ്ഥാനങ്ങളും ആ അവസരങ്ങളിൽ പ്രകടിപ്പിച്ച നിസ്‌തുലമായ വ്യക്തിപ്രഭാവവും സുവിദിതമായതുകൊണ്ടും ഇവിടെ പ്രതിപാദിക്കുന്നില്ല. സി.എച്ചും ഈ ലേഖകനും എം.എസ്.എഫിലും മുസ്‌ലിംലീഗിലും ചന്ദ്രികയിലും നിയമസഭയിലും ഒന്നിച്ച് കഴിഞ്ഞവരാണ്. എല്ലാ കാര്യത്തിലും ഞങ്ങളുടെ ചിന്തയും വീക്ഷണവും ഒന്നായിരുന്നു. ഒരേ ലോഡ്‌ജിൽ താമസിച്ച് ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിച്ചവരാണ് ഞങ്ങൾ. വർഷങ്ങൾക്ക് മുമ്പ് മുസ്‌ലിംലീഗിൽ ദൗർഭാഗ്യകരമായ പിളർപ്പുണ്ടായി. അനിവാര്യമായകാരണങ്ങളാൽ ഞങ്ങൾ രണ്ട് ചേരികളിലായി. പക്ഷേ, ഈ ഭിന്നിപ്പ് ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തെയും അന്യോന്യമുള്ള ആദരവിനേയും ഒരിക്കലും ബാധിച്ചിരുന്നില്ല.

ഒരു കാര്യം തീർത്ത് പറയാനാവും. ആ അതുല്യമായ വ്യക്തിത്വം മറ്റാർക്കുമില്ല. വിസ്മയാവഹമായ ഒരു പ്രസ്ഥാനവും തുല്യതയില്ലാത്തൊരുസ്ഥാപനവുമായി സി.എച്ച് ഉയർന്നുനിൽക്കുന്നു. ആ സംഭവബഹുലമായ ജീവിത നാടകത്തിന് ആകസ്മികമായിട്ടാണ് തിരശ്ശീല വീണത്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്തപ്പെടുമോ? ഞാൻ സംശയിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകട്ടെ.