VOL 04 |
 Flip Pacha Online

അകൽച്ചയിലും മാന്യൻ

By: ഡോ. പി.കെ അഹബ്ദുൽഗഫൂർ

അകൽച്ചയിലും മാന്യൻ
മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി സ്ഥാപക പ്രസിഡണ്ട്, വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നാക്കം നിന്ന മുസ്‌ലിം സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന് മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രഫസറായി സേവനമനുഷ്‌ഠിച്ചു. 1964ൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ സഹകരണത്തോടെ ഡോ. ഗഫൂർ തുടക്കംകുറിച്ച എം.ഇ.എസ് പ്രസ്ഥാനം ഇന്ന് കേരളത്തിലുടനീളം എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു. നിലവിലെ എം.ഇ.എസ് പ്രസിഡണ്ട് ഡോ. ഫസൽ ഗഫുറിന്റെ പിതാവാണ്. 1984 മെയ് 23ന് മരണപ്പെട്ടു.


പ്രകാശിച്ചതുമുതൽ പൊലിയുന്നതുവരെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ മിന്നിത്തിളങ്ങിയ നക്ഷത്രമായിരുന്നു സി.എച്ച് മുഹമ്മദ്കോയാ സാഹിബ്. അദ്ദേഹത്തിന്റെ തിരോധാനം സൃഷിച്ച വിടവ് നികത്തുക എളുപ്പമല്ല. സമുദായത്തിന് കരുത്തരായ നേതാക്കൾ കൂടുതൽ ആവശ്യമായ സന്ദർഭത്തിലാണ് സി.എച്ച് വിട്ടുപിരിഞ്ഞത്. തൊട്ടതൊക്കെ പൊന്നാക്കുക എന്ന് പറയാറുണ്ടല്ലോ. സി.എച്ചിനെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ശരിയായിരുന്നു. തന്റെ ജീവിതത്തിൽ, തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി മാറ്റി.ഒരു പ്രത്യേക സമുദായത്തിന്റെ രാഷ്ട്രീയ സംഘടനയിലേക്കാണ് സി.എച്ച് വിദ്യാർത്ഥിയായിരിക്കെ കടന്നുചെന്നത്. കഠിനമായ പ്രയത്നത്തിലുടെ ആ സംഘടനയുടെ ചോദ്യം ചെയ്യാനാവാത്ത നേതാവായി അദ്ദേഹം ഉയർന്നു. സംഘടന കാറ്റിലും കോളിലും പെട്ടുപോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ തകർന്നുപോകാതെ അതിനെ രക്ഷിക്കുന്നതിൽ സി.എച്ച് വഹിച്ച പങ്ക് ചെറുതല്ല.വർഗീയ മുദ്രകുത്തി അയിത്തം കൽപിച്ച തന്റെ സംഘടനയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കാനും അതിനെ എതിർത്തവരെക്കൊണ്ടുതന്നെ വാനോളം പൊക്കിപ്പറയിക്കാനും സി.എച്ചിന് കഴിഞ്ഞുവെന്നത് സത്യമാണ്. രാഷ്ട്രീയ നേതാവെന്ന നിലയിൽ സി.എച്ചിന് കൈവരിക്കാൻ കഴിഞ്ഞ; ഏറ്റവും വലിയ നേട്ടവും അതുതന്നെയാണ്.നാക്കിനും പേനക്കുമുള്ള അപാദ ശക്തിയെക്കുറിച്ച് പറയേണ്ടതില്ല. പക്ഷേ ആ രണ്ട് ആയുധങ്ങളും പരമാവധി ഉപയോഗപ്പെടുത്തുവാൻ പലരും ശ്രമിക്കാറില്ല. സി.എച്ച് അങ്ങനെയായിരുന്നു.

ല്ല. അദ്ദേഹം നിരന്തരം എഴുതി, ഇടതടവില്ലാതെ സഞ്ചരിച്ചു, പ്രസംഗിച്ചു. സി.എച്ചിന്റെ തൂലിക ആശയ വിനിമയത്തിന്റെ അത്ഭുതങ്ങൾ സൃഷ്‌ടിച്ചിരുന്നു. പ്രസംഗം പ്രേക്ഷക ഹൃദയത്തിൽ കൊടുങ്കാറ്റും ഭൂകമ്പവും പേമാരിയും മന്ദമാരുതനുമൊക്കെ സൃഷ്ടിച്ചിരുന്നു. ആ തൂലികയും നാവും ഇനി ചലിക്കില്ല.

സമുദായത്തിനും രാജ്യത്തിനും ഗുണം ലഭിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകുന്നതിൽ സി.എച്ച് പ്രത്യേകം താൽപര്യം കാണിച്ചു.

വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിഎം.ഇ.എസ് രൂപംകൊണ്ടപ്പോൾ അതുമായി വളരെയേറെ സഹകരിച്ച വ്യക്തിയായിരുന്നു സി.എ ച്ച്. അദ്ദേഹം അതിൽ അംഗമായി ചേരുകയും ചെയ്‌തു. തന്റെ മുഖ്യ പത്രാധിപത്യത്തിലുള്ള 'ചന്ദ്രിക' എം.ഇ.എസ്സിന്റെ വളർച്ചയിൽ ഫലപ്രദമായ പങ്ക് വഹിച്ചുവെന്നത് നിഷേധിക്കുവാൻ കഴിയില്ല.

സംഘടനകൾ അകലുകയും അടുക്കുകയും ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗും എം.ഇ.എസ്സും ഇതിൽനിന്ന് വ്യത്യസ്‌തമല്ല. ഈ രണ്ട് സംഘടനകളും കുറച്ചുകാലം അകന്നുനിന്നു വെന്നത് നേരാണ്. അകൽച്ചാ വേളയിലുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഈ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന് അതൊരിക്കലും ക്ഷതമേൽപിച്ചിരു ന്നില്ല. ഭിന്നിപ്പ് അവസാനിച്ചശേഷം എം.ഇ.എസ്സുമായി സി.എച്ച് പിന്നെയും വളരെയേറെ അടുത്തു. ഏറ്റവും ഒടുവിൽ കോഴിക്കോട്ട് നടന്ന എം.ഇ.എസ് സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. ആരോഗ്യനില ഒരു പ്രസംഗം ചെയ്യുവാൻ അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല. എന്നിട്ടും 55 മിനുട്ട് അത്യുജ്ജ്വലമായി അദ്ദേഹം പ്രസംഗിച്ചു. ആ പ്രസംഗത്തിലെ ഓരോ വാചകവും ശ്രദ്ധേയമായിരുന്നു. പൊന്നാനിയിൽ എം.ഇ.എസ് കോളജ് അനുവദിക്കുന്നതിൽ സി.എച്ച് പ്രത്യേകം താൽപര്യം കാണിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം കോളജ് അനുവദിച്ച വിവരം അപ്പോൾതന്നെ എന്നെ ഫോണിൽ വിളിച്ചറിയിച്ചു. മുസ്‌ലിംകളുടെ വിദ്യാഭ്യാ സ പുരോഗതിയിൽ അദ്ദേഹത്തിനുള്ള ആത്മാർത്ഥമായ താൽപര്യമാണിത് പ്രകടമാക്കിയത്.

സി.എച്ച് എന്ന പത്രപ്രവർത്തകനെ മലയാളത്തിന് മറക്കാനാവില്ല. മുൻഗാമികളെ പിൻപറ്റിയുള്ള പ്രയോഗങ്ങളും ശൈലിയും - ഇവയിൽ മാറ്റം വരുത്തുവാൻ അദ്ദേഹം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തു. പത്രങ്ങളിൽ സംസ്കൃതത്തിന്റെയും വർണ്ണനകളുടെയും സ്വാധീനം നില നിന്നുപോന്ന കാലത്ത് പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന സി.എച്ച്, പച്ചമലയാളത്തിൽ എഴുതുകയും അത്തരത്തിൽ എഴുതുന്നവ പ്രസിദ്ധീകരിക്കുകയും ചെയ്‌തു തുടങ്ങി. ഇതോടെ പത്ര പ്രവർത്തന രംഗത്തുതന്നെ മാറ്റത്തിന്റെ തുടക്കംകുറിച്ചു. ആധുനിക പത്രപ്രവർത്തനത്തിന് സി.എച്ച് അർപ്പിച്ച സംഭാവന വിലമതിക്കത്തക്കതാണ്. സി.എച്ച് എഴുതിയ മുഖപ്രസംഗങ്ങളിൽ പലതും പഠനാർഹങ്ങളായിരുന്നു. ആ തൂലികക്ക് ബുള്ളറ്റിനേക്കാൾ ശക്തിയുണ്ടായിരുന്നുവെന്ന് അദ്ദേഹം എതിരാളികളെ നേരിടാൻ എഴുതിയിരുന്ന ലേഖനങ്ങൾ വായിച്ചാൽ മനസ്സിലാകും.

സമുദായത്തിന്റെ ബഹുമുഖമായ വളർച്ചക്കായി തനിക്ക് അല്ലാഹു നൽകിയ കഴിവുകളത്രയും സി.എച്ച് ഉപയോഗിച്ചു. ആരുടെ മുമ്പിലും തന്റെ സമുദായത്തിന്റെയും നാടിന്റെയും കാര്യം കുസലില്ലാതെ പറയുവാൻ അദ്ദേഹം മടികാണിച്ചില്ല.

പ്രഗത്ഭനായ രാഷ്ട്രീയ നേതാവ്, സർവാദരണീയനായ ഭരണാധികാരി സമർത്ഥനായ പാർലമെന്റേറിയൻ, ഉജ്ജ്വലനായ വാഗ്മി, സാഹിത്യകാരൻ, മിടുക്കനായ സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ - ഇതൊക്കെയായിരുന്നു സി.എച്ച്. ആ ബഹുമുഖ പ്രതിഭയെയാണ് സമുദായത്തിനും രാജ്യത്തിനും നഷ്ടമായത്.