VOL 04 |
 Flip Pacha Online

നിർഭയനായ നേതാവ്

By: പി സീതി ഹാജി

നിർഭയനായ നേതാവ്
മുസ്‌ലിംലീഗ് നേതാവ്. കേരള ഗവൺമെന്റ് ചീഫ് വിപ്പ്. സ്വതഃസിദ്ധമായ ഏറനാടൻ തമാശകളിലൂടെ നിയമസഭയിലും മുസ്‌ലിംലീഗ് വേദികളിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ രാഷ്ട്രീയക്കാരൻ. 1932 ഓഗസ്റ്റ് 16ന് മലപ്പുറം ജില്ലയിലെ ഏറനാട് താലുക്കിന്റെ ഭാഗമായ എടവണ്ണയിൽ കോയ ഉമ്മറിന്റെ മകനായി ജനനം. പ്രമുഖ മര വ്യവസായി ആയിരുന്നു. ട്രേഡ് യൂണിയൻ രാഷ്ട്രീയത്തിലൂടെയാണ് സംഘടനാ രംഗത്ത് സജീവമായത്. 1977ൽ കൊണ്ടോട്ടി നിയോജക മണ്ഡ‌ലത്തെ പ്രതിനിധീകരിച്ച് ആദ്യം നി
യമസഭയിൽ എത്തി. 6, 7, 8, 9 നിയമസഭകളിലും അംഗമായി. 1991മുതൽ മരണംവരെ ഗവ. ചീഫ്‌വിപ്പ്. 1991 ഡിസംബർ അഞ്ചിന് അന്തരിച്ചു.


സി.എച്ചുമായി ഞാൻ ബന്ധപ്പെടുന്നത് 1952 മുതൽക്കാണ്. അക്കാലത്ത് അദ്ദേഹം എവിടെ പ്രസംഗിക്കുന്നുവെന്ന് കേട്ടാലും അവിടെയൊക്കെ പാഞ്ഞെത്തി ആ പ്രസംഗങ്ങൾ ഞാൻ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ വ്യക്തിപരമായി ഞങ്ങൾ കൂടുതൽ അടുത്തത് 1970-ലെ തെരഞ്ഞെടുപ്പിലൂടെയാണ്. മന്ത്രി സ്ഥാനത്തുനിന്നും അദ്ദേഹത്തെ പിൻവലിക്കുകയും തുടർന്നു മഞ്ചേരി ലോക്സഭാ സീറ്റിൽ മത്സരിച്ചു ജയിച്ചുവരികയും ചെയ്തശേഷം സി.എച്ച് മാനസികമായി ഏറെ തളർന്നിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ദുഃഖംകൊണ്ടായിരുന്നില്ല അത്. മറിച്ച് സ്വന്തം നിസ്സഹായതയോർത്തായിരുന്നു. യാത്ര ചെയ്യാൻ സ്വന്തമായ ഒരു വാഹനമില്ല. ജോലി ചെയ്ത സ്ഥാപനത്തിൽ അദ്ദേഹത്തെ കയറ്റിയില്ല. സ്വന്തമായുണ്ടായിരുന്ന വീട് മറ്റൊരാളുടെ കൈവശവുമായിരുന്നു. സർവോപരി, മൂന്നു ദശാബ്ദക്കാലത്തോളം രാപ്പകലില്ലാതെ സ്വന്തം നാവും തൂലികയും കൊണ്ട് കെട്ടിപ്പടുത്ത പ്രിയപ്പെട്ട സംഘടനയിൽഉണ്ടായ പിളർപ്പ് - ഇതെല്ലാമായിരുന്നു ആ അസ്വസ്ഥതക്ക് കാരണം.
അതെന്തോ ആവട്ടെ. ഒന്നും അദ്ദേഹം പ്രകടിപ്പിച്ചില്ല. ആരോടും പരാതിപറഞ്ഞതുമില്ല. എല്ലാം ഉള്ളിലൊതുക്കി ജനമദ്ധ്യത്തിലേക്കിറങ്ങി. അന്നും എന്നും സംഘടന കെട്ടിപ്പടുക്കുന്നതിലും തന്നെ താനാക്കിയ 'ചന്ദ്രിക' നിലനിർത്തുന്നതിലും അദ്ദേഹം ചെയ്‌ത സേവനങ്ങൾ അവിസ്മരണീയങ്ങളാണ്.

സി.എച്ച് ഏറ്റവും വലിയ ധൈര്യവാനായിരുന്നു. പയ്യോളിയിലൊരു കലാപമുണ്ടായി. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു പതിനഞ്ച് ദിവസത്തിന് ശേഷമായിരുന്നു അത്. ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പ്പരം കഴുത്തറുക്കാൻ ഒരുങ്ങിനിൽക്കുന്ന സമയത്താണ് ബാഫഖിതങ്ങളുടെകൂടെ അദ്ദേഹം രംഗത്തിറങ്ങിയത്. ഇരുവിഭാഗക്കാരേയും ഒരു മേശക്കു ചുറ്റുമിരുത്തി ആ കലാപമദ്ദേഹം ഒഴിവാക്കി. അനുസരണം സി.എച്ചിൽനിന്ന് കണ്ടു പഠിക്കേണ്ട ഒന്നാണ്. നേതൃത്വം എന്താജ്ഞാപിക്കുന്നുവോ അതനുസരിക്കുക- അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. നേതാവാരായിരുന്നാലും ശരി, നേതൃത്വത്തിലേക്ക് ഒരാൾ വന്നാൽ, അദ്ദേഹത്തെ തീർത്തും അനുസരിക്കൽ സി.എച്ച് ഒരു 'ഇബാദത്താ'യിഏറ്റെടുത്തിരുന്നു.

സമുദായത്തിനുവേണ്ടി അദ്ദേഹം ചെയ്ത സംഭാവനകൾ മറക്കാവതല്ല. ഇന്നിവിടെ കാണുന്ന കോളജുകളുടെയും മിക്ക ഹൈസ്‌കൂളുകളുടെയും പിന്നിൽ സി.എച്ചിന്റെ കൈകളുണ്ടായിരുന്നു.

ഫാറൂഖ് കോളജിൽ പ്രതിസന്ധിയുണ്ടായപ്പോൾ സീതിസാഹിബ് ഡൽഹിയിൽ യു.ജി.സിയിലേക്കയച്ചത് സി.എച്ചിനെയായിരുന്നു. മമ്പാട് കോളജിനുവേണ്ടി ബോംബെയിലും മദിരാശിയിലുമെല്ലാം സി.എച്ച് പണപിരിവ് നടത്തിയിട്ടുണ്ട്. കായംകുളത്തെ മീലാദ് ശരീഫ് കോളജിന് ഹൈദരാബാദ് നൈസാമിൽനിന്നു സാമ്പത്തികസഹായം നേടാൻ അദ്ദേഹമവിടെ പോയിട്ടുണ്ട്. തിരുരങ്ങാടി യതീംഖാനയിൽ ഇന്നുകാണുന്ന ആ കെട്ടിടങ്ങൾക്കുവേണ്ടി നീണ്ട മൂന്നു മാസക്കാലം മലേഷ്യയിലും സിംഗപ്പൂരിലുമെല്ലാം പണപ്പിരിവിനായി സി.എച്ച് പര്യടനം നടത്തിയിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചുകെണ്ടാണ് സി.എച്ച് ആദ്യമായി മന്ത്രിസഭയിൽ എത്തിയത്. അന്ന് വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസമന്ത്രി എന്ന് ചിലരദ്ദേഹത്തെ പരിഹസിക്കാറുണ്ടായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോൻ, ആർ. ശങ്കർ, പട്ടംതാണുപിള്ള, മുണ്ടശ്ശേരി മുതലായ വിദഗ്ദ്ധന്മാർ പരാജയപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അദ്ദേഹം ഏറ്റെടുത്തപ്പോൾ കുത്തഴിഞ്ഞ് അടുക്കും ചിട്ടയുമില്ലാതെ താറുമാറായിക്കിടക്കുകയായിരുന്നു. ആ ദുരവസ്ഥ മാറ്റിയതും വിദ്യാഭ്യാസവകുപ്പിന് അഭിമാനിക്കാവുന്ന നിലവാരമുണ്ടാക്കിക്കൊടുത്തതും 'വിദ്യാഭ്യാസമില്ലാത്ത ആ വിദ്യാഭ്യാസമന്ത്രി' ഭരിച്ചപ്പോൾ മാത്രമാണ്. അക്കാല ത്തുതന്നെയാണ് അദ്ദേഹം രണ്ടു യൂണിവേഴ്സിറ്റികൾക്കു ജന്മം നൽകിയതും!

മുസ്‌ലിംകൾക്കു വിദ്യാഭ്യാസമുണ്ടായാൽ മുസ്‌ലിംലീഗുണ്ടാവില്ലെന്ന് സ്വ‌പ്നംകണ്ടിരുന്ന എതിരാളികളെ ഞെട്ടിച്ചുകൊണ്ട്, കേരളത്തിലുടനീളം, മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും പഞ്ചായത്തുകൾതോറും രണ്ടും മൂന്നും ഹൈസ്‌കൂളുകൾ അദ്ദേഹം അനുവദിച്ചു. വാസ്‌തവത്തിൽ രോമാഞ്ചമുണ്ടാക്കുന്ന ഓർമ്മകളാണത്. മുസ്‌ലിംകളെവിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരാൻ അങ്ങനെ സി.എച്ച് അടിത്തറ പാകിയതാണ് നാമതിലൂടെ കാണുന്നത്.

ഇന്നു താലൂക്കുതോറും, ഒരുവേള നിയോജക മണ്ഡലതലത്തിൽതന്നെ കോളജുകൾ വന്നിട്ടും മലപ്പുറം ജില്ലയിൽ ലീഗിന്റെ ശക്തി പതിന്മടങ്ങുവർദ്ധിക്കുകയാണ് ചെയ്‌തത്‌. വിദ്യാഭ്യാസമുണ്ടായാൽ വികസനവും വ്യവസായവുമെല്ലാം താനെകടന്നുവരുമെന്നു സി.എച്ച് പറയാറുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ യോഗത്തിൽ പോയാൽ അദ്ദേഹത്തിന് എപ്പോഴും പറയാനുണ്ടായിരുന്ന ത്. “പഠിക്കുക, പഠിക്കുക പിന്നെയും പഠിക്കുക" എന്നായിരുന്നു.
അറബിക് കോളജുകളുടെ യോഗത്തിൽ ചെന്നാലും യത്നംഖാനാ സമ്മേളനങ്ങളിൽ പോയാലും നബിദിനാഘോഷ പരിപാടികളിൽ പങ്കെടുത്താലും മതപണ്‌ഡിതന്മാർപോലും അൽഭുതപ്പെട്ടുപോകുമാറ് ആയത്തും ഹദീസും എടുത്തുദ്ധരിച്ച് സംസാരിക്കാൻ സി.എച്ചിന് ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല.

സി.എച്ച് നിലകൊള്ളുന്ന പ്രസ്ഥാനം വർഗീയമാണെന്ന് ആക്ഷേപിച്ചവരാരും അദ്ദേഹം വർഗീയവാദിയാണെന്നു ആക്ഷേപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രവർത്തനമായിരുന്നു അതിനുകാരണം.

മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്തെ പൗരാവലി പുത്തരിക്കണ്ടം മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സി.എച്ച് നിർഭയം പ്രഖ്യാപിച്ചു: ഞാൻ പർണ്ണമായും ഒരു മുസ്‌ലിമാണ്. എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഒരു തലനാരിഴ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. അന്യസമുദായത്തിന് അവകാശപ്പെട്ടതിന്റെ ഒരു രോമക്കൊടിപോലും ഞങ്ങൾക്കാവശ്യവുമില്ല!" സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയ നിർദേശം 'നിർഭയം ഫയലുകൾ നീക്കുക' എന്നതായിരുന്നു.

സി.എച്ചിന്റെ കൂടെ യാത്ര ചെയ്യുക എന്നത് വലിയൊരു ആനന്ദമായിരുന്നു. ഞാനദ്ദേഹത്തിന്റെ കൂടെ മൂന്നുതവണ വിദേശയാത്ര നടത്തിയിട്ടുണ്ട് 1975 ലാണ് പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയത്, അന്ന് സഊദി ഭരണാധിപനായിരുന്ന ഫൈസൽ രാജാവിനെ പരിചയപ്പെട്ടപ്പോൾ സി.എച്ചിനെ നോക്കി അദ്ദേഹം പറഞ്ഞത്- 'ഞാൻ താങ്കളെക്കുറിച്ച് കേട്ടിട്ടുണ്ട്' എന്നായിരുന്നു. ലിബിയയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി അവിടത്തെ ഭരണാധികാരിയായ ഗദ്ദാഫി ക്ഷണിച്ചത് സി.എച്ചിനെയായിരുന്നു.

സി.എച്ചിന്റെ മുഖത്ത് ഒരിക്കലും നിരാശ പ്രതിഫലിച്ചുകാണാറില്ല. തെരഞ്ഞെടുപ്പ് കേസിൽ എ തിരായി വിധി വന്നപ്പോൾ ആകാശവാണിക്കാരെ ടെലിഫോണിൽ വിളിച്ച് സി.എച്ച് തന്നെ താൻ മന്ത്രിസ്ഥാനം രാജിവെച്ചിരിക്കുന്നുവെന്ന വിവരമറിയിച്ചത് സന്ദർഭവശാൽ ഓർക്കുകയാണ്. തെരഞ്ഞെടുപ്പ് കേസിൽ തോറ്റത് ഇത്തിരിയെങ്കിലും മാനസികാഘാതമേൽപ്പിച്ചിരുന്നെങ്കിൽ സി.എച്ചി ന് അങ്ങനെ പെരുമാറാൻ കഴിയുമായിരുന്നില്ല.

തെരഞ്ഞെടുപ്പുകേസ് തോറ്റാൽ ആറുമാസം മന്ത്രിസ്ഥാനത്ത് തുടരാൻ വ്യവസ്ഥയുണ്ടായിട്ടും അദ്ദേഹം ഒരു നിമിഷവും പാഴാക്കാതെ ആ കസേരയിൽ നിന്നിറങ്ങിപ്പോരുകയാണുണ്ടായത്. ഇങ്ങനെ ഒരുപാട് സിദ്ധികൾ ഒന്നിച്ചുചേർന്ന നേതാവായിരുന്നു സി.എച്ച്.

1981-ൽ ഗുരുതരമായ രോഗം ബാധിച്ച സമയത്താണ് റാബിത്തയുടെ ഹജ്ജിനുള്ള ക്ഷണം സി.എച്ചിന് ലഭിച്ചത്. ഡോക്ടർമാരും കുടുംബാം ഗങ്ങളും വിലക്കിയിട്ടും അദ്ദേഹമത് സ്വീകരിച്ചില്ല. “പരിശുദ്ധ ഹജ്ജ് കർമ്മത്തിനാണ് എന്നെ ക്ഷണിച്ചിരിക്കുന്നത്. അവിടെപ്പോയി മരിക്കാനാണ് വിധിയെങ്കിൽ അങ്ങനെ തന്നെ സംഭവിക്കും" അ
തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാശ്രയം കൂടാതെ നടക്കാൻപോലും വയ്യാത്തൊരുഅവസ്ഥയിലായിരുന്നു ഹജ്ജിന് പുറപ്പെട്ടത്.

'വെളിച്ചപ്പാടിനെപ്പോലെ' ലെ' എ എന്നൊരു പ്രയോഗമുണ്ടല്ലോ. വെളിച്ചപ്പാടിനെ എല്ലാവർക്കുമറിയാം. വെളിച്ചപാടിന് അവരിൽ പലരെയും അറിയില്ല. സി.എച്ചിന്റെ കാര്യത്തിൽ ഇതൊരപവാദമായിരുന്നു. ഏത് വാർഡിൽ ചെന്നാലും അദ്ദേഹത്തിനറിയാത്ത ലീഗ് പ്രവർത്തകനില്ല! മുഖ്യമന്ത്രിയായിരിക്കുമ്പോഴും നഴ്സസറി സ്‌കൂൾ അഡ്മിഷനു ശി
പാർശക്കുവേണ്ടി ചെനോലും അദ്ദേഹം മടികൂടാതെ ചെയ്തുകൊടുക്കും.
മുസ്‌ലിംലീഗിന് ഇതര രാഷ്ട്രീയ സംഘടനകളുടെ അംഗീകാരം സി.എച്ചിന്റെ പങ്ക് എത്രയും വിലപ്പെട്ടതായിരുന്നു. 1957-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം നിയമസഭാലീഗ് പാർട്ടി ലീഡറായി. ആ നിയമസഭാ പ്രസംഗം കേട്ട് പട്ടം താണുപിള്ള പോലും ചോദിക്കുകയുണ്ടായി. മേത്തന്മാർ ഇത്ര ശുദ്ധമായ മലയാളത്തിൽ സംസാരിക്കുമോ എന്ന്.

നേടിക്കൊടുക്കുന്നതിൽ അംബ്ലിയിൽ ഇന്നും സി.എച്ചിന്റെ പ്രൊസി
ഡിംഗ്‌സ് നോക്കുമ്പോഴാണ് ഞങ്ങൾക്കു പ്രസംഗിക്കാനുള്ള വക കിട്ടുന്നത്- അദ്ദേഹത്തിന്റെ സംഭാവനകൾ അത്രക്കേറെയാണ്! സ്വന്തമായ പദപ്രയോഗങ്ങൾ തന്നെ ഒരു പാടുണ്ട്. കല്ല്, കരട്, കാഞ്ഞിരക്കുറ്റി, മുള്ള്, മുരട്, മൂർഖൻപാമ്പ് തുടങ്ങിയ പ്രയോഗങ്ങളും ആന്ധ്രാ അരി കുംഭകോണത്തെ പരാമർശിച്ച് "ആന്ധ്രാ അരി തിന്ന് രാമൻനായരേയും കടിച്ച് പിന്നെയും മുന്നോട്ട്" തുടങ്ങിയപ്രയോഗങ്ങളുമൊക്കെ സ്മൃതിമധുരങ്ങളാണ്.

സി.എച്ചിന്റെ അന്ത്യാഭിലാഷമായിരുന്നു ചന്ദ്രിക'ക്ക് ആധുനിക രീതിയിലുള്ള ഒരു ഓഫ്സെറ്റ് പ്രസ് ഉണ്ടാകണമെന്നത്. പത്രം ഒരു ലക്കമെങ്കിലും അതിലച്ചടിച്ചു കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു. രോഗശയ്യയിൽപോലും അദ്ദേഹം അതേക്കുറിച്ച് ചിന്തിച്ചിരുന്നു. ആ മഹാനായ നേതാവിന്റെ ഓർമയ്ക്കു മുമ്പിൽ രണ്ടിറ്റു കണ്ണീരോടെ ഞാൻ നിർത്തുന്നു.