VOL 04 |
 Flip Pacha Online

കേരളചരിത്രത്തിലെ ഇസ് ലാമിക സ്വാധീനം

By: ഡോ. കെ.കെ.എൻ. കുറുപ്പ്

കേരളചരിത്രത്തിലെ ഇസ് ലാമിക സ്വാധീനം
കേരളത്തിന്റെ സാമൂഹികരാഷ്ട്രീയമേഖലകളിൽ വലിയ സ്വാധീനം ചെലുത്തുവാനും മാറ്റങ്ങൾ വരുത്തുവാനും ഒരു മതമെന്ന നിലയിൽ ഇസ്‌ലാമിനു സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്‌ലാമിന്റെ ആവിർഭാവകാലം മുതൽ ചരിത്രത്തിലുടനീളം ഈ സ്വാധീനം നമുക്ക് കാണാനാകും.

പ്രവാചകനു മുമ്പുതന്നെ അറേബ്യൻ വണിക്കുകൾ കേരളത്തിന്റെ തുറമുഖപട്ടണങ്ങളിൽ തങ്ങളുടെ വ്യാപാരകേന്ദ്രങ്ങൾ ഉറപ്പിക്കുകയും അഞ്ചുവർണ്ണം, മണിഗ്രാമം തുടങ്ങിയ വ്യാപാരികളുടെ സംഘടനകളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ വണിക്കുകളിലൂടെ പ്രവാചകന്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വസ്തുതകൾ മനസ്സിലാക്കിയ കേരളത്തിന്റെ ഭരണാധികാരി അറേബ്യയിൽപ്പോയി പ്രവാചകനെ സന്ദർശിച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയും അവിടെവെച്ച് ചരമം പ്രാപിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

കേരളത്തിലെത്തിയ ആദ്യത്തെ ഇസ്‌ലാമിക മതപ്രചാരകർ (മിഷനറിമാർ) കൊടുങ്ങല്ലൂർ, മാടായി, കാസർഗോഡ് തുടങ്ങിയ കടൽത്തീരകേന്ദ്രങ്ങളിൽ ആദ്യത്തെ പള്ളികളും മുസ്‌ലിം അധിവാസകേന്ദ്രങ്ങളും (സെറ്റ്ൽമെന്റെുകളും) സ്ഥാപിച്ചു. അത്തരം മിഷനറിമാരിലെ ആദ്യത്തെ കണ്ണിയായിരുന്നു മാലിക് ദീനാർ. പളളികളും സെറ്റ്ൽമെന്റെുകളും സ്ഥാപിച്ച ഇസ്‌ലാമിക മിഷനറിസംഘങ്ങളും അവരുടെ കുടുംബങ്ങളും കേരളത്തിലെ ഇസ്‌ലാമിന് ശക്തമായ അടിത്തറ പാകി.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ കേരളത്തിന്റെ ചരിത്രഗതിയിൽ ഇസ്‌ലാമും മുസ്‌ലിം കളും അതിനിർണ്ണായകമായ സ്വാധീനം ചെലുത്തിയതായി കാണാം. അതിനു വളരെ മുമ്പുതന്നെ കണ്ണൂരിലെ അറക്കൽ ആലിരാജ ഏക മുസ്‌ലിം രാജഭരണാധികാരിയെന്ന നിലയിൽ പ്രാധാന്യം കൈവരിക്കുകയും കോലത്തിരി രാജവംശത്തിനുവേണ്ടി ലക്ഷദ്വീപുകളുടെ ഭരണം നിർവ്വഹിക്കുകയും പോർച്ചുഗീസുകാരുടെ ആഗമനത്തിനുമുമ്പ് മാലദ്വീപുകൾ കൈയടക്കുകയും ചെയ്തിരുന്നു. പിന്നീട് പോർച്ചുഗീസ് ആക്രമണങ്ങളാൽ ദുർബ്ബലമായ കോലത്തിരി വംശത്തിന്റെ ആധിപത്യത്തിൽ നിന്നും സ്വതന്ത്രമായ ലക്ഷദ്വീപുകളെ കൈവശപ്പെടുത്തുകയും ചെയ്തു അറക്കൽ രാജാക്കൻമാർ.

ദക്ഷിണകേരളത്തിലെന്നതിനേക്കാൾ ഉത്തര കേരളത്തിൽ അഥവാ മലബാറിൽ ഒരു പ്രധാന സാമൂഹികശക്തിയായി മാറുവാൻ മുസ്‌ലിം കൾക്ക് കഴിഞ്ഞു. മാപ്പിളമാർ എന്നാണ് മലബാറിലെ മുസ്‌ലിം കളെ പൊതുവെ വിളിച്ചുവന്നത്. പരമ്പരാഗതമായി ഇന്ത്യൻ സമൂഹത്തിൽ വാണിജ്യം വൈശ്യവിഭാഗത്തിന്റെ കുത്തകയായിരുന്നു. എന്നാൽ കേരളത്തിൽ ചെട്ടിമാർ, രാവാരികൾ തുടങ്ങിയ അല്പം ചില സമൂഹങ്ങളൊഴിച്ച് ഒരു വൈശ്യസമൂഹം ഇല്ലെന്നു കാണാം. ആ നിലയിൽ വാണിജ്യത്തിന്റെ ഉത്തരവാദിത്തം മലബാറിൽ പരമ്പരാഗതമായി മാപ്പിളമാരും തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ സുറിയൻ ക്രിസ്ത്യാനികളും സ്വയം ഏറ്റെടുത്തു.

മലബാറിൽ മാപ്പിളമാർക്ക് കോഴിക്കോട്ടെ സാമൂതിരിപ്പാടിൽ നിന്ന് അത്യന്തം പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നു. കോഴിക്കോട് തുറമുഖത്തിന്റെ നിയന്ത്രണാധികാരം സാബന്തർ കോയക്കായിരുന്നു. കിരീടധാരണം കഴിഞ്ഞ സാമൂതിരിരാജാവിനെ വെറ്റിലച്ചുരുട്ട് നൽകി അഭിനന്ദിക്കുവാനുള്ള അവകാശവും കോയക്ക് ലഭിച്ചിരിന്നു. ഏറ്റവും പ്രധാനമായ ഒരു പ്രാചീന മുസ്‌ലിം അധിവാസകേന്ദ്രം കുറ്റിച്ചിറ കേന്ദ്രമാക്കി വളർത്തിയെടുത്തത് സാമൂതിരിയുടെ പ്രോത്സാഹനം കൊണ്ടായിരുന്നു. മുച്ചുന്തിപ്പള്ളിക്ക് സാമൂതിരി നൽകിയ പ്രത്യേക പരിഗണനകൾ അവിടെ കൊത്തിവെച്ചതായി കാണാം. അവിടെ മറ്റു പള്ളികളും വാണിജ്യസ്ഥലങ്ങളും വാസസ്ഥലങ്ങളുമെല്ലാമായി ഒരു വലിയ മുസ്‌ലിം സമൂഹം ഇന്നും ജീവിച്ചുവരികയും അവർ തനതായ ഒരു സംസ്കാരം നിലനിർത്തുകയും ചെയ്തുവരുന്നു.

മതപരമായ വിദ്വേഷം പുലർത്തിയിരുന്ന പോർച്ചുഗീസുകാർ നടത്തിയ ആക്രമണങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത് മുസ്‌ലിം സമൂഹത്തിനായിരുന്നു. മാപ്പിളഗ്രാമങ്ങൾ കൊളളയടിക്കുകയും കത്തിക്കുകയും ചെയ്ത പറങ്കികൾ അനേകം പേരെ വധിക്കുകയും അവരുടെ കടൽവാണിജ്യം തകർക്കുകയും ചെയ്തു. പോർച്ചുഗീസുകാരുടെ വാണിജ്യക്കുത്തക കാരണം ഉപജീവനം നഷ്ടപ്പെട്ട മാപ്പിളസമൂഹം പിൽക്കാലത്ത് ഏറനാട്, വളളുവനാട് തുടങ്ങിയ മലയോരപ്രദേശങ്ങളിലേക്ക് പിൻവാങ്ങുകയും അവിടങ്ങളിൽ കാർഷികവൃത്തിയിലേർപ്പെട്ട് കൃഷി പ്രചരിപ്പിക്കുകയും അധ്വാനശീലരായി ജീവിക്കുകയും ചെയ്തു. പെരിങ്ങത്തൂർ പോലെയുള്ള പ്രദേശങ്ങളിലെ സങ്കേതങ്ങളും അത്തരത്തിൽ വളർന്നുവന്നിട്ടുള്ളവയാണ്.

കേരളത്തിന്റെ ആദ്യചരിത്രകാരനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ 1583-ൽ അറബിഭാഷയിലെഴുതിയ തുഹ്ഫതുൽ മുജാഹിദീൻ എന്ന ഗ്രന്ഥം അന്നത്തെ ആക്രമണങ്ങളെയും ചെറുത്തുനില്പുകളെയും കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. അന്നത്തെ പ്രത്യാക്രമണങ്ങളിൽ നിന്ന് ഉയർന്നുവന്ന മുസ്‌ലിം നാവികപ്പടയുടെ തലവൻമാരായ കുഞ്ഞാലി മരക്കാർമാർ പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യയിലെത്തന്നെ പ്രമുഖരായ നാവികമേധാവികളായിരുന്നു. വടകരയിലെ പുതുപ്പണം കോട്ട അവരുടെ അന്ത്യസംഘട്ടനത്തിന്റെ കേന്ദ്രമായിരുന്നു.

പോർച്ചുഗീസുകാർക്കെതിരെ കുഞ്ഞാലി മരക്കാർമാരുടെ നേതൃത്വത്തിൽ നടന്ന കടൽയുദ്ധങ്ങൾ കാരണം കേരളം ഗോവയെപ്പോലെ പോർച്ചുഗീസ് ആധിപത്യമുള്ള ഒരു കോളനിയായി മാറിയില്ല. ഗൗഡസാരസ്വത് എന്നറിയപ്പെടുന്ന കൊങ്കണിവിഭാഗം ഗോവയിൽ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ കാരണമായത് പോർച്ചുഗീസുകാരുടെ കോളനിവൽക്കരണമായിരുന്നു. ഭാഷാപരമായ പീഡനവും അവിടെ ആ സമൂഹത്തിനു ഏൽക്കേണ്ടിവന്നു.

എന്നാൽ ഫോർട്ട് കൊച്ചി, കണ്ണൂർ തുടങ്ങിയ ചില കടൽത്തീരകേന്ദ്രങ്ങളിലല്ലാതെ കേരളത്തിൽ മറ്റെങ്ങും മേധാവിത്വം സ്ഥാപിക്കാൻ പറങ്കികൾക്കു കഴിഞ്ഞില്ല. അക്കാലത്ത് ഗോവയുടെ സ്ഥിതിയായിരുന്നു കേരളത്തിനെങ്കിൽ ആധ്യാത്മരാമായണം പോലെയുള്ള ഒരു കൃതി രചിക്കപ്പെടുമായിരുന്നില്ല. കേരളക്കര സുരക്ഷിതമായി നിലനിന്നതിനാൽ മലയാളഭാഷയും അതിന്റെ സാഹിത്യവും ആ സ്വതന്ത്രപശ്ചാതലത്തിൽ വളർന്നുവന്നു. അത്തരമൊരു സ്ഥിതിവിശേഷത്തിന്ന് സാമൂതിരിപ്പാടിനോടും കുഞ്ഞാലി മരക്കാർമാരോടും കേരളത്തിനുളള കടപ്പാട് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും തെക്കേ മലബാറിലുണ്ടായ അനേകം പൊട്ടിത്തെറികളിലൂടെയും മാപ്പിളസമരത്തിലൂടെയും കൊളോണിയൽ ഭൂബന്ധങ്ങൾക്കെതിരായും സ്വാതന്ത്ര്യത്തിനു വേണ്ടിയും മുസ്‌ലിം സമൂഹം മലബാറിൽ നടത്തിയ സമരങ്ങൾ മഹത്തായവയായിരുന്നു. കേരളത്തിൽ പിൽക്കാലത്തു നടന്ന അനേകം കർഷകസമരങ്ങൾക്ക് അവ വലിയ പ്രചോദനം നൽകിയതായി കാണാം. ആലി മുസ്‌ലിയാരുടെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തിൽ നടന്ന മലബാർ സമരം 1857-ൽ നടന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു തുല്യമായതായിരുന്നു.

ഒരു മതമെന്ന നിലയിൽ കേരളത്തിൽ ഇസ്‌ലാം പ്രചരിച്ചത് സൂഫിവര്യൻമാരുടെ സർവ്വമതസാഹോദര്യം പുലർത്തുന്ന ആശയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഹൈന്ദവസാമൂഹികവ്യവസ്ഥിതിയിൽ ഏറ്റവും താഴെത്തട്ടിലുള്ള അധഃകൃതവിഭാഗങ്ങൾ ഇസ്‌ലാം മതം സ്വീകരിച്ചുകൊണ്ട് മറ്റു വിഭാഗങ്ങളോടൊപ്പമെത്തുന്ന ഏറ്റവും വലിയ ഒരു സാമൂഹികമാറ്റം കേരളത്തിലുണ്ടായി. ഏകദൈവത്വം പോലെയുളള ആശയങ്ങളിലേക്കും പ്രസാദാത്മകമായ ഒരു ജീവിതവീക്ഷണത്തിലേക്കും കർമ്മപരമായ പ്രചോദനത്തിലേക്കും ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ ഇസ്‌ലാം പ്രേരണചെലുത്തി.

കേരളീയസമൂഹത്തിലെ നാലിലൊന്നു അംഗസംഖ്യവരുന്ന മുസ്‌ലിം ജനവിഭാഗം മധ്യപൗരസ്ത്യദേശത്തെ രാജ്യങ്ങളുമായി തൊഴിൽബന്ധങ്ങളുറപ്പിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുവേണ്ടി ചെയ്ത സംഭാവനകൾ വളരെയേറെ പ്രാധാന്യമർഹിക്കു ന്നവയാണ്. ഇവിടുത്തെ മരുമക്കത്തായ ദായക്രമം പോലും സ്വീകരിച്ചുകൊണ്ട് മുസ്‌ലിം സമൂഹം ഒരു കേരളവൽക്കരണം സ്വയം നടത്തിയിട്ടുണ്ടെന്നു പറയാം. ഭക്ഷണം, വേഷം, ഭാഷ തുടങ്ങിയ എല്ലാ കാര്യങ്ങളിലും കേരളീയസമൂഹത്തിൽ നിന്ന് ഇസ്‌ലാം ഭിന്നമല്ലെന്ന നരവംശശാസ്ത്രപരമായ ഒരു യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.