VOL 04 |
 Flip Pacha Online

പി.എം.ശ്രി: കാവി ചുവക്കുമ്പോൾ

By: സുഫിയാൻ അബ്ദുസ്സലാം

പി.എം.ശ്രി: കാവി ചുവക്കുമ്പോൾ
പി.എം.ശ്രി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സിപിഎമ്മിന്റെ യു-ടേൺ അത്ഭുതപ്പെടുത്തുക മാത്രമല്ല, കേരളത്തെ ഭീതിപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം ആർ.എസ്.എസിന്റെ ഹിന്ദുത്വ താത്പര്യത്തിൽ അധിഷ്ഠിതമായി വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാർക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ച കാലം തൊട്ട് അറിയപ്പെട്ടിട്ടുള്ള കാര്യമാണ്. ഇടതുപക്ഷ സംഘടനകളടക്കം എല്ലാ ജനാധിപത്യ മതനിരപേക്ഷ സംഘടനകളും കേന്ദ്ര സർക്കാറിനെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്ന വിഷയവുമായിരുന്നു. എന്നാൽ ഘടക കക്ഷികളറിയാതെ, മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ, എന്തിനേറെ സി.പി.എം.ജനറൽ സിക്രട്ടറിയോ മറ്റു നേതാക്കളോ പോലുമറിയാതെ അതീവ രഹസ്യമായി പിണറായി വിജയൻ പി.എം. ശ്രീ വിഷയത്തിൽ നരേന്ദ്രമോദിയുമായി പ്രത്യേക ഡീൽ ഉണ്ടാക്കിയിരിക്കുകയാണ്. ഒക്ടോബർ 16 ന് ഒപ്പുവെച്ച ഡീൽ ഘടക കക്ഷികളും മാധ്യമങ്ങളും അറിയുന്നത് ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ്.

മന്ത്രിസഭയിലും ഇടതുമുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്‌താൽ ഒരിക്കലും ഇത് നടപ്പില്ലെന്ന് പിണറായിക്കും മോദിക്കുമറിയാം. പ്രതിപക്ഷ കക്ഷികളോ മാധ്യമങ്ങളോ അറിഞ്ഞാൽ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ അരങ്ങേറുമെന്നും ഇരുവർക്കുമറിയാം. ലാവ് ലിൻ മു തൽ വിവിധ അഴിമതിക്കേസുകളിൽ പിണറായി വിജയൻ കുരുക്കിലാണ്. മകന്റെ പേരിൽ ഉയർന്നുവന്ന ഇ.ഡി അന്വേഷണം ആവിയായിപ്പോയത് ഈയടുത്താണ് പരസ്യമായത്. എന്നാൽ കാവിയിൽ നിന്നുയർന്ന ആവി ചെമപ്പായി മാറ്റുന്നതിന് കേരളം ഇത്രയും വലിയ വില നൽകേണ്ടി വരുമെന്ന് സി.പി.ഐ അടക്കമുള്ള പ്രധാന കക്ഷികൾ പോലുമറിഞ്ഞില്ല. ആരോടും ചോദിക്കേണ്ടതില്ലെന്ന പിണറായിയുടെ ധാർഷ്ട്യവും ഏകാധിപത്യ സ്വഭാവവും കേന്ദ്രം ഭരിക്കുന്ന മോദിയുടേതിൽ നിന്നും വ്യത്യസ്തമല്ലെന്ന് തെളിയിക്കുന്ന ഒടുവിലത്തെ സംഭവമായി മാറിയിരിക്കുകയാണ് പി.എം.ശ്രി.

കശ്മീർ മുതൽ കന്യാകുമാരി വരെ വിവിധ സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഭാഷ, സംസ്കാരം, വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയെ അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ ഫെഡറൽ സ്വഭാവം നിലനിൽക്കുന്നത്. രാജ്യത്തുടനീളം ഒരേ തരത്തിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങളാണ് വേണ്ടതെന്ന കാഴ്ചപ്പാട് പ്രായോഗികമല്ലെന്ന് മാത്രമല്ല, അത് അനീതി കൂടിയാണ്. രാജ്യം റിപബ്ലിക്കായത് മുതൽ നമ്മുടെ രാജ്യത്ത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആവിഷ്ക്കരിക്കപ്പെട്ട കേന്ദ്രപദ്ധതികളെല്ലാം സംസ്ഥാനങ്ങളുടെ കൂടി താല്പര്യം സംരക്ഷിച്ചുകൊണ്ടാണ്. പഞ്ചവത്സര പദ്ധതികൾ തൊട്ട് നീതി ആയോഗ് വരെയുള്ള സംസ്ഥാനങ്ങളുടെ സുസ്ഥിര വികസനത്തിന് വേണ്ടി കൊണ്ടുവന്നിട്ടുള്ള കേന്ദ്രപദ്ധതികളിലെല്ലാം ആസൂത്രണം, വിഭവസമാഹരണം, ബജറ്റ് വിഹിതം തുടങ്ങിയവയിലെല്ലാം സംസ്ഥാനങ്ങൾക്കാണ് തീരുമാനമെടുക്കാനുള്ള അവകാശം.

ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയവും രീതിയും രൂപീകരിക്കാനുള്ള അവകാശം ആ സംസ്ഥാനത്തെ ജനങ്ങൾക്കാണ്. ഓരോ കാലഘട്ടത്തിലും ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാറുകളാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. സംസ്ഥാനങ്ങൾ രൂപപ്പെടുത്തുന്ന വിദ്യഭ്യാസ സംവിധാനങ്ങൾക്ക് ആവശ്യമായ ധനസഹായം ഏർപ്പെടുത്തുകയും അതിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പൂരക പദ്ധതികളും ആവിഷ്കരിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേന്ദ്ര സർക്കാറുകൾ വിവിധങ്ങളായ പദ്ധതികൾ ഓരോ കാലഘട്ടത്തിലും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ അവയൊന്നും സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കി പ്രത്യേകം താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ളതോ സംസ്ഥാനത്തെ ജനങ്ങൾ അംഗീകരിക്കാത്ത പദ്ധതികളോ ആയിരുന്നില്ല.

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രി മൗലാനാ അബുൽകലാം ആസാദ് വിവിധ കമ്മീഷനുകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കമിട്ടത്. യൂണിവേഴ്‌സിറ്റി എജുക്കേഷൻ കമ്മീഷൻ, കോത്താരി കമ്മീഷൻ എന്നിവ അവയിൽ പെട്ടതാണ്. ഐ.ഐ.ടി, എൻ.സി.ഇ.ആർ.ടി തുടങ്ങിയവ സ്ഥാപിച്ചുകൊണ്ട് രാജ്യത്തുടനീളം ശാസ്ത്ര സാങ്കേതിക അവബോധം സൃഷ്ടിക്കുന്നതിലായിരുന്നു പണ്ഡിറ്റ് നെഹ്‌റുവിന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. പി.വി. നരസിംഹ റാവുവിന്റെ കാലത്ത് രാജ്യത്തെ മുഴുവൻ സ്‌കൂളുകൾക്കും വേണ്ടി ആരംഭിച്ച പദ്ധതിയായിരുന്നു National Programme of Nutritional Support to Primary Education (NP-NSPE). രാജ്യത്തുടനീളമുള്ള കുട്ടികളുടെ പോഷകാഹാരങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. നമ്മുടെ വിദ്യാലയങ്ങളിലെ പഴയ ഉച്ചക്കഞ്ഞി മുതൽ ഇപ്പോൾ നൽകുന്ന ഉച്ചഭക്ഷണമെല്ലാം ഇന്ന് പിഎം-പോഷൺ എന്നറിയപ്പെടുന്ന ഈ പദ്ധതിയിലൂടെയാണ് നടപ്പാക്കുന്നത്. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സർവ്വ ശിക്ഷ അഭിയാൻ (എസ്എസ്എ). 2001 മുതൽ ഡോ.മൻമോഹൻ സിംഗിന്റെ കാലത്ത് നടപ്പാക്കിയ Integrated Education for Differently abled Children എന്ന പദ്ധതി ഭിന്നശേഷിക്കാർക്ക് വേണ്ടി ദേശീയതലത്തിൽ രൂപപ്പെടുത്തിയ പദ്ധതിയാണ്. പക്ഷെ പി.എം.ശ്രി പദ്ധതി അങ്ങനെയല്ല. അത് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൂർണ്ണമായും വിഴുങ്ങുകയും മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അടിത്തറയെ തകർക്കുകയും ചെയ്തുകൊണ്ട് രാജ്യം മുഴുവൻ ആർ.എസ്.എസിന്റെ പ്രതിലോമകരമായ വിദ്യാഭ്യാസ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് വേണ്ടി തയ്യാർ ചെയ്യപ്പെട്ടതാണ്. ദേശീയാടിസ്ഥാനത്തിൽ വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസനയങ്ങൾക്കും ഏകീകൃത രൂപമുണ്ടാക്കാനുള്ള ശ്രമം മോദി അധികാരമേറ്റതോടെ തുടങ്ങിയതാണ്. രാജ്യത്ത് ഇതുവരെ ഭരിച്ച സർക്കാറുകളൊന്നും സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളിൽ കൈകടത്തിയിട്ടില്ല. മറിച്ച് അവയെ പരിപോഷിപ്പിക്കുന്ന പദ്ധതികളാണ് കൊണ്ടുവന്നിരുന്നത്. ഒന്നാം മോദി സർക്കാർ അസ്തിവാരമിട്ട നയങ്ങളെ രണ്ടാം മോദി സർക്കാർ പദ്ധതിയാക്കി സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. ഈ പദ്ധതിയുടെ പേരാണ് 'പി.എം.ശ്രി' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'പ്രൈം മിനിസ്റ്റേഴ്‌സ് സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ'. എന്തിന് വേണ്ടിയാണ് ഈ പദ്ധതി കൊണ്ടുവന്നത് എന്ന് പരിശോധിച്ചാൽ പിന്നിലുള്ള ഗൂഢോദ്ദേശ്യം വ്യക്തമാവും. 2020-ലാണ് കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) കൊണ്ടുവന്നത്. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഭാവിയെ തകർക്കുന്ന വിധത്തിലും സംസ്ഥാനങ്ങളുടെ ഫെഡറൽ സ്വഭാവത്തെ ഉന്മൂലനം ചെയ്യുന്ന വിധത്തിലും തയ്യാർ ചെയ്യപ്പെട്ട എൻ.ഇ.പിയെ തുടക്കം മുതൽ ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾ എതിർത്തതോടെ അതിനെ മറികടക്കാൻ സർക്കാർ കണ്ടുപിടിച്ച കുരുട്ടുപായമാണ് പി.എം.ശ്രി. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും പങ്കിട്ട് രാജ്യത്തെ 14500 സ്‌കൂളുകളിലാണ് ഇത് നടപ്പാക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. കേന്ദ്രഫണ്ട് മുന്നിൽ വെച്ച് സംസ്ഥാനങ്ങളെ പ്രലോഭിപ്പിക്കുക എന്ന തന്ത്രമാണ് ഇതിന്റെ പിന്നിൽ. സ്വാഭാവികമായും കേന്ദ്രഫണ്ടിൽ ആകൃഷ്ടരായി വിവിധ സംസ്ഥാനങ്ങൾ പി.എം.ശ്രിയിൽ ഒപ്പിട്ടു. എന്നാൽ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സർക്കാറുകൾ പദ്ധതിക്കെതിരെ നിലയുറപ്പിച്ചു.

കേരളത്തിലെ 150 വിദ്യാലയങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. അതിന്റെ മേൽനോട്ടം സമഗ്ര ശിക്ഷാ കേരളക്ക് നൽകുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാറിന് കേരളത്തിലെ പ്രതിപക്ഷ കക്ഷികളുടെയും പൊതുസമൂഹത്തിന്റെയും താത്പര്യം കൂടി കണക്കിലെടുക്കേണ്ടി വരികയും പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളം ഇതുവരെ വികസിപ്പിച്ചെടുത്ത കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഒറ്റയടിക്ക് കേന്ദ്രത്തിന്റെ മികവായി ബ്രാൻഡ് ചെയ്യപ്പെടുന്നതിൽ നിന്നും ഈ നിലപാട് സഹായിച്ചു. ഈ നിലപാടിൽ നിന്ന് സി.പി.എം യു-ടേൺ അടിക്കുകയും പദ്ധതി നടപ്പാക്കുകയും ചെയ്യുന്നതോടെ കേരളം വികസിപ്പിച്ചെടുത്ത ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പുരോഗതി വർഗീയതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രതീകമായ ആർ.എസ്.എസിന്റെ കാൽച്ചുവട്ടിൽ സമർപ്പിക്കപ്പെടുന്നതിന് കേരളം സാക്ഷിയാവുകയാണ്.

പി.എം.ശ്രിയിൽ ഒപ്പുവെക്കുകയും അതേസമയം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയില്ലെന്ന് പറയുകയും ചെയ്യുന്ന സി.പി.എം കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. പി.എം.ശ്രീയുടെ 'ആറു തൂണുകൾ' എന്ന തലക്കെട്ടിന് താഴെ എണ്ണമിട്ട് പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ കബളിപ്പിക്കൽ ബോധ്യമാകും. പി.എം.ശ്രി ഒപ്പുവെച്ചാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്നാണ് ഒന്നാമത്തെ തൂൺ. അതിൽ നിന്നും പിന്നീട് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. അതോടെ പാഠ്യപദ്ധതിയും പുസ്തകങ്ങളുമെല്ലാം ആർ.എസ്.എസ് നിശ്ചയിക്കും. കേരളത്തിന് അതിൽ പിന്നീട് റോൾ ഉണ്ടാവില്ല. എൻ.സി.ഇ.ആർ.ടി നിശ്ചയിക്കുന്ന പാഠപുസ്തകങ്ങൾ പഠിപ്പിക്കപ്പെടുന്നതോടെ കേരളത്തിലെ വിദ്യാലയങ്ങളും വർഗീയത ഉത്പാദിപ്പിക്കുന്ന ഫാക്റ്ററികളായി മാറും. എൻഇപിക്ക് അനുസൃതമായി എൻ.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത പുസ്തകങ്ങളിലെ വർഗീയ ഭാഗങ്ങൾ ഇതിനകം കേരളത്തിലെ പൊതുസമൂഹം ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിലെ വിദ്യാലയങ്ങൾ രണ്ടു വിധമായി വിഭജിക്കപ്പെടുമെന്ന നിർഭാഗ്യകരമായ അവസ്ഥയാണ് പി.എം.ശ്രിയിൽ ഒപ്പുവെക്കുന്നതോടെ സംഭവിക്കാൻ പോവുന്നത്. ഒന്ന് കേരളം പരമ്പരാഗതമായി ആർജ്ജിച്ചുവന്നിട്ടുള്ള സഹിഷ്ണുതയിലും മതനിരപേക്ഷതയിലും ഉൾക്കൊളളലുകളിലും അധിഷ്ഠിതമായ വിദ്യാലയങ്ങൾ. മറ്റൊന്ന് പരസ്പരം സംശയം ജനിപ്പിച്ചും വർഗീയ വേർതിരിവുണ്ടാക്കിയും ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിച്ചും കലഹങ്ങളുടെ മനസ്സുകളെ സൃഷ്ടിക്കുന്ന വിദ്യാലയങ്ങൾ. കേരളത്തിന്റെ സാംസ്കാരിക പ്രതലത്തിനേൽക്കുന്ന വലിയ ദുരന്തത്തിന്റെ തുടക്കമാണ് പിണറായി വിജയനും ശിവൻകുട്ടിയും പി.എം.ശ്രി ഒപ്പുവെച്ച് കേരളത്തിലേക്ക് ആനയിക്കുന്നതോടെ ഉണ്ടാകാൻ പോവുന്നത്.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സ്ഥാപിച്ചതിൽ സംസ്ഥാന സർക്കാരുകൾ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും സുപ്രധാന പങ്ക് വഹിച്ചത് കേരളത്തിലെ ജനങ്ങളാണ്. സംസ്ഥാനത്തെ നിരവധി ഫണ്ടുകൾ സമാഹരിച്ചാണ് കോടിക്കണക്കിന് രൂപയുടെ മൂല്യം വരുന്ന നമ്മുടെ വിദ്യാലയങ്ങൾ നിർമ്മിച്ചിട്ടുള്ളത്. അങ്ങനെയുള്ള വിദ്യാലയങ്ങൾ കേന്ദ്രത്തിന് തീറെഴുതിക്കൊടുക്കുകയാണ് ഇതിലൂടെ സംഭവിക്കാൻ പോവുന്ന മറ്റൊരു ദുരന്തം. കെട്ടിടങ്ങൾ, ലൈബ്രറി, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ്, ശൗചാലയങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള റാമ്പ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കേരളത്തിലെ ഭൂരിപക്ഷം പൊതുവിദ്യാലയങ്ങളും മുന്നിലാണ്. പിന്നെ എന്തിനാണ് സംസ്ഥാനത്തെ കൊല്ലാക്കൊല ചെയ്യുന്ന ഒരു പദ്ധതിയിൽ നിന്നും കിട്ടുന്ന ചില്ലറ കോടികൾക്ക് വേണ്ടി അപമാനം സഹിക്കുന്നത്. 2023-ൽ തുടങ്ങിയ പദ്ധതിക്ക് ഇനി ഒരു വർഷത്തെ കാലാവധി കൂടിയേ ബാക്കിയുള്ളൂ എന്നതിനാൽ ആനുപാതികമായി കേരളത്തിന് ലഭിക്കാൻ പോവുന്ന തുകയും വളരെ കുറവായിരിക്കും.

പദ്ധതി അംഗീകരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും കേരളം പിറകോട്ട് പോവാനുള്ള കാരണം കേന്ദ്രം സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള പണം തടഞ്ഞുവെച്ചതിനാലാണ് എന്നാണ് തോമസ് ഐസക്കിനെ പോലെയുള്ള 'ബുദ്ധിജീവികൾ' പറയുന്നത്. സമഗ്ര ശിക്ഷാ പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട പണം കേന്ദ്രത്തിന്റെ ഔദാര്യമല്ല. ആർജ്ജവവും ഇച്ഛാശക്തിയുമുള്ള ഒരു സംസ്ഥാന സർക്കാരാണ് കേരളം ഭരിക്കുന്നതെങ്കിൽ അത് പിടിച്ചുവാങ്ങാൻ ഒരു പ്രയാസവുമില്ല. പദ്ധതി നടപ്പാക്കില്ലെന്ന് ശഠിച്ച തമിഴ്‌നാടിന് ലഭിക്കേണ്ടിയിരുന്ന പണം തടഞ്ഞുവെച്ചപ്പോൾ സുപ്രീംകോടതിയിൽ പോയി അവരത് നേടിയെടുത്തു.

ഇവിടെയാണ് മോദി-പിണറായി അവിഹിത ബന്ധം തെളിഞ്ഞുവരുന്നത്. കേരളത്തിലെ എസ്.എഫ്.ഐയുടെ വിദ്യാർഥികളും സി.പി.എമ്മിന്റെ സാധാരണ പ്രവർത്തകരും നേതാക്കളുമെല്ലാം സർക്കാറിന്റെ നിലപാടിന് എതിരാണ്. സി.പി.ഐ പരസ്യമായി രംഗത്തുവന്നു. അതേസമയം സംസ്ഥാന സർക്കാറിനെ അഭിനന്ദിക്കാൻ ബി.ജെ.പിയും എബിവിപിയും മാത്രമാണുള്ളത്. വി.ശിവൻകുട്ടി എന്ന വിദ്യാഭ്യാസമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി അഭിനന്ദനമറിയിച്ചത് എ.ബി.വി.പി പ്രവർത്തകരാണ്. ഇടതുപക്ഷ പ്രവർത്തകർക്ക് മാത്രമല്ല, കേരളത്തിലെ പൊതുസമൂഹത്തിന് തന്നെ എന്തൊരു അപമാനമാണ് പിണറായിയും ശിവൻകുട്ടിയും സമ്മാനിച്ചത്. ലാവ് ലിൻ കേസ് മുതൽ അവസാനം മകന്റെ പേരിൽ വന്ന ഇ.ഡി അന്വേഷണമടക്കമുള്ള പിണറായിയുടെയും കുടുംബത്തിന്റെയും പേരിലുള്ള കേസുകൾ തേച്ചുമായ്ക്കാൻ സംസ്ഥാനത്തെയും സംസ്ഥാനത്തിന്റെ വിദ്യാലയങ്ങളെയും കുരുതികൊടുക്കുന്നത് സമ്മതിച്ചുകൊടുക്കാൻ കേരളത്തിന് സാധിക്കില്ല. പി.എം.ശ്രി പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ധാർഷ്ട്യം നിറഞ്ഞ പിണറായിയുടെ സ്വാച്ഛധിപത്യ ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ രണ്ടാം വിമോചന സമരത്തിന് തുടക്കം കുറിക്കാൻ സമയമായിക്കഴിഞ്ഞു.