VOL 04 |
 Flip Pacha Online

കേരളപ്പിറവിയുടെ ചരിത്രവും മുസ്‌ലിം ലീഗ് നിലപാടും

By: ടി.പി.എം ബഷീർ

കേരളപ്പിറവിയുടെ ചരിത്രവും  മുസ്‌ലിം  ലീഗ് നിലപാടും
ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭാഷാ അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കണമെന്ന ആവശ്യം സ്വാതന്ത്ര്യത്തിനു ശേഷം ശക്തവും സജീവവുമായി. ഇതിനെ തുടർന്ന് 1951-1952-ലെ പ്രഥമ തെരഞ്ഞെടുപ്പിൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു.

സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഇവ്വിധമൊരു ചിന്ത പ്രകടമായിരുന്നു. സംഘടനാപരമായ ആവശ്യങ്ങൾക്ക് വേണ്ടി സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ 1921 ജൂലൈ 29, 30, 31 തീയതികളിൽ ബോംബെയിൽ ചേർന്ന കോൺഗ്രസ് അടിസ്ഥാനത്തിൽ വേർതിരിച്ചു.

1928-ൽ ചേർന്ന അഖിലകക്ഷി സമ്മേളനം നിയോഗിച്ച നെഹ്റു കമ്മിറ്റിയും സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കണമെന്ന് അഭിപ്രായപ്പെട്ടു. 1938-ൽ സ്ഥാപിതമായ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും ഐക്യകേരളം തങ്ങളുടെ പ്രധാന അജണ്ടയായി പ്രഖ്യാപിച്ചു. കൊച്ചിയിലെ പ്രജാമണ്ഡലവും ഇതേ ലക്ഷ്യം അംഗീകരിച്ചു.

1947 ഏപ്രിൽ 11, 12 തീയതികളിൽ തൃശൂരിൽ ചേർന്ന ഐക്യകേരള സമ്മേളനം കൊച്ചി മഹാരാജാവ് ഉദ്ഘാടനം ചെയ്തു. ഇ. മൊയ്തു മൗലവി അവതരിപ്പിച്ച ഐക്യകേരള പ്രമേയം ഐകകണ്‌ഠ്യേന പാസ്സാക്കി.

ഐക്യകേരള പ്രസ്ഥാനത്തെപ്പറ്റി കെ.പി. കേശവമേ നോൻ തന്റെ ആത്മകഥയിൽ (കഴിഞ്ഞ കാലം - മാതൃഭൂമി ബുക്‌സ്) പറയുന്നു. “1919-ൽ മദിരാശിയിലെ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുണ്ടായ ഒരു യോഗത്തിൽ വെച്ചാണ് ഐക്യകേരളത്തെപ്പറ്റി ഞാൻ ആദ്യമായി പ്രസംഗിച്ചത്. തിരുവിതാംകൂറും, കൊച്ചിയും, മലബാറും ചേർന്ന് ഒരു സംസ്ഥാനമാകണം എന്ന് ഞാൻ പുറപ്പെടുവിച്ച അഭിപ്രായം അന്നത്തെ യോഗാധ്യക്ഷനെ അത്ഭുതപ്പെടുത്തി. അദ്ദേഹം എന്റെ പക്വത വരാത്ത മനസ്സിൽ നിന്നു പുറപ്പെട്ട ആ അഭിപ്രായത്തെ തന്റെ പ്രസംഗത്തിൽ കർശനമായി ആക്ഷേപിച്ചു. അപ്പോൾ ചെയ്യേണ്ട എത്രയോ അടിയന്തിര കാര്യങ്ങളിരിക്കെ അനാവശ്യവും, അപ്രായോഗികവുമായ വിഷയങ്ങളിൽ ചെറുപ്പക്കാർ ശ്രദ്ധ ചെലുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ഉപദേശിച്ചു. അന്നു മാത്രമല്ല എന്നും അസാധ്യമായ ഒരു ലക്ഷ്യം മാത്രമായിരിക്കും അതെന്ന് അവിടെ കൂടിയ പലരും കരുതിയിരിക്കാം.

എന്നാൽ രണ്ട് കൊല്ലം കഴിയുന്നതിനു മുമ്പു തന്നെ ഐക്യകേരളത്തിന്റെ ഏതാണ്ടൊരു രൂപം കാണുന്നതിനിടയായി. അത് ഒറ്റപ്പാലത്തു വെച്ച് കൂടിയ ഒന്നാമത്തെ കേരള സംസ്ഥാന കോൺഫറൻസിൽ വെച്ചായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തനത്തിനുള്ള സൗകര്യത്തിനു വേണ്ടി ഭാഷയുടെ അടിസ്ഥാനത്തിൽ പുതിയ കോൺഗ്രസ് സംസ്ഥാനങ്ങൾ രുപവൽക്കരിച്ചു. അങ്ങനെ കൊച്ചിയും തിരുവിതാകൂറും മലബാറും ചേർന്ന് ഒരു കോൺഗ്രസ് സംസ്ഥാനം ഉണ്ടായി. അന്നു ഞാൻ കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഒറ്റപ്പാലത്തെ കോൺഫറൻസിന് കൊച്ചിയിൽ നിന്നും, തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നുമുള്ള പ്രതിനിധികൾ കേരളീയരെന്ന നിലയിൽ ഒത്തുകൂടിയ കാഴ്ച ആവേശജനകമായിരുന്നു. പ്രചാരവേലയ്ക്കുള്ള സൗകര്യത്തിനാണ് സംസ്ഥാനങ്ങൾ അങ്ങനെ രൂപവൽക്കരിച്ചതെങ്കിലും അത് ശരിയായ കേരളസംസ്ഥാനം രൂപമെടുക്കുന്നതിന്റെ ആദ്യത്തെ പടിയായിത്തീർന്നു."

തിരുക്കൊച്ചി സംസ്ഥാനം
ഐക്യകേരളത്തിനു വേണ്ടിയുള്ള ഇത്തരം ശ്രമങ്ങൾ നടക്കുന്നതിനിടയിൽ തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിച്ച് തിരുകൊച്ചി സംസ്ഥാനമായി. ഇന്ത്യാ ഗവൺമെണ്ടിന്റെ നാട്ടുരാജ്യസംയോജന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 1949 ജൂലൈ ഒന്നിന് തിരുകൊച്ചി സംസ്ഥാനം നിലവിൽ വരുന്നത്. ഈ സംയോജനം ഐക്യകേരളത്തിന്റെ രൂപവൽക്കരണത്തിന് ഏറെ സഹായകരമായി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയും തിരുകൊച്ചി സംസ്ഥാനവും ചേർന്നാണ് പിന്നീട് ഐക്യകേരളം യാഥാർത്ഥ്യമാകുന്നത്.

ഐക്യകേരളം യാഥാർത്ഥ്യമായപ്പോൾ ചിലർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. സംസ്ഥാന പുനഃസംഘടനാകമ്മീഷൻ മുമ്പാകെ പി.എസ്.പിയും, കോൺഗ്രസിലെ ഒരു വിഭാഗവും ഐക്യകേരളത്തിനും, ഭാഷാസംസ്ഥാനങ്ങൾക്കുമെതിരെ നിവേദനം സമർപ്പിച്ചിരുന്നു

സാമൂതിരി, കോലത്തിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നീ നാല് പ്രബലരായ വൻകിട രാജാക്കൻമാരും, അനേകം ചെറുകിട നാടുവാഴികളും എഴുപതോളം മാടമ്പികളും ചേർന്നാണ് കേരളം ഭരിച്ചിരുന്നത്. ഇവർക്കിടയിൽ നിരന്തരമായ സംഘർഷങ്ങളും യുദ്ധങ്ങളും സ്വാഭാവികമായിത്തീർന്നു. ജേതാവിന്റെ മേൽക്കോയ്മ അംഗീകരിച്ച് സാമന്തൻമാരായി കഴിയുക എന്നതായിരുന്നു പരാജിതരുടെ മുമ്പിലുള്ള മാർഗം. അതിനാൽ ഇവർക്കിടയിലുള്ള ശാത്രവം ഒരു തുടർക്കഥയായി മാറി. പരസ്പരം പോരടിച്ചു കഴിയുന്ന ഈ സാമൂഹിക ദുരവസ്ഥയാണ് പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ള വിദേശികൾക്ക് അധിനിവേശം എളുപ്പമാക്കിത്തീർത്തത്.

നാട്ടുരാജ്യങ്ങളെ ആക്രമിച്ച് കീഴടക്കി സാമന്തപദവി നൽകുന്നതിനു പകരം അതിർത്തികൾ വെട്ടിമാറ്റി തന്റെ രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ ലയനം നടത്തുന്ന രീതി കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മയാണ്. ഈ പ്രക്രിയ ശക്തിപ്പെട്ടതോടെ ചെറുകിട നാട്ടുരാജ്യങ്ങൾ അപ്രത്യക്ഷമാവുകയും, തിരുവിതാകൂർ വിശാലവും ശക്തവുമായ ഒരു ഭരണപ്രദേശമായിത്തീരുകയും ചെയ്തു. ഇത് പിന്നീട് തിരു കൊച്ചി ലയനത്തെ എളുപ്പമാക്കിത്തീർത്തു. ഇന്ത്യാ ഗവൺമെണ്ടിന്റെ നാട്ടു രാജ്യ വകുപ്പ് സെക്രട്ടറിയും പ്രഗൽഭ ഭരണതന്ത്രജ്ഞനുമായിരുന്ന വി.പി. മേനോൻ ആണ് ഈ ലയനത്തിന് വിജയകരമായി നേതൃത്വം നൽകിയത്.

'ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ കഥ' എന്ന പുസ്തകത്തിൽ വി.പി.മേനോൻ ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. “1949 മാർച്ച് 5-ാം തീയതി ഞാൻ തിരുവനന്തപുരത്ത് ഒരു സന്ദർശനം നടത്തി. ആദ്യം തിരുവിതാംകൂർ മുഖ്യമന്ത്രി ടി.കെ.നാരായണപിള്ളയേയും പിന്നീട് മറ്റു മന്ത്രിമാരേയും കണ്ടു. തിരുവിതാംകൂറിന്റേയും, കൊച്ചിയുടേയും ഭാവിയെ സംബന്ധിച്ച് രണ്ടു സ്റ്റേറ്റുകളിലേയും ജനങ്ങളുടെ അഭിലാഷമെന്തെന്ന് അറിയുവാനാണ് ഞാൻ വന്നിരിക്കുന്നതെന്ന് പറഞ്ഞു. പിറ്റേ ദിവസം എറണാകുളത്തു നിന്ന് (കൊച്ചി) മുഖ്യമന്ത്രി ഇക്കണ്ട വാരിയരും സഹമന്ത്രിമാരുമെത്തി. പിന്നീട് തിരുവിതാംകൂറിലേയും കൊച്ചിയിലേയും മന്ത്രിമാർ ഒരു സംയുക്ത ചർച്ച നടത്തിയതിൽ ഞാൻ പങ്കെടുത്തു. രണ്ടു സ്റ്റേറ്റുകളിലെ മന്ത്രിമാരും തിരുവിതാംകൂറും കൊച്ചിയും ഒരു യൂണിയനാക്കുന്നതിനോട് ഏകകണ്ഠമായി യോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പുതിയ തിരുക്കൊച്ചി യൂണിയൻ ഉദ്ഘാടനം ചെയ്യാൻ പണ്ഡിറ്റ്ജിയോ, സർദാർ പട്ടേലോ വരികയുണ്ടായില്ല. പകരം എന്നെയാണ് അതിന് നിയോഗിച്ചത്. 1949 ജൂലായ് 1-ാം തീയതിയാണ് പുതിയ തിരുകൊച്ചി സംസ്ഥാനം രൂപീകൃതമായത്.

തിരുക്കൊച്ചി സംയോജനം യാഥാർത്ഥ്യമായെങ്കിലും അപശബ്ദവും ഒപ്പമുയർന്നു. തിരുവിതാംകൂറിന്റെ അഞ്ചിലൊന്നു മാത്രം വലിപ്പമുള്ള കൊച്ചിയുടെ താൽപ്പര്യങ്ങൾ അവഗണിക്കപ്പെടുമോ എന്ന ആശങ്ക ഉയർന്നു. 'കൊച്ചി കൊച്ചിക്കാർക്ക്' എന്ന മുദ്രവാക്യമുയർന്നു. ലയന വിരുദ്ധരായ കൊച്ചിക്കാർ 'കൊച്ചിൻ പാർട്ടി' എന്ന പുതിയ പാർട്ടിയുണ്ടാക്കി.
തലസ്ഥാനവും ഉയർന്ന സർക്കാർ ഓഫീസുകളും ഹൈക്കോടതിയും തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെതിരെയും പ്രതിഷേധമുയർന്നു. ഒടുവിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുകയും, ഹൈക്കോടതി കൊച്ചിയിൽ നിലനിർത്തുകയും ചെയ്തു.
തിരുക്കൊച്ചി സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രിയായി പറവൂർ ടി.കെ.നാരായണപിള്ള ചുമതലയേറ്റു. തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖനായും നിയോഗിക്കപ്പെട്ടു. 1951 ഫെബ്രുവരി 29-ന് സി. കേശവൻ മുഖ്യമന്ത്രിയായി. കൊച്ചിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താൽ അവിടെ നിന്നുള്ള എം.എൽ.എമാർ രാജി വെച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട സി. കേശവൻ കാവൽ മുഖ്യന്ത്രിയായി തുടർന്നു.

1952 മാർച്ച് 12 ന് ഏ.ജെ ജോൺ മുഖ്യമന്ത്രിയായി. 1953 സെപ്തംബർ 23 ന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടർന്ന് 1954 മാർച്ച് 17 ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ പി.എസ്.പി മന്ത്രിസഭ അധികാരമേറ്റു. 1955 ഫെബ്രുവരി 14 ന് മന്ത്രിസഭ രാജിവെച്ചു. തുടർന്ന് മുഖ്യമന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോൻ 1955 മാർച്ച് 12 ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്ന് പ്രസിഡന്റ് ഭരണം നിലവിൽ വന്നു.

ഇന്ത്യയിൽ ആദ്യത്തെ പ്രസിഡന്റ് ഭരണം 1955 മാർച്ച് 29 ന് ലോക്സഭ ശരി വെച്ചു. 1955 നവംബർ 18 വരെ പ്രസിഡന്റ് ഭരണം നിലനിന്നു. എന്നാൽ രാജ പ്രമുഖന്റെ ഭരണം അവസാനിച്ചിരുന്നില്ല. രാജപ്രമുഖന്റെ ഉപദേശകനായി പി.എസ്.റാവുവിനെ നിയമിച്ചു. രാജപ്രമുഖൻന്റേയും ഉപദേശിയുടെയും ഭരണം 1956 നവംബർ ഒന്നു വരെ നീണ്ടുനിന്നു. പുതിയ ഗവർണറായി ഡോ. ബി. രാമകൃഷ്ണ റാവു നവംബർ 22ന് ചുമതലയേറ്റു.

ആന്ധ്രയ്ക്കു വേണ്ടി
ഒരു രക്തസാക്ഷ്യം
ഐക്യകേരളത്തിനുവേണ്ടി സമ്മേളനങ്ങളും പ്രമേയങ്ങളും, നിവേദന സമർപ്പണവും നിരവധിയുണ്ടായി. കാര്യമായ പ്രക്ഷോഭങ്ങളൊന്നും നടന്നില്ല. എന്നാൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആന്ധ്രയിൽ വിശാല ആന്ധ്രദേശത്തിനു വേണ്ടി രക്തരൂക്ഷിതമായ പ്രക്ഷോഭണങ്ങൾ നടന്നു. നിരവധി സംഘർഷങ്ങളും വെടിവെപ്പുകളും നടന്നു.

"ഒന്നുകിൽ തെലുങ്കുഭാഷാടിസ്ഥാനത്തിൽ വിശാല ആന്ധ്രസംസ്ഥാനം രൂപീകരിക്കുന്നതുവരെ, അല്ലെങ്കിൽ മരണം വരെ, എന്ന പ്രഖ്യാപനവുമായി പോറ്റി ശ്രീരാമുലു നിരാഹാരസമരം തുടങ്ങി. പ്രഥമ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനമായിരുന്നിട്ടും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും കോൺഗ്രസും പോറ്റി ശ്രീരാമുലുവിന്റെ പ്രക്ഷോഭത്തെ അവഗണിച്ചു. അദ്ദേഹം ഉപവാസ സമരത്തിനിടയിൽ മരണപ്പെട്ടു. ഭാഷാ സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായി അദ്ദേഹം.

ഈ ദാരുണസംഭവത്തോടെ പ്രക്ഷോഭം നിയന്ത്രണാതീതമായി. പ്രക്ഷോഭത്തിന്റെ ജനശക്തിക്കു മുമ്പിൽ കേന്ദ്രസർക്കാർ മുട്ടുമടക്കി. ആന്ധ്ര സംസ്ഥാനം അങ്ങനെ യാഥാർത്ഥ്യമായി. 1953 ഒക്ടോബർ ഒന്നിന് കർണൂരിലെ കോൾഡ് ഹൈസ്‌കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ സമ്മേളിച്ച തെലുഗു ജനതയെ സാക്ഷിനിർത്തി പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്റു ആന്ദ്ര സംസ്ഥാനം ഉദ്ഘാടനം ചെയ്തു.

സി.എച്ച് മുഹമ്മദ്കോയ സാഹിബ് 1953 ഒക്ടോബർ 2 ന് 'ആന്ദ്രയ്ക്ക് അഭിനന്ദനം' എന്ന തലവാചകത്തിൽ മുഖപ്രസംഗം എഴുതി. “സ്വാതന്ത്യ്രത്തിനു ശേഷം ഭാഷയുടെ അടിസ്ഥാനത്തിൽ രൂപമെടുക്കുന്ന ആന്ദ്ര സ്റ്റേറ്റിന് ഞങ്ങളുടെ അകമഴിഞ്ഞ അഭിവാദനാശംസകൾ സമർപ്പിച്ചുകൊള്ളുന്നു.40 കൊല്ലമായിട്ട് ആന്ദ്രയിലെ 205 ലക്ഷം ജനങ്ങൾ ആവേശപൂർവം ഉൾക്കൊണ്ടിരുന്ന അഭിലാഷം ഇന്നിതാ പൂർത്തിയായിരിക്കുന്നു. അവർക്ക് അവരുടേതായ സ്വന്തം സ്റ്റേറ്റ് കൈവന്നിരിക്കുന്നു. 1915 ൽ കാക്കിനാഡയിൽ ചേർന്ന മൂന്നാം ആന്ദ്രാ സമ്മേളനമാണ് ആദ്യമായി ഒരു പ്രത്യേക ആന്ദ്രസംസ്ഥാനത്തിനുള്ള പ്രമേയം പാസ്സാക്കിയത്. അതിനെത്തുടർന്നുള്ള മിക്കവാറും എല്ലാ സമ്മേളനങ്ങളും ആ ആവശ്യം ആവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.

1935-ലെ ഭരണപരിഷ്കരണ നിയമപ്രകാരമുള്ള സംസ്ഥാന സ്വയം ഭരണം നടപ്പിൽ വരികയും, രാജാജിയുടെ നേതൃത്വത്തിൽ 1937-ൽ മദ്രാസിൽ കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിൽ വരികയും ചെയ്തപ്പോൾ മദ്രാസ് സംസ്ഥാനം ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കാൻ ഇരുസഭകളും ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. എന്നാൽ രണ്ടാം ലോക മഹായുദ്ധം മുന്നിട്ടു നിൽക്കുന്നുവെന്ന കാരണത്താൽ കേന്ദ്രഗവർമെന്റ് ആ പ്രമേയത്തെ നിരസിക്കുകയാണ് ചെയ്തത്. പിന്നീട് യുദ്ധാനന്തരം 1946-ൽ മദ്രാസിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. അസംബ്ലി രൂപീകരിക്കുകയും, കോൺഗ്രസ് ഭരണമേറ്റെടുക്കുകയും ചെയ്തപ്പോൾ ആഭ്യന്തരമന്ത്രി ഡോ. പി. സുബ്ബരായൻ സംസ്ഥാന വിഭജനം ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും രണ്ട് സഭകളും അത് പാസ്സാക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റെ പുനർവിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഭരണഘടന തയ്യാറാക്കേണ്ടതെന്ന് ആ പ്രമേയത്തിൽ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. ആ പ്രമേയവും കേന്ദ്രത്താൽ അവഗണിക്കപ്പെടുകയാണുണ്ടായത്. എന്നാൽ ഒരു സ്വന്തം സ്റ്റേറ്റ് സ്ഥാപിക്കാനുള്ള ആന്ധ്രക്കാരുടെ സംരംഭം നിലച്ചില്ല. ഇന്ത്യ സ്വതന്ത്രമാവുകയും ഭരണഘടന തയ്യാറാക്കുകയും ഒരു റിപ്ലബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തതിനു ശേഷവും ആ സംരംഭം തുടർന്നു കൊണ്ടിരുന്നു. ഇന്ത്യാ ഗവർമെന്റ് ഇത് സംബന്ധിച്ച് ചില കമ്മീഷനുകളെ നിയമിക്കുകയുണ്ടായി. പക്ഷെ, വിഭജനകക്ഷികൾ തമ്മിൽ വേണ്ടത്ര യോജിപ്പില്ലാതിരുന്നതു കൊണ്ട് ആ കമ്മീഷനുകളുടെ ശുപാർശകൾ നടപ്പിൽ വരുത്താൻ സാധിച്ചില്ല. ഒടുവിൽ 1952-ൽ നിരാഹാരവ്രതം അനുഷ്ഠിച്ച പോറ്റി ശ്രീരാമുലുവിന്റെ ആത്മത്യാഗവും അതിനെത്തുടർന്നുണ്ടായ ചില അനിഷ്ട സംഭവങ്ങളും നിമിത്തം ആന്ധ്രസ്റ്റേറ്റ് രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം പുറപ്പെടുവിക്കാൻ പ്രാധാനമന്ത്രി നിർബന്ധിതനായി. ആന്ധ്രക്കാർ ധീരൻമാരാണ്. പൊരുതുന്നവരുമാണ്. കാർഷികപരമായി മദിരാശിയേക്കാൾ മെച്ചപ്പെട്ട പ്രദേശമാണ്. പക്ഷെ വ്യവസായപരമായി കുറേ പിന്നിലാണ്. ആ ന്യൂനത ആന്ധ്രക്കാർ അതിവേഗം പരിഹരിക്കണം. ആന്ധ്രക്ക് എല്ലാവിധ ഭാവുകങ്ങളും.”

ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോഴും സമാനമായ പ്രക്ഷോഭങ്ങളുണ്ടായി. ഈ വിഭജനത്തിന് അനുകൂലമായും പ്രതികൂലമായും ഉയർന്ന പ്രക്ഷോഭങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രക്ഷുബ്ധത സൃഷ്ടിക്കുകയുണ്ടായി. ഒരു പാർട്ടിക്കും ഇക്കാര്യത്തിൽ ഏകീകൃതമായ നയം രൂപീകരിക്കാനായില്ല. കോൺഗ്രസ് ശക്തമായ സമ്മർദ്ദം നേരിട്ടു. നിർദ്ദിഷ്ട തെലുങ്കാനയിൽ നിന്നുള്ള
എം.പിമാർ വിഭജനത്തിന് വേണ്ടിയും ആന്ധ്രയിൽ നിന്നുള്ളവർ വിഭജനത്തിന് എതിരായും സ്വീകരിച്ച നിലപാടുകൾ ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതായി മാറി.

പാർലമെന്റിനകത്ത് കത്തി വീശിയും, കുരുമുളക് വിതറിയും നടത്തിയ പ്രതിഷേധങ്ങൾ 1952- ലെ വിശാല ആന്ധ്രയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ പുതിയ ആവർത്തനമായിരുന്നു. പാർലമെന്റംഗങ്ങളുടെ ആത്മഹത്യാഭീഷണി, പോറ്റി ശ്രീരാമുലുവിന്റെ ജീവത്യാഗത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നതായി.

സംസ്ഥാന പുന:സംഘടനാ കമ്മീഷൻ
ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ 1953 ഡിസംബർ 23 ന് നിയോഗിക്കപ്പെട്ടു. സയ്യിദ് ഫസൽ അലി ആയിരുന്നു ചെയർമാൻ. സർദാർ കെ.എം പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ കൻസ്രു എന്നിവർ അംഗങ്ങൾ. ഈ കമ്മീഷൻ 1954 ജൂൺ 4 ന് കോഴിക്കോട്ടെത്തി. ഐക്യകേരള കമ്മിറ്റി പ്രസിഡന്റ് കെ.പി. കേശവമേനോൻ, മലബാർ കേന്ദ്ര കലാസമിതി പ്രസിഡന്റ് എസ്. കെ. പൊറ്റെക്കാട്, കെ.എ. ദാമോദരമേനോൻ എം. പി, കലക്ടർ പളനിയപ്പൻ, അമ്പലക്കാട്ട് കരുണാകരമേനോൻ എന്നിവരോടൊപ്പം സി.എച്ച്. മുഹമ്മദ്കോയ സാഹിബും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അവരെ സ്വീകരിച്ചു.

മുസ്‌ലിം ലീഗ് നേതാക്കളായ ബി. പോക്കർ സാഹിബ്, കെ.എം. സീതി സാഹിബ്, സി.എച്ച്. മുഹമ്മദ്കോയ സാഹിബ് എന്നിവർ ഐക്യകേരളം സംബന്ധിച്ച് കമ്മീഷനുമായി ചർച്ച നടത്തി. മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തുടരുന്നത് ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്നായിരുന്നു മുസ്‌ലിം ലീഗിന്റെ നിഗമനം. 1954 ഏപ്രിൽ മാസത്തിൽ ചേർന്ന മലബാർ ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തിൽ ഐക്യകേരളം പ്രമേയം അവതരിപ്പിച്ചത് സി.എച്ച്. ആയിരുന്നു. തിരുക്കൊച്ചിയും (തമിഴ് താലൂക്കുകൾ ഉൾപ്പെടെ) മലബാറും, ഗൂഡല്ലൂരും, കാസർകോടും, ലക്ഷദ്വീപുകളുമടങ്ങിയ ഐക്യകേരളം രൂപീകരിക്കണമെന്നായിരുന്നു മുസ്‌ലിം ലീഗിന്റെ നിർദ്ദേശം.

സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ 1955 ഒക്ടോബർ 31 ന് റിപ്പോർട്ട് സമർപ്പിച്ചു. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭാഷാ സംസ്ഥാന ങ്ങൾ നിലവിൽ വന്നത്. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വന്നു.

തെക്കൻ തിരുവിതാംകൂറിലെ തേവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവം കോട് എന്നീ തമിഴ് ഭൂരിപക്ഷ താലൂക്കുകളും ചെങ്കോട്ടയും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി. 1940 കളുടെ മധ്യത്തിൽ രൂപീകൃതമായ തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ് (ടി.ടി.എൻ.സി.) നടത്തിയ പ്രക്ഷോഭമാണ് ഈ താലൂക്കുകൾ കേരളത്തിന് നഷ്ടപ്പെടാൻ കാരണമായത്. തിരുവിതാംകൂറിലെ ഈ നാലു താലൂക്കുകൾ മാത്രമല്ല, മലബാറിന്റെ ഭാഗമായിരുന്ന ഗൂഡല്ലൂരും കേരളത്തിനു നഷ്ടമായി. കേരളത്തിനു വേണ്ടി വാദിക്കാനോ, ശക്തമായി ഇടപെടാനോ ഒരു സർക്കാർ കേരളത്തിലുണ്ടായിരുന്നില്ല. തിരുവിതാംകൂറിന്റെ ബാക്കി ഭാഗങ്ങളും, കൊച്ചിയും, മലബാറും ദക്ഷിണ കർണാടകയിലെ കാസർകോട് താലൂക്കും ചേർന്നതാണ് കേരള സംസ്ഥാനം

ഭാഷാ അടിസ്ഥാനത്തിൽ രാജ്യത്ത് 16 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിൽ വരണമെന്നായിരുന്നു. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ പ്രധാന നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ കേരളം, ആന്ധ്ര എന്നിവക്കു പുറമെ മദ്രാസ്, കർണാടക, ഹൈദരാബാദ്, ബോബെ, വിദർഭ, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, ആസ്സാം, ഒറീസ, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങൾ നിലവിൽ വന്നു. ഡൽഹി, മണിപ്പൂർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് കേന്ദ്രഭരണപ്രദേശങ്ങൾ.

മലബാർ-കാസർകോട്
സംയോജന പ്രക്ഷോഭം
ഐക്യകേരള പ്രസ്ഥാനത്തോടൊപ്പം മറ്റൊരു സംയോജന പ്രക്ഷോഭവും നടന്നിരുന്നു. മലബാർ കാസർകോട് സംയോജന പ്രക്ഷോഭം. കർണാടകയുടെ ഭാഗമായിരുന്ന കാസർകോട് താലൂക്ക് മലബാറിനോട് ചേർക്കണമെന്നായിരുന്നു ഈ പ്രക്ഷോഭത്തിന്റെ ലക്ഷ്യം. ഈ പ്രക്ഷോഭത്തെപ്പറ്റി കെ.മാധവൻ തന്റെ ആത്മകഥ (ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ-പ്രഭാത് ബുക്‌സ്)യിൽ വിശദീകരിക്കുന്നുണ്ട്. “കാസർകോട് മലബാറിനോട് ചേർക്കുവാനുള്ള പറ്റിയ അവസരം രാജാജിയുടെ മന്ത്രിസഭാകാലമാണെന്ന് മനസ്സിലാക്കിയ കണ്ണേട്ടൻ (ഏ. സി. കണ്ണൻ നായർ) ഹൊസ്ദുർഗ് കോൺഗ്രസ് കമ്മിറ്റിയിൽ ഈ വിഷയം അവതരിപ്പിച്ച് ചർച്ച ചെയ്തു. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കാസർകോട് താലൂക്കിലെ മലയാളി വക്കീലൻമാർ പ്രത്യേകം താൽപര്യമെടുത്തു. ബാരിസ്റ്റർ കൃഷ്ണൻ നമ്പ്യാർ പ്രസിഡന്റായി അവർ കാസർകോട് മലയാളി സമാജം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അവരുടെ ഈ പ്രവർത്തനത്തിന് കേളപ്പന്റെ സർവ്വാത്മനായുള്ള പിന്തുണയുണ്ടായിരുന്നു. മലബാർ ജില്ലാ ബോർഡ് പ്രസിഡന്റായ കേളപ്പൻ 1932 മെയ് 23ന് തൃക്കരിപ്പൂരിൽ ചേർന്ന യോഗത്തിൽ കാസർകോട് മലബാർ സംയോജന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു.

ശ്രീ.ടി.സുബ്രഹ്‌മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ജാഥ പുറപ്പെട്ടു. കോടോത്ത് നാരായണൻ നായർ, സി.എം. കുഞ്ഞിരാമൻ നായർ, പി.കെ.മായീൻ സാഹിബ്, കെ.മാധവൻ തുടങ്ങിയ ഇരുപത്തൊന്ന് പേരായിരുന്നു ജാഥയിൽ. ജാഥയ്ക്ക് വഴിനീളെ നല്ല സ്വീകരണമായിരുന്നു. ഡിസ്ട്രിക്ട് ബോർഡ് വൈസ് ചെയർമാനായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിലായിരുന്നു സമാപന സമ്മേളനം. കാസർകോട് വെച്ച് ചേർന്ന യോഗം കലക്കാൻ കർണാടക പക്ഷക്കാർ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ പ്രസ്ഥാനത്തെ എതിർക്കുന്ന കർണ്ണാടകക്കാർക്ക് തുണയായി ചില മലയാളി പ്രമുഖരും രംഗത്തുണ്ടായിരുന്നു. എം.എൽ.സി. മുഹമ്മദ് ചെമ്മനാട്, വക്കീൽ നാരായണമേനോൻ ഇവരായിരുന്നു അതിൽ പ്രമുഖർ. എന്നാൽ കവി ഉബൈദിന്റെ നേതൃത്വത്തിൽ കാസർകോട് മുസ്‌ലിം കൾ മുഴുവൻ തന്നെ ഈ പ്രസ്ഥാനത്തിന്റെ -കാസർകോട് മലബാർ സംയോജന പ്രചരണജാഥയുടെ- പിന്നിൽ ഉണ്ടായിരുന്നു.

കാസർകോട് കർണാടകയിൽ നിന്ന് വേർപെടുത്തി കേരളത്തോട് (മലബാറിനോട്) ലയിക്കുന്നതിന് അനുകൂലമായും പ്രതികൂലമായും നടക്കുന്ന വാദകോലാഹലങ്ങൾ ഒരു പൊട്ടിത്തെറിയിൽ കലാശിക്കാതെ നയപരമായി കൈകാര്യം ചെയ്തത് മഹാകവി ടി. ഉബൈദിന്റെ സാമർത്ഥ്യമായിരുന്നു. പ്രാദേശിക സങ്കുചിതത്വം മാറ്റിവെക്കുകയും, മലയാള ഭാഷയോടുള്ള അഭിനിവേശം മാറ്റുരക്കുകയും ചെയ്തപ്പോഴും കർണാടക ദേശത്തിന്റെ മഹത്വം അംഗീകരിക്കാനുള്ള വിശാല മനസ്കത അദ്ദേഹം പ്രകടിപ്പിച്ചു. 1949ൽ നീലേശ്വരത്ത് ചേർന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ ഉബൈദ് അവതരിപ്പിച്ച 'വിടതരികമ്മേ, കന്നഡ ധാത്രീ,' എന്നു തുടങ്ങുന്ന കവിത ഈ വിശാല ഹൃദയത്തിന്റെ തുടിപ്പായി മാറി. പക്ഷെ, കാസർകോട് താലൂക്ക് മലബാറിന്റേയും, തുടർന്ന് കേരളത്തിന്റെ യും ഭാഗമായി മാറാൻ 1956 വരെ കാത്തിരിക്കേണ്ടി വന്നു.

1956 ൽ കേരളം ഒരു സംസ്ഥാനമായി നിലവിൽ വരുമ്പോൾ അഞ്ചുജില്ലകളാണ് ഉണ്ടായിരുന്നത്. തിരുകൊച്ചി സംയോജനത്തെത്തുടർന്ന് 1949 ജൂലൈ ഒന്നിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ എന്നീ നാലു ജില്ലകൾ നിലവിൽ വന്നിരുന്നു. പിന്നെ മലബാർ ജില്ലയും, മലബാർ 1957 ജനുവരി ഒന്നിന് കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി വിഭജിച്ചു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഏഴു ജില്ലകൾ കൂടി നിലവിൽ വന്നു.

ആലപ്പുഴ (1957 ആഗസ്റ്റ് 17), എറണാകുളം (1958 ഏപ്രിൽ 1), മലപ്പുറം (1969 ജൂൺ 16 ), ഇടുക്കി (1972 ജനുവരി 26 ), വയനാട് (1980 നവംബർ 1), പത്തനംതിട്ട (1982 നവംബർ 1) കാസർകോഡ് (1984 മെയ് 24) എന്നിവയാണ് ആ ഏഴു ജില്ലകൾ.

കേരളപ്പിറവിക്ക് എഴുപത് വർഷം തികയുന്നു.
അവസാനത്തെ ജില്ല നിലവിൽ വന്നിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനു ശേഷം രാജ്യത്ത് പുതിയ സംസ്ഥാനങ്ങൾ നിലവിൽ വരികയുണ്ടായി. അതു പോലെ കേരളത്തിൽ പുതിയ ജില്ലകൾക്കു വേണ്ടി ആവശ്യം ഉയരുന്നുണ്ട്. സ്വാഭാവികമായും കേരളത്തിൽ വിശിഷ്യാ മലബാറിൽ പുതിയ ജില്ലകൾ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.