VOL 04 |
 Flip Pacha Online

അധികാര വികേന്ദ്രീകരണം: കുതിപ്പും കിതപ്പും

By: പി. കെ ഷറഫുദ്ദീൻ

അധികാര വികേന്ദ്രീകരണം:  കുതിപ്പും കിതപ്പും
രാജ്യം സ്വതന്ത്രമാകുമ്പോൾ ഗ്രാമ സ്വരാജ് ആശയങ്ങൾ ആവിഷ്കരിച്ച് പ്രാദേശിക ഭരണകൂടങ്ങളുടെ പ്രാധാന്യം വർധിപ്പിക്കണം എന്നതായിരുന്നു മഹാത്മജിയുടെ സ്വപ്നം. സ്വതന്ത്ര ഇന്ത്യയിൽ അതിനുള്ള നിരവധി ശ്രമങ്ങൾ നടന്നെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 1957-ൽ മുൻ ഗുജറാത്ത് മുഖ്യന്ത്രിയും എ.ഐ.സി.സി. ജന:സെക്രട്ടറിയുമായിരുന്ന ബൽവന്ത റായ് മേത്തയുടെ നേതൃത്വത്ത്വലുള്ള കമ്മിറ്റി ഗ്രാമ, ബ്ലോക്ക്, ജില്ലാ പരിഷത്ത് ആശയങ്ങൾ ദേശീയ വികസന സമിതിക്ക് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പ്രാദേശിക ഭേദഗതികളിലൂടെ ത്രിതീയം, ദ്വിദിയം എന്നീ തലങ്ങളിൽ പഞ്ചായത്തുകൾ രൂപീകരിച്ചു.1959 ഒക്ടോബർ 2ന് രാജസ്ഥാനിലാണ് ആദ്യ പഞ്ചായത്ത് നിലവിൽ വന്നത്. എന്നാൽ ഈ സംവിധാനങ്ങൾക്ക് കാര്യമായ അധികാരമോ ഫണ്ടോ ലഭിച്ചിരുന്നില്ല.

1978-ൽ അശോക് മേത്താ കമ്മിറ്റി പഞ്ചായത്തുക്കൾക്ക് ഭരണഘടനാപരമായ അംഗീകാരം വേണം എന്ന നിർദേശം മുന്നോട്ട് വെച്ചു. ഇക്കാര്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഉറച്ച നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർക്കും കത്തെഴുതി. വിവിധ ഭാഗങ്ങളിൽ പ്രസിഡണ്ടുമാരുടെ യോഗം വിളിച്ചു ചേർത്ത് സംവദിച്ചു. 1989 -ൽ രാജീവ് ഗാന്ധി സർക്കാർ പഞ്ചായത്തുകൾ ഭരണഘടനയുടെ ഭാഗമാക്കുന്നതിനായി 64, 65 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു. ലോകസഭയിൽ പാസായ ബില്ല് രാജ്യസഭയിൽ അഞ്ച് വോട്ടുകൾക്ക് പരാജയപ്പെട്ടു. സി.പി.എം അന്ന് ബില്ലിനെതിരായാണ് വോട്ട് ചെയ്തിരുന്നത്. രാജീവ് ഗാന്ധി വിളിച്ചു ചേർത്ത പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗവും സി.പി.എം ബഹിഷ്ക്കരിച്ചിരുന്നു.

1992-ൽ പി.വി.നരസിംഹ റാവു സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന 73, 74 ഭരണഘടനാ ഭേദഗതി പാസായതോടെ പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടന പദവി ലഭിച്ചു. പ്രാദേശിക സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി പദ്ധതി തയ്യാറാക്കി നടപ്പാക്കാനുള്ള ചുമതലയും ലഭ്യമായി. ഇതേ തുടർന്ന് സംസ്ഥാനങ്ങളോട് ആവശ്യമായ നിയമം കൊണ്ടു വരുന്നതിന് കേന്ദ്രം നിർദേശിച്ചു.

കേരളത്തിൽ സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ തിരുക്കൊച്ചി ഭാഗത്ത് പഞ്ചായത്തുകളും നഗരസഭകളും മലബാറിൽ ഡിസ്ട്രിക് ബോർഡ്, പഞ്ചായത്ത് ബോർഡ്, നഗരസഭകൾ എന്നിവയും ഉണ്ടായിരുന്നു. കേരളപ്പിറവിക്ക് ശേഷം 1957 ലെ ഇ.എം.എസ് സർക്കാർ ഇക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്തില്ല.
തിരുക്കൊച്ചി, മലബാർ മേഖലകളിലെ നിലവിലുള്ള നിയമങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് 1960-ൽ കേരള പഞ്ചായത്ത് നിയമവും 1961-ൽ കേരള മുൻസിപ്പാലിറ്റി നിയമവും വന്നു. ഇത് പ്രകാരം 1964 ജനുവരി ഒന്നിന് സംസ്ഥാനത്ത് പുതിയ പഞ്ചായത്ത് മുനിസിപ്പൽ ഭരണസമിതികൾ നിലവിൽ വന്നു.

1967-ൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന മുസ്‌ലിം ലീഗ് നേതാവ് എം.പി.എം. അഹമ്മദ് കുരിക്കൾ കേരള പഞ്ചായത്ത് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ഗ്രാമം, ജില്ല എന്നിങ്ങനെ ദ്വിതല പഞ്ചായത്തുകളാണ് ഇതിൽ നിർദേശിച്ചിരുന്നത്. പഞ്ചായത്തുകൾക്ക് വലിയ അവസരവും അധികാരവും നൽകുന്ന നിയമമായിട്ടാണ് ഇതിനെ ഇപ്പോഴും വിലയിരുത്തപ്പെടുന്നത്.

ഈ ബില്ല് വിശദമായ പഠനങ്ങൾക്കു ശേഷം 1969-ൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന അവുക്കാദർ കുട്ടി നഹ ലോക്കൽ ഗവൺമെന്റ് ബില്ലാക്കി പരിഷ്കരിച്ചെങ്കിലും സർക്കാർ പിരിച്ചുവിട്ടതിനാൽ ഇവ പ്രാവർത്തികമാക്കാനായില്ല. 1964-ലെ കേരള പഞ്ചായത്ത് യൂണിയൻ കൗൺസിൽ, ജില്ലാ പരിഷത്ത്, 1967-ലെ ത്രിതല പഞ്ചായത്ത് രാജ് ബിൽ, 1971-ലെ കേരള ജില്ലാ ഭരണ ബിൽ,1979 ലെ ജില്ലാ ഭരണ ബിൽ എന്നിവയൊന്നും ഫലം കാണാതെ പോയി. ജില്ലാ ഭരണ ബില്ലിന്റെ അടിസ്ഥാനത്തിൽ 1991 ലാണ് ജില്ലാ കൗൺസിൽ രൂപീകരിക്കപ്പെട്ടത്. 1964 മുതൽ 1995 വരെയുള്ള 31 വർഷത്തിനിടെ മൂന്ന് പഞ്ചായത്ത് ഭരണസമിതികൾ മാത്രമാണ് കേരളത്തിൽ നിലവിലുണ്ടായിരുന്നത്. അഞ്ച് വർഷത്തെ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

മുസ്‌ലിം ലീഗ് നേതൃത്വം നൽകിയ കേരള മാതൃക
73-74 ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി രാജ്യത്ത് ഏറ്റവും മികച്ച പഞ്ചായത്തീരാജ് നിയമ നിർമ്മാണം നടത്തി ഗാന്ധിജിയുടെ സ്വപ്നവും രാജീവ് ഗാന്ധിയുടെ പരിശ്രമവും യാഥാർത്ഥ്യമാക്കുന്നതിന് മുമ്പിൽ നിന്ന സംസ്ഥാനം കേരളമായിരുന്നു. നാലാം കെ.കരുണാകരൻ സർക്കാറിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന മുസ്‌ലിം ലീഗ് നേതാവ് സി.ടി.അഹമ്മദലിയാണ് കേരള പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകൾ 1994 ഏപ്രിൽ 24-ന് നിയമസഭയിൽ അവതരിപ്പിച്ചത്. നിയമം നിലവിൽ വന്നതോടെ രാജ്യത്തെ ഏറ്റവും ശക്തവും സമഗ്രവുമായ പഞ്ചായത്ത് രാജ്, നഗരപാലിക നിയമമുള്ള സംസ്ഥാനമായി കേരളം മാറി. സംസ്ഥാന ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം നിശ്ചയിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം എന്ന പ്രത്യേകതയും കേരളത്തിന് സ്വന്തമായി. ശേഷം 1995-ലെ എ.കെ.ആന്റണി സർക്കാറിന്റെ കാലത്ത് പി.കെ.കുഞ്ഞാലിക്കുട്ടി നഗരകാര്യ മന്ത്രിയും പി.കെ.കെ.ബാവ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ഘട്ടത്തിൽ 18/09/1995-ന് 15 വകുപ്പുകൾക്ക് കീഴിലുണ്ടായിരുന്ന വിവിധ സ്ഥാപനങ്ങളും തസ്തികകളും തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്ന സുപ്രധാന ഉത്തരവിറക്കി. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ പൂർണ്ണമായും പ്രാദേശിക സർക്കാറുകളായി മാറി. ഈ സർക്കാറിന്റെ തന്നെ കാലത്താണ് 1995 ഒക്ടോബർ 2-ന് ആദ്യ ഭരണസമിതികളും നിലവിൽ വരുന്നത്. 73,74 ഭരണഘടന ഭേദഗതി ലക്ഷ്യമിട്ട മാതൃകയിൽ അതിവേഗതയിൽ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ കരുത്താർജ്ജിക്കുന്നതാണ് പിന്നീട് കണ്ടത്. അധികാരങ്ങളും അവസരങ്ങളും പദ്ധതി വിഹിതവും ലഭ്യമായി തുടങ്ങിയതും ഈ നിയമത്തിന്റെ പിൻബലത്തിലാണ് ഭരണഘടനാ ഭേദഗതിക്ക് മുമ്പുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 1994 ൽ കേരള പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങൾ രൂപപ്പെടുത്തുന്നത്. ഒരു വർഷത്തോളം വിവിധ തലങ്ങളിലും പ്രദേശങ്ങളിലുമെല്ലാമുള്ളവരുമായുള്ള നിരന്തര ചർച്ചകൾ നടന്നു. നിയമസഭ ചേർന്ന് പാതിരാ വരെ ഇഴകീറിയുള്ള ചർച്ച. അതിന് ശേഷമാണ് സമഗ്രമായ നിയമം പിറവിയെടുത്തത്.

നിയമനിർമ്മാണത്തിന് മുമ്പ് തൊഴിൽ നികുതി, കെട്ടിടനികുതി, ഗ്രാമീണ റോഡ് മെയിന്റനൻസ് ഫണ്ട് എന്നിവ മാത്രമായിരുന്നു തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം. ആക്ട് വന്നതോടെ സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്നും തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി.

നിയമത്തിന് ശേഷം 1995 ഒക്ടോബർ 2-ന് ആദ്യ ഭരണസമിതികൾ നിലവിൽ വന്നു. അഞ്ച് വർഷത്തെ കാലയളവിന് ശേഷം കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥിതി നിലവിൽ വന്നു. എല്ലാ മേഖലയിലും ഇടപെടൽ നടത്തുന്ന സ്വയം ഭരണ സ്ഥാപനം എന്ന തലത്തിലേക്ക് അതിവേഗം വളർന്നു. പ്രാദേശിക ആസൂത്രണം സജീവമായി.

ഓരോ പ്രാദേശത്തിന്റെയും സാധ്യതകൾക്കും പ്രശ്ങ്ങൾക്കുമനുസരിച്ച് പദ്ധതി ഏറ്റെടുക്കുന്നതിന് അവസരവും വിഭവങ്ങളും ലഭിച്ചു. ഉദ്യോഗസ്ഥ ഭരണത്തിന് അറുതി വന്നു. ഗ്രാമസഭകൾ അധികാര കേന്ദ്രങ്ങളായി. വനിതകൾക്കും ദളിത് വിഭാഗങ്ങൾക്കും ഭരണ പങ്കാളിത്തവും സാമൂഹ്യ പുരോഗതിയും സാധ്യമായി. പിന്നാക്ക വിഭാഗങ്ങൾക്കും പിന്നാക്ക പ്രദേശങ്ങൾക്കും പരിഗണന ലഭിച്ചു. സാനിറ്ററി, കുടിവെള്ളം, വൈദ്യുതി എന്നിവ എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള ഇടപെടൽ നടന്നു. ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ദാരിദ്ര്യ ലഘൂകരണ രംഗത്തും വനിത, പട്ടിക വിഭാഗം ശാക്തീകരണ രംഗത്തും കേരളം ബഹുദൂരം മുന്നോട്ടു പോയി. വിദ്യാഭ്യാസം, ആരോഗ്യം,മാലിന്യ സംസ്ക്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ കേരളം കുതിച്ചുചാട്ടം നടത്തി. വിവിധ വകുപ്പുകളുടെ സേവനം ജനങ്ങളിലെത്തിക്കുന്നതിനും കൃത്യമായ മോണിറ്ററിംഗിനും അവസരം കൈവന്നു. കോവിഡ് കാലത്തും പ്രളയ കാലത്തും പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടലുകളാണ് കേരളത്തിന് തുണയായത്.

ഇടതു കാപട്യം
അധികാര വികേന്ദ്രീകരണം ഭരണഘടനയുടെ ഭാഗമാക്കാനുള്ള രാജീവ് ഗാന്ധിയുടെ ശ്രമത്തിനെതിരെ പാർലമെന്റെിൽ വോട്ടു ചെയ്ത ഇടതുപക്ഷം, പിന്നീട് അധികാര വികേന്ദ്രീകരണത്തിന്റെ വക്താക്കളായി ചമയുന്ന കാഴ്ചയാണ് കണ്ടത്. ഇതിനായി വസ്തുതകളെ മറച്ചു പിടിക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമം നടന്നു. കേരളത്തിൽ അധികാര വികേന്ദ്രീകരണം ശക്തിപ്പെടുന്നതിന് വഴി വെച്ചത് യു.ഡി.എഫ് സർക്കാർ 1994 ൽ കൊണ്ടുവന്ന നിയമമാണ്. എന്നാൽ അതിനെ മറച്ചു വെക്കുന്നതിനും ജനകീയാസൂത്രണം എന്ന പേരിനെ പർവ്വതീകരിക്കാനുമാണ് ഇടതു സർക്കാറും സർക്കാർ സംവിധാനങ്ങളും ഇപ്പോഴും ശ്രമിക്കുന്നത്. രാജീവ് ഗാന്ധിയുടെ പ്യൂപ്പിൾ പ്ലാൻ എന്നത് മലയാളീകരിച്ചാണ് ജനകീയ ആസൂത്രണം എന്ന പേരു പോലും കണ്ടെത്തിയത്. പ്രാദേശികമായുള്ള ആസൂത്രണ പ്രക്രിയയും അതിലെ ജനകീയ പങ്കാളിത്തവും ബജറ്റ് വിഹിതവും ജീവനക്കാരിലുള്ള നിയന്ത്രണാധികാരവുമെല്ലാം നിയമത്തിന്റെ ഭാഗമായി വന്നതാണ്. നിയമം നിലവിൽ വന്നു രണ്ട് വർഷം കഴിഞ്ഞാണ് നായനാർ സർക്കാർ അധികാരത്തിൽ വരുന്നത്.
ഈ സർക്കാർ നിയമത്തിന്റെ ഭാഗമായുള്ള പദ്ധതി നിർവ്വഹണത്തിന് നൽകിയ പേര് മാത്രമാണ് ജനകീയാസൂത്രണം. നിയമ നിർമ്മാണത്തെ തമസ്ക്കരിച്ച് പ്രാദേശിക ഭരണകൂടങ്ങളുടെ ശാക്തീകരണത്തിന് ജനകീയ ആസൂത്രണമാണ് കാരണമായത് എന്ന് വരുത്താനാണ് തുടർന്ന് ഇടതുപക്ഷം ശ്രമിച്ചത്.

കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതിന്റെയും അതിന് ശേഷം ആദ്യ ഭരണസമിതി നിലവിൽ വന്നതിന്റെയും ഇരുപത്തി അഞ്ചാം വാർഷികം മറന്ന സർക്കാർ, ജനകീയാസൂത്രണത്തിന്റെ ഇരുപത്തി അഞ്ചാം വാർ ഷികം വിപുലമായി ആഘോഷിച്ചതിന് പിന്നിലെ താൽപ്പര്യവും വ്യക്തമാണ്.

പിറകോട്ട് നടത്തുന്ന സർക്കാർ നയം
അധികാരവികേന്ദ്രീകരണ പ്രക്രിയ ദുർബലപ്പെടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന് വേണ്ടി സ്വതന്ത്ര ഏജൻസി വിവിധ സംസ്ഥാനങ്ങളിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിലെ സൂചികയിൽ പല മേഖലകളിലും കേരളം പിറകിലാണ്. കർണാടകയെയാണ് മികച്ച പ്രകടനം നടത്തിയ സംസ്ഥാനമായി കണ്ടെത്തിയത്. കാര്യശേഷി വികസനത്തിൽ തെലുങ്കാന ഒന്നാമതെത്തിയപ്പോൾ കേരളത്തിന്റെ സ്ഥാനം 12 ആണ്. ധന വികേന്ദ്രീകരണം, ഉദ്യോഗസ്ഥ പുനർ വിന്യാസം, അധികാര കൈമാറ്റം എന്നിവയിലും കേരളം പിന്നിലായി. സംസ്ഥാന സർക്കാർ സമീപകാലത്ത് സ്വീകരിക്കുന്ന നയങ്ങളാണ് ഇതിനു കാരണം. പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളെ ദുർബലപ്പെടുത്തി അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതൽ സജീവമാണ്. വകുപ്പ് ഓഫീസും കേന്ദ്രീകൃത ആസൂത്രണത്തിന്റെ നടത്തിപ്പ് ഏജൻസിയുമായി തദ്ദേശ സ്ഥാപനങ്ങൾ മാറി. സർക്കാർ രൂപീകരിച്ച വിവിധ മിഷനുകളുടെ പ്രവർത്തനം തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവരുന്ന രീതിയിലാണ്. 70 ശതമാനം ഫണ്ടും ഏതെല്ലാം മേഖലയിൽ ചെലവഴിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. ഏതെല്ലാം പദ്ധതികൾ ഏറ്റെടുക്കണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. അതോടെ പ്രാദേശികാസൂത്രണവും ഗ്രാമസഭകളും പ്രഹസനമായി. മരാമത്ത് പ്രവൃത്തികൾ ജനകീയ കമ്മിറ്റികളിൽ നിന്നും മാറി കരാറുകാർക്ക് മാത്രമായി ചുരുങ്ങി. വിവിധ വകുപ്പുകളിന്മേലുള്ള നിയന്ത്രണാധികാരം അതത് വകുപ്പുകൾ നിയമവിരുദ്ധ ഉത്തരവുകളിലൂടെ തിരിച്ചു പിടിക്കുന്നു. ഭവന പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം, ബാറുകൾക്ക് അനുമതി നൽകാനുള്ള അധികാരം, അതിദരിദ്ര പട്ടിക തയ്യാറാക്കുന്നതിനുള്ള അധികാരങ്ങളെല്ലാം ഗ്രാമസഭകൾക്ക് നഷ്ടമായി. തദ്ദേശസ്ഥാപന അനുമതിയില്ലാതെ സംരംഭം ആരംഭിക്കാനുള്ള അവസരം വ്യവസായ വകുപ്പ് ഒരുക്കി. ഭരണസമിതിക്ക് മുകളിൽ സെക്രട്ടറിക്ക് അധികാരം നൽകുന്ന പല ഉത്തരവുകളും പുറത്ത് വരുന്നു.

അവസാന യു.ഡി.എഫ് സർക്കാർ സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ 23.74 ശതമാനമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നത്. എന്നാൽ 2016 മുതൽ 2024 വരെയുള്ള കാലയളവിൽ അത് 17.94 ശതമാനമായി കുറഞ്ഞു. 2016 വരെ ബജറ്റിൽ പ്രഖ്യാപിക്കുന്ന മുഴുവൻ തുകയും തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്നു. സാമ്പത്തിക വർഷം ചെലവഴിക്കാൻ കഴിയാത്ത തുക പൂർണ്ണമായും അടുത്ത വർഷം അനുവദിച്ചിരുന്നു. ഓരോ വർഷവും ഓരോ തദ്ദേശസ്ഥാപനത്തിനുമുള്ള വിഹിതത്തിൽ 10 ശതമാനം വർദ്ധനവും വരുത്തിയിരുന്നു. എന്നാൽ നിലവിൽ വർദ്ധനവിന് പകരം തുക വെട്ടിക്കുറക്കുകയാണ്. മാർച്ച് 31ന് മുമ്പായി ചെലവഴിക്കാത്ത തുക അടുത്ത വർഷം അനുവദിക്കുന്ന സ്ഥിതിയും ഇല്ലാതായി. വിവിധ രീതിയിൽ ഫണ്ട് തിരിച്ചു പിടിക്കുന്നതും വിവിധ വകുപ്പുകളുടെ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും തദ്ദേശസ്ഥാപനം തുക കൈമാറേണ്ട സ്ഥിതിയുമുണ്ട്. വിവിധ വകുപ്പുകൾ നിർവ്വഹിക്കേണ്ട അങ്കണവാടി ജീവനക്കാരുടെ അധിക വേതനം, സാക്ഷരത പ്രേരക് വേതനം, സാമൂഹ്യ സുരക്ഷാ മിഷൻ സംഭാവന, കോക്ലിയർ ഇംപ്ലാന്റേഷൻ റിപ്പയർ, ഗ്രാമവണ്ടി എന്നിവയ്ക്ക് പുറമെ ജില്ലാ പ്ലാൻ എന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന പദ്ധതികൾക്കും തുക കൈമാറേണ്ടി വരുന്നു. ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നതിനും തസ്തിക രൂപീകരിക്കുന്നതിനും നടപടിയില്ലാത്തതും പ്രതിസന്ധിയാണ്. യു.ഡി.എഫ് സർക്കാർ 1000 ക്ലറിക്കൽ തസ്തികയും അസിസ്റ്റന്റ് സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയും രൂപീകരിച്ചിരുന്നു. സൂപ്പർ ന്യൂമററി തസ്തികയിലുടെയും ജീവനക്കാരെ ലഭ്യമാക്കി. 9 വർഷത്തിനിടെ ഇത്തരം സമീപനമുണ്ടായില്ല. ജനസംഖ്യാ ബാഹുല്യം മൂലം വീർപ്പ് മുട്ടുന്ന നിരവധി ഗ്രാമപഞ്ചായത്തുകളുണ്ട്. ഇവ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന ബാധ്യത നിർവ്വഹിക്കുന്നതിനും രണ്ട് തവണയും സർക്കാർ തയ്യാറായില്ല.പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ വാർഡ് പുന:ക്രമീകരണം തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ തമ്മിലുള്ള ജനസംഖ്യ അന്തരം വർദ്ധിപ്പിച്ചു. ഇതും അധികാര വികേന്ദ്രീകരണത്തെ ദുർബലപ്പെടുത്തുന്ന നടപടികളാണ്.