VOL 04 |
 Flip Pacha Online

നിർമ്മല മനസ്സിനകത്തെ 'ധിക്കാരി'

By: സി.കെ കാസിം

നിർമ്മല മനസ്സിനകത്തെ 'ധിക്കാരി'
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് മോയിൻകുട്ടി സാഹിബ് ഒരിക്കൽ ഒരു കത്ത് കൈമാറി. അതിലെ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു:

“ദയവുചെയ്ത‌്‌ എനിക്ക് ഇനി മത്സരിക്കാൻ സീറ്റ് നൽകരുത്. എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റാത്തതിനാലാണ്. ഇനി എന്നെയൊന്ന് വിശ്രമിക്കാൻ അനുവദിച്ചാലും."

2004-ൽ എന്നാണ് ഓർമ്മ. 90 വയസു കഴിഞ്ഞാലും അധികാരത്തിനു വേണ്ടി ആളുകൾ കടിപിടി കൂടുന്ന കാഴ്‌ചകൾക്കിടയിൽ ഈ കത്ത് ആർക്കുമൊരു അത്ഭുതമാണ്.

ബാപ്പുക്കായി അങ്ങനെയാണ്. ഒരിക്കലും അധികാരം അദ്ദേഹത്തിന്റെ കണ്ണിൽ തിമിരം തീർത്തിട്ടില്ല. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുകയും, നാടിന്റെ വികസനത്തിന് തന്റെ പദവി കൊണ്ട് ആവുന്നത് പ്രവർത്തിക്കുകയും ചെയ്യുക എന്നതുമായിരുന്നു അധികാരം കൊണ്ട് അദ്ദേഹം അർഥമാക്കിയത്. അതിന് ഒട്ടേറെ ഉദാഹരണങ്ങൾ പറയാനുമുണ്ട്.

എം എൽ എ ആയിരുന്നപ്പോൾ എല്ലാ ചൊവ്വാഴ്‌ചകളിലും അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകുമായിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള ചികിത്സാ ധനസഹായത്തിന്റെ അപേക്ഷകൾ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുമായിരുന്നു. അതൊരിക്കലും ഒരു എംഎൽഎ ചെയ്യേണ്ട കാര്യമില്ല. പക്ഷേ താൻ നേരിട്ട് സമർപ്പിക്കുമ്പോൾ അതിന് അർഹമായ പരിഗണന ലഭിക്കുമെന്നും, പരമാവധി തുക സാധുക്കൾക്ക് ലഭ്യമാകുമെന്നുമുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്‌തിരുന്നത്.
നിർമ്മലമായ ഹൃദയത്തിനുള്ളിൽ ആരെയും കൂസാത്ത, ധിക്കാരിയായ, ഒരു മോയിൻ കുട്ടിയെ അദ്ദേഹം സൂക്ഷിച്ചു പോന്നിരുന്നു. ഏത് ഉയർന്ന ഉദ്യോഗസ്ഥരോടും ന്യായത്തിനു വേണ്ടി ഏതറ്റം വരെ തർക്കിക്കാനും അദ്ദേഹത്തിന് ഒട്ടും മടിയും പേടിയും ഇല്ലായിരുന്നു. കൃത്യവിലോപം കാണിക്കുന്ന മന്ത്രിമാരോട് പോലും അദ്ദേഹം തട്ടിക്കയറുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് പ്രതിപക്ഷമാണെന്നോ ഭരണപക്ഷമാണെന്നോ അദ്ദേഹം നോക്കാറില്ല.

"എന്റെ ചെലാംപോയിലേക്ക് കൊണ്ടുപോകാൻ അല്ല ഞാൻ ഇത് ചോദിക്കുന്നത്. നാട്ടിനും നാട്ടുകാർക്കും വേണ്ടിയാണ്.''

അദ്ദേഹം ഇങ്ങനെ ആക്രോശിക്കുന്നത് എത്രയോ തവണ ഞങ്ങൾ കേട്ടിരിക്കുന്നു.

എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക അദ്ദേഹം ചെലവഴിച്ചത് ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിന് വേണ്ടിയാണ്. മലയോര മേഖലയിൽ സ്‌കൂളുകളും കമ്മ്യൂണിറ്റി ഹാളുക‌ളും ഹെൽത്ത് സെന്ററുകളും കൊണ്ടുവരുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടും. സൗകര്യങ്ങളൊരുക്കിക്കൊടുത്തശേഷം നിലവാരമുള്ള സർവീസ് അവരിൽ നിന്നും ആവശ്യപ്പെടുന്നതാണ് ന്യായം എന്നാണ് മോയിൻകുട്ടി സാഹിബ് പറയാറ്. ചുവരില്ലാതെ ചിത്രമെഴുതാൻ കഴിയില്ലല്ലോ!

പല നേതാക്കളെയും പോലെ: "നീ നടന്നോ ഞാൻ അവിടെ എത്തിക്കോളാം" എന്ന് പറയുന്ന മനോഭാവം ആയിരുന്നില്ല അദ്ദേഹത്തിന്റെത്. ആദ്യം അദ്ദേഹം നടക്കും; എന്നിട്ട് അണികളെ കൂടെ കൂട്ടും. പിന്നിൽനിന്ന് ആഹ്വാനം ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിന് തീരെ ഇഷ്ടമില്ലായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഏറ്റെടുത്താൽ അത് പൂർത്തിയാകുന്നതുവരെ ഫോളോ അപ് ചെയ്‌തു കൊണ്ടേയിരിക്കും. ഒരേസമയം മൂന്നോ നാലോ പ്രൊജക്റ്റുകൾ ഉണ്ടെങ്കിലും എല്ലാത്തിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരിക്കും.

എം എൽ എ ആയിരുന്ന സമയത്ത് വയനാട് ചുരം പാത പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. അദ്ദേഹം നിയമസഭയിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെ മറുപടി നൽകി. രണ്ടുമാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു സർക്കാർ പദ്ധതി. അതിനുവേണ്ടി രണ്ടുമാസം ചുരം അടച്ചിടണം. യാത്രക്കാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണിത്. 30 കോടിയാണ് പദ്ധതിക്കുവേണ്ടി മാറ്റി വെച്ചിരുന്നത്. ബാപ്പുക്കായി ഒരു കോൺട്രാക്ടറെ പോലെ എല്ലാ ആഴ്‌ചയും അവിടെ എത്തി പണിയുടെ പുരോഗതി പരിശോധിക്കുകയായിരുന്നു. ഓരോ ചെറിയ പിഴവുകളും ചൂണ്ടിക്കാണിച്ചാണ് തിരിച്ചു പോന്നിരുന്നത്. അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമം കൊണ്ട് ആ പ്രവർത്തികൾ തീർക്കാൻ 28 ദിവസങ്ങളെ വേണ്ടി വന്നുള്ളൂ!

വർഷങ്ങൾ കഴിഞ്ഞ് റോഡിന്റെ മെയിൻ്റനൻസ് പണികൾ ഒന്നും എടുക്കാതെ ചുരം വീണ്ടും പൊട്ടിപ്പൊളിഞ്ഞു. എംഎൽഎ അല്ലാതിരുന്നിട്ടും അദ്ദേഹം റോഡിന്റെ സംരക്ഷണത്തിനു വേണ്ടി ഉപവാസമിരുന്നു. ബാപ്പുക്കായിക്ക് പ്രവർത്തിക്കുവാൻ അധികാരത്തിന്റെ ചെങ്കോലും കിരീടവും ആവശ്യമില്ലായിരുന്നു.

അങ്ങനെ എത്ര ഉദാഹരണങ്ങൾ ഉണ്ട്. കറകളഞ്ഞ ഒരു ജനകീയ നായകനെയാണ് മലയോര മേഖലയ്ക്ക് നഷ്ടമായത്. ആ പാത പിന്തുടരുവാൻ ഇനി ആരെങ്കിലും വരുമോ? കാത്തിരിക്കാം, നമുക്ക്.