VOL 04 |
 Flip Pacha Online

ജവഹർലാൽ നെഹ്റു; ഇന്ത്യയെ കണ്ടെത്തിയ യുഗപ്രഭാവൻ

By: യു.കെ.എം. അബ്ദുൽ ഗഫൂർ

ജവഹർലാൽ നെഹ്റു;  ഇന്ത്യയെ കണ്ടെത്തിയ യുഗപ്രഭാവൻ
(നവംബർ 14 പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനം)

നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും പ്രഥമ പ്രധാനമന്ത്രിയും നവഭാരതശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (1889-1964) ഭാരതീയപൈതൃകത്തിന്റെ അനിഷേധ്യപാരമ്പര്യത്താൽ രൂപപ്പെടുത്തപ്പെട്ട മഹനീയവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലെ ഇന്ത്യാചരിത്രത്തിൽ സവിശേഷസ്ഥാനമുള്ള നേതാവായിരുന്നു അദ്ദേഹം. ഒരു ആധുനികരാഷ്ട്രമായി ഇന്ത്യയെ വളർത്തിവികസിപ്പിച്ചെടുക്കാൻ ഒരു ഭരണാധികാരിയെന്ന നിലയിൽ നെഹ്റു ശക്തമായിത്തന്നെ അടിത്തറയിട്ടു.

പണ്ഡിറ്റ് നെഹ്റുവിന്റെ കൃതികളിലും കത്തുകളിലും പ്രസംഗങ്ങളിലും പലയിടത്തും ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചാരപ്പെടലുകൾ കാണാനാകും.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്തിനുവേണ്ടിയായിരുന്നുവെന്ന് സ്വാതന്ത്യലബ്ദിയുടെ ഒരു പതിറ്റാണ്ടുമുമ്പ് ജവഹർലാൽ നെഹ്റു ഇങ്ങിനെ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു : "വെളുത്ത യജമാനൻമാരെ മാറ്റി പകരം തവിട്ടുനിറത്തിലുള്ള യജമാനൻമാരെ പ്രതിഷ്ടിക്കുകയല്ല നമുക്കുവേണ്ടത്. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന യഥാർത്ഥ ജനകീയഭരണമാണുണ്ടാകേണ്ടത്. നമ്മുടെ കഷ്ടപ്പാടിനും വറുതിക്കും ഒരറുതിയുണ്ടാകണം". സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകുമ്പോൾത്തന്നെ സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണമെന്നതിന്റെ വ്യക്തമായ ഒരു രൂപരേഖ നെഹ്റുവിന്റെ മനസ്സിൽ രൂപപ്പെട്ടിരുന്നുവെന്നർത്ഥം. ഇന്ത്യയുടെ ചിരപുരാതനമായ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊണ്ടിരുന്ന ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാളായിരുന്നു. എങ്കിലും ഭാവിയുടെ ആസൂത്രണവുമായി ബന്ധപ്പെടുത്തിയല്ലാതെ ഇന്ത്യയുടെ ഭൂതകാലത്തെ കാണുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ഇന്ത്യയുടെ പുരോഗതി ഭൂതകാലത്തെപ്പറ്റി മാത്രം അഭിമാനം കൊള്ളുന്നതിലോ അതിനെതിരായി പ്രതിഷേധിക്കുന്നതിലോ അല്ലെന്നും പഴയതിനെ പുതിയതുമായി സമന്വയിപ്പിക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ ശക്തിയിൽ നെഹ്റു ശക്തമായി വിശ്വസിച്ചിരുന്നു. ജനലക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ഇന്ത്യക്കു മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും അവരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയെന്നതായിരിക്കണം സ്വതന്ത്ര്യഭാരതത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം സമർത്ഥിച്ചു. പുരാതനകാലത്തെന്ന പോലെ ആധുനികകാലത്തും ഇന്ത്യയുടെ ശക്തി നാനാത്വത്തിലെ ഏകത്വത്തിലാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ലോകസമാധാനം എന്ന ആശയം സ്വാതന്ത്ര്യം എന്ന തത്വത്തിലധിഷ്ടിതമാണെന്നു വിശ്വസിച്ച അദ്ദേഹം ജനതയുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാമെന്നുള്ള സാമ്രാജ്യത്വശക്തികളുടെ ചിന്തയെ വിമർശിക്കുകയും ചെയ്തു.

ഇന്ത്യയിൽ വർഗ്ഗീയത വളർത്തിയത് യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരാണെന്നും പാക്കിസ്ഥാനെന്ന ഒരു പ്രത്യേക രാഷ്ട്രത്തിനു വേണ്ടിയുള്ള ശ്രമം അതിന്റെ ഫലമായിരുന്നുവെന്നും ജവഹർലാൽ നെഹ്റു വിലയിരുത്തി. പല വർഗ്ഗീയകലാപങ്ങളുടെയും മൂലകാരണം സാമ്പത്തികമാണെന്നും മതപരമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചത് തികച്ചും വസ്തുതാപരമായിരുന്നു. പിൽക്കാലത്തെ പല ചരിത്രപഠനങ്ങളും നെഹ്രുവിന്റെ അഭിപ്രായങ്ങളെ ശരിവെക്കുന്നതായിരുന്നു.

നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' (The Discovery of India) എന്ന കൃതിയുടെ ഉള്ളടക്കം പ്രത്യേകം എടുത്തുപറയേണ്ടതാണ്. തന്റെ ജനതയുടെ ചരിത്രം കണ്ടെത്തി ഭാവിയിൽ ആ ജനത എന്തായിരിക്കണമെന്നതിനു ഊന്നൽ നൽകുകയും അവരുടെ ഭാഗധേയത്തെ രൂപപ്പെടുത്താൻ ശ്രമിക്കുകയുമാണദ്ദേഹം ആ കൃതിയിൽ ചെയ്തത്. കഴിഞ്ഞകാലത്തെപ്പറ്റി ഒരു അക്കാദമിക ചരിത്രകാരനെപ്പോലെ എഴുതാനുള്ള പരിശീലനം സിദ്ധിച്ച ഒരാളല്ലാതിരുന്നിട്ടും ഇന്ത്യ എന്താണെന്നു കണ്ടെത്താനും തന്റെ പൈതൃകമെന്താണെന്നു മനസ്സിലാക്കാനും രാഷ്ട്രസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഘട്ടത്തിലും അദ്ദേഹം നടത്തിയ മഹത്തായ ആ പരിശ്രമം ശ്ലാഘനീയമായ ഒന്നാണ്.

1942-ലെ പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ സമരത്തെത്തുടർന്ന് മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവുമുൾപ്പെടെയുള്ള മുൻനിരനേതാക്കളെല്ലാം തടവിലായിരുന്നു. ഇന്നത്തെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ കോട്ടയിലെ തന്റെ തടവുകാലത്താണ് 1944-45ൽ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന വിഖ്യാതമായ ഗ്രന്ഥം നെഹ്രു എഴുതിയത്. സ്വന്തം മാതൃഭൂമിയുടെ ആത്മാവ് കണ്ടെത്തുവാനുള്ള ഒരു തീർത്ഥയാത്രയായിരുന്നു അത്. ഇന്ത്യയുടെ പ്രാചീനവും സമകാലികവുമായ യാഥാർത്ഥ്യങ്ങളിലേക്കും അക്കാലത്തെ സംഭവങ്ങളിലേക്കും നെഹ്റു നടത്തിയ ആ യാത്ര ഒരു ചരിത്രരചന മാത്രമായിരുന്നില്ല, കാവ്യഭംഗി നിറഞ്ഞ ഒരു സാഹിത്യസൃഷ്ടി കൂടിയായിരുന്നു അത്.

ഇന്ത്യയുടെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം, മതം, തത്വചിന്ത തുടങ്ങിയവയെല്ലാമാണ് ആ കൃതിയുടെ ഉള്ളടക്കം. സിന്ധുനദീതടസംസ്കാരകാലം മുതൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഏതാണ്ട് അവസാനകാലം വരെയുള്ള ഇന്ത്യാചരിത്രം അതിൽ പ്രതിപാദിക്കുന്നു. സ്വാതത്ര്യത്തിനു വേണ്ടി പോരാടുന്ന ഒരു ഇന്ത്യക്കാരന്റെ കാഴ്ച്ചപ്പാടിലും വീക്ഷണത്തിലുമുള്ള ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമാണ് അതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് കാണാം. നെഹ്റുവിലെ ദേശാഭിമാനിയെയും മതേതരവാദിയെയും അതിൽ എമ്പാടും ദർശിക്കാനാകും.

താൻ ജീവിച്ച കാലത്തെയും ഇന്ത്യയുടെ ദേശീയപ്രസ്ഥാനചരിത്രത്തെയും കൂടി രേഖപ്പെടുത്തിയതോടൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ആസൂത്രണവും വികാസവും സംബന്ധിച്ച രൂപരേഖകളും നെഹ്റു തന്റെ കൃതിയിൽ വരച്ചുകാണിച്ചിട്ടുണ്ട്. ഫ്യൂഡൽ വ്യവസ്ഥ അവസാനിപ്പിക്കാതെ ഇന്ത്യയിലെ കർഷകരുടെയും ദരിദ്രനാരായണൻമാരുടെ മോചനം സാധ്യമല്ലെന്ന് അദ്ദേഹം സമർത്ഥിച്ചു. ഇന്ത്യൻ ജനതയുടെ ജീവിതത്തെ വളരെ സങ്കീർണ്ണമാക്കുകയും ജനങ്ങളെ വിഭജിച്ചുനിർത്തുകയും ചെയ്ത ജാതിസങ്കൽപ്പത്തെ അദ്ദേഹം വളരെ അപകടകരമായിക്കണ്ടു.

തന്റെ രാഷ്ട്രത്തിന്റെ സ്വന്തം ദേശീയതയെ സാർവ്വദേശീയതയുമായി എങ്ങനെ ബന്ധപ്പെടുത്താമെന്നു 'The Discovery of India'-യിൽ ജവഹർലാൽ നെഹ്രു ചിന്തിക്കുന്നു. ഇന്ത്യയുടെ പ്രാചീനകാലവും വിദേശബന്ധങ്ങളും ഇന്ത്യൻ സംസ്കാരത്തിന്റെ വികാസപരിണാമവും സാർവ്വദേശീയമായ വീക്ഷണത്തോടെ നെഹ്റു സവിസ്തരം പ്രതിപാദിക്കുന്നു. സാർവ്വദേശീയതയുടെ പശ്ചാതലത്തിൽ ഇന്ത്യൻ ദേശീയതയെ വിശകലനം ചെയ്യുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയുടെ പുരാതനസംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതോടൊപ്പം ലോകത്തിലെ മറ്റു ജനതകളുമായി സഹവർത്തിക്കാനും അവരോട് താദാത്മ്യം പ്രാപിക്കാനും അദ്ദേഹം ഇന്ത്യക്കാരോട് ആഹ്വാനം ചെയ്യുന്നു. ദേശീയതയെയും സാർവ്വദേശീയതയെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ആധുനിക ഇന്ത്യ എന്തായിരിക്കണമെന്ന് പറയാൻ ശ്രമിക്കുകയാണദ്ദേഹം ചെയ്തത്.

1947 ഓഗസ്റ്റ് 14-ന് സ്വാതന്ത്ര്യലബ്ദിയുടെ അർദ്ധരാത്രിയിൽ ഭരണഘടനാനിർമ്മാണസഭയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ രാജ്യത്തിന്റെ ഭാസുരഭാവിയിലേക്ക് വിരൽച്ചൂണ്ടിക്കൊണ്ട് ജവഹർലാൽ നെഹ്രു പറഞ്ഞ ചില വരികൾ ഇങ്ങനെയായിരുന്നു; "ചരിത്രത്തിന്റെ പുലരിയിൽ ഇന്ത്യ അവളുടെ അനന്തമായ അന്വേഷണം ആരംഭിച്ചു. എണ്ണമറ്റ ശതാബ്ദങ്ങൾ അവളുടെ പ്രയത്നവും വിജയത്തിന്റെ ഗാംഭീര്യവും പരാജയങ്ങളും കൊണ്ടുനിറഞ്ഞു. ഭാഗ്യത്തിലും നിർഭാഗ്യത്തിലും അവൾ ഒരുപോലെ ആ അന്വേഷണദൃഷ്ടി നഷ്ടപ്പെടുത്തുകയോ അവൾക്ക് ശക്തിപകർന്ന ആദർശങ്ങൾ വിസ്മരിക്കുകയോ ചെയ്തില്ല. ദൗർഭാഗ്യങ്ങളുടെ ഒരു കാലഘട്ടത്തിന് നാമിന്ന് വിരാമമിടുകയും ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുകയും ചെയ്യുകയാണ്. ഇന്ന് നാം ആഘോഷിക്കുന്ന ഈ നേട്ടം നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള ഒരു കാൽവെപ്പും അവസരങ്ങളുടെ പ്രാരംഭവുമാണ്. ഈ അവസരത്തെ മനസ്സിലാക്കാനും ഭാവിയുടെ വെല്ലുവിളികളെ സ്വീകരിക്കാനും മാത്രം ധൈര്യശാലികളും ബുദ്ധിശാലികളുമാണോ നാം?"

".... ഇത് നിസ്സാരവും വിനാശകരവുമായ വിമർശനത്തിനുള്ള സമയമല്ല, ദുഷ്ടചിന്തക്കും മറ്റുള്ളവരെ കുറ്റപ്പെടുത്താനുമുള്ള സമയവുമല്ല. എല്ലാ സന്താനങ്ങൾക്കും പാർക്കുവാൻ കഴിയുന്ന സ്വതന്ത്രഇന്ത്യയുടെ അന്തസ്സുറ്റ ഭവനം നമുക്ക് നിർമ്മിക്കേണ്ടതുണ്ട്."
'Tryst with Destiny' എന്ന പേരിൽ പ്രസിദ്ധമായ ആ ഇംഗ്ലിഷ് പ്രസംഗത്തിലെ ഓരോ വാക്കുകളും വരികളും അതുല്യവും അസാധാരണവുമായിരുന്നു. അപൂർവ്വവും അസുലഭവുമായ പ്രസ്തുത മുഹൂർത്തത്തിൽ പ്രതിഭയുടെ ഏതോ ആകാശത്തുനിന്നായിരിക്കണം നക്ഷത്രങ്ങളെപ്പോലെ ആ വാക്കുകൾ നെഹ്റുവിന്റെ മനസ്സിലേക്ക് വന്നുവീണത്.

ഒരു പുതിയ സ്വതന്ത്രരാജ്യമായ ഇന്ത്യയുടെ ഭരണാധികാരിയായിരുന്നിട്ടും തന്റെ കാലഘട്ടത്തിലെ ലോകരാഷ്ട്രനേതാക്കളുടെ പ്രഥമശ്രേണിയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടുതന്നെ പണ്ഡിറ്റ് നെഹ്റു ഉയർന്നത് ഇന്ത്യയുടെ വലിപ്പത്തോടൊപ്പം അദ്ദേഹത്തിന്റെ പ്രതിഭാവിലാസവും വ്യക്തിപ്രഭാവവും കൊണ്ടുകൂടിയായിരുന്നു.

പാർലമെന്റെറി ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, മാനവികതാവാദം മുതലായ അടിസ്ഥാന ആശയങ്ങളെ ഉയർത്തിപ്പിടിക്കുകയും ആസൂത്രണം, വ്യവസായം, ഉന്നതവിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്രസാങ്കേതികവിദ്യ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത്, ഒരു ആധുനികരാഷ്ട്രമായി മാറാൻ ഇന്ത്യക്ക് ശക്തമായ അടിത്തറപാകിയത് നഹ്റുവായിരുന്നു.

യുഗപ്രഭാവനായ നെഹ്രുവിന്റെ കാഴ്ച്ചപ്പാടുകളോടും ദീർഘദർശനങ്ങളോടും ഇന്ത്യക്കാരായ നാം എന്നും കടപ്പെട്ടിരിക്കുന്നു.