VOL 04 |
 Flip Pacha Online

ഒരു രാത്രി: മൂന്ന് ഗ്രാമങ്ങൾ . ഷെറീഫ് കാവലാട്

By: എമി ഷറഫലി

 ഒരു രാത്രി: മൂന്ന് ഗ്രാമങ്ങൾ  . ഷെറീഫ് കാവലാട്
ഒരു രാത്രി കൊണ്ട് അടയാളങ്ങൾ പോലും ബാക്കിയാക്കാതെ മരണം കടന്ന് വന്ന ഉരുൾ വഴിയുടെ കഥ വരും തലമുറയുടെ വായനാ ഹൃദയത്തിൽ വരയ്ക്കാൻ ശ്രമിച്ചിരിക്കുകയാണ് 'ഒരു രാത്രി - മൂന്ന് ഗ്രാമങ്ങളി'ലൂടെ...


ഒരു വർഷത്തിനിപ്പുറം ഉരുൾ കടന്ന മുറിപ്പാടുകളിൽ പ്രകൃതി പുൽപടർപ്പുകൾ കൊണ്ട് പച്ചപ്പ് തീർക്കുന്നുണ്ട്. പ്രകൃതി തന്റെ മുറിവിന് പതുക്കെ മരുന്നു പുരട്ടിത്തുടങ്ങിയെന്ന്. എന്നാൽ ഇനിയുമുണങ്ങാൻ വർഷങ്ങളേറെയെടുക്കുന്ന ഉറ്റവർ നഷ്ടപ്പെട്ട മലയാളികളുടെ നെഞ്ചിലെ വലിയ കീറിനെ ഇനിയുമിനിയും വേദനിപ്പിക്കാതെ പതിയെ തൊട്ട്, പത്ത് അൻപതു വർഷങ്ങൾ കൊണ്ട് കാട് മൂടിപ്പോകാവുന്ന ഒരു ജനവാസ മേഖലയെ അക്ഷരങ്ങൾ കൊണ്ട് പുനർനിർമ്മിച്ചിരിക്കുകയാണ് ഈ കൃതി.

2024 ജൂലൈ 30 ന് മലയാളിയുടെ ചരിത്രത്തിലൊരു മുറിവ് തീർത്ത മഹാദുരന്തത്തിന്റെ കണക്കുകളോ ഭൗതിക നഷ്ടങ്ങളോ രചയിതാവ് പറയുന്നില്ല. അതിലുപരി അവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ കുളിരു തുന്നിയ സ്വപ്നക്കുപ്പായങ്ങളുടെ, സ്നേഹം കൊണ്ട് ഇഴയടുപ്പം തീർത്ത നനവുള്ള ബന്ധങ്ങളുടെ വർണ്ണങ്ങളെ കുറിച്ച് പച്ചപ്പിനെ കുറിച്ച് വായനാമനസുകളിലേക്ക് പകർത്തിയെഴുതാൻ ചൂരൽമല ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായ അപ്പുമാഷിനെ(വെള്ളരിമല GVHSS ഉണ്ണികൃഷ്ണൻ മാഷിനെ ഓർമ്മ വന്നു) ഉപയോഗപ്പെടുത്തിയ വൈകാരികതലം പ്രശംസനീയമാണ്. ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവരുടെ കണ്ണീരുപ്പി ന്റെ നനവ് യൂനുസ് മാഷിന്റെ കൈവിരലിലണിഞ്ഞ ഒരൊറ്റ മോതിരത്തിലൂടെ പ്രതീകവത്ക്കരിച്ചപ്പോൾ വായനക്കാരന്റെ മനസ്സിന്റെ താളത്തിന് കണ്ണീർ നനവ് കൂട്ടിനുണ്ടായിരുന്നു. ഭാസ്കരൻ ചേട്ടനിലൂടെ, വഴി തർക്കത്തിലൂടെ ശുക്കൂറിലൂടെ ഷഹനയിലൂടെ തീർച്ചയായും വായനാ ഹൃദയങ്ങളിലൊരു തവണ കൂടി ഉരുളോർമ്മകൾ അടിഞ്ഞുകൂടിയിട്ടുണ്ടാവും. വയനാടിന്റെ ഹൃദയം പിളർത്തി കുറുകെയൊരു കീറ് തീർത്ത് പ്രകൃതിയുടെ കലി തീർത്തടയാളപ്പെട്ടു പോയ മൂന്ന് ഗ്രാമങ്ങളെ,... മണ്ണിൽ പുതഞ്ഞമർന്ന് പോയ മനുഷ്യരെ... കാലങ്ങൾക്കപ്പുറമൊരു തലമുറയ്ക്ക് വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രമാകാതെ പാഠപുസ്തകങ്ങൾ പോലെ ഉപയോഗപ്രദമാകുന്ന രചന. ചൂരൽമലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ജീവിതരീതി, സംസ്കാരം എന്നിവ രചനയിൽ ഉൾപെടുത്തിയത് കൊണ്ട് തന്നെ ഒരു പ്രാദേശിക ചരിത്രരേഖയായി ഈ രചനയെ കണക്കാക്കപ്പെടാനും സാധ്യതയേറെയാണ്.

പ്രിയപ്പെട്ടവരെ ഇനിയും കാത്തിരിക്കുന്നവരുടെ നിസ്സഹായത കമ്മ്യൂണിറ്റി ഹാളിലൂടെ എഴുതി വെച്ചപ്പോൾ ദുരന്തത്തിന്റെ ഇരകളുടെയും, രാജമ്മയെയും കുഞ്ഞിനേയും പകർത്തി വെച്ചപ്പോൾ അതിജീവിതരുടെയും രക്ഷപ്രവർത്തകരുടെയും അനുഭവങ്ങൾ വായിക്കുന്നത് വായനക്കാരിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സഹായിക്കും. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത തിരിച്ചടികളെ നേരിടാനുള്ള മനോബലവും പ്രതീക്ഷയും നൽകും. പ്രകൃതിയുടെ ശക്തിക്കും മനുഷ്യന്റെ നിസ്സഹായതയ്ക്കും മുന്നിൽ നമ്മളെത്രയോ ചെറുതാണെന്ന് ബോധ്യപ്പെടാൻ സഹായിക്കുന്ന ലളിതമായ എഴുത്ത്.

ഉരുൾപൊട്ടലിന് മുൻപുള്ള അവസ്ഥ, ദുരന്ത സമയത്തെ ഭീകരത രക്ഷാപ്രവർത്തനങ്ങളുടെ കാഠിന്യം അതിജീവനത്തിനുള്ള കൂട്ടായ്മ എന്നിവ കൂടുതൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറെ കൂടി ഉരുളിന്റെ ഉള്ളകങ്ങളിലേക്ക് വായനക്കാരനെ കൊണ്ട് പോകാൻ കഴിഞ്ഞേനെ എന്ന ഒരു ചെറിയ നിർദ്ദേശം രചയിതാവിന് മുൻപിലേക്ക് നീക്കി വെച്ച് കൊണ്ട്, ഈ വൈകാരികാക്ഷരങ്ങൾ വായനക്കാരിലേക്ക് ചേർത്ത് വെച്ചതിന് ഏറെ നന്ദിയോടെ.