VOL 04 |
 Flip Pacha Online

രാജ്യമേറെ മാറിയിരിക്കുന്നു

By: കമർ സമാൻ തിരുവത്ര

രാജ്യമേറെ  മാറിയിരിക്കുന്നു
ഗാന്ധിജിയില്ല, അംബേദ്‌കറില്ല
സുഭാഷ് ചന്ദ്രബോസില്ല, ഭഗത് സിങ്ങില്ല, ആസാദില്ല,
എല്ലാവരുമുണ്ടായിരുന്നൊരു കാലമുണ്ടായിരുന്നുതാനും
ഓർമകളിലും, പാഠപുസ്തകങ്ങളിലും
ഇന്നെല്ലാം കുഴിച്ചിടപ്പെടുന്നു.
രാജ്യമേറെ മാറിയിരിക്കുന്നു.

വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമെന്ന് പുകൾ പാടുന്ന നാം
വൈവിധ്യങ്ങളിലെല്ലാം തുരങ്കപാത കാട് തുളച്ചു വരുന്നു.

ഭാഷ, സംസ്ക്കാരം, ജാതി മതം എല്ലാറ്റിലും ചിതലരിക്കുന്നു.
കണ്ണുകളിലെ പീലികളിൽ പോലും അസഹിഷ്ണുതയുടെ
പീളപറ്റിപ്പിടിച്ചു നിൽക്കുന്നു.

തെരുവീഥികളിലെ വിളക്കുകൾ രാവെന്നോ പകലില്ലാതെ
ഇരുട്ടിനെ മറികടക്കാൻ പ്രയത്നിക്കുന്നു.
എന്തോ? രാജ്യമേറെ മാറിയിരിക്കുന്നു.

നിറങ്ങളിലെ കലർപ്പ് ഹൃദയത്തേയും ബാധിച്ചിരിക്കുന്നു.
സ്വജീവനിൽ കൊതിയുള്ളവർ കുടിലിലെ അടുപ്പിൽ
ഒരു മണി വറ്റിൽ ജീവൻ നിലനിർത്തുന്നു.

നാനാത്വത്തിൽ ഏകത്വമെന്ന് വിഭാവനം ചെയ്യുന്ന
ഭരണഘടനയിൽ വിഘാതം സംഭവിച്ചിരിക്കുന്നു.

രാജ്യമേറെ മാറിയിരിക്കുന്നു.
ജനാധിപത്യത്തിന്റെ മരണ മണി മുഴങ്ങുന്നതോ?
അതോ രാജ്യം കശാപ്പ് ചെയ്യപ്പെടുന്നുവോ?