VOL 06 |
 Flip Pacha Online

‌പ്രതിസന്ധിയിലായ അധികാര വികേന്ദ്രീകരണം

By: ഡോ. പി.പി. ബാലൻ

‌പ്രതിസന്ധിയിലായ അധികാര വികേന്ദ്രീകരണം
1992-ൽ നരസിംഹറാവു ഗവൺമെന്റ് കൊണ്ടുവന്ന 73, 74 ഭരണഘടനാഭേദഗതികൾ രാജ്യത്താകമാനം പ്രാദേശിക ഭരണരംഗത്ത് വലിയ മാറ്റങ്ങൾക്ക് കളമൊരുക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം സംസ്ഥാന വിഷയമായതുകൊണ്ട് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണ് ഈ രംഗത്ത് മുൻനിരയിൽ നിന്ന് പ്രവർത്തിക്കേണ്ടത്. കേരളം പോലുള്ള സംസ്ഥാനങ്ങൾ അധികാരവികേന്ദ്രീകരണത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് മാതൃകാപരമായ പല പ്രവർത്തനങ്ങളും നടത്തിയിരുന്നതായി കാണാം. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1994 ഏപ്രിൽ 23 നും 24 നും രാവും പകലും നിയമസഭ ചേർന്നുകൊണ്ടാണ് കേരളാ പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങൾ പാസ്സാക്കിയത്. 1995 ൽ എ.കെ.ആന്റണി ഗവൺമെന്റ് ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഉപാധിരഹിത ഫണ്ട് നൽകിയും ഉദ്യോഗസ്ഥ പുനർവിന്യാസം നടത്തിയും കൂടുതൽ അധികാരം താഴേത്തട്ടിലേക്ക് നൽകിയും ഈ രംഗത്ത് ധീരമായ ചുവടുവയ്പ്പ് നടത്തിയിരുന്നു. തുടർന്ന് ഇ.കെ.നായനാർ ഗവൺമെന്റ് 1996-ൽ ജനകീയാസൂത്രണം ആരംഭിച്ചു. ഇന്ത്യയിലെ പഞ്ചവൽസര പദ്ധതികളുടെ ഉപജ്ഞാതാവായ ജവഹർലാൽ നെഹ്റു നിയമിച്ച ബെൽവന്ത് റാവു മേത്ത കമ്മിറ്റി രൂപം നൽകിയ ജനകീയ പദ്ധതിയുടെ വകഭേദമായിമാത്രമേ ഇതിനെ കാണാൻ കഴിയൂ. പിൽക്കാലത്ത് ജനകീയാസൂത്രണം പാർട്ടിക്ക് വേണ്ടിയുള്ള ആസൂത്രണമായി തരംതാണു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കുമേൽ വിവിധ കമ്മിറ്റികളെ പ്രതിഷ്ഠിച്ച് ഭരണം നടത്തിയതിനെ അന്നത്തെ ഘടകകക്ഷിയായ സിപിഐ തന്നെ വിമർശിച്ച കാര്യം നമുക്ക് വിസ്മരിച്ചുകൂടാ. 2001-ൽ അധികാരത്തിൽ വന്ന യുഡിഎഫ് ഗവർമെന്റാണ് ജനകീയാസൂത്രണത്തിലെ പോരായ്മകൾ പരിഹരിച്ച് കേരളവികസന പദ്ധതിക്ക് രൂപം നൽകിയത്. 2011-ൽ വീണ്ടും അധികാരത്തിലെത്തിയ യുഡിഎഫ് അധികാരം ജനങ്ങളിലേക്കെത്തിക്കുന്നത് സൂക്ഷ്മതല ജനാധിപത്യവേദികൾക്ക് രൂപം നൽകുകയുണ്ടായി.

എല്ലാം തന്നിൽ കേന്ദ്രീകരിക്കുക എന്ന സമീപനത്തോടെ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളത്. കേന്ദ്രത്തിൽ യുപിഎ ഗവൺമെന്റ് രൂപം നൽകിയ പഞ്ചായത്തീരാജ് മന്ത്രാലയം തന്നെ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കേവലം 1183.61 കോടി രൂപ മാത്രമാണ് 24-25 വർഷക്കാലം മന്ത്രാലയത്തിന്റെ ബജറ്റ്. കേരളത്തിൽ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജനകീയാസൂത്രണം പ്രതിസന്ധി നേരിടുകയാണ്. "പിരിഞ്ഞപാലുപോലെയായി' എന്നാണ് ജനകീയാസൂത്രണത്തെപ്പറ്റി കേരളത്തിലെ മാക്സിസ്റ്റ് സൈദ്ധാന്തികൻ തന്നെ പരാമർശിച്ചിട്ടുള്ളത്. എൽ.ഡി.എഫ് ഗവൺമെന്റ് കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരം ഒന്നൊന്നായി കവർന്നെടുക്കുകയാണ്. കൃത്യമായി വിഹിതം നൽകാതെയും, പ്ലാൻവിഹിതം വെട്ടിക്കുറച്ചും, നിർബന്ധിത വകയിരുത്തൽ നടപ്പിലാക്കിയും, ഉദ്യോഗസ്ഥകേന്ദ്രീകൃത പ്രവർത്തനം നടപ്പിലാക്കിയും അധികാര വികേന്ദ്രീകരണത്തിന്റെ അസ്ഥിവാരമിളക്കിയിരിക്കുകയാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേവലം നിർവഹണ ഏജൻസികളായി ചുരുങ്ങിപ്പോയിരിക്കുന്നു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല.

കുറയ്ക്കുന്ന പ്ലാൻ വിഹിതം
ജനകീയാസൂത്രണത്തിന്റെ പ്രാരംഭകാലത്ത് പദ്ധതി വിഹിതത്തിന്റെ 35-40 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറണമെന്നാണ് കൊട്ടിഘോഷിച്ചിരുന്നത്. എന്നാൽ അതിന്റെ അടുത്തെങ്ങും എത്താത്ത വിധത്തിലാണ് ഓരോ വർഷവും തുക വകയിരുത്തുന്നത്. കേന്ദ്രധനകാര്യ കമ്മീഷൻ ഗ്രാന്റ് കുറച്ചുകഴിഞ്ഞാൽ കേവലം 18 ശതമാനത്തിൽ താഴെ മാത്രമാണ് എൽഡിഎഫ് ഗവർമെന്റ് നൽകിയ ഏറ്റവും കൂടിയ വിഹിതം. അത് യുഡിഎഫിന്റെ കാലത്ത് 21 ശതമാനത്തിനും മുകളിലെത്തിയിരുന്നു. പ്ലാൻ വിഹിതം ഘട്ടംഘട്ടമായി 30 ശതമാനമായി ഉയർത്തുമെന്ന ആറാം ധനകാര്യകമ്മീഷന്റെ ശുപാർശ നടപ്പിലാക്കുമെന്ന് വകുപ്പുമന്ത്രി പ്രസ്താവിച്ചെങ്കിലും അതിന് വിപരീതമായി പദ്ധതിവിഹിതം കുറച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. യുഡിഎഫ് ഗവർമെന്റിന്റെ കാലത്ത് ഓരോ വർഷവും 10% അധികം തുക വകയിരുത്തി പദ്ധതിയുണ്ടാക്കാനാണ് ആവശ്യപ്പെട്ടിരുന്നതും നടപ്പിലാക്കിയതും. കഴിഞ്ഞ മൂന്നുവർഷത്തെ പദ്ധതിവിഹിതം 2022-23, 2023-24, 2004-25 എന്നീ കാലഘട്ടത്തിൽ 30320 കോടി രൂപമാത്രമാണ്. 2019-20 ൽ 30610 കോടി രൂപയായിരുന്നു പദ്ധതി അടങ്കൽ എന്നോർക്കണം. ഇത് 2020-21 ൽ 27,610 കോടി രൂപയായി കുറച്ചു. എന്നാൽ അതിനുശേഷം 22-23 ൽ 30,370 കോടി രൂപയാക്കി വർദ്ധിപ്പിച്ചെങ്കിലും 2019-20 ലെ തുകയായ 30610 കോടിരൂപ നാളിതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പദ്ധതി വിഹിതം വർദ്ധിപ്പിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് ഗവർമെന്റ് സ്വീകരിച്ചുവരുന്നത്.

പാതിവഴിയിലായ
പദ്ധതികൾ
സാമ്പത്തിക വർഷാരംഭത്തിൽ പ്രതീക്ഷയോടെ പ്രഖ്യാപിക്കപ്പെടുന്ന പല പദ്ധതികളും ഗഡുക്കൾ നൽകാത്തതുമൂലം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയാണ്. മൂന്നു ഗഡുക്കളായി പണം നൽകുമെന്നു പറഞ്ഞെങ്കിലും അവസാനം രണ്ടു ഗഡുക്കൾ മാത്രം നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. രണ്ടാം ഗഡു നൽകുന്നതോ ട്രഷറി നിരോധനം നിലനിൽക്കെ മാർച്ച് മാസത്തിൽ. പണം ചെലവഴിക്കരുത് എന്ന നിർബന്ധ ബുദ്ധിയുള്ള പോലെയാണ് ഗവൺമെന്റിന്റെ ഇത്തരം നടപടികൾ സൂചിപ്പിക്കുന്നത് സ്പിൽ ഓവർ പ്രവർത്തികൾ നിർത്തലാക്കിയത് വലിയ പ്രശ്നം സൃഷ്ടിക്കുന്നു. 80% പദ്ധതി നിർവഹണം പൂർത്തിയാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 20 ശതമാനം തുക ക്യാരി ഓവർ ചെയ്ത് നൽകാം എന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. പണമില്ലാതെ ട്രഷറി പൂട്ടുമ്പോൾ കൊണ്ടുവന്ന പരിപാടിയാണ് "ക്യൂബിൽ' സമ്പ്രദായം നടപ്പുവർഷം നടപ്പിലാക്കിയ പദ്ധതിക്ക് ആ വർഷം പണം നൽകാതെ അടുത്ത വർഷത്തെ പദ്ധതിയിൽ നിന്ന് കവർന്നെടുക്കുന്ന തന്ത്രമാണിത്. ഫലത്തിൽ വാഗ്ദാനം ചെയ്ത പല പദ്ധതികളും നടപ്പിലാക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉഴലുകയാണ്.

ലക്ഷ്യം തെറ്റിയ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി
2005-ൽ മൻമോഹൻ സിംഗ് ഗവൺമെന്റ് കൊണ്ടുവന്ന ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദായക പരിപാടിയായ തൊഴിലുറപ്പു പദ്ധതി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ കെടുകാര്യസ്ഥത മൂലം താളം തെറ്റിയിരിക്കുകയാണ്. കേന്ദ്ര ഗവൺമെന്റ് 2024-25 വാർഷിക ബജറ്റ് തുകയായി മാറ്റിവെച്ച 86,000/- കോടി രൂപയിൽ ആനുപാതിക വർദ്ധനവ് വരുത്താൻ തയ്യാറാകാതെ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സംസ്ഥാന ഗവൺമെന്റ് ആണെങ്കിൽ പദ്ധതിയുടെ അന്തസത്ത ഉൾക്കൊള്ളാതെ അതിനെ നിർവീര്യമാക്കാൻ ശ്രമിക്കുന്നു. അപേക്ഷിച്ച അർഹരായവർക്ക് തൊഴിൽ നൽകാതെയും, കൂലി കൃത്യമായി വിതരണം ചെയ്യാതെയും, സാമൂഹ്യ പരിശോധന നടത്താതെയും, മെഷർമെന്റ് എടുക്കാതെ പണം നൽകി അഴിമതി കാട്ടിയും, കരാറുകാരെ കൊണ്ട് പ്രവൃത്തി ചെയ്യിപ്പിച്ചും തൊഴിലുറപ്പു പദ്ധതിയെ
തകർത്തിരിക്കുകയാണ്.

നോക്കുകുത്തികളാകുന്ന ഗ്രാമസഭകൾ അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ഘടകം ചലനാത്മക മായ ഗ്രാമസഭകളാണ്. പ്രത്യക്ഷ ജനാധിപത്യത്തിന്റെ മകുടോദാഹരണമായി പരിലസിക്കേണ്ടുന്ന ഗ്രാമസഭകൾ കൃത്യമായി ചേരാറില്ല എന്നു മാത്രമല്ല അവയുടെ അധികാരം കൂടി കവർന്നെടുത്തിരിക്കുകയാണ്. ലൈഫ് പോലുള്ള പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ ഗ്രാമസഭക്ക് നേരിട്ട് ഒരു പങ്കുമില്ല. ഇതിലൂടെ ഗ്രാമസഭയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഗ്രാമസഭാ ശാക്തീകരണത്തിൽ മുൻകൈയെടുത്ത് പ്രവർത്തിച്ച ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ സ്വന്തം ഗ്രാമസഭാ യോഗത്തിൽ വാർഡിലെ വോട്ടറെന്ന നിലയിൽ കൃത്യമായി യശശരീരനായ ഉമ്മൻചാണ്ടി പങ്കെടുക്കാറുള്ള കഥ അധികമാർക്കുമറിയില്ല. അദ്ദേഹം വിഭാവനം ചെയ്ത പദ്ധതിയാണ് സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ. ഓരോ വാർഡിലും ഗ്രാമസഭക്കായുള്ള ആസ്ഥാനം സ്ഥാപിക്കുകയും പൗരഭരണ കേന്ദ്രങ്ങളായി അവയെ പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചിരുന്നു. എന്നാൽ എൽഡിഎഫ് ഗവർമെന്റ് ഈ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ അനുവദിച്ചില്ല. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന എം.കെ.മുനീർ ഗ്രാമസഭാ ശാക്തീകരണത്തിന് മൂന്ന് മാസത്തോളം നീണ്ടുനിന്ന "ഗ്രാമയാത്ര' നടത്തിയിരുന്നു. ഈയൊരാവശ്യത്തിനായി ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിച്ച മറ്റൊരു നേതാവുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോൾ ഗ്രാമസഭ ഒരു ചർച്ചാ വിഷയമേ ആകുന്നില്ല. ആ വിഷയത്തെ പ്രാധാന്യത്തോടെ ഭരണനേതൃത്വം കാണുന്നുമില്ല. കേവലം ഒരു ചടങ്ങെന്ന നിലയിൽ ഗ്രാമസഭാ യോഗങ്ങൾ പരിമിതപ്പെട്ട് കഴിഞ്ഞു.
കക്ഷി രാഷ്ട്രീയ മിഷനുകൾ
അധികാര വികേന്ദ്രീകരണത്തെ തകർക്കുന്ന സമീപനമാണ് നാല് മിഷനുകൾ രൂപീകരിച്ചുകൊണ്ട് ഇടതുസർക്കാർ കൈകൊണ്ടിട്ടുള്ളത്. പാർട്ടി പ്രവർത്തകരെ തലപ്പത്ത് പ്രതിഷ്ഠിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കുന്ന സമീപനമാണിത്. വീടില്ലാത്ത ആയിരക്കണത്തിന് ദരിദ്രരെ കണ്ടെത്തി വീടുവെച്ചുകൊടുക്കുന്ന ചരിത്രം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്നു. എന്നാൽ വീടില്ലാത്ത പാവപ്പെട്ട ഗുണഭോക്താവിന് സ്വന്തമായി വീടുവെച്ചുകൊടുക്കുവാനുള്ള ആ അധികാരം ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കില്ല. മിഷനുകൾ അത്തരം അധികാരമൊക്കെ ഇല്ലാതാക്കി കഴിഞ്ഞു. ശുചിത്വമിഷൻ ഒക്കെ ഉണ്ടെങ്കിലും കേരളത്തിലെ ഒരു നഗരത്തെപ്പോലും ദേശീയതലത്തിൽ അംഗീകാരം നൽകിയപ്പോൾ ആദ്യത്തെ 50 നഗരങ്ങളുടെ പട്ടികയിൽപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും കൊട്ടിഘോഷിക്കുന്നു കേരളം നമ്പർ "വൺ' ആണെന്ന്.

കവർന്നെടുക്കപ്പെടുന്ന അധികാരം
ഒരു ഘട്ടത്തിൽ താഴെ തട്ടിലേക്ക് നൽകിയ പല അധികാരങ്ങളും ഒന്നൊന്നായി തിരിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളാണ് അതിൽ മത്സരിക്കുന്നത്. വിദ്യാഭ്യാസവകുപ്പും, തദ്ദേശവകുപ്പിനെ മാറ്റി നിർത്തണമെന്ന് ആഗ്രഹിക്കുന്നു. ഇവയൊന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഘടകസ്ഥാപനമല്ല എന്ന് വരുത്തിത്തീർക്കുവാൻ ഇടയ്ക്കിടെ സ്വന്തം നിലയിൽ ഉത്തരവ് ഇറക്കാറുണ്ട്. എന്നാൽ യാതൊന്നും അറിയാത്ത രീതിയിലാണ് തദ്ദേശവകുപ്പിന്റെ പ്രവർത്തനം. ""ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ'' പേരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് വാങ്ങാതെ തന്നെ സംരംഭങ്ങൾ തുടങ്ങുവാനുള്ള അനുവാദം ഗവർമെന്റ് നൽകിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സ്ഥാപനങ്ങൾ വരുന്നത് ഇനി മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അറിയണമെന്നില്ല. പാലക്കാട്ടെ എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവറി തുടങ്ങാൻ പഞ്ചായത്ത് അനുമതി നിഷേധിച്ചതിനെ മറികടക്കാൻ മാത്രമായിരുന്നു ഈ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്ത് ആശാപ്രവർത്തകരുടെ സമരം മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. അവരുടെ തുച്ഛമായ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിക്കുന്നതിന് ഇൻസറ്റീവ് നൽകാൻ കേരളത്തിലെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനം കൈകൊണ്ടെങ്കിലും സംസ്ഥാന ഗവർമെന്റ് ഇത് തടയാൻ വേണ്ട നടപടികൾ കൈകൊണ്ടിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നാക്രമണമാണ് ഗവർമെന്റ് നടത്തിയിരിക്കുന്നത്.

അശാസ്ത്രീയ വാർഡ് വിഭജനം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിനേയും ഭരണവികസന യൂണിറ്റുകളാക്കി കണ്ടുകൊണ്ടുള്ള പ്രവർത്തനത്തിന് പ്രാമുഖ്യം കൊടുക്കുമ്പോൾ വാർഡുവിഭജനം ശാസ്ത്രീയമായി ചിട്ടയോടെ ചെയ്യേണ്ടുന്ന പ്രവർത്തനമാണെന്ന് കാണാം. പ്രകൃതി സംബന്ധമായ പുഴ, തോട്, വനമേഖല എന്നിവയും റോഡ്, പാലം തുടങ്ങിയ നിർമ്മിതികളും അതിരുകളായി പരിഗണിക്കേണ്ടുന്ന വസ്തുതകളാണ്. എന്നാൽ അടുത്തകാലത്ത് ഡീ-ലിമിറ്റേഷൻ കമ്മീഷൻ തയ്യാറാക്കിയ വാർഡുവിഭജനം അശാസ്ത്രീയമായും ഭരിക്കുന്ന പാർട്ടിയുടെ ഇച്ഛയ്ക്കനുസരിച്ചും മാത്രമായി ചെയ്തപ്പോൾ വാർഡുവിഭജനത്തിന്റെ അടിസ്ഥാന സങ്കൽപ്പം തന്നെ ചോർന്നുപോയതായി കാണാം. പൊതുജനങ്ങൾക്ക് ഗ്രാമസഭയിൽ ചെന്നെത്തുന്നതിനും വിലപ്പെട്ട സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുമായി പോളിംഗ് ബൂത്തുകളിൽ എത്തിച്ചേരുന്നതിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. ഗ്രാമസഭയുടെ ക്രിയാത്മകമായ പ്രവർത്തനത്തെ തകിടം മറിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് യാതൊരു നീതീകരണവുമില്ല.

അവഗണിക്കപ്പെടുന്ന
റിപ്പോർട്ടുകൾ
അധികാര വികേന്ദ്രീകരണം ശക്തമാക്കുന്നതിനുള്ള നിരവധി റിപ്പോർട്ടുകൾ ഗവൺമെന്റിന്റെ കൈയ്യിലുണ്ട്. എന്നാൽ അവയ്ക്കൊന്നും അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല. അഞ്ചാം ധനകാര്യകമ്മീഷൻ റിപ്പോർട്ട് മറിച്ച് നോക്കിയിട്ടില്ല. ആറാം ധനകാര്യകമ്മീഷൻ റിപ്പോർട്ടാണെങ്കിൽ ഭാഗീകമായി മാത്രം നടപ്പിലാക്കി. ഏഴാംധനകാര്യ കമ്മീഷനെ നിയോഗിക്കാൻ കാലതാമസം എടുത്തു. കേന്ദ്രവിഹിതം ലഭിക്കില്ല എന്ന അവസ്ഥ വന്നപ്പോഴാണ് അതിന് ഗവർമെന്റ് തയ്യാറായത്. ലോക്കൽ ഗവർമെന്റ് കമ്മീഷൻ റിപ്പോർട്ടുകളെല്ലാം തന്നെ പൊടിപിടിച്ച് കിടക്കുകയാണ്. ഈ പ്രാവശ്യവും ലോക്കൽ ഗവർമെന്റ് കമ്മീഷനെ നിയമിച്ചിട്ടുപോലുമില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് അധികാര വികേന്ദ്രീകരണത്തോടുള്ള ഗവർമെന്റിന്റെ പ്രതികൂല നിലപാടിനെയാണ്. ഒരു ഘട്ടത്തിൽ കേരളം അധികാര വികേന്ദ്രീകരണത്തിൽ മുൻനിരയിലെത്തിയ സംസ്ഥാനമായിരുന്നു. എന്നാൽ, പല മേഖലകളിലും ആ സ്ഥാനം നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയം അടുത്തിടെ നടത്തിയ പഠനറിപ്പോർട്ട് ഇത് വെളിവാക്കുന്നുണ്ട്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരണഘടനാ ഭേദഗതികളുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ അധികാരവും ഫണ്ടും ഉദ്യോഗസ്ഥ പുനർവിന്യാസവും നടത്തി അവയെ യഥാർത്ഥ മൂന്നാംതല സർക്കാരുകളായി ഉയർത്തിക്കൊണ്ടുവരും. എൽഡിഎഫ് ഗവർമെന്റ് തിരിച്ചെടുത്ത അധികാരങ്ങൾ പുനഃസ്ഥാപിക്കുക മാത്രമല്ല, ഘടക സ്ഥാപനങ്ങൾ പൂർണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി നിലനിർത്തുകയും ചെയ്യും. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി കാർഷിക വ്യവസായ മേഖലകളിൽ വൈവിദ്ധ്യവൽക്കരണം ഉറപ്പു വരുത്തുന്നതാണ്. സേവന പ്രാധാനങ്ങളായ ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രവർത്തനം ജനപങ്കാളിത്തം ഉറപ്പു വരുത്തി കുറ്റമറ്റതാക്കും. സൂക്ഷ്മതല ജനാധിപത്യവേദികളായ അയൽസഭ, വാർഡുവികസന സമിതികൾ എന്നിവയെ ഫലപ്രദമായി പ്രവർത്തിപ്പിക്കും. ഗ്രാമസഭകളെ ശാക്തീകരിക്കുന്നതിനായി വിഭാവനം ചെയ്ത സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കും. വാർഡ്തല ആസൂത്രണസമിതികൾ രൂപീകരിച്ച് ഓരോ വാർഡിന്റെയും സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയും ചെയ്യും. അധികാര വികേന്ദ്രീകരണം ഫലപ്രാപ്തിയിലെത്തിക്കുക എന്നതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിതനയം. ഇതിനായി ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് തന്നെയാണ് ഞങ്ങളുടെ പ്രേരകശക്തി.