VOL 06 |
 Flip Pacha Online

ഉരുണ്ടു വീണ ശബ്ദങ്ങളുടെ ദേശം

By: റമീസ് ഇഖ്ബാൽ എടയൂർ

ഉരുണ്ടു വീണ ശബ്ദങ്ങളുടെ ദേശം
റമീസ് ഇഖ്ബാൽ എടയൂർ
നിർത്താതെ
കുഞ്ഞ് കരയുന്നു...
ഉള്ളുലയ്ക്കുന്ന പിടച്ചിലുകൾ
ഓരോ ജനാലവിരിയും
കരിനിഴലേറ്റിയൊരുങ്ങി-
പക്ഷേ, ആ കരച്ചിൽ
തീപൊള്ളിയ
കല്ലുകൾക്കുള്ളിലാണ്..
അത് ഒരുവേള
നീ കേട്ടേക്കില്ല,
കാരണം,ആ ശബ്ദം
നിന്റെ സമാധാന സമ്മേളനങ്ങളുടെ
മുറിയിൽ പ്രവേശിക്കില്ല.

ഇവിടെയൊരിടത്ത്,
ഒരു ഉമ്മയുടെ നെഞ്ചിൽ
മരണം പൊട്ടുന്ന പൂവായിരിക്കുന്നു.
അവളുടെ ചുണ്ടിന് കീഴിൽ
ദേശം ഉരുകുന്ന നീര് വഴിയാകുന്നു.

തിന്നാൻ ഒന്നുമില്ല,
ചിരിക്കാൻ കാരണമില്ല,
മറക്കാൻ കഴിയാത്തതു പോലെ
മരണമാണ് ഇവിടെ വസ്ത്രം.

ചെറിയ ശ്വാസങ്ങളിൽ
കുടിയിറങ്ങുന്നത് കരളിലേക്കുള്ള
കറുത്ത ജലം.
വിശപ്പ് ഇവിടെയൊരു പാരമ്പര്യ
തൊഴിൽപാറ്റി...
ഓരോ ദിനവും അതിന് പുതിയൊരു
കുഞ്ഞിനെ വേണം,
മരണക്കമ്പോളത്തിലേക്ക്
കാഴ്ച്ചക്കാരെകൂട്ടി
ദേഹങ്ങൾ തേടി..
പക്ഷേ,
ഒരു കുഞ്ഞ് ചുമരിൽ വരയ്ക്കുന്നു,
പാതിയൊരുങ്ങിയ സൂര്യൻ-
വളരെയടുത്ത് ചുരുണ്ട പകൽ,
ദൂരം തിന്ന കാലം രക്തംചാലിയായി
ഓടിയതിന്റെ വട്ടം മാത്രം ബാക്കി.
ഇനിയാ സൂര്യന് തെളിയാനാകില്ല...
കാരണം പ്രകാശം,
അവിടവിടെ ഇന്നലെതന്നെ മരിച്ചിട്ടുണ്ട്.

മരണമീകാലം
കൃത്രിമമായൊരുങ്ങിയതല്ല
ഒരുതിരി പിണങ്ങിയ
പഞ്ചഭൂതം തന്നേ-
വീണുകിടക്കുമോരോ
കുഞ്ഞോളങ്ങളിലെയും
തണുത്ത കിടക്കയിലേക്ക്
ശബ്ദമില്ലാതൊഴുകുകയാണവൻ.

മരണത്തെ പോലെ വിശപ്പുണ്ട്,
പട്ടിണിപോലെ
ലോകമാനവികതയും
മൂകമായൊരുമൂലയിൽ.
തുറന്ന കൺമുനയിൽ
കുറുകെയുള്ള കുഞ്ഞിന്റെ ദേഹം
മിടിപ്പുള്ളവരെപാടെ നിശബ്ദമായി
ചോദ്യം ചെയ്യുന്നു... കരളിലിനിയെവിടെ
കരുണയെന്നെഴുതിചുവപ്പിച്ച്?

ലോകമേ, അവസാനമൊരു കുഞ്ഞ്
നിന്റെ നിശബ്ദതയിൽ ഒരാശംസ
എഴുതി മരിച്ചു.
രക്തത്തിൽ കുത്തിവെയ്ക്കപ്പെട്ട
ഒരു സംശയം പോലെ!!