VOL 06 |
 Flip Pacha Online

കേരള ഫുട്ബോളിന്റെ പുതു മോഡൽ; സൂപ്പർ ലീഗ് കേരള ഫുട്ബോളിനെ മാറ്റുന്നു

By: മിർഷാ മഞ്ഞപ്പെറ്റ

കേരള ഫുട്ബോളിന്റെ പുതു മോഡൽ; സൂപ്പർ ലീഗ് കേരള ഫുട്ബോളിനെ മാറ്റുന്നു
ഇന്ത്യൻ ഫുട്ബോൾ സമീപ കാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോവുമ്പോയും രാജ്യത്തിന്റെ ഇങ്ങേ അറ്റത്ത് കേരളം എന്ന ഈ കൊച്ചു തുരത്ത് രാജ്യത്തിന്റെ ഫുട്ബോളിനെ ഒന്നടങ്കം പുതിയ പ്രതീക്ഷകൾ സമ്മാനിക്കുകയാണ്.കേരളത്തിന്റെ ഫുട്ബോൾ ആവേശം ലോകത്തെ കാണിക്കാൻ സാധിച്ചു എന്നതാണ് കേരള സൂപ്പർ ലീഗ് (എസ് എൽ കെ) രണ്ടാം സീസൺ അവസാനിക്കുമ്പോൾ ബാക്കിയാവുന്നത്. മലയാളി ഫുട്ബോൾ പ്രേമികൾ അത്രമേൽ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒന്നായി ഇതോടെ സൂപ്പർ ലീഗ് കേരള മാറിയിട്ടുമുണ്ട്. ലോകോത്തര നിലവാരത്തിലെ ഒരു ഫുട്ബോൾ ടൂർണമെന്റ് യൂറോപ്പിന്റെ കളി മൈതാനങ്ങളിലെ കളി അഴക് ആവോളം സ്ക്രീനിലൂടെ കണ്ട് ഭ്രമിച്ചവരാണ് നമ്മൾ മലയാളികൾ.

രാവും പകലും ഒന്നും ഇല്ലാതെ അവർ ആ തുകൽപന്തിന് പിറകെ അങ്ങനെ ഓടി നടന്നു ബ്രിസീലിലെ തെരുവുകൾ മുതൽ അങ്ങ് പ്രീമിയർ ലീഗ് മൈതാനങ്ങൾക്ക് വരെ ഇവിടുത്തെ ഫുട്ബോളിന്റെ മൊഞ്ച് അറിയാം. ലോകവും രാജ്യവും എല്ലാം കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെ കുറിച്ച് എന്നും സംസാരിച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിൽ പന്ത് ഉരുണ്ടാലും മലയാളിക്ക് എന്നും ആവേശമുള്ള ഒരു ലഹരിയായിരുന്നു. ഇതിനെ പുനർ ജനിപ്പിക്കുന്നതാണ് കേരള സൂപ്പർ ലീഗ് എന്നു തന്നെ പറയാം. കെട്ടിലും മട്ടിലും ഒരു പക്കാ പ്രൊഫഷണൽ ടൂർണമെന്റ്.നമ്മുടെ നാട്ടിലെ പാടത്തും വരമ്പത്തും എല്ലാം പന്ത് തട്ടി നടന്നവർക്ക് ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാനുള്ള സുവർണ്ണാവസരം. ഫുട്ബോളിനെ ഒരു കളി വിനോദം എന്നതിലുപരി അതിനെ ഒരു പ്രൊഫഷനായി കൊണ്ട് നടക്കുന്ന അനേകായിരം കേരളത്തിലെ കുരുന്ന് ബാല്യങ്ങൾക്ക് ലോകത്തോളം പറക്കാനുളള ഒരു അവസരമാണ് ലീഗ് തുറന്നിടുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗിൽ ഒന്നായ ഓസ്ട്രേലിയൻ എ ലീഗിലെ, ഐ എസ് എല്ലിലെ ഫിജി ദേശീയ ടീമിലും വരെ ഗോളടി യന്ത്രം റോയ് കൃഷ്ണ കളിക്കുന്നത് ഇവിടെ മലപ്പുറത്തിന് വേണ്ടി. അങ്ങനെ എത്ര എത്ര വമ്പൻ പേരുകൾ സ്ക്രീനിൽ മാത്രം കണ്ടിരുന്ന അവരെല്ലാം നമ്മുടെ സ്വന്തം നാട്ടിലെ ടീമുകൾക്ക് വേണ്ടി കളിക്കുമ്പോൾ അത് ഒരു ആവർത്തി പറഞ്ഞാൽ സ്വപ്ന നിയോഗം തന്നെയാണ്.

കേവലം സെവൻസിലും മറ്റു ചില പ്രാദേശിക ടൂർണമെന്റുകളും ഒഴിച്ച് നിർത്തിയാൽ എവിടെയോ അസ്തമിച്ച് പോകുമായിരുന്ന കേരള ഫുട്ബോളിനെ വീണ്ടും ഇവിടുത്തെ ഓരോ തെരുവിലും ഗ്രാമ നഗര വത്യാസമില്ലാതെ വീണ്ടും സംസാര വിഷയമാവുമ്പോൾ അത് പുത്തനുണർവ്വ് തന്നെയാണ് മലയാളികൾക്ക് സമ്മാനിക്കുന്നത്.

കാലിക്കറ്റ്, മലപ്പുറം, കണ്ണൂർ, കൊച്ചി, തൃശൂർ, തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ ഉള്ള ക്ലബുകൾ അവർക്ക് വേണ്ടി ജീവൻ കൊടുക്കാൻ വരെയുള്ള ആരാധകർ എന്ത് സുന്ദര കാഴ്ചയാണ് ഇത്. ഓരോ വർഷം കഴിയുമ്പോളും ക്ലബുകൾ കൂടുന്നു പുതിയ നിക്ഷേപേകർ ഇതിന്റെ ഭാഗമാവുന്നു. ഇതെല്ലാം കേരള ഫുട്ബോളിനെ അവേഷഭരിതമാക്കുന്നു.
രണ്ടാം സീസൺ അവസാനിച്ചപ്പോൾ അതിൽ പ്രധാനമായ ഒന്ന് ഓരോ ഗ്യാലറികളും തരുന്ന ആവേശമാണ് കളിയുടെ 90 മിനുട്ടും അടങ്ങാത്ത ആർപ്പ് വിളികൾ കൊണ്ട് ഹർഷാരവം തിളക്കുന്ന ഗ്യാലറികൾ അത് കളിക്കുന്ന താരങ്ങൾക്ക് ഒരു ഊർജമാണ്. പണ്ട് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് ലോകം കണ്ട ഇതിഹാസ ഫുട്ബോൾ താരങ്ങൾ വരെ പലയാവർത്തി പറഞ്ഞതാണ് അതിനെല്ലാം കവച്ച് വെക്കുന്ന രീതിയിലാണ് മലപ്പുറത്തും, കോഴിക്കോടും, കണ്ണൂരിൽ എല്ലാം നമ്മൾ കണ്ടതും, ഇനി കാണാനിരിക്കുന്നതും.

രണ്ട് വർഷങ്ങൾക്കിപ്പുറം തന്നെ കേരള ഫുട്ബോളിനെ ഒരു വിപ്ലവകരമായ മാറ്റം കൊണ്ട് വന്നതും.രാജ്യം ഫുട്ബോളിൽ തല കുനിക്കുമ്പോൾ കേരളം ഒരു മോഡൽ ആവുന്നതും എല്ലാം ഓരോ മലയാളി ഫുട്ബോൾ പ്രേമിക്കും അതിർവരമ്പുകൾ ഇല്ലാത്ത പ്രതീക്ഷയാണ് നൽകുന്നത്.ഫുട്ബോളിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മാത്രം സൂപ്പർ ലീഗ് കേരളക്ക് ഇനിയും പുതിയ ചരിത്രം കുറിക്കും.

അതിനപ്പുറവും ഓരോ ഫുട്ബോൾ പ്രേമിയുടെയും സ്വപ്നങ്ങൾക്ക് ഒപ്പവും അതിന് അപ്പുറത്തേക്ക് വരെ ഉയരാൻ ഓരോ ക്ലബുകളും മത്സരമാണ് എന്നും അടിവരയിട്ട് പറയേണ്ടതാണ്.