VOL 09 |
 Flip Pacha Online

കേരളത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ്

By: ടി.പി.എം. ബഷീർ (എഡിറ്റർ)

കേരളത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ്
കേരളത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രിൽ 9 ന് നടക്കുന്നത്. ഒരു ദശകമായി തുടരുന്ന ഇടതുപക്ഷ ഭരണത്തിൻ്റെ തുടർച്ചയ്ക്കു വേണ്ടി എൽ.ഡി.എഫും ഏകാധിപത്യ പ്രവണത പ്രകടമാവുകയും ഭരണത്തിൻ്റെ കെടുകാര്യസ്ഥത ബോധ്യപ്പെടുകയും അഴിമതിയും കൊള്ളയും വ്യാപകമാവുകയും ചെയ്ത ഇടതുപക്ഷ ഭരണം അവസാപ്പിച്ച് ഐക്യജനാധിപത്യ മുന്നണിയുടെ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി യു.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.

നിയമസഭയിൽ നിലവിൽ പ്രാതിനിധ്യമില്ലാത്ത ബി.ജെ.പിയും
പ്രാതിനിധ്യം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. മോദിയുടെ വികസന മാതൃക എന്ന പൊള്ളയായ അവകാശവാദമൊക്കെ തുടക്കത്തിൽ അവതരിപ്പിച്ചുവെങ്കിലും അവരുടെ സ്ഥായിയായ വർഗീയതയെത്തന്നെ കൂട്ടു പിടിച്ചാണ് ബി.ജെ.പിയും കളം നിറയാൻ ശ്രമിച്ചത്.

ഇടതുപക്ഷത്തിന് പത്തു വർഷത്തെ ഭരണനേട്ടങ്ങൾ അവതരിപ്പിക്കാൻ കഴിയാതെയും,
പത്ത് വർഷത്തെ അധികാരം ഉണ്ടായിട്ടും നടപ്പാക്കാൾ കഴിയാത്ത കാര്യങ്ങൾ തുടർ ഭരണം ലഭിച്ചാൽ നടപ്പാക്കുമെന്ന് ആവർത്തിച്ചും ബാലിശമായ വാദങ്ങൾ ഉയർത്തിയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

യു.ഡി എഫ് കൃത്യമായ ആസൂത്രണം നടത്തിയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അഭിസംബോധന ചെയ്തും അതിന് അനുയോജ്യമായ പദ്ധതികൾ പ്രഖ്യാപിച്ചുമാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും
ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാത്തതുമായ ജനവിധി ഉണ്ടാകട്ടെ. ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കുന്ന, പാർശ്വവൽക്കരിക്കുന്ന, അവർക്കെതിരെ പൊതുബോധം വളർത്തുന്ന പ്രയോഗങ്ങൾ, പ്രസ്താവനകൾ നിരന്തരം ഉയർന്നിട്ടും അതിനെതിരെ നിലപാട് എടുക്കാൻ പ്രാപ്തിയുള്ള ഒരു ഭരണകൂടം കേരളത്തിൽ ഇല്ലാതെ പോയ ഒരു ദശകമാണ് കേരളം പിന്നിട്ടത്. അത്തരം പ്രചരണങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമീപനം
കേരളത്തിന് അചിന്ത്യമായിരുന്നു.
അതിൻ്റെ ആഘാതം പൊതുമണ്ഡലത്തിൽ പ്രകടമാണ്.

അതു കൊണ്ട് ഈ തെരഞ്ഞെടുപ്പിൻ്റെ ജനവിധി
കേരളത്തെ വീണ്ടെടുക്കാനാവട്ടെ.