VOL 09 |
 Flip Pacha Online

കെ.എം സീതിസാഹിബ് എന്ന നവോത്ഥാന നായകൻ

By: അഹമ്മദ് കുട്ടി ഉണ്ണികുളം

കെ.എം സീതിസാഹിബ് എന്ന നവോത്ഥാന നായകൻ
സീതി സാഹിബിന് സമ്പൂർണ നേതാവ് എന്ന വിശേഷണം നൽകിയത് മന്നത്ത് പത്മനാഭൻ ആണ്. കേരളത്തിലെ നവോത്ഥാന നായകനായി എണ്ണപ്പെടേണ്ട അതിപ്രധാനപേരാണ് സീതി സാഹിബിന്റേതെന്ന് വിലയിരുത്തിയത് അരങ്ങിൽ ശ്രീധരനും പവനനുമാണ്.

കേരളം കണ്ട ഏറ്റവും ശ്രദ്ധേയനായ സ്പീക്കർ, വാഗ്മി, സാമൂഹ്യ പരിഷ്കർത്താവ്, ചന്ദ്രികയുടെ സംസ്ഥാപകൻ, ഗ്രന്ഥകാരൻ, എഴുത്തുകാരൻ, എണ്ണപ്പെട്ട പരിഭാഷകൻ, കൊച്ചി മദിരാശി കേരള നിയമസഭകളിലെ അംഗം, മതേതരത്വത്തിന് ജീവിതമർപ്പിച്ച വ്യക്തിത്വം, മുസ്‌ലിം ലീഗിന് യുവജനവിദ്യാർത്ഥി തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തിയ ശിൽപ്പി, ഫാറൂഖ് കോളജ് അടക്കം നിരവധി കലാലയങ്ങളെ വളർത്തിയെടുത്ത പ്രതിഭാശാലി അങ്ങനെ സീതി സാഹിബിനെ വിശേഷിപ്പിക്കാൻ ഏറെയുണ്ട്.

നാടെങ്ങും അടക്കിവാഴാൻ സ്വത്തുക്കൾ ഉണ്ടായിരുന്ന സീതി മുഹമ്മദിന്റെ മകനായി 1899 ആഗസ്ത് 11-ന് അഴിക്കോട് കിഴക്കേ നമ്പൂതിരി മഠത്തിൽ ജനിച്ചു. മൂന്ന് ലക്ഷത്തിലധികം തേങ്ങ വലിക്കാനുണ്ടായിരുന്ന നാട്ടുകാരണവർ എന്നാണ് പിതാവിനെ സി.എച്ച് വിശേഷിപ്പിച്ചത്. കൂടാതെ നിരവധി ബോട്ട് സർവീസുകളും കെട്ടിട സമുച്ചയങ്ങളും, 1961 ഏപ്രിൽ 17ന് സ്‌പീക്കറായിരിക്കെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ സാനഡുവിൽ സീതി സാഹിബ് അന്ത്യശ്വാസം വലിക്കുമ്പോൾ സമ്പദ്സ്ഥിതി ഏതാണ്ട് വട്ടപൂജ്യമായിരുന്നു. സ്‌പീക്കറാവുന്നതിന് തൊട്ടുമുമ്പ് താമസിച്ച എറണാകുളത്തെ വീടിന്റെ വാടക സംബന്ധിച്ച് വീട്ടുടമസ്ഥൻ വക്കീൽ ഗുമസ്ഥനോട് കയർത്ത് സംസാരിക്കാറുണ്ടായിരുന്നു. സീതി സാഹിബിന്റെ ഒരേയൊരു പുത്രൻ സീതി മുഹമ്മദിന് കുടുംബ സ്വത്തായി കിട്ടിയ വട്ടമേശകളും കസേരകളും വിൽപ്പന നടത്തിയാണ് പാലക്കാട്ടെ വാടക വീടിന് അഡ്വാൻസ് കൊടുത്തിരുന്നത് (വാസു.ഇ.2004).

തിരുവനന്തപുരത്ത് നിന്ന് രാത്രി 10 മണിക്ക് പുറപ്പെട്ട വിലാപയാത്ര കൊടുങ്ങല്ലൂരിലെ ചന്ദനപ്പറമ്പ് തറവാട്ടിൽ എത്തുന്നതിനെപറ്റി ഡോ.ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകളിലെ വരികൾ കരണ്ട് ബില്ല് അടക്കാത്തതിനാൽ ആളനക്കമില്ലാത്ത വീട്ടിലെ ഫ്യൂസ് ഇലക്ട്രിസിറ്റിക്കാർ ഊരിക്കൊണ്ട്പോയിരുന്നു. ചിതലുകേറി കഴുക്കോലുകൾ ദ്രവിച്ച് ഉമ്മറക്കല്ലുകൾ, ഇളകിയ വീട്. അകത്തോ വരാന്തയിലോ പോലുംഒന്ന് മാന്യമായി ഇരുത്താൻ ഇടമില്ല. ഇക്കാലംവരെ വാടക വീടുകളിലും രോഗിയായപ്പോൾ അനുജന്റെ വീട്ടിലും അവസാനം സാനഡുവിലുമായി തീർന്നുപോയി ജീവിതം.

ഫാറൂഖ് കോളജ് തുടങ്ങി സ്ഥാപനങ്ങൾ പടുത്തുയർത്താൻ, വിദ്യാഭ്യാസ നവോത്ഥാനശ്രമങ്ങൾക്ക് കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിന് എല്ലാമെല്ലാം ചെലവഴിച്ച് അവസാനം ആ ഫഖീർ മരണപ്പെട്ടു. 62-ാം വയസിൽ 1947-ൽ നവംബർ 10, 11 തിയ്യതികളിൽ കൽക്കത്തയിൽ ഖാഇദെ മില്ലത്തിനൊപ്പം ചേർന്ന് സുഹ്റവർദ്ദിയുടെ ലീഗ് പിരിച്ചുവിടൽ തകർത്തു. കറാച്ചി ലീഗ് കൗൺസിലിൽ പടവെട്ടി ഇന്ത്യയിലെ മുസ്‌ലിം ലീഗിന് അസ്‌തിത്വം ഉണ്ടാക്കി. 1948 മാർച്ച് 10ന് മദിരാശി ബാങ്ക്വറ്റ് ഹാളിൽ ലീഗ് രൂപീകരണത്തിന് മുന്നിലും പിന്നിലും നിന്ന് പരിശ്രമിച്ചു. 1960 മാർച്ച് 12-ന്കേരള സ്പ‌ീക്കർ നാലു സെഷനുകളിലായി 120 ദിവസം സഭ നിയന്ത്രിച്ച് അതുല്യനെന്ന് പട്ടം കിട്ടിയ പ്രതിഭാശാലി ആരെയും കൂസാതിരുന്ന മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയെ നിയന്ത്രിച്ച മനുഷ്യൻ. 'മുഖ്യമന്ത്രി സഭയുടെ സമയത്തിന്റെ വില മനസിലാക്കൂ' പിടിച്ചു നിർത്തിയപോലെ പട്ടം നിർത്തി. അതേപറ്റി കെ.എം ജോർജ്ജ് എം.എൽ.എ എഴുതി. പട്ടംജിയോട് അങ്ങനെ പറയാൻ അന്നത്തെ 127- എം.എൽ.എ മാരിൽ കെ.എം സീതി സാഹിബിനല്ലാതെ മറ്റാർക്കും സാധിക്കുമായിരുന്നില്ല. 1939-ൽ അന്നത്തെ മദിരാശി ഗവർണറായിരുന്ന സർ ആർതർ ഹോപ്പിനെ വിറപ്പിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ബ്രിട്ടീഷ് സർക്കാറിന് ഫണ്ട് ശേഖരിക്കാൻ വാർഫ്രണ്ട് പരിപാടിയുമായി തലശ്ശേരി ടൗൺ ഹാളിൽ സർ ആർതർ ഹോപ്പ് എത്തുമ്പോൾസീതി സാഹിബിന്റെ ആഹ്വാന പ്രസംഗം വേണമെന്ന് അദ്ദേഹത്തിന് നിർബന്ധം. പാർട്ടി നിലപാട് ബ്രിട്ടീഷ് വിരുദ്ധമായതിനാൽ സാധ്യമല്ലെന്ന് സീതി സാഹിബ്. എന്നാൽ തന്റെ ഇംഗ്ലീഷ് പ്രസംഗം തർജ്ജമ ചെയ്‌താൽ മതിയെന്നായി. ഉച്ചഭാഷിണിയുടെ റോൾ വഹിക്കുക ഉച്ചഭാഷിണിക്ക് രാഷ്ട്രീയമില്ലല്ലോ ആർതർ ഹോപ്പ്! സീതി സാഹിബിന്റെ മറുപടി 'ഞാൻ താങ്കളുടെ എന്നല്ല ഒരു ബ്രിട്ടീഷുകാരന്റെയും ഉച്ചഭാഷിണിയാവാൻ ആഗ്രഹിക്കുന്നില്ല. വാടകക്ക് എടുക്കാൻ കഴിയുന്ന മെഗാ ഫോണുമല്ല ഞാൻ' മറുപടിയിൽ ക്ഷുഭിതനായി സീതി സാഹിബിനെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കാനുള്ള തീരുമാനം അദ്ദേഹം റദ്ദ് ചെയ്തു. ഇതിനേക്കാൾ വലുത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സീതി സാഹിബ്.

1929-ൽ പണ്ഡിറ്റ് നെഹ്റുവിന്റെ അധ്യക്ഷതയിൽ ഇന്ത്യക്ക് പൂർണ സ്വരാജ് പ്രഖ്യാപിച്ച ലാഹോർ കോൺഗ്രസിലെ പ്രതിനിധിയായിരുന്നു. 1923-ൽ മൗലാന മുഹമ്മദലി എന്ന പുസ്‌തകമെഴുതി ആ ശിഷ്യത്വം സ്വീകരിച്ചു. 1932-ൽ ലീഗിലേക്ക്. 1934 ബലിപെരുന്നാൾ സുദിനത്തിൽ ചന്ദ്രിക സംസ്ഥാപനം, 1925 ൽ തിരുവനന്തപുരം ലോകോളജിൽനിന്ന് നിയമബിരുദമെടുത്ത് പ്രാക്ടിസും രാഷ്ട്രീയ വുമായി അവസാനം തലശ്ശേരി ആസ്ഥാനമാക്കി. 1937-ലെ മദിരാശി അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കുറുമ്പറനാട് കോഴിക്കോട് മണ്ഡലത്തിൽ ബി. പോക്കർ സാഹിബിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചു.

1928, 1930 (കൊച്ചി) 1946, 1952 (മദിരാശി) 1960 (കേരളം) നിയമസഭകളിൽ ശോഭിച്ചു. 1937-ൽ മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരിച്ചപ്പോൾ ജോ.സെക്രട്ടറി. 1956 ൽ എറണാകുളത്ത് വെച്ച് കേരള സ്‌റ്റേറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചപ്പോൾ ബാഫഖി തങ്ങൾ പ്രസിഡണ്ടും സീതി സാഹിബ് ജന.സെക്രട്ടറിയുമായി. എഴുത്തും ഖുർആൻ പഠനവും ദിനചര്യയായിരുന്നു. മൗലാനാ മുഹമ്മദലി എന്ന പുസ്‌തകത്തെ കൂടാതെ ഗിബ്ബൺ, സർ വില്യം മൂർ, ഹിക്ഷിൻസ്, ബാർണാഡ്ഷാ, ക്രയിൽ തുടങ്ങിയ പണ്ഡിതരുടെ സമഗ്ര പഠനങ്ങൾ ആശയം ചോർന്ന് പോകാതെ കൈരളിക്ക് സമ്മാനിച്ചു.

തലശ്ശേരിയിൽ ചേർന്ന ഒമ്പതാം സാഹിത്യപരിഷത്ത് സമ്മേളനത്തിൽ സീതി സാഹിബ് നടത്തിയ അധ്യക്ഷപ്രസംഗത്തെ സാഹിത്യനായകരായ കടത്തനാട്ട് ശങ്കരവർമ്മരാജ, ജി.ശങ്കരക്കുറുപ്പ്, മൂർക്കോത്ത് കുമാരൻ, കെ.സി മാമൻ മാപ്പിള, ഒ.വി ശങ്കരൻ നായർ, സഞ്ജയൻ, ജോസഫ് മുണ്ടശ്ശേരി എന്നിവർ മുക്തകണ്ഡം പ്രശംസിച്ചു. നാട്ടിൽനിന്ന് ആരംഭിച്ച വിദ്യാഭ്യാസ വിപ്ലവത്തിലൂടെ ആയിരങ്ങൾ സർക്കാർ, സർക്കാറേതര പദവികളിലെത്തി. കുടുംബത്തിൽ ജഡ്ജിമാരും ഡോക്ടർമാരും എഞ്ചിനിയർമാരും ഉണ്ടായി.

ഫാറൂഖ് കോളജ്, ഫാറൂഖ് ട്രെയിനിംഗ് കോളജ്, തലശ്ശേരി അൻവാറുൽ ഇസ്ലാം സഭ, മദ്രസത്തുൽ മുബാറക് ഹൈസ്കൂൾ, തഅ്ലീമുൽ ഇസ്‌ലാം മദ്രസ, തലശ്ശേരി ടൗൺ മാപ്പിള യു.പി, മദ്രസ ദാറുസ്സലാം യതീംഖാന, തിരൂരങ്ങാടി യത്തീം ഖാന, മലപ്പുറം മുസ്‌ലിം ഹൈസ്‌കൂൾ, കോഴിക്കോട് ഹിമായത്തുൽ ഇസ്‌ലാം, മദ്രസത്തുൽ മുഹമ്മദിയ്യ, മുറയൂർ ഹൈസ്‌കൂൾ, കെ.എം.ഇ.എ, തിരൂർ പോളി ടെക്ന‌ിക്, തലശ്ശേരി ബ്രണ്ണൻകോളജ്, ബി.പി അങ്ങാടി സർക്കാർ ഗേൾസ് ട്രെയിനിംഗ് സ്കൂ‌ൾ, അരീക്കോട് ഓറിയന്റൽ ഹൈസ്‌കൂൾ, കോഴിക്കോട് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ, വടകര ബുസ്‌താനുൽ ഇസ്ല‌ാം മദ്രസ, എം.വി.എം ഹൈസ്കൂ‌ൾ എന്നിങ്ങനെ സീതി സാഹിബിന്റെ തലോടലേറ്റ എത്രയെത്ര സ്ഥാപനങ്ങൾ ! മാപ്പിള മുസ്‌ലിംസ് ഓഫ് കേരള എന്ന മില്ലറുടെ ഗ്രന്ഥത്തിൽ '1921-ന് ശേഷമുള്ള ആദ്യ കാലഘട്ടത്തിൽ മുസ്‌ലിംകൾ മുറിവേറ്റ മനസ്സോടെ അടങ്ങി ഒതുങ്ങി നിന്നു. പിന്നീട് ചുറ്റും നടക്കുന്ന സംഭവ ഗതികളിൽ അവർ പതുക്കെ താൽപര്യംകാണിച്ചുതുടങ്ങി. പുതിയൊരു നേതൃത്വം സമൂഹത്തിന്റെ സമുദ്ധാരണ സന്ദേശവുമായി രംഗത്തിറങ്ങി. അവർ സജീവമായി രാഷ്ട്രീയത്തിലിറങ്ങി. അങ്ങനെ അവർ മുസ്‌ലിം ലീഗിലേക്ക് ഒഴുകി. മുസ്‌ലിം ലീഗ് ഈ പുതിയ നവോത്ഥാനത്തിന്റെ പ്രതീകമായിരുന്നു. കെ.എം സീതി സാഹിബ് അതിന്റെ ശിൽപിയും (മില്ലറുടെ ഗ്രന്ഥം) കേരള മുസ്‌ലിംകളുടെ സർ സയ്യിദും മുഹമ്മദലിയും ഇഖ്ബാലും എന്നാണ് സീതി സാഹിബിനെ സി.എച്ച് വിശേഷിപ്പിച്ചത്.

1925-ൽ മഹാത്മാഗാന്ധിയുടെ Water Water Everyware, nor a drop to drink ഇംഗ്ലഷ് കവിതാ ശകലത്തിന് 'വെ ള്ളം വെള്ളം സർവത്ര, തുള്ളി കുടിപ്പാനില്ലത്രേ' എന്ന് സീതി സാഹിബ് നടത്തിയ പരിഭാഷയുടെ 100-ാം വാർഷികമാണിത്. 1940-ൽ കോഴിക്കോട് നടന്ന മലബാർ ജില്ലാ ലീഗ് സമ്മേളനത്തിൽ ബംഗാൾ പ്രധാന മന്ത്രി ഫലസുൽഹഖിന്റെ ഒരു മണിക്കൂർ ഇംഗ്ലീഷ് പ്രസംഗം അതേ സമയമെടുത്ത് മലയാളത്തിൽ പരിഭാഷപ്പെടുത്തി. വള്ളി, പുള്ളി വ്യത്യാസമില്ലാതെ. A to Z വരെയെന്ന പ്രയോഗത്തെ അമുതൽ 'ക്ഷ' വരെ എന്നാണ് പരിഭാഷപ്പെടുത്തിയത്. സീതി സാഹിബിന്റെ തർജ്ജുമ കേട്ട് ഇളകി മറിഞ്ഞ ജനത്തോടൊപ്പം ഫസലുൽ ഹഖും വികാരഭരിതനായി. അവസാനം സീതി സാഹിബിനെ കെട്ടിപ്പിടിച്ച് You are the trasnlater general of India എന്ന് വിശേഷിപ്പിച്ച് ആശ്ലേഷിക്കുകയാണ് ഫസലുൽഹഖ് ചെയ്‌തത്. സീതി സാഹിബിന്റെ ഉജ്ജ്വല പ്രഭാഷണത്തെപറ്റി മാർക്സിസ്റ്റ് ബുദ്ധിജീവിയായ പി. ഗോവിന്ദപിള്ള എഴുതി. 1957-ൽ ഞാൻ കൂടി അംഗമായ കേരള നിയമസഭയിലെ ഉജ്ജ്വല പ്രാസംഗികരെ ഓർക്കുന്നു. ജോസഫ് മുണ്ടശ്ശേരി, വി.ആർ കൃഷ്‌ണയ്യർ, വെളിയം ഭാർഗവൻ, തോപ്പിൽ ഭാസി, ഇ.എം.എസ്, പനമ്പിള്ളി എന്നിവർ. സി.എച്ച് ആയിരുന്നു അന്ന് ഏറെ തിളങ്ങി നിന്നത്. 'ഒരുപക്ഷേ സി.എച്ചിന് തുല്യനായി സാഹിത്യസൗരഭം കലർന്ന വാഗ്വിലാസത്തിന് അദ്ദേഹത്തിന്റെ തന്നെ മുതിർന്നനേതാവായിരുന്ന കെ.എം സീതി സാഹിബിനെ മാത്രമെ ഉപമിക്കാൻ കഴിയുള്ളൂ.