VOL 09 |
 Flip Pacha Online

കെ പി രാമൻ മാസ്റ്റർ വിട പറഞ്ഞിട്ട് 25 വർഷം

By: മുസ്തഫ വാക്കാലൂർ

കെ പി രാമൻ മാസ്റ്റർ വിട പറഞ്ഞിട്ട് 25 വർഷം
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവും ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയും ദീർഘകാലം എം.എൽ.എയും ആയിരുന്നു കെ. പി രാമൻ മാസ്റ്റർ. (ജനനം: 15 ജൂലൈ 1945)

ചെറുപ്പം മുതലെ മുസ്‌ലിംലീഗ് പ്രവർത്തകനായിരുന്ന രാമൻ മാസ്റ്റർ തന്റെ 25-ാം വയസിൽ ആദ്യമായി മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് 1970 ഒക്ടോബറിൽ നിലവിൽവന്ന നാലാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു കൊണ്ട് ആദ്യമായി MLAയായി. പിന്നീട് 1977, 1980, 1982, വർഷങ്ങളിൽ തുടർച്ചയായി 3 തവണ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽനിന്നും നിയമസഭയിലേക്കെത്തി.

1989-ൽ രാമൻ മാസ്റ്റർ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. വേങ്ങര പഞ്ചായത്തിലേക്ക് രാമൻ മാസ്റ്റർ മത്സരിച്ചത് ജനറൽ സീറ്റിലായിരുന്നു. ജനറൽ പഞ്ചായത്തായ വേങ്ങരയിൽ രാമൻ മാസ്റ്റർ പഞ്ചായത്ത് പ്രസിഡൻ്റാകുമ്പോൾ ഒട്ടനവധി നേതാക്കൻമാർ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഉണ്ടായിരുന്നെങ്കിലും മുസ്‌ലിം ലീഗിലെ പ്രമുഖ നേതാവ് രാമൻ മാസ്റ്ററായിരുന്നു.

1991 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിന്നും UDF സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നോക്ക വിഭാഗത്തിൽ പെട്ട രാമൻ മാസ്റ്റർ മുസ്‌ലിം ലീഗ് പാർട്ടിയുടെ മുന്നോക്ക നേതാവായിരുന്നു. പി.എസ്.സി മെമ്പർ, ഖാദിബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായിട്ടുണ്ട്. സർവ്വീസിലിരിക്കുമ്പോൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. തിരൂരങ്ങാടി യതീംഖാനയിൽ പഠിച്ചുവളർന്ന രാമൻ മാസ്റ്ററെ മുസ്‌ലിം ലീഗ് നേതാവ് എം.കെ ഹാജിയാണ് കൈപിടിച്ചുയർത്തിയത്. 1974-ൽ മുസ്‌ലിം ലീഗിലെ പിളർപ്പിനെ തുടർന്ന് എം.കെ ഹാജിയോടൊപ്പം അഖിലേന്ത്യാ ലീഗിലേക്ക് പോയി. 1985-ൽ ലീഗ് ലയനത്തോടെ മുസ്‌ലിം ലീഗിൽ തിരിച്ചെത്തി. ത്രിതല പഞ്ചായത്തുകളിൽ സംവരണവ്യവസ്ഥ നടപ്പിലാക്കുന്നതിനും വർഷങ്ങൾക്കുമുമ്പ് ജനറൽ സീറ്റിൽ മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്തത് അക്കാലത്ത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. വലിയോറ കുന്നുമ്മൽ പള്ളിക്കു സമീപം കാട്ടിലാപറമ്പ് ശങ്കരന്റെ മകനായ രാമൻ വളരെ ചെറുപ്പത്തിൽ തന്നെ എം.കെ ഹാജിയുടെ വീട്ടിലെത്തിയിരുന്നു. തിരൂരങ്ങാടിയിൽ യതീംഖാന തുടങ്ങിയതോടെ മറ്റുകുട്ടികളോടൊപ്പം അങ്ങോട്ട് മാറുകയും പഠിച്ച് വളർന്ന് അവിടെത്തന്നെ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു. തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളിൽ പഠിച്ച് വളർന്ന് അവിടെ ജോലി ചെയ്തു. അവിടെ വെച്ച് തന്നെ (MKH ആശുപത്രി) മരിക്കുകയും ചെയ്യാൻ ഭാഗ്യം കിട്ടിയ ഒരു തിരൂരങ്ങാടി സ്നേഹത്തിന്റെ ഉടമയായിരുന്നു തിരൂരങ്ങാടിക്കാരുടെ വളർത്തുപുത്രൻ കൂടിയായിരുന്ന രാമൻ മാസ്റ്റർ.

പാണക്കാട് കുടുംബവുമായി ഏറെ ബന്ധവും സ്നേഹവും പുലർത്തിയിരുന്ന മുസ്‌ലിം ലീഗ് നേതാവായിരുന്നു രാമൻ മാസ്റ്റർ. ശിഹാബ് തങ്ങൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന രാമൻ മാസ്റ്റർ വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റുകൂടിയായിരുന്നു. വേങ്ങരയിൽ നിന്നുതന്നെ മറ്റൊരു പിന്നോക്ക സമുദായക്കാരനായ എ.പി ഉണ്ണികൃഷ്ണനെ മുസ്‌ലിം ലീഗിന്റെ മുന്നോക്ക നേതാവാക്കി മാറ്റിയതിൽ രാമൻ മാഷ് വഹിച്ച പങ്ക് വളരെ വലുതാണ്.

വിനീതനായ ഞാൻ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗിന്റെ ട്രഷറർ ആയിരിക്കെ കാടാമ്പുഴയിൽ പഞ്ചായത്ത് യൂത്ത് ലീഗിന്റെ സമ്മേളനം നടക്കുകയാണ്. പ്രസിഡൻ്റ് മരിച്ച് പോയ മാനു കാടാമ്പുഴയും ജനറൽ സെക്രട്ടറി നിലവിലെ മലപ്പുറം ജില്ലാ പഞ്ചായത്തംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്ത അംഗം (എ.പി. ഉണ്ണികൃഷ്ണനുൾപ്പെടെ) മൂർഖത്ത് ഹംസ മാസ്റ്ററുമായിരുന്നു. (രണ്ട് പേരും ജില്ലാ പഞ്ചായത്ത് മെമ്പർമാരായിരിക്കെയാണ് മരണപ്പെട്ടത്)

ഹംസ മാസ്റ്ററുടെ അധ്യാപകൻ കൂടെയാണ് രാമൻ മാസ്റ്റർ. ഞങ്ങളുടെ സമ്മേളനത്തിലേക്ക് രാമൻ മാഷെ ക്ഷണിക്കാൻ ഞാനും ഹംസ മാസ്റ്ററും കൂടെ തിരൂരങ്ങാടിയാൽ പോയി. അദ്ദേഹം Date തന്നു. വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റും സംസ്ഥാന സെകട്ടറിയേറ്റ് അംഗവുമായിരുന്ന അദ്ദേഹത്തിന് വേങ്ങര ടൗണിൽ വലിയ ഒരു സമ്മേളനം പെട്ടൊന്ന് നടത്തേണ്ടി വന്ന കാരണം ഞങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഞാനായിരുന്നു കൊണ്ട് വരാൻ പോയത്. (അക്കാലത്തങ്ങിനെയായിരുന്നു) വേങ്ങരയിലെ സമ്മേളനം കാരണം രാമൻ മാസ്റ്റർക്ക് ഞങ്ങളെ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്ന് ഞങ്ങൾക്ക് രാമൻ മാസ്റ്ററുടെ പകരക്കാരനായി രാമൻ മാഷ് ഏൽപ്പിച്ച് തന്ന പ്രഭാഷകനാണ് വേങ്ങരക്കാരനും ചെറുപ്പക്കാരനുമായിരുന്ന എ.പി ഉണ്ണികൃഷ്ണൻ. പ്രിയപ്പെട്ട ഉണ്ണികൃഷ്ണനെയും ഞാൻ കാടാമ്പുഴയിലേക്ക് വന്നു. അന്ന് കാടാമ്പുഴ ടൗണിലുണ്ടായിരുന്ന എൽ.പി സ്കൂൾ ഗ്രൗണ്ടിലായിരുന്നു സമ്മേളനം.

രാമൻ മാസ്റ്റർ Ex MLA-യെ പ്രതീക്ഷിച്ചിരിക്കുന്ന ജനക്കൂട്ടത്തിലേക്ക് എന്നോടൊപ്പം വരുന്നത് എന്നെ പോലെ ഒരു ചെറുപ്പക്കാരനായ യൂത്ത് ലീഗ്കാരൻ. ജനങ്ങളൊക്കെ ആദ്യം സ്വൽപ്പം ആശങ്കയിലായിരുന്നുവെങ്കിലും ഉണ്ണിയുടെ പ്രസംഗം സഭസ്സിനെ ഹരം കൊള്ളിക്കുകയും നിശബ്ദമാക്കുകയും ചെയ്തു. നീണ്ട സമയം ഉണ്ണി പ്രസംഗിച്ചു. ജനങ്ങളുടെ കയ്യടി സ്വീകരിച്ചു. അന്ന് മുതൽ ഉണ്ണിയേട്ടനും ഞാനും വല്ലാത്തൊരു ബന്ധമായിരുന്നു. കഴിഞ്ഞ ഏപ്രിൽ 24ന് ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസമായിട്ട് പോലും മുൻകൂട്ടി നിശ്ചയിച്ച എന്റെ മകന്റെ കല്ല്യാണത്തിൽ നിക്കാഹ് സമയത്ത് തന്നെ ഉണ്ണിയേട്ടൻ വന്നു. രാമൻ മാസ്റ്റർ പകരക്കാരനായി കൂടെ പറഞ്ഞയച്ച് തന്ന അന്ന് രൂപപ്പെട്ടതായിരുന്നു ആ ബന്ധം. മരണം വരെ ഒരു സഹോദരനെ പോലെയായിരുന്നു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പറായിരിക്കേ തിരുവനന്തപുരത്തേക്ക് പോവുന്നതിനായി ടിക്കറ്റെടുക്കാൻ പരപ്പനങ്ങാടിയിലേക്ക് പോവുന്ന വഴിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും MKH ആശുപത്രിയിൽ വെച്ച് 2000 ഏപ്രിൽ 22ന് രാമൻ മാസ്റ്റർ മരണപ്പെടുകയും ചെയ്തു.

പിന്നോക്ക സമുദായ അംഗങ്ങളായിരുന്ന രാമൻ മാസ്റ്ററെയും ഉണ്ണികൃഷ്ണന്നെ രാഷ്ട്രീയത്തിൽ മുന്നോക്ക നേതാക്കൻമാരാക്കിയ മുസ്‌ലിം ലീഗ് പാർട്ടിക്ക് രണ്ട് പേരുടെയും ഹൃദയത്തിലായിരുന്നു സ്ഥാനം. മുസ്‌ലിം ലീഗ് പാർട്ടിയുടെ മതേതര മുഖത്തിന് വിശാലതയുണ്ടാക്കി തന്ന രണ്ട് നേതാക്കളുടെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.