VOL 03 |

പ്രത്യാശയുടെ വിളക്കുമാടം മിഴി തുറക്കുന്ന അനര്‍ഘ നിമിഷം

By: ടി പി അഷ്റഫലി

പ്രത്യാശയുടെ വിളക്കുമാടം മിഴി തുറക്കുന്ന അനര്‍ഘ നിമിഷം
മുസ്‌ലിം ലീഗ് ആസ്ഥാന കേന്ദ്രം ഡൽഹിയിൽ യാഥാർഥ്യമാകുന്നതിലൂടെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കൂടിയുള്ള ഒരു കേന്ദ്രം പ്രവർത്തനമാരംഭിക്കുകയാണ്. തീർച്ചയായൂം ഇത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടും. അടിച്ചമർത്തപ്പെട്ടവന്റെയും അധ:സ്ഥിത വിഭാഗത്തന്റെയും പ്രതീക്ഷയും രാഷ്ട്രീയ പോരാട്ടത്തിനായുള്ള സിരാകേന്ദ്രമായി ഖാഇദെമില്ലത്ത് സൗദം മാറുമെന്നതിൽ തർക്കമില്ല.

ഖാഇദെ മില്ലത്തിന്റെ നീതിയും നന്മയുമുള്ള രാഷ്ട്രീയ സന്ദേഷം രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലേക്കും പരക്കുകയായി. പീഢിത വിഭാഗങ്ങൾക്ക് വലിയ ആശ്വാസവും സമാധാനവും ഈ കേന്ദ്രം നൽകപ്പെടും. രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ മോഡിയൻ ഭരണ കാലത്ത് പ്രതീക്ഷയുടെ ഉറപ്പിനെയാണ് ഈ അസുലഭ മുഹൂർത്തം സമ്മാനിക്കുന്നത്. ആദ്യപാർലമെന്റ് മുതൽ അംഗത്വവും ഭരണഘടനാ നിർമ്മാണ സഭയിലെ സാന്നിദ്യമായിരുന്ന മുസ്‌ലിം ലീഗ് പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശികൾക്കും അധികാരങ്ങൾക്കും വേണ്ടി നിലകൊണ്ടത് ചരിത്ര യാഥാർഥ്യമാണ്.

ബനാത്ത് വാല ലൈബ്രറി, പാണക്കാട് ഹാൾ, പോക്കർ സാഹിബ് മീറ്റിംഗ് റൂം, ഇ.അഹമ്മദ് ബോർഡ് റൂം പാർട്ടി നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും ക്യാബിനുകൾ. വർക്ക് സ്റ്റേഷൻ, താമസ മുറികൾ തുടങ്ങിയ സൗകര്യങ്ങളും സംവിധാനങ്ങളും ഉള്ള ഖാഇദെ മില്ലത്ത് സെന്റർ ഏറ്റവും ഉയർന്ന രീതിയിൽ തന്നെ പാർട്ടിക്ക് ഉയർത്തിപ്പിടിക്കാവുന്ന ആസ്ഥാനമാണ്.

ഈ രാജ്യത്ത് നമ്മുടെ അവകാശങ്ങൾ വീണ്ടെടുക്കുകയും മതേതരവും ഭരണഘടനാപരവുമായ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നതിലൂടെ മാത്രമേ പിന്നോക്കക്കാരുടെയും
മുസ്‌ലിംകളുടെയും പൈതൃകം സംരക്ഷിക്കാനാകൂ. നിരാശയല്ല പ്രത്യാശയാണ് പരിഹാരം. ആ അർത്ഥത്തിൽ നമ്മുടെ ഡൽഹി ആസ്ഥാനം ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള മുസ്‌ലിംകളുടെ രാഷ്ട്രീയ-സാംസ്കാരിക സാമൂഹ്യ കേന്ദ്രം കൂടി ആയിരിക്കും. പാർട്ടിക്കാരുടെയും അല്ലാത്തവരുടെയും ഹനിക്കപ്പെടുന്ന അവകാശത്തെ ചോദിക്കാനും നീതി നിഷേധിക്കപ്പെട്ടവന് തിരിച്ച് നൽകാനും പോരാടുന്ന ഒരു പൊതു സ്ഥാപനമായി കൂടി ഡൽഹി ആസ്ഥാനം മാറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന നേക്കന്മാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ കൂട്ടായ്മകൾ തുടങ്ങിയവർക്ക് അഭയകേന്ദം കൂടിയായിരിക്കും ഖാഇദെ മില്ലത്ത് സെന്റർ.

ഡിൽഹിയിലെ തന്നെ വിവിധ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് മലയാളികളുണ്ട്. ഹരിയാനയിലും ഉത്തർപ്രദേശിലുമൊക്കെ ജോലിയും പഠനവുമായി എത്രയോ മലയാളികൾ അധിവസിക്കുന്നു. അവർക്കൊക്കെയുള്ള ഒരു സഹായകേന്ദ്രവും അഭയകേന്ദ്രവുമായി സെന്റർ മാറുമെന്നതിൽ സംശയമില്ല. ഖാഇദെ മില്ലത്ത് സെന്ററിലെ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ രാജ്യത്തെ വിവിധ സർവ്വകലാശാലയിൽ പഠനം നടത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറ്റവും പ്രയോജനമായിരിക്കും.

രാഷ്ട്രീയമായി ഇടപഴകുന്ന ഒരു പുതുതലമുറയെ വികസിപ്പിക്കുന്നതിലൂടെ കിടയറ്റ യുവസമൂഹത്തെ വാർത്തെടുക്കാൻ ഈ കേന്ദ്രം വഴി സാധ്യമാകുമെന്നതാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ. യൂത്ത് ലീഗ് ലീഗ് ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ വളർച്ചയെ ക്രിയാത്മകമായി മുന്നോട്ട് കൊണ്ട് പോകുന്ന യുവനിരയെയാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളുടെ മുന്നേറ്റത്തെക്കുറിച്ച് ഈ ഓഫീസ് സംവദിക്കും. കൂടാതെ കല, സാസ്കാരികം, ശാസ്ത്രം, സംരഭകത്വം തുടങ്ങിയ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വരെ ഈ ഓഫീസ് പ്രയത്നിക്കും. ചരിത്രപരമായ കാരണങ്ങളാൽ ദക്ഷിണേന്ത്യയിൽ ഒതുങ്ങിപ്പോയ മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തനങ്ങൾ ഉത്തരേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ചാലക ശക്തിയായി ഖാഇദെ മില്ലത്ത് സെന്റർ മാറുമെന്ന് നമുക്ക് ഏറെ പ്രതീക്ഷയും ആഹ്ലാദവും നൽകുന്നതാണ്.