VOL 03 |

സി.എച്ച് ജിദ്ദയിൽ പറഞ്ഞത്

By: ഡോ. ടി.എച്ച് കുഞ്ഞാലി ഹാജി

സി.എച്ച് ജിദ്ദയിൽ പറഞ്ഞത്
പ്രവാസി സമൂഹത്തോട് എക്കാലത്തും വലിയ കൂറും സ്നേഹവും കാണിച്ച പകരം വെക്കാനില്ലാത്ത നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. 1983 -ൽ സി.എച്ച് ജിദ്ദാ സന്ദർശനത്തിനെത്തുന്നു. കൂടെ ഇബ്രാഹിം സുലൈമാൻ സേട്ട്, ബി.വി അബ്ദുല്ലക്കോയ, സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, പി സീതി ഹാജി, യു.എ ബീരാൻ തുടങ്ങി മുസ്‌ലിം ലീഗിന്റെ സമുന്നത നേതാക്കളുമുണ്ട്.

മുസ്‌ലിം ലീഗിന് കോഴിക്കോട്ട് ഒരു ആസ്ഥാനം അഥവാ ലീഗ് ഹൗസ് സ്ഥാപിക്കുക, പ്രവാസികളുമായി ബന്ധപ്പെട്ട് ചന്ദ്രികക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുക, എല്ലാ പ്രവാസികളെയും നാട്ടിൽ ചന്ദ്രികയുടെ വരിക്കാരാക്കുക എന്നിവയായിരുന്നു പ്രധാന ഉദ്ദേശങ്ങൾ. ഉപ മുഖ്യമന്ത്രി കൂടിയായിരുന്നു അന്ന് സി.എച്ച്. ശാരീരികമായി വലിയ പ്രയാസവും അസ്വസ്ഥതയും അദ്ദേഹത്തിനുണ്ടായിരുന്നു. ക്ഷീണം കാരണം വല്ലാതെ അവശനായിരുന്നു. ഇതൊന്നും വകവെക്കാതെയാണ് അദ്ദേഹം പാർട്ടിയുടെയും പത്രത്തിന്റെയും പ്രചാരണത്തിനുവേണ്ടി കട ൽ കടന്നെത്തിയിരിക്കുന്നത്. സീതി ഹാജി ഒരു നിഴൽ പോലെ സദാസമയവും സി.എച്ചിനെ അനുഗമിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാവിധ കാര്യങ്ങളും നിർവഹിച്ചു കൊടുത്തിരുന്നതും സീതി ഹാജിയായിരുന്നു. റൂമിലും അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നു. ഞാനോർത്തു പോവുകയാണ്. ഒരു ദിവസം പുലർച്ചെ അദ്ദേഹം ധരിച്ചിരുന്ന മുണ്ടിലൂടെ അറിയാതെ വയറ്റിൽനിന്നു പോയി. ഉടനെ നമ്മുടെ പ്രവർത്തകർ അതെല്ലാം ക്ലീനാക്കി മറ്റൊരു ഡ്രസ്സും തുണിയും ധരിക്കാൻ കൊടുത്തു. പക്ഷേ താനൊരു രോഗിയാണ്. വളരെയേറെ അനാരോഗ്യവാനാണ് എന്നൊന്നും ആ മുഖത്തുനിന്ന് വായിച്ചെടുക്കാൻ ആർക്കും കഴിയില്ല. എപ്പോഴും സുസ്മേര വദനായി സന്തോഷവും പുഞ്ചിരിയും തൂകുന്ന മനോഹരമായ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ മറിച്ചൊരു ചിന്ത ആർക്കാണുണ്ടാവുക. വാസ്തവത്തിൽ വലിയ രോഗത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എങ്കിലും സമുദായത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ അവരുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും അദ്ദേഹം സദാ ഒപ്പമുണ്ടായിരുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം മടങ്ങിവരുന്ന പ്രവാസികളെ ഓർത്ത് പലപ്പോഴും അദ്ദേഹം വിലപിച്ചിരുന്നു. ജിദ്ദയിലെ പ്രശസ്ത മെറിഡിയൻ ഹോട്ടലിൽ വച്ച് ചന്ദ്രിക റീഡേഴ്സ് ഫോറം നൽകിയ സ്വീകരണയോഗത്തിൽ സി.എച്ചിനെ കുറിച്ച് എല്ലാവരും സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രശസ്തിയും പോരിഷയും ഒക്കെ പറഞ്ഞപ്പോൾ അതിന് മറുപടിയായി സി എച്ച് തന്റെ ഊഴം വന്നപ്പോൾ പറഞ്ഞു.

"ഇവിടെ എല്ലാവരും എന്നെ വലിയ മഹാനാക്കി അതേസമയം ഞാനൊരു മഹാരോഗിയാണെന്ന് പറയലായിരിക്കും കൂടുതൽ ശരി." അത് അക്ഷരംപ്രതി ശരിയായിരുന്നു. "അന്നത് കേട്ട് ചിരിച്ചവർക്ക് പിന്നീട് അതോർത്ത് കരയേണ്ടി വന്നു" അവർ മാത്രമല്ല അദ്ദേഹത്തിന്റെ വിയോഗം അക്ഷരാർത്ഥത്തിൽ കേരള ജനതയെ തന്നെ കരയിപ്പിച്ചു. അന്ന് മെറിഡിയൽ കൂടിയ പൊതുസ്വീകരണ യോഗത്തിൽ വിവിധ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള അറബികളും പങ്കെടുത്തിരുന്നു. ഇംഗ്ലീഷിൽ തുടങ്ങിയ പ്രസംഗം പിന്നീട് മലയാളത്തിലേക്ക് മാറ്റിയാണ് സി.എച്ച് അവസാനിപ്പിച്ചത്. സംഘടന വിഷയങ്ങളുമായി സൗദി അറേബ്യയിൽ ഈ ഒരു തവണ മാത്രമേ സി.എച്ച് സന്ദർശിച്ചിട്ടുള്ളൂ. എത്തിയ ഉടനെ ജിദ്ദ അനെക്സിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ സേട്ട് സാഹിബും സി.എച്ചും കൂടി ഓരോരുത്തരെയും വിളിച്ചുവരുത്തി സംഭാവന നൽകാൻ അഭ്യർത്ഥിച്ചു. 500 കൊടുക്കുന്ന ആളോട് സി.എച്ച് പറയും ആയിരം വേണമെന്ന്. ആയിരം കൊടുക്കുന്നവരോട് പറയും 2000 വേണമെന്ന്. അങ്ങനെ വളരെ തമാശയോടുകൂടി ഫണ്ട് സ്വരൂപിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ ഏറ്റവും അടുത്തറിഞ്ഞ ദിവസങ്ങളായിരുന്നു അതൊക്കെ. പ്രസ്തുത ദിവസങ്ങളിൽ അദ്ദേഹത്തെ ഒരു നിഴൽ പോലെ ആനുഗമിക്കാൻ ഈ വിനീതന് അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ഇന്നും കൊണ്ട് നടക്കുകയാണ്. സി.എച്ചിന്റെ ഓരോരോ തമാശയും വിലയിരുത്തലും പലപ്പോഴും കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം റൂമിൽ കൂടെയുണ്ടാകുന്ന സമയം, സി.എച്ച് രാവിലെ റൂമിനകത്ത് കൂടി നടക്കുമ്പോൾ പലപല തമാശകളും പറയുന്നത് ഇപ്പോഴും ഓർമ്മയിൽ വരികയാണ്. ഒരിക്കൽ എന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു. ഒരു പൂച്ച പോകുന്നത് കണ്ടോ? നമ്മുടെ നാട്ടിലെ പൂച്ചക്കും ഇവിടെയുള്ള പൂച്ചക്കും ഒരേ ഭാഷ തന്നെ. എന്നിട്ട് സി.എച്ച് സ്വയം ചിരിച്ചു. മറ്റൊരിക്കൽ പറഞ്ഞു, ബീരാൻ സാഹിബിന് ചൂടായാൽ ഇംഗ്ലീഷിലേ സംസാരിക്കൂ. അതുപോലെ സീതി ഹാജിയെ ചൂണ്ടിക്കാണിച്ചു പല തമാശകളും നർമ്മം തുളുമ്പുന്ന പല കഥകളും പറയുകയുണ്ടായി. അങ്ങനെ കടന്നുപോയ ആ ദിവസങ്ങൾ അവിസ്മരണീയമായിരുന്നു. ഒരു വലിയ നേതാവിനെ നേരിൽ കാണാനും അടുത്തറിയാനും സർവ്വോപരി ആത്മബന്ധം പുലർത്താനും സാധിച്ചു എന്നത് തന്നെയാണ് ഈ വിനീതനെ സംബന്ധിച്ച് ജിദ്ദ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള ഏറ്റവും വലിയ അംഗീകാരവും അനുഭവ പാഠവും.