VOL 03 |

മുസ് ലിം ലീഗ്: സ്ത്രീപക്ഷ വായനയുടെ ദര്‍ശനം, ചരിത്രം, വര്‍ത്തമാനം

By: റംസീന നരിക്കുനി

മുസ് ലിം ലീഗ്: സ്ത്രീപക്ഷ വായനയുടെ ദര്‍ശനം, ചരിത്രം, വര്‍ത്തമാനം
വിഭജനാന്തര ഭാരതത്തില്‍ ഉടലെടുത്ത കടുത്ത വര്‍ഗീയ ചേരിതിരിവിലും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തെറ്റിദ്ധാരണകളിലും പെട്ട് അസ്ഥിത്വ പ്രതിസന്ധി നേരിട്ട ഭാരതത്തിലെ പീഢിത മുസ്‌ലിം ന്യൂനപക്ഷത്തെ പുനരേകീകരിക്കുകയും അവരുടെ സര്‍ഗാത്മക സാമൂഹികതയെ പുനരനവതരിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് മുസ്‌ലിം ലീഗ് ഉടലെടുക്കുന്നത്. ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുത്ത് ആദര്‍ശത്തിന്റെ ആര്‍ജ്ജവ ഭൂവില്‍ അടിപതറാതെ സമുദായത്തെ വീറോടെ നിലനിര്‍ത്തിയും ബഹുസ്വര സമൂഹത്തിലെ വിശാല വീക്ഷണങ്ങളെ പരസ്പര സഹവര്‍ത്തിത്വത്തിന്റെ തുരുത്തുകള്‍ തീര്‍ത്തും മുസ്‌ലിം ലീഗ് ചിറകറ്റ ഒരു ജനതക്ക് മുന്നില്‍ അതിജീവനത്തിന്റെ ആകാശങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.

മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ നഷ്ടപ്പെട്ട മുഗള്‍ സുല്‍ത്തനത്ത് മുതല്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ വന്ന അഹമ്മദ് ബ്‌നു ഖാസിം വരെയുള്ളവരുടെ നഷ്ട പ്രതാപങ്ങള്‍ വീണ്ടെടുക്കാനുള്ള ഹിഡന്‍ അജണ്ടയാണ് ലീഗ് രൂപീകരണമെന്നും പറഞ്ഞ് പരിഹസിച്ചവരെ കര്‍മ്മസുകൃതങ്ങളുടെ രാഷ്ട്ര നിര്‍മ്മിതിയിലൂടെ തിരുത്തുകയായിരുന്നു ഈ ഹരിത പ്രസ്ഥാനം. വിഭജനത്തിന്റെ ചെയ്യാ പാപഭാരം സൗകര്യപൂര്‍വ്വം രാജ്യത്ത് തികച്ചും ഒറ്റപ്പെട്ട ന്യൂനപക്ഷത്തിന്റെ മുതുകില്‍ രാജ്യദ്രോഹത്തിന്റെ നുകമെന്നോണം കെട്ടിത്തൂക്കിയ സവര്‍ണ ദേശീയതയുടെ നിറംകെട്ട നെറികേടുകള്‍ക്കെതിരെ മുസ്‌ലിം ലീഗ് ചരിത്രപരമായ തിരുത്തും തീര്‍പ്പും കുറിക്കുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ നാള്‍വഴികള്‍, നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും കൂടി കാലമായിരുന്നുവെന്നതിന് ചരിത്രം സാക്ഷി.

“You educate a man you educate a man, you educate a women you educate a generation. (Brigham young )
സ്വാതന്ത്ര്യാനന്തരവും പൂര്‍വ്വവുമായ ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തേക്കുമുള്ള സ്ത്രീ റോള്‍മോഡലുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ നിമിത്തമുണ്ടായ വേദിയാണ് മുസ്‌ലിം ലീഗെന്ന് മനസ്സിലാക്കാം. 1948 മാര്‍ച്ച് 10 നാണ് മുസ്‌ലിം ലീഗിന്റെ ഇന്ത്യന്‍ പതിപ്പ് പുന:നിര്‍ണ്ണയിക്കപ്പെട്ടതെങ്കിലും അതിന്റെ ആശയങ്ങള്‍ ചരിത്രപരമായ കാഴ്ചപാടുകളുടെ വ്യവസ്ഥാപിത രൂപം തന്നെയായിരുന്നു. അതിനാല്‍ മുസ്‌ലിം ലീഗ് നിര്‍മ്മിച്ച സ്ത്രീ മുന്നേറ്റങ്ങള്‍ എന്നതിന്
വിശാലമായ കാലപരിധിയുണ്ട്.

'ഇന്ത്യന്‍ ചരിത്രത്തിന്റെ ഹരിത സമ്പന്നത'
ഇന്ത്യന്‍ യൂണിയന്‍ വനിതാ മുസ്‌ലിം ലീഗിന്റെ വഴി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ധാരാളം സ്ത്രീരത്‌നങ്ങള്‍ അത്ര ആഘോഷിക്കപ്പെടാതെ ചരിത്രത്തിലുണ്ട്. അവര്‍ ഇന്ത്യന്‍ സാമൂഹിക നവോത്ഥാനത്തിനും രാഷ്ട്രനിര്‍മ്മിതിക്കും നല്‍കിയ സംഭാവനകള്‍ ഗവേഷണാത്മകമാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്ക് വഹിച്ച, 1930-ലെ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത, മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ കമ്മറ്റിയിലെ സജീവ സാന്നിധ്യമായിരുന്ന ബീഗം ജഹനാര ഷാനവാസ് അക്കൂട്ടത്തിലൊരാളാണ്.

1935-ല്‍ അവര്‍ പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ മുസ്‌ലിം ലീഗ് സ്ഥാപിച്ചു. അത് വഴി 1937-ല്‍ പഞ്ചാബ് നിയമസഭയിലെത്തിയ അവര്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ ചുമതലയാണ് നിര്‍വ്വഹിച്ചിരുന്നത്. 1938-ൽ തന്നെ ഓള്‍ ഇന്ത്യന്‍ വിമണ്‍സ് മുസ്‌ലിം ലീഗ് എന്നൊരു ഉപവിംഗ് പാര്‍ട്ടിക്കകത്ത് അവര്‍ കൊണ്ടുവന്നു. 1946-ല്‍ നിര്‍ണ്ണായമായ സെന്‍ട്രല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയിലേക്ക് അവര്‍ തെരെഞ്ഞെടുക്കപ്പെട്ടു. ആയിരക്കണക്കിന് സ്ത്രീകളെ സംഘടിപ്പിച്ച് അവകാശസംരക്ഷണത്തിന് വേണ്ടി അവര്‍ പലതവണ തെരുവുകളിലിറങ്ങിയതും ഭരണകൂടത്തിന് വഴങ്ങേണ്ടി വന്നതും ചരിത്രം. ഇന്ത്യന്‍ ഭരണഘടനയെ സ്ത്രീ സൗഹൃദപൂര്‍ണ്ണമാക്കുന്നതിന് വേണ്ട ആശയദാതാവായും വര്‍ത്തിച്ച അവര്‍ വിവിധ മതേതര സ്ത്രീ പ്രസ്ഥാനങ്ങളുടെ കൂടി അഖിലേന്ത്യാ
നേതാവായിരുന്നു.
Huns Ara Begum എന്ന അവരുടെ നോവലും Father and Daughter: A Political Autobiography എന്ന ആത്മകഥയും ഓക്‌സ്‌ഫോര്‍ഡ് പ്രസ്സ് പുറത്തിറക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ നേതാവുമായിരുന്ന ബീഗം ഐസാസ് റസൂല്‍ മറ്റൊരു പ്രമുഖയാണ്. ഇന്നത്തെ ഹരിതയുടെ യഥാര്‍ത്ഥ ആദിപതിപ്പായ MWSF-ന്റെ സ്ഥാപക നേതാവായിരുന്ന ബീഗം ഷെസ്ത സുഹ്‌റവര്‍ദി ഇക്‌റാമുല്ലാഹ് എന്ന നാമം ഒരിക്കലും വിസ്മരിക്കാവതല്ല.

ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടിയ അവര്‍ ഇന്ത്യന്‍ പാര്‍ലമെന്റംഗമായും യു.എന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1948-ലെ യു.എന്‍ മനുഷ്യാവകാശ സമ്മേളനത്തിലും 1951-ലെ വംശഹത്യക്കെതിരായ പ്രത്യേക സമ്മേളനത്തിലും അവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. ഉറുദു സാഹിത്യകാരി കൂടിയായ അവരുടെ കഥാ-ഗദ്യ-നിരൂപണ കൃതികള്‍ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവരൊക്കെ ഉത്തരേന്ത്യക്കാരികളായിരുന്നുവെങ്കില്‍ തിരുവല്ലക്കാരി യായ മുസ്‌ലിം ലീഗ് നേതാവ് എ ഹലീമാ ബീവി (1918-2000 ) എന്ന ബഹുമുഖ പ്രതിഭ മലയാളി മുസ്‌ലിം സ്ത്രീ നവോത്ഥാനത്തിന്റെ ചക്രവാള സീമയിലുണ്ട്. പത്രാധിപയും പ്രസാധകയുമായിരുന്ന അവര്‍ മുസ്‌ലിം വനിത (1938), ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ് (1946), ഭാരത ചന്ദ്രിക ദിനപത്രം (1947), ആധുനിക വനിത (1970) തുടങ്ങിയ പത്രമാസികകള്‍ നേരിട്ട് നടത്തുക
യുണ്ടായി. വൈക്കം മുഹമ്മദ് ബശീര്‍, വെട്ടൂര്‍ രാമന്‍ നായര്‍, വക്കം അബ്ദുല്‍ ഖാദര്‍ മുതലായ അഗ്രേസരന്മാര്‍ സബ് എഡിറ്റര്‍മാരായി എം ഹലീമാ ബീവിയുടെ പത്രാധിപ സ്ഥാനത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് പ്രസ്ഥാനം അധികാര രാഷ്ട്രീയ ദിശയില്‍ അനിഷേധ്യ സ്ഥാനത്തേക്ക് വളര്‍ന്ന ഇക്കാലത്തും ഒരു മുസ്‌ലിം ലീഗുകാരിയായ ഹലീമാബീവിക്ക് സാധിച്ച അക്കാദമിക, സാക്ഷരവിപ്ലവം അതുല്യവും അസാധാരണവുമായ് തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ നിരവധി വനിതാ മുസ്‌ലിം ലീഗ് ശാഖകള്‍ തുടങ്ങാന്‍ അവര്‍ക്ക് സാധിച്ചു. ലീഗിന്റെ ചരിത്രത്തിലെ 'വനിതാ സി.എച്ച് ' ആയിരുന്ന അവരെ മാതൃകയാക്കി കൂടുതല്‍ അനുകരണ ശ്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. ഇത്തരം മാതൃകകള്‍ വിശകലനം ചെയ്യപ്പെടുമ്പോള്‍ നാല് കാര്യങ്ങള്‍ പ്രധാനമായും പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഒന്ന്: വിശാലമായ വിശ്വാസ ജാലികയും അവയുടെ വൈവിധ്യങ്ങളും സമന്വയിക്കുന്ന 'മുസ്‌ലിം ' എന്ന ഭരണഘടനാ സംജ്ഞയുടെ കീഴേവരുന്ന എല്ലാവരെയും ശാഖാപരമായ വിഭിന്നതകള്‍ക്കപ്പുറം മുസ്‌ലിം സ്ത്രീത്വം എന്ന പൊതുത്വത്തില്‍ ഒരുമിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു, വിയോജിപ്പുകള്‍ സംവാദാത്മകമായി അവര്‍ കൈകാര്യം ചെയ്തു.
രണ്ട്: ഒരിക്കലും നിര്‍മ്മിത ഫെമിനിസത്തിലേക്ക് വ്യതിചലിക്കാതെ, അനാവശ്യമായ ആന്റി പാട്രിയാര്‍ക്കിക്കല്‍ സംഘട്ടനം സൃഷ്ടിക്കാതെ സ്ത്രീപക്ഷ കര്‍മ്മ പരിസരം രൂപപ്പെടുത്തുകയായിരുന്നു അവര്‍. അഭിമാനകരമായ അസ്തിത്വം എന്നതിന് അര്‍ത്ഥ പൂര്‍ണ്ണത അവര്‍ ജീവിതം കൊണ്ടാണ് നല്‍കിയത്.
മൂന്ന്: വ്യക്തിപരമായ നൈസര്‍ഗിക മേന്മകളുള്ള അസംഖ്യം സ്ത്രീകള്‍ അടയാളങ്ങള്‍ ബാക്കിയാക്കാനാവാതെ കാലയവനികക്കകത്ത് മാഞ്ഞ് പോയപ്പോള്‍ ചുരുക്കം ചിലര്‍ കാലങ്ങള്‍ക്കിപ്പുറവും ചര്‍ച്ചയാവുന്നത് അവര്‍ വിഘടിച്ച് നില്‍ക്കാതെ സംഘടനയുടെ ഭാഗമായത് കൊണ്ടാണ്, കടല്‍ വെള്ളം ബക്കറ്റിലായാല്‍ തിരമാലകള്‍ സൃഷ്ടിക്കപ്പെടില്ല.

നാല്: കേവലം ' മുസ്‌ലിം ' എന്ന സങ്കുചിതത്വമില്ലാതെ സാമുദായിക നവോത്ഥാനത്തെ സാമൂഹിക പരിഷ്‌ക്കരണ പ്രക്രിയകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ അവരെ പാകപ്പെടുത്തിയ ലോകവീക്ഷണം വിശ്വാസ വിജ്ഞാനങ്ങളും കാരുണ്യബോധവുമായിരുന്നു. മേല്‍പ്പറയപ്പെട്ട ചതുര്‍മാനങ്ങള്‍ അടിസ്ഥാനമാക്കിയിട്ടുള്ള സ്ത്രീ രാഷ്ട്രീയ മുന്നേറ്റമാണ് ഇക്കാലവും തേടുന്നത്. 1960 കളില്‍ മാത്രമാണ് ഇവിടത്തെ പുരോഗമന വിഭാഗങ്ങളില്‍, വിശിഷ്യാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും കേരളത്തില്‍ സ്ത്രീ പൊതുരംഗ പ്രവേശം അനുവദിച്ചിട്ടുള്ളൂ എന്നതാണ് ചരിത്രം. പാര്‍ട്ടീ പ്രകടനങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ഭര്‍ത്താവ് ഒപ്പം വേണമെന്ന അനൗദ്യോഗിക നിബന്ധന അവിടെ ഉണ്ടായിരുന്നു. കെ.ആർ. ഗൗരിയമ്മ, സുശീലാ ഗോപാലന്‍ തുടങ്ങിയ പഴയ കാല കമ്മ്യൂണിസ്റ്റ് സ്ത്രീ നേതൃത്വം അതനുഭവിച്ചവരാണ്. അജിതക്ക് നക്‌സല്‍ പ്രസ്ഥാനവുമായി മുന്നോട്ട് പോവാന്‍ വര്‍ഗീസിനെ കൂടാതെ കഴിയില്ലായിരുന്നുവെന്ന സ്ഥിതി നിലനിന്നിരുന്ന കാലത്തിനും മുമ്പേയാണ് മുസ്‌ലിം ലീഗിന്റെ ബാനറില്‍ സ്ത്രീകള്‍ യു.എന്‍.ഒയില്‍ പ്രസംഗിച്ചത് എന്നത് കണ്ണടച്ചാലും തിളങ്ങുന്ന സത്യമാണ്. നിഷ്‌കാമ കര്‍മ്മങ്ങളുടെ വര്‍ത്തമാനം.

വ്യക്തിസിദ്ധികള്‍, സാധനകള്‍, സാധ്യതകള്‍ തുടങ്ങിയ കഴിവുകള്‍ക്ക് വിപണന മൂല്യം കല്‍പ്പിക്കപ്പെട്ട് ആഗോളീകൃത ലോകഘടനയുടെ ഭാഗമായി നമ്മുടെ നാടും മുമ്പേ മാറി. വാര്‍ത്തകള്‍ അധികാര രാഷ്ട്രീയത്താല്‍ നിര്‍മ്മിക്കപ്പെടുകയും ജീവിതഘടനകളെ ലിബറല്‍ - വ്യക്തിസ്വാതന്ത്ര്യ - മതനിരാസ ചിന്താധാരകള്‍ വ്യാജമായി നിര്‍വ്വചിക്കുകയും ചെയ്യുന്ന സത്യാനന്തരകാലം അതിന്റെ സങ്കീര്‍ണ്ണതകളിലേക്ക് നമ്മെയും നയിച്ചിരിക്കുന്നു. ജന്‍ഡര്‍ പൊളിറ്റിക്‌സും വംശീയ രാഷ്ട്രീയവും ഉഗ്രവാദങ്ങളും പുതുതലമുറയെ പിടിച്ച് വലിച്ച് ശ്വാസം മുട്ടിക്കുന്നു. അവിടെ അതീവ ജാഗ്രതയോടെ മുസ്‌ലിം സ്ത്രകള്‍ക്ക്, വിശിഷ്യാ പെണ്‍കുട്ടികള്‍ക്ക് നേര്‍വഴിയും മതേതരമായ കര്‍തവ്യ ബോധവും നല്‍കുന്നുവെന്നതാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ സ്ത്രീവായന. മുസ്‌ലിം സ്ത്രീ വിഷയങ്ങള്‍ ചര്‍ച്ചയാവാത്ത ഒരിടവും പൊതു ഇടത്തിലില്ല. കേന്ദ്രം ഭരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന് ഏകസിവില്‍ കോഡ് ഒളിപ്പിച്ച് കടത്താനുള്ള ഉപായമായ പര്‍ദ്ദയും ഹിജാബും മുതല്‍ മുത്തലാഖ് വരെ. തട്ടത്തില്‍ പോലും പ്രാകൃതത്വം കാണുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് കാര്യം നേടാന്‍ പർദ്ദയിട്ടവരെ നിരത്തി വേണം മതില് പണിയാന്‍. മറ്റൊരു മത-ജാതി സമുദായത്തിലെ പെണ്‍കുട്ടികളുടെ തല തന്നെ പോയാലും കാണാത്ത സോകോള്‍ഡ് സെക്കുലര്‍ അച്ചടി - ദൃശ്യ മാധ്യമങ്ങള്‍ക്ക് മുസ്‌ലിം പെണ്‍കുട്ടിയുടെ തലമുടി മതി കവര്‍ സ്റ്റോറിയാക്കാന്‍. എവിടെയും വല്യേട്ടന്‍മാരുടെ ഘോഷയാത്രയാണ് തട്ടമിട്ട തലകള്‍ക്ക് ചുറ്റും. ശത്രുക്കളുടെ മൂലധനവും നിക്ഷേപവും ലാഭം തേടുന്ന വഴികളിലെ ഉപകരണങ്ങളാവാന്‍ മുസ്‌ലിം സ്ത്രീകളെ വിട്ടുകൊടുക്കാത്ത സമരസജ്ജതയുടെ, സാംസ്‌ക്കാരിക പ്രതിരോധത്തിന്റെ കൂടി പേരാണ് മുസ്‌ലിം ലീഗ്. ഇവയൊന്നും അതിശയോക്തിയല്ല, നഗ്‌നദൃശ്യങ്ങളാണ്.

പൗര-ധര്‍മ്മ ബോധങ്ങള്‍ സമന്വയിക്കുന്ന സ്ത്രീ രാഷ്ട്രീയ ബോധത്തിന്റെ അന്ത:പ്രചോദനങ്ങള്‍ ഏറ്റുവാങ്ങി ഹിജാബണിഞ്ഞ്, ബഹിരാകാശ സഞ്ചാരം നടത്തുന്ന, ശാസ്ത്ര വിജ്ഞാനീയങ്ങള്‍ നിര്‍മ്മിക്കുന്ന, പ്രൊഫഷണല്‍ കോളേജുകളുടെ സ്പന്ദനങ്ങള്‍ നിയന്ത്രിക്കുന്ന, റാങ്കുകളും സ്‌കോളര്‍-ഫെല്ലോഷിപ്പുകള്‍ വാങ്ങുന്ന, വാര്‍ത്താ മാധ്യമങ്ങളുടെ ഭാഷയും ഭാവവും രൂപപ്പെടുത്തുന്ന, അവകാശസംരക്ഷണത്തിന് വേണ്ടി നിരത്തുകളില്‍ നിറയുന്ന അനേകായിരം മുസ്‌ലിം പെണ്‍കുട്ടികള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടു വെന്നതാണ് മുസ്‌ലിം ലീഗിന്റെ മുക്കാല്‍ നൂറ്റാണ്ട്കാല സ്വാധീനം. നേട്ടങ്ങള്‍ നേടുന്ന പെണ്‍കുട്ടികളെല്ലാം പാര്‍ട്ടീ വേദികളില്‍ മെമ്പര്‍ഷിപ്പ് ഉള്ളവരാണെന്നല്ല, മറിച്ച്, സ്വത്വം നിലനിര്‍ത്തിക്കൊണ്ടും പറക്കാന്‍ ഇവിടെ ആകാശങ്ങളുണ്ടെന്ന ആശയം അവരിലുണ്ടാക്കിയ അടിത്തറ മുസ്‌ലിം ലീഗിന്റേതാണെന്നാണ് പറയുന്നത്.
ജാഗ്രത ശ്വാസമായ് സൂക്ഷിക്കേണ്ട അത്തരമിടങ്ങളില്‍ പുതിയ തലമുറയോട് മുസ്‌ലിം ലീഗ് രാഷ്ട്രീയം പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ ചുരുക്കാം.
എ: ബഹുസ്വര രാഷ്ട്രഘടനയില്‍ മതവാദമോ ഇരവാദമോ അല്ല, മിതവാദമാണ് വഴി.

ബി: ഹിജാബും പര്‍ദ്ദയുമടക്കമുള്ള സ്വത്വ ചിഹ്നങ്ങളുടെ സംരക്ഷണം മൗലികാവകാശമായതിനാല്‍ അവയെ ഔദാര്യമോ സമ്മാനമായോ ആയവതരിപ്പി ക്കുന്ന എല്ലാതരം പ്രീണന രാഷ്ട്രീയങ്ങളും കാപട്യമാണ്.

സി: ക്യാംപസുകളില്‍ മതനിരാസത്തിന്റെയും സ്വതന്ത്രചിന്തയുടെയും പ്രഛന്ന വേഷമായ കമ്മ്യൂണിസം ഏത് മധുരപലഹാരത്തിന്റെ രൂപത്തില്‍ വന്നാലും നിരാകരിക്ക പ്പെടേണ്ടതാണ്.

ഡി: ലൈംഗിക ന്യൂനപക്ഷം അഥവാ എല്‍.ജി.ബി.റ്റി.ക്യൂ + കമ്പോളീകൃത ഉല്‍പ്പന്നമാണ്. അത്തരം ആക്ടീവിസങ്ങളോട് സംവാദാത്മകമായ വിയോജിപ്പ് രേഖപ്പെടുത്താനാവുന്ന വിധം പുതുകാല രാഷ്ട്രീയ സാക്ഷരത ആര്‍ജ്ജിക്കുക. തല്‍ക്കാലമല്ല പില്‍ക്കാലമാണ് പ്രധാനം എന്ന് ചുരുക്കം.

സ്ത്രീ സൗഹൃദത്തിന്റെ
ഹരിതവസന്തം
മുസ്‌ലിം ലീഗിന്റെ ഏറ്റവും പുതിയ അംഗത്വ കണക്കില്‍ 51 ശതമാനം സ്ത്രീകളാണ്. അതില്‍ത്തന്നെ മൂന്നില്‍ രണ്ടും മുപ്പത്തഞ്ച് വയസ്സിന് താഴെയുള്ളവരാണെന്നത് ഈ പ്രത്യയ ശാസ്ത്രത്തിന്റെ നവോല്‍ക്കര്‍ഷത്തെ ഉണര്‍ത്തുന്നു. ത്രിതല പഞ്ചായത്ത് തലങ്ങളിലും
മറ്റുമേര്‍പ്പെടുത്തപ്പെടുത്തപ്പെട്ട സ്ത്രീ സംവരണ തലങ്ങളിലേക്ക് കാര്യ പ്രാപ്തരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും നല്‍കാന്‍ പ്രസ്ഥാനം യാതൊരു ദാരിദ്രവും നേരിട്ടിട്ടില്ലെന്നത് ഇവിടെയുള്ള പല സ്വയം പ്രഖ്യാപിത പുരോഗമന നാട്യക്കാരെയും ഞെട്ടിച്ച സത്യമാണ്.

അന്യൂനവും അസൂയാര്‍ഹവുമായ ഭരണപാടവം പ്രകടിപ്പിച്ച് അത്തരം സ്ത്രീകള്‍ പല അംഗീകാരങ്ങളും നേടിക്കഴിഞ്ഞു. പാര്‍ലമെന്റില ടക്കം ഉയര്‍ന്ന ജനപ്രാതിനിധ്യ സഭകളില്‍ കൂടി നാളെ സംവരണങ്ങള്‍ വരുമ്പോള്‍ അവിടെയും ഏറ്റവും അതിയോഗ്യകളായ സ്ത്രീകളെ നിയോഗിക്കാന്‍ മാത്രം സമ്പന്നമാണ് പ്രസ്ഥാനം. മറ്റെല്ലാ സമുദായങ്ങളിലുമെന്നത് പോലെ മുതിര്‍ന്ന തലമുറയിലെ സ്ത്രീകള്‍ ഇനിയും രാഷ്ട്രീയ സാക്ഷരത നേടണമെന്ന വസ്തുത ഇവിടെയുമുണ്ട്. ആ തിരിച്ചറിവ് മുൻ നിര്‍ത്തി പല സമുദ്ധാരണ ശ്രമങ്ങളും നടക്കുന്നുമുണ്ട്. അച്ചടക്കബോധത്തിന്റെ അഭാവമാണ് അരാഷ്ട്രീയ പ്രവണതകളായും അസാന്‍മാര്‍ഗിക വ്യതിചലനമായും പരിണമിക്കുന്നതെന്ന തിരിച്ചറിവും ഏറ്റവും വലിയ അവകാശം ചിന്താശേഷിയാണെന്ന ബോധ്യവുമാണ് ഈ പ്രത്യയശാസ്ത്രം മുന്നോട്ട്
വെക്കുന്നത്.

അനുസരണമുള്ള അനുനായികളും നീതിബോധമുള്ള നേതൃത്വവുമാണ് വിജയിച്ച സാമൂഹിക മാതൃകകളുടെ ആകെത്തുക എന്ന ഇബ്‌നു ഖല്‍ദൂന്‍ ദര്‍ശനമാണ് യാഥാര്‍ത്ഥ മാര്‍ഗരേഖ. വാചാടോപതകള്‍ക്കപ്പുറം, ചില വിടവുകള്‍ കൂടി നികത്തപ്പെട്ടാല്‍ മാത്രമേ സമ്പൂര്‍ണ്ണ സ്ത്രീ ശാക്തീകരണം സാക്ഷാല്‍ക്കരികപ്പെടുകയുള്ളൂ എന്നതു കൂടി മറക്കാവതല്ല. രാഷ്ട്രപതി, ഗവര്‍ണര്‍, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിപദങ്ങള്‍, സുപ്രീം-ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ പദവികളിലേക്കൊക്കെ മുസ്‌ലിം സ്ത്രീകള്‍ വളരുന്ന ശുഭോതര്‍ക്കമായ സാധ്യതകള്‍ക്ക് പരിസരങ്ങളൊരുങ്ങേണ്ടതുണ്ട്. അതിന് മുമ്പേ നികത്തപ്പെടേണ്ട വിടവുകളില്‍ അര്‍ഹരായ സ്ത്രീകള്‍ ഇടം നേടേണ്ടതുമുണ്ട്. അത്തരം കാലത്തിന്റെ തേട്ടങ്ങള്‍ മുഖവിലക്കെടുക്കുന്ന ക്രാന്തദര്‍ശികളും സ്വാതികരുമാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്.
നശ്വരമായ ദൃശ്യഭംഗികള്‍ക്കും ശാരീരിക നടനങ്ങള്‍ക്കുമപ്പുറം, ആത്മീകവും അഭൗതികവുമായ വിശ്വാസ ദര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന വീക്ഷണ സമഗ്രതയാണ് അവരുടെ തികവ്. ആ മാര്‍ഗദര്‍ശനം മുസ്‌ലിം സ്ത്രീ രാഷ്ട്രീയത്തിന് നല്‍കുന്നത് തികഞ്ഞ സംരക്ഷണ ബോധവും ആത്മവിശ്വാസവുമാണ്.

പിടിവിടാതെ പറക്കാനും നിലതെറ്റാതെ കുതിക്കാനും പിന്നില്‍ ചരിത്രവും മുന്നില്‍ ലക്ഷ്യബോധവുമുള്ള ഈ നൗക പ്രതിസന്ധികളുടെ കടല്‍ച്ചൊരുക്കുകള്‍ മറികടക്കുക തന്നെ ചെയ്യും. വിശ്വകവി അല്ലാമാ ഇഖ്ബാല്‍ അത് പറഞ്ഞു
'കടലും നീ, കപ്പലും നീ, കാറ്റും നീ, കപ്പിത്താനും നീ തന്നെ' .
സ്വയം തകരണോ മറുകര പറ്റണോ എന്നത് നമ്മുടെ നീക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാരം. നേടാന്‍ കഴിയാതെ പോയവരുടെ കൂടി ചരിത്രത്തില്‍ നിന്നാണ് വിജയ ഗാഥകള്‍ പിറക്കുക.