VOL 03 |

മദീനയുടെ രാഷ്ട്രീയം: ബഹുസ്വരതയുടെ മഹനീയ മാതൃക

By: ഫൈസൽ മാലിക് എ.ആർ നഗർ

മദീനയുടെ രാഷ്ട്രീയം: ബഹുസ്വരതയുടെ മഹനീയ മാതൃക
"നിങ്ങളൊരു ഓട്ട മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്നുമാത്രം കരുതാതെ കൂടെ ചിലർ ഓടിയിരുന്നു എന്നുകൂടി ഓർക്കുന്നതാണ് ജനാധിപത്യം. ഒറ്റക്ക് ഓടിയാർ ആരും ജയിക്കില്ല"
- മഹാത്മാഗാന്ധി.

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ലോകോത്തരമാണ് നമ്മുടെ ഭരണഘടന. മതനിരപേക്ഷതയിൽ അധിഷ്ഠിതമായ ഇന്ത്യയുടെ ഭരണഘടനയെ ജീവനുള്ള ഭരണഘടന എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശങ്ങൾ വകവെച്ച് നൽകുന്നുണ്ട് നമ്മുടെ ഭരണഘടന. ജനാധിപത്യരാജ്യങ്ങളിൽ ശ്രദ്ധേയമായ രാജ്യമാണ് ഇന്ത്യ.

ബാലാരിഷ്ടതകൾ ഏറെയുണ്ടെങ്കിലും മതേതര ജനാധിപത്യത്തിന്റെ മകുടോദാഹരണമായി ഇന്ത്യ നിലനിൽക്കുന്നത് ശക്തമായ ഭരണഘടനയുടെ പിൻബലത്തിലാണ്. ഇന്ത്യൻ ഭരണഘടനയിൽ എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യരാണ്. അതാണ് ലോകത്തിനു മുന്നിൽ ഇന്ത്യൻ മതേതരത്വത്തിന്റെ അഥവാ മതനിരപേക്ഷതയുടെ മഹത്വം. നിർഭാഗ്യകരമെന്ന് പറയട്ടെ, ഭരണഘടനക്ക് നിരക്കാത്ത നിയമനിർമാണങ്ങൾ ഇന്ന് പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പു വെക്കുകയും ചെയ്യുകയാണ്.

ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടുകയും അതിന്റെ അടിത്തറയായ മതേതരത്വവും ജനാധിപത്യവും ഭീഷണിയുടെ ഭൂമധ്യരേഖയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആപത്കരമായ കാലത്ത് മദീനയുടെ രാഷ്ട്രീയവും പ്രവാചകൻ മുഹമ്മദ് നബി (സ) വിശുദ്ധ മദീനയിൽ സ്ഥാപിച്ച ഭരണ വ്യവസ്ഥിതിയും ചർച്ച ചെയ്യുന്നത് എന്തുകൊണ്ടും പ്രസക്തമാണ്.

ലോകത്താദ്യമായി ലിഖിതരൂപത്തിൽ അവതരിപ്പിക്കപ്പെട്ട ഭരണഘടനയാണ് മദീനയുടെ ഭരണഘടന. പ്രവാചകന്റെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട വ്യവസ്ഥാപിതവും സമഗ്രവുമായ പ്രസ്തുത മാർഗ്ഗരേഖ "സുഹ്ഫത് മദീന" (മദീനാ ചാര്‍ട്ടര്‍) എന്നാണ് അറിയപ്പെടുന്നത്.

അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ ചെയ്ത് കടന്നുവരുമ്പോൾ യസ്‌രിബിൽ തികഞ്ഞ അരാജകത്വം അരങ്ങുവാഴുകയായിരുന്നു. സ്ഥലത്തെ പ്രബല നിവാസികളായ ജൂതന്മാർ പത്തോളം ഗോത്രങ്ങളായിട്ടാണ് താമസിച്ചിരുന്നത്. ഔസ്, ഖസ്റജ് എന്നീ പ്രമുഖ ഗോത്രങ്ങളടക്കം 12-ഓളം ഗോത്രങ്ങളായിരുന്നു അറബികൾ. കൂടാതെ ന്യൂനപക്ഷമായ ക്രൈസ്തവരും മദീനയിൽ താമസിച്ചിരുന്നു. ഗോത്ര മഹിമയിൽ ഉരുത്തിരിയുന്ന സംഘട്ടനങ്ങളും ബലപ്രയോഗങ്ങളുമായിരുന്നു അവരെ നയിച്ചിരുന്നത്. അവർ തമ്മിലുളള രക്തരൂഷിത യുദ്ധങ്ങൾ നിത്യ സംഭവങ്ങളായിരുന്നു. അതിന് പ്രത്യേക കാരണങ്ങളൊന്നും വേണമെന്നില്ല. കേവലം വ്യക്തി വിരോധങ്ങളോ നിസ്സാരമായ വാക്കുതർക്കങ്ങളോ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധങ്ങളിലാണ് ചെന്നവസാനിക്കുക. സർവ്വ സമ്മതനായ ഒരു നേതൃത്വത്തിന്റെ കീഴിൽ അണിനിരക്കാൻ അവരുടെ മനസ്സ് ഒരിക്കലും പാകപ്പെട്ടിരുന്നില്ല. ഒടുവില്‍ പ്രദേശത്തിന്റെ മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ മുഹമ്മദ് നബി(സ)യെ ഗോത്രങ്ങള്‍ അനുവദിച്ചു. അതേത്തുടർന്ന് ഇസ്‌ലാമിക പാരമ്പര്യമനുസരിച്ച് പ്രവാചകൻ തന്റെ അനുയായികളോടും അമുസ്‌ലിംകളോടും കൂടിയാലോചിച്ചു. അവരെല്ലാം ഒരിടത്തൊത്തുകൂടി തങ്ങളുടെ സമൂഹത്തെ ഒരു വ്യവസ്ഥാപിത ഭരണത്തിൻ കീഴിൽ പുനർനിർമിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായിരുന്നു പ്രവാചകന്റെ മേല്‍നോട്ടത്തിൽ തയ്യാറായ മദീന ചാര്‍ട്ടര്‍.
നീതിയും ക്ഷേമവും ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും ഭരണാധികാരിയും ആദ്യം ചെയ്യുക ശക്തമായ ഒരു ഭരണഘടന ഉണ്ടാക്കുകയാണ്. ആ ഭരണഘടനയിൽ വിശ്വാസപരമായും സാമൂഹ്യപരവുമായുമുള്ള മൂല്യങ്ങളും നൈതികതയും ഉൾപ്പെടുത്തുമ്പോഴാണ് മതത്തിനും രാഷ്ട്രീയത്തിനും ഇതര താല്പര്യങ്ങൾക്കും അതീതമായി പൗരന്മാർ അത് ഉൾക്കൊള്ളുകയുള്ളൂ. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ മദീനയിലെ ജനസംഖ്യയെ കുറിച്ച് കൃത്യമായ ഒരു വിവരശേഖരണം നടത്തിയത് പിന്നീടുള്ള ആസൂത്രണങ്ങൾക്ക് വളരെയധികം സഹായകരമായി. ഇവിടെയാണ് മദീനാ ചാർട്ടർ ആധുനിക ലോകത്തിന് മാതൃകയാവുന്നത്.

രണ്ട് പാർട്ടുകളായിട്ടാണ് ഇതിന്റെ ക്രോഡീകരണം ഉണ്ടായത്. ഒന്ന് ജൂത ഗോത്രങ്ങളുമായിട്ടും മറ്റൊന്ന് അറബികളുമായിട്ടും. പിന്നീട് രണ്ടുംകൂടി കൂട്ടി യോജിപ്പിക്കുകയായിരുന്നു. അതുവരെ ഉണ്ടായിരുന്ന ഗോത്ര സങ്കല്പത്തെ അപ്രസക്തമാക്കി മദീനയെ ഒരു രാഷ്ട്ര സങ്കല്പമാക്കി മാറ്റി ജനാധിപത്യ പ്രക്രിയയുടെ തുടക്കം കുറിക്കുന്നത് അവിടെ നിന്നാണ്. നീതിയെ കുറിച്ചും ശിക്ഷാവിധിയെക്കുറിച്ചുമൊക്കെ കൃത്യമായി പറയുന്നുണ്ട് സുഹ്ഫത് മദീന. മദീന നിവാസികളെ ഒരു സമൂഹമായി കാണുകയും അവർക്കൊരു പൊതു ക്രിമിനൽ നിയമം ഏർപ്പെടുത്തുകയും ചെയ്തു. സിവിൽ നിയമങ്ങളുടെ കാര്യത്തിൽ ഓരോ മതവിഭാഗവും പിന്തുടർന്ന് വരുന്ന വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ നിയമം നിർമിച്ചു. ഓരോ വിഭാഗത്തിന്റെയും സംസ്കാരവും നിയമവ്യവസ്ഥയും എന്തായിരുന്നുവോ അത് പ്രകാരമാണ് സുഹ്ഫത് മദീന തയ്യാറാക്കിയത്. സംസ്കാരത്തെയും ഗോത്ര നിയമങ്ങളെയും ബഹുമാനിച്ചുകൊണ്ട് തന്നെയാണ് ഇസ്‌ലാമിന്റെ ജനാധിപത്യനിയമം അവിടെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളൂ. പിന്നീട് നബി(സ)യുടെ ഒരോ പ്രക്രിയയിലും കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ കാണാൻ കഴിയും. നബി(സ)യുടെ സന്ധി വ്യവസ്ഥകൾകളിലും അത്തരം കാര്യങ്ങൾ നമുക്ക് കാണാൻ കഴിയും. അതിന്റെ വലിയ ഉദാഹരണമാണ് ബൈഅത്തു റിദ് വാനെ തുടർന്നുണ്ടായ ഹുദൈബിയ സന്ധി. ഹുദൈബിയ സന്ധിയുടെ സന്ദർഭത്തിൽ കരാറിലെത്താൻ വേണ്ടി മാന്യന്മാരായിട്ടുള്ള ചർച്ചക്കാർ വരുന്നതുവരെ പ്രവാചകൻ കാത്തിരുന്നു. ആദ്യംവന്ന മൂന്ന് പ്രതിനിധികളും തിരിച്ചുപോയി. പിന്നീട് സുഹൈല് ബ്നു അംറുമായിട്ടാണ് റസൂൽ സന്ധി സംഭാഷണം നടത്തുന്നത്. ഹുദൈബിയ സന്ധിക്ക് ശേഷം സംഭവിച്ച മക്കം ഫത്ഹിലും (മക്കാവിജയം) നമുക്കിത് കാണാവുന്നതാണ്. ഖുറൈശികൾ ഒന്നടങ്കം ഇസ്‌ലാമിലേക്ക് കടന്നുവന്നതിന് വിശ്വാസവുമായിട്ട് ബന്ധപ്പെട്ട് മാത്രമല്ല രാഷ്ട്രീയമായും അതിന് മാനങ്ങളുണ്ടായിരുന്നു. ഈ ദിവസം കഅ്ബാശരീഫിൽ ആരൊക്കെ അഭയം പ്രാപിച്ചുവോ അവർക്ക് രക്ഷ എന്നുപറഞ്ഞ് തൊട്ടടുത്ത് തന്നെ പ്രവാചകൻ പറയുന്നത് അബൂസുഫിയാന്റെ വീട്ടിൽ അഭയം പ്രാപിച്ചവർക്കും രക്ഷയുണ്ട് എന്നാണ്. അതൊരു തന്ത്രപരമായ രാഷ്ട്രീയ സമീപനമായി നമുക്ക് നിരീക്ഷിക്കാനാവും. നബി തങ്ങൾ ഇത്തരം തന്ത്രപരമായ ഘടകങ്ങളെ കൃത്യമായി വിനിയോഗിച്ചിട്ടുണ്ടായിരുന്നു എന്ന് കാണാൻ പറ്റും.

വൃത്തിക്ക് വലിയ പ്രാധാന്യമാണ് പ്രവാചക ഭരണകൂടം നൽകിത്. പരിസരം സുന്ദരവും ശുചിത്വപൂർണവുമാക്കാൻ പ്രവാചകൻ അനുചരരെ പ്രോത്സാഹിപ്പിച്ചു. വൃത്തി ഈമാന്റെ പകുതിയാണെന്നാണല്ലൊ തിരുവചനം. ശുചിത്വവും ആരോഗ്യപരിരക്ഷയും വിശ്വാസപരമായ കടമകൂടിയാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചു. മദീനയിൽ വന്നിട്ട് നടപ്പിലാക്കിയ ഒരു പോളിസിയാണിത്. പരിസ്ഥിതി സൗഹൃദം ഒരു നയമായി സ്വീകരിച്ചു. കുടിവെള്ള ലഭ്യതക്ക് വേണ്ടി കിണറുകൾ കുഴിച്ചു. അതിനുവേണ്ടി ഫണ്ട് സമാഹരണം നടത്തി. തരിശായി കിടന്നിരുന്ന കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടും മറ്റും നിർബന്ധപൂർവ്വം കൃഷി ചെയ്യിപ്പിച്ചു. അതിന് പുറമെ വൃത്തിഹീനമായ തെരുവുകൾ മുഴുവൻ വൃത്തിയാക്കി. പടിപടിയായി നടത്തിയ ബോധവൽക്കരണത്തിലൂടെ സമ്പൂർണ മദ്യരഹിത സമൂഹമെന്ന ആശയം ആദ്യമായി നടപ്പിൽ വരുത്തിയതും മദീനയിൽ തന്നെ. വീടുകളിൽ നിന്നും ബസാറുകളിൽ നിന്നും മദ്യചഷകങ്ങൾ പിഴുതെറിയപ്പെട്ടു. മറ്റുപല പ്രകൃതി സൗഹൃദമായിട്ടുള്ള നിയമങ്ങളും കൊണ്ടുവന്നു. നബിയുടെ രാഷ്ട്രീയത്തിലെ മറ്റൊരു പ്രധാനപ്പെട്ട സംഗതിയായിരുന്നു സമൂഹത്തിലെ ഏത് വിഭാഗം പൗരന്മാർക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുക എന്നത്. നബിയുടെ കാലഘട്ടത്തിൽ ഒരിക്കൽ പോലും മദീന ഒരു മുസ്‌ലിം രാഷ്ട്രമാണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. അതിനുപകരം ഉമ്മത്ത് എന്ന് പറയുമ്പോൾ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു മദീനയായിരുന്നു ഉണ്ടായിരുന്നത്. അതിന് അതിർത്തിയും മറ്റ് കാര്യങ്ങളും നിർണയിച്ചു. മക്ക കീഴടക്കുന്ന സന്ദർഭത്തിലും ആദ്യം നടപ്പാക്കിയ തീരുമാനങ്ങളിൽ ഒന്ന് മക്ക എന്ന പ്രദേശത്തിന്റെ അതിർത്തി നിശ്ചയിക്കലായിരുന്നു. പിന്നെ ചെയ്തത് മസ്ജിദുൽ ഹറാമിൽ പ്രതിഷ്ഠിച്ചിരുന്ന ബിംബങ്ങളെ എടുത്തുമാറ്റുക എന്നതും. തൗഹീദിന്റെ പ്രഖ്യാപനത്തിലേക്കുള്ള ഒരു കാൽവെപ്പ് എന്ന രീതിയിലായിരുന്നു അത്. അതൊരിക്കലും അന്യമതങ്ങളെ ദ്രോഹിക്കണം എന്ന അർഥത്തിലല്ല. മക്കയിൽ
ബഹുദൈവാരാധകർ ഇല്ലാതെയായതോടെ ബിംബങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടാണ് അവയെ
തകർത്തുകളഞ്ഞത്.

ഏറ്റവും പ്രധാനമായിട്ട് പറയാനുള്ളത് മറ്റുള്ളവരുടെ അസ്തിത്വത്തെ മാനിക്കുന്ന കാര്യത്തിൽ ഒരു രാഷ്ട്രത്തിന് അകത്തുള്ള എല്ലാവർക്കുമിടയിൽ പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്രിയാത്മകമായ നടപടികൾ എടുത്തു എന്നതാണ്. സമൂഹത്തിൽ നിരന്തരം ചിദ്രത ഉണ്ടാക്കിക്കൊണ്ടിരുന്ന കപട വിശ്വാസികളിൽ പെട്ട അബ്ദുല്ലാഹിബ്നു സുലൂലിനെ വധിക്കേണ്ടത് അനിവാര്യമായിട്ട് പോലും ഒരു ഘട്ടത്തിൽ നബി തങ്ങൾ അത് വേണ്ടെന്നു വയ്ക്കുന്നുണ്ട്. മുഹമ്മദ് സ്വന്തം പാളയത്തിൽ തന്നെ ശിക്ഷകൾ നടപ്പാക്കുന്നു എന്ന പ്രചാരണം വന്നുകഴിഞ്ഞാൽ അത് സമൂഹത്തിൽ ദോഷകരമായി ഭവിക്കും എന്ന ഉൾക്കാഴ്ചയാണ് അതിന് കാരണം. അതുപോലെ ഹുനൈൻ യുദ്ധത്തിനുശേഷം ഗനീമത്ത് സ്വത്ത് ഓഹരി വയ്ക്കുന്നതിൽ മദീനക്കാരായ അൻസാറുകൾക്ക് നീരസമുണ്ടായ സമയത്തും അപാരമായ നയതന്ത്രജ്ഞയിലൂടെയാണ് അതിനെ കൈകാര്യം ചെയ്യുന്നത്.

ജൂതന്മാർക്ക് ഏറ്റവും വലിയ ദോഷവും ദേഷ്യം വരുത്തി വെച്ചത് നബി(സ)യുടെ മദീനയിലേക്കുള്ള ആഗമനമാണ്. അവരിൽ മഹാഭൂരിപക്ഷവും അവസാനം വരെ പ്രവാചകനിൽ വിശ്വസിച്ചില്ലല്ലൊ. സഹികെട്ട് അവരെ മദീനയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ഖൈബറിൽ താമസിച്ചുകൊണ്ടായിരുന്നു പിന്നെ ജൂതന്മാരുടെ ഇസ്ലാമിനെതിരെയുള്ള ആസൂത്രണങ്ങൾ. ജൂതന്മാരെ കൂടാതെ മദീന നിവാസികളിൽ ബഹുദൈവാരാധകരും കപടവിശ്വാസികളുമൊക്കെയുണ്ട്. പ്രവാചകനെ കൊല്ലാൻ വേണ്ടി ശ്രമിച്ച സന്ദർഭങ്ങളും വിരളമല്ല. അങ്ങിനെയൊക്കെയാണെങ്കിലും ഒരിക്കൽ പോലും പ്രവാചകന്റെ ഭരണത്തിനെതിരായൊ അദ്ദേഹത്തെ മാറ്റണമെന്നൊ ആ നേതൃത്വം മദീനക്ക് പറ്റില്ല എന്നൊ ആരും പറഞ്ഞിട്ടില്ല. അതിനേറ്റവും വലിയ കാരണം നീതിപൂർവ്വമുള്ള ഭരണമാണ് റസൂൽ കാഴ്ചവച്ചത് എന്നതാണ്. ഗോത്രങ്ങളെക്കാൾ വ്യക്തികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം കൊടുത്തു എന്നുള്ളതാണ് മറ്റൊരു കാര്യം. അടിമക്ക് സാമൂഹിക ഉന്നമനം ഉണ്ടാക്കി കൊടുത്തു. അതുവരെ നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ പ്രായോഗികമായ ചില നീക്കങ്ങളിലൂടെ നിരുത്സാഹപ്പെടുത്തുകയും അടിമത്വം തന്നെ ഇല്ലായ്മ ചെയ്യുകയും ചെയ്തത് ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനമായിരുന്നു.
എല്ലാ പൗരന്മാർക്കും നീതിയും സ്വാതന്ത്ര്യവും തുല്യതയും വാഗ്ദാനം ചെയ്യുന്ന, ഏതൊരു ബഹുസ്വര രാഷ്ട്രത്തിനും ഏത് പരിതസ്ഥിതിയിലും പിന്തുടരാവുന്ന മഹനീയ മാതൃകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി(സ) നടപ്പിലാക്കിയ മദീനയിലെ രാഷ്ട്രീയ ഭരണ സംഹിത.