VOL 03 |

സ്നേഹ നിലാലവൊളിയായി ശിഹാബ് തങ്ങൾ സ്മാരകം

By: എം.ടി. മുഹമ്മദ് അസ് ലം

സ്നേഹ നിലാലവൊളിയായി ശിഹാബ് തങ്ങൾ സ്മാരകം
ജലന്തർ പഗ്വാഡ ലൗലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിൽ എം.ബി.എക്ക് ചേർന്നപ്പോൾ ആയിരക്കണക്കിന് മലയാളികളും പതിനായിരത്തിലേറെ അറബികളുമെല്ലാം പഠിക്കുന്നൊരു ക്യാമ്പസ് എന്നതു മാത്രമായിരുന്നു മനസ്സിൽ. ലോകത്തെ എത്രയോ രാജ്യങ്ങളിൽനിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങൾ അവരുടേതായ ലോകത്ത് വിദ്യ നുകരാന്നൊരു കലാലയം പലതുകൊണ്ടും മാതൃകാപരമാണ്. തൊട്ടടുത്ത വെള്ളിയാഴ്‌ച ജുമുഅക്കായൊരു പള്ളിതേടി അലഞ്ഞപ്പോഴാണ് വിഷയത്തിന്റെ ഗൗരവം ബോ ധ്യപ്പെട്ടത്. ആ കാഴ്ച ഇന്നും മനസ്സിൽ തെളിയുന്നു. ഒരു വിശാസിയുടെ ഏറ്റവും ശ്രേഷ്ഠമായ ആരാധനാകർമത്തിന് സ്ഥലമൊരുങ്ങിയത് കാലിത്തൊഴുത്ത് പോലെ ഈച്ചയും ഉറുമ്പുമരിക്കുന്ന വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു.

ഹൃദയം നുറുങ്ങിക്കൊണ്ടായിരുന്നു അന്നവിടെ നമസ്കാരം പൂർത്തിയാക്കിയത്. ആ നമസ്ക‌ാരത്തിൽ മുഴുവൻ ആഗ്രഹിച്ചത് വൃത്തിയോടെയും സമാധാനത്തോടെയും ഇബാദത്ത് ചെയ്യാൻ പാകത്തിന് ഈ പള്ളിയെ പുതുക്കിപ്പണിയുക എന്നതായിരുന്നു.
വൃത്തിഹീനവും ശോചനീയവുമായ അന്തരീക്ഷത്തിൽ പരിപാവനമായ സുജൂദിനായി നെറ്റിത്തടം വെച്ചപ്പോൾ തികട്ടിവന്ന വേദനയുടെയും ദൃഢനിശ്ചയത്തിന്റെയും പരിണതിയാണ് ഒന്നര പതിറ്റാണ്ട് മുമ്പ് വിടപറഞ്ഞുപോയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മാരകമായി പഞ്ചാബ് ജലന്തറിൽ ഇന്ന് യാഥാർത്ഥ്യമാകുന്ന സെന്റർ.

ഒരുകൂട്ടം ജനങ്ങൾക്ക് സുഗന്ധപൂരിതമായ മുസല്ല വിരിക്കാൻ ഒരിടം എന്ന സദുദ്ദേശത്തോടുകൂടി ആദ്യമായി സോഷ്യൽ മീഡിയ വഴി പള്ളിയുടെ ശോചനീയാവസ്ഥയെ ജനങ്ങളിലേക്ക് എത്തിക്കുകയും ആദ്യത്തെ വിഡിയോയിൽ തന്നെ ജനങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. അപ്രതീക്ഷിതമായാണ് ഈ ഉദ്യമത്തിന് കരുത്തേകാനും ഊർജ്ജം പകരാനും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വിളിയെത്തുന്നത്. സന്തോഷവും അതിലുപരി പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ
ഓരോ വാക്കുകളും.

പിന്നിടങ്ങോട്ട് കഠിന പ്രയത്നത്തിന്റെ നാളുകളായിരുന്നു. അവിചാരിതമായ സംഭവവികാസങ്ങളുടെ പേമാരികളായിരുന്നു. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവ് എന്ന നിലയിൽ ഈ വഴിയാത്രയിൽ ഏറ്റവും അഭിമാനവും ഊർജ്ജവുമായത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ചേർത്തു നിർത്തലുകളുടെ മണം അനുഭവിച്ചപ്പോഴാണ്. കൂടെ ഇരുത്തിയും ചർച്ച ചെയ്തും ഓരോ പ്രവർത്തന പ്രക്രിയയിലും മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്നേഹമഹിയായ ഉമ്മത്തിന്റെ നേതാവായ മഹാമനീഷിയെ അടുത്തറിയുകയായിരുന്നു.

കാറും കോളും നിറഞ്ഞ കഠിനവും അതിലുപരി ആത്മസംതൃപ്തിയുടെയും വഴികളിൽ കരുത്തായി ഹൈദരലി ശിഹാബ് തങ്ങൾ കൂടെത്തന്നെ ഉണ്ടായിരുന്നു. ഒരിക്കലും തീരാത്ത വേദനയുടെ ആഘാതമേല്പിച്ച് അവിടുന്ന് ഇഹലോകവാസം വെടിഞ്ഞപ്പോൾ പിന്നീടങ്ങോട്ട് ഇരുളിലായേക്കുമെന്ന് ഭയന്ന പോരാട്ടത്തെ അതേ ആർജ്ജവത്തോടെ ഏറ്റെടുക്കുകയായിരുന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഒരിക്കലും ചോരാതെ തങ്ങളുടെ വീര്യത്തെ ആളിക്കത്തിച്ചുകൊണ്ട് പ്രിയപ്പെട്ട സാദിഖലി തങ്ങളും കൂട്ടായപ്പോൾ കോവിഡ് പ്രതിസന്ധികളുൾപ്പെടെയുള്ള കടമ്പകളും തരണം ചെയ്യാനായി. 2017-ൽ തറക്കല്ലിട്ട് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയെങ്കിലും കൊറോണ കാലത്ത് നിർമ്മാണം നിലച്ചു. പിന്നീട് 2023-ലാണ് നിർമ്മാണം പുനരാരംഭിച്ചത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഹ്യൂമാനിറ്റേറിയൻ (സ്മാഷ്) ഫൗണ്ടേഷൻ മാതൃകാപരമായും ചടുലമായും മുന്നോട്ടുപോയപ്പോൾ പഞ്ചാബിൽ വസന്തം വിരിഞ്ഞു.

ജലന്തർ പഗ്വാഡ ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റിക്ക് സമീപമാണ് മലയാളി വിദ്യാർത്ഥികൾക്കു കൂടി പ്രയോജകരമാകുന്ന വിധത്തിൽ സെൻ്റർ പണി കഴിപ്പിച്ചിട്ടുള്ളത്.
18,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള നാലുനില കെട്ടിടത്തിൽ ആയിരത്തോളം ആളുകൾക്ക് നമസ്കരിക്കാൻ സൗകര്യത്തിലുള്ള പള്ളി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ലൈബ്രറി, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മരണയിൽ ഒരുക്കിയ കോൺഫറൻസ് ഹാൾ, ഹോസ്റ്റൽ, ഗസ്റ്റ് റൂം, മെസ്സ് റൂം തുടങ്ങിയ വിപുലമായ സൗകര്യത്തോടെയാണ് സാംസ്കാരിക കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. എല്ലാ പ്രാർത്ഥനകളുടെയും ഒടുക്കം ഒരു ജനത നെഞ്ചേറ്റിയ സ്നേഹ സാഗരമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന പുണ്യപൂരിത നാമത്തിൽ പഞ്ചാബിൽ സ്ഥിരീകരിച്ച മഹാസൗധം പൂർത്തിയായിരിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയായിരിക്കും ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി നാൽപതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവും പകരുന്ന രീതിയിലുള്ള വ്യത്യസ്ത പദ്ധതികളും പ്രവർത്തനങ്ങളുമാണ് സെന്ററിന് കീഴിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിശ്വോത്തര ഗരിമയോടെയും ക്വാളിറ്റിയോടെയും ദീർഘവീക്ഷണത്തോടെ സയ്യിദ് മുനവ്വറി ശിഹാബ് തങ്ങൾ പിതാവിന്റെ പേരിൽ ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ നെയ്തെടുക്കുമ്പോൾ നിഴലായി രാപ്പകൽ കൂടെ നിൽക്കാനായതിന്റെ സുകൃതം പങ്കുവെക്കട്ടെ. ശിഹാബ് തങ്ങൾക്ക് പഞ്ചാബിൽ സ്ഥാപിക്കാവുന്നതിൽ മികച്ച ഒരു സ്മാരകമാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഗസ്ത് 23 വെള്ളിയാഴ്ച സമർപ്പിച്ച ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ എന്ന് പറയുന്നതിൽ ഏറെ അഭിമാനമുണ്ട്. തലമുറകൾക്ക് ഇതൊരു വഴിയടയാളമാവുമെന്ന് ഉറപ്പിച്ചു പറയാം.