VOL 03 |

ഇയ്യാം പൂച്ച

By: മുഹ്സിന എം എ മലയമ്മ

ഇയ്യാം പൂച്ച
2024 കുടുംബശ്രീ സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കഥ

കഴിഞ്ഞ മാസം സ്കൂളിൽ നിന്ന് കൊണ്ടുവന്ന് പറമ്പിന്റെ പടിഞ്ഞാറേ അതിരിൽ നട്ട പൂവരശ്ശിൽ പുതിയ രണ്ട് തളിരുകൾ വന്നിട്ടുണ്ട്.

തൊടിയിലെ വാഴയിലയിലും പൂവരശ്ശിന്റെ ചോട്ടിലും കുറച്ചു സമയം പമ്മിനിന്ന ശേഷം പോക്കുവെയിൽ ഹമീദ്കാന്റെ പറമ്പിലേക്കിറങ്ങിപ്പോയി.

കൂടേറാൻ പോകുന്ന പൂത്താങ്കീരികൾ ഒന്നും രണ്ടും പറഞ്ഞു കലഹിച്ചു കൊണ്ടിരുന്നു. ഇയ്യ അപ്പോൾ കരിങ്കല്ല് കൊണ്ട് അടിച്ചു പരത്തിയ ഒരു സോഡാമൂടിയിൽ ആണി കൊണ്ട് രണ്ട് തുളകൾ തീർക്കുകയായിരുന്നു.

പെട്ടെന്നാണ് ചെവിയിൽ ഒരു ശബ്ദം മുഴങ്ങുന്ന പോലെ അവന് തോന്നിയത്.ഒരു പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ!!

ഇയ്യയുടെ നെഞ്ചിൻ കൂടിനകത്തു ഒരു മൺ കലം വീണു പൊട്ടിയതുപോലെ എന്തോ ഒന്ന് ചൂടോടെ ചിതറി ഒരു നിമിഷം തരിച്ചു നിന്ന ശേഷം അവൻ അന്നുച്ചയ്ക്കത്തെ ആ സംഭവം ഓർത്തെടുത്തു.

ഉസ്ക്കൂളില്ലാത്തീസം ഇയ്യക്ക് വീരായിക്കൊസ്ത്തിന്റെ റൂഹാനി കൂടലാ... അവന്റെ ഉമ്മ അയൽവാസിപെണ്ണുങ്ങളോട് പറയുന്നത് കേട്ട് ഇയ്യ ഒരല്പം ദ്വേഷ്യത്തിലായിരുന്നു.

ഇയ്യേ ഇതിനൊന്ന് പിടിച്ചു കൊണ്ടോവുഓ യ്യിവ്ട്ന്ന്..
താഴെ മുറുക്കുപൊരയിൽ നിന്ന് തങ്കമണിയേച്ചി വിളിച്ചു ചോദിച്ചതും കേട്ട് ഇയ്യ വായകൊണ്ട് ലോറിയുടെ ഒച്ചയുണ്ടാക്കി അവിടേക്ക് പാഞ്ഞു ചെന്നു.

ഇയ്യേ.. എന്ന വിളിക്ക് ഒരു പാച്ചിലാണ് എപ്പോഴും ഉത്തരം.

കാണിച്ചു കൂട്ടുന്ന കുരുത്തക്കേടുകൾക്ക് മുഴുവൻ വഴക്ക് പറയുന്നവരും കുരുത്തക്കേടുകളുടെ സമ്മാനമായി മുഖത്തോ കാൽമുട്ടിലോ ഒക്കെ വല്ല അടയാളങ്ങളുമുണ്ടായാൽ അത് നോക്കി കളിയാക്കി ചിരിക്കുന്നവരുമായ അയൽവാസിപെണ്ണുങ്ങളെ ഇയ്യക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. പക്ഷെ തങ്കമണിചേച്ചി അങ്ങനെയല്ല അവരോട് മാത്രം ഇയ്യക്ക് എന്തോ ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. അവർക്കാ കുറുമ്പനോട് ഒത്തിരി വാത്സല്യവും.

മുറുക്ക് ചുടാൻ വരുന്ന ചേച്ചിയുടെ വീട് ഉമ്മ ഇയ്യക്ക് കാണിച്ചു കൊടുത്തിട്ടുണ്ട് തോടിനും വയലിനുമപ്പുറമുള്ള പാറമലയുടെ മുകളിലെവിടെയോ ആണ്.

രാത്രി കാലങ്ങളിൽ ഉമ്മറത്തിരുന്ന് നോക്കിയാൽ അങ്ങ് ദൂരെ ഏതോ ഒരു കുന്നിന്റെ മടക്കുകൾക്കിടയിൽ ചിമ്മിനി വിളക്കിന്റെ നാളം പോലെ ഒരു വെളിച്ചം കാണാമായിരുന്നു നന്നേ ചുവന്നിട്ട്..

ആ വെളിച്ചം ചൂണ്ടി കാണിച്ചിട്ട് ഉമ്മ ഒരിക്കലവനോട് പറഞ്ഞു ആ കാണുന്നതാണ് തങ്കമണിയേച്ചിന്റെ പൊര.. പാറക്കൂട്ടങ്ങളിൽ ഉദയ സൂര്യന്റെ പ്രഭാ കിരണങ്ങൾ തൂവുന്ന പുലർകാലങ്ങളിൽ തങ്കമണിയേച്ചി മലയിറങ്ങി വരുന്നത് ഒരിക്കൽ പോലും അവൻ കണ്ടിട്ടില്ല. അവൻ നേരത്തെ എഴുന്നേറ്റ് മദ്രസയിൽ പോകും മദ്രസ വിട്ട് വരുമ്പോഴേക്കും വീടുകളും മുറുക്കു പൊരയുമെല്ലാം സജീവമായിട്ടുണ്ടാവും

പക്ഷെ വൈകിട്ട് ചേച്ചി മടങ്ങിപ്പോവുന്നത് കണ്ടിട്ടുണ്ട്. പൊക്കുവെയിൽ പൂർണമായും തൊടിയിൽ നിന്ന് പിൻവാങ്ങിയ ശേഷം കയ്യിലൊരു പൊതിക്കെട്ടുമായി ഇടവഴിയിലേക്കിറങ്ങി നടക്കുമ്പോഴെല്ലാം അവർ ഇയ്യയെ നോക്കി പറയും ഏച്ചി നാളെ വരട്ടോ.. ഇയ്യേ
അവൻ മറുപടിയൊന്നും പറയില്ല
ഉറക്കത്തിൽ കാണാറുള്ള വിഷപ്പാമ്പുകൾ ആ ഇടവഴിയിലെ മൺപൊത്തുകളിൽ തലനീട്ടി ഇരിക്കുന്നുണ്ടാവുമോ എന്നവൻ പേടിക്കും...

ചേച്ചിയുടെ വിളി കേട്ട് ഇയ്യ അവിടെ എത്തിയപ്പോൾ
തിളച്ച എണ്ണച്ചട്ടിയിൽ നല്ല മഞ്ഞ നിറത്തിലുള്ള അരിമുറുക്കുകൾ ഒച്ച വെക്കുന്നുണ്ടായിരുന്നു. തങ്കമണിചേച്ചി ചുണ്ടുകൾ ഇറുമ്മിപ്പിടിച്ച് മടിയിൽ വെച്ച പലകയിലേക്ക് അച്ചമർത്തി നുറുക്കിന്റെ മാവ് കൊണ്ട് വലിയൊരു ചുരുൾ വരയ്ക്കുകയായിരുന്നു. കാര്യമന്വഷിച്ചു കൊണ്ട് അകത്തേക്ക് കയറിയപ്പോഴാണ് അവനത് കണ്ടത്.

ഒരു കുഞ്ഞു പൂച്ചക്കുട്ടി..!
എവിടേക്കോ കടിച്ചെടുത്തു പോകും വഴി തള്ളപ്പൂച്ച തല്ക്കാലം വഴിയിൽ വച്ചിട്ട് പോയതായിരിക്കും, അമ്മയെ തിരഞ്ഞു അത് ഇങ്ങോട്ടും വന്നു കയറിയതാവും.

പൂച്ചക്കുഞ്ഞിന്റെ ഓമനത്തം നിറഞ്ഞ കണ്ണുകളിൽ ദയനീയമായ ഒരു അപേക്ഷയുണ്ടായിരുന്നു.

വെള്ളയിൽ കറുപ്പ് നിറത്തിൽ വട്ടങ്ങളുള്ള പൂച്ചക്കുഞ്ഞിനോട് തോന്നിയെക്കാവുന്ന വാത്സല്യത്തിനെയാകെ തടുക്കാൻ പോന്നതായിരുന്നു നിർത്താതെയുള്ള അതിന്റെ കരച്ചിൽ.

ആരോചകമായ ആ കരച്ചിൽ കേട്ട് സഹതാപം ഈർഷ്യയായിക്കഴിഞ്ഞവരാണ് ആ മുറുക്ക്പുരയിലെ എല്ലാവരുമെന്ന് അവരുടെ നോട്ടങ്ങളിൽ നിന്ന് ഇയ്യ ഊഹിച്ചെടുത്തു..

അവൻ പൂച്ചക്കുഞ്ഞിനെ കഴുത്തിൽ നുള്ളിഎടുത്തു പുറത്തേക്കിറങ്ങി..

കുറച്ചു സമയം മുറ്റത്തു വച്ച് വെള്ളം കുടിപ്പിക്കാനും കൈകളിലേക്ക് ഓടിച്ചു ക്കയറ്റാനും ഒക്കെ കുറെ ശ്രമിച്ചെങ്കിലും നിർത്താതെയുള്ള കരച്ചിലോടെ ചലിപ്പിക്കാനാവതില്ലാത്ത പിൻകാലുകൾ വലിച്ചിഴച്ചു കൊണ്ട് ഓടാനാണ് പൂച്ചക്കുട്ടി ശ്രമിച്ചു കൊണ്ടിരുന്നത്.

ഒരൽപ്പം അമർഷത്തോടെ അവനതിനെ കോരിയെടുത്ത് മുറ്റത്തൂടെ രണ്ട് റൗണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി ഉറച്ചമുറ്റത്തെ മിനുസമാർന്ന മണ്ണിൽ കാൽ രണ്ടു തവണ ഉരഞ്ഞു പൊള്ളി.

കാലിലെ പൊള്ളൽ വക വെക്കാതെ ഇയ്യ മേലെ പറമ്പിലേക്ക് ഓടിക്കയറി അവിടുന്നങ്ങോട്ട് കുറെ തട്ടുകളായി തിരിച്ച വലിയ പറമ്പാണ്.അതിനുമപ്പുറത്താണ് വേലായുധേട്ടന്റെ ശരീരത്തിൽ ദേവി വെളിച്ചപ്പെടാറുള്ള കരിയാത്തൻ കാവ്.
കോയി നായരെ തൊടി എന്നാണ് എല്ലാവരും ആ പറമ്പിന് പറയുന്നതെങ്കിലും ഈ കോയി നായരെ ഇന്ന് വരെ ഇയ്യ കണ്ടിട്ടില്ല. അവൻ ചോദിച്ചവരാരും അയാളെ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെ പൂച്ചക്കുഞ്ഞിനെയും കൊണ്ട് ഓടിക്കയറി മൂന്നു നാല് തട്ടുകൾ പിന്നിട്ടു. അപ്പോഴാണ് പറമ്പിന്റെ ഒരറ്റത്ത് മുറിച്ചിട്ട ഒരു തെങ്ങ് ഇയ്യ കാണുന്നത്. കയ്യിലിരുന്നു കരയുന്ന പൂച്ചക്കുഞ്ഞിനേയും കൊണ്ട് ഇയ്യ ആ തേങ്ങിന്റടുത്തേക്ക് പാഞ്ഞു ചെന്നു.

കുരലിൽ നിന്ന് തെങ്ങിൻ കരിമ്പ് ആരോ ചൂഴ്ന്നെടുത്തു കൊണ്ടുപോയിരുന്നു ഒരു വലിയ മാളം പോലെ തെങ്ങിന്റെ തലപ്പിൽ ഒരു തുരങ്കം അവൻ കണ്ടു.
പൂച്ചക്കുഞ്ഞിനെ താഴെ വെച്ച് അവൻ ആ തുരങ്കത്തിലേക്ക് ഉള്ളിലേക്കു കൈകടത്തി നോക്കി അവന്റെ കൈ തോളെത്തുന്ന നീളത്തിൽ അതിന്ന് വ്യാപ്തിയുണ്ടെന്നു അവന് മനസ്സിലായി.

പിള്ളമനസ്സിന്റെ കുറുമ്പ് ക്രൂരതയായിമാറി,
അവൻ പൂച്ചക്കുഞ്ഞിനെ ആ തെങ്ങിൻമാളത്തിലേക്ക് കയറ്റി വച്ചു അത് പുറത്തേക്ക് ചാടാൻ നോക്കിയപ്പോൾ കൈകൊണ്ട് ഉന്തി വീണ്ടും ഉള്ളിലേക്ക് തന്നെയാക്കി. ഒരു വലിയ പൂച്ചയുടേത് പോലെ അതിന്റെ കരച്ചിൽ ആ മാളത്തിൽ മുഴങ്ങി.

പിന്നെ ചുറ്റും നോക്കി.
മണ്ണിൽ പകുതി പൂണ്ടു കിടന്ന ഒരു കൊട്ടതേങ്ങ മാന്തിപ്പുറത്തെടുത്ത് അവൻ ആ വലിയ ദ്വാരമടച്ചു.
പൂച്ചക്കുട്ടിയുടെ നിലവിളി ദൂരെ നിന്നെന്ന പോലെ പതിഞ്ഞു പോയി.

കൈയിൽ പുരണ്ട മണ്ണ് ട്രൗസറിന്റെ പിറകിൽ തുടച്ചു കൊണ്ട് ട്രൗസറും മൂക്കിൽനിന്ന് ഒലിച്ചിറങ്ങാൻ നിന്ന ചീരാപ്പും ഒരേ താളത്തിൽ മുകളിലേക്ക് വലിച്ചു കയറ്റിക്കൊണ്ട് അവൻ വരമ്പുകൾ ചാടിക്കടന്ന് വീട്ടുമുറ്റത്തേക്ക് തന്നെ വന്നു.

പിന്നെ കുറെ നേരം സപ്പോട്ടാ മരത്തിൽ ആരും കാണാതെ കത്തികൊണ്ട് എന്തൊക്കെയോ കോറിയിടുകയും സിമന്റ് പാനയിൽ നിറച്ചു വച്ച വെള്ളത്തിന്റെ തണുപ്പിൽ തലമുക്കി വെക്കുകയും ഓലച്ചൂട്ടുകൾ തൂക്കിയിട്ട അഴയിൽ പിടിച്ചു തൂങ്ങി ആടുകയും ഒക്കെ ചെയ്ത് കുറെ സമയം കളഞ്ഞു. അതിനു ശേഷമാണ്
സ്കൂൾ വിട്ട് വരുമ്പോൾ റോട്ടിൽ നിന്ന് പെറുക്കിയ സോഡാമൂടി അടിച്ചു പരത്തുന്ന ജോലിയിലേക്ക് അവൻ പ്രവേശിച്ചത്.

ഇത്രയും കാര്യങ്ങൾ ഓർത്തുകൊണ്ട് മുറ്റത്തു തന്നെ നിന്ന ഇയ്യക്ക് മനസ്സിൽ ആ പൂച്ചക്കുഞ്ഞിന്റെ നിലവിളി ഇടിമുഴക്കം സൃഷ്ടിച്ചു. ഓടിച്ചെന്നു നോക്കിയാലോ എന്നോർത്തപ്പോഴേക്കും സന്ധ്യ പേടിപ്പെടുത്തുന്ന ചുവപ്പുനിറവും വിട്ട് കറുക്കാൻ തുടങ്ങിയിരുന്നു. സന്ധ്യയായാൽ പിന്നെ ഉമ്മ പേടിപ്പെടുത്തുന്ന രണ്ടു കണ്ണുകൾ വിടർത്തി അവനെ കുളിപ്പിച്ച് പൊരയ്ക്കകത്ത് കയറ്റുമായിരുന്നു. പോക്കിരിയെന്നും മരങ്കേറിയെന്നുമൊക്കെ വിളിച്ച് ഇത്താത്ത അവനെ ഒരു വീരനാക്കിയിരുന്നെങ്കിലും രാത്രിയെ അവനും പേടിയാണ് ഇരുട്ടായിക്കഴിഞ്ഞാൽ പിന്നെ ഒരു പാവത്തിനെ പോലെ ഇരിക്കുകയും ഇത്താത്തയുടെ കൂടെ മാത്രം ഉറങ്ങുകയും ചെയ്യുന്ന ഇയ്യക്ക് ഉച്ചക്ക് ചെയ്ത പാതകത്തിന്റെ കുറ്റബോധം സഹിക്കാൻ കഴിഞ്ഞില്ല..

ആ രാത്രിയിൽ പേടിച്ചു കരയാൻ അവന് വേറെയൊന്നും വേണ്ടായിരുന്നു. പേടിയേക്കാൾ അവനപ്പോൾ കുറ്റബോധവും സങ്കടവും കൂടിക്കലർന്ന എന്തോ ഒരു വികാരമായിരുന്നു ഉണ്ടായത്. അത് പതിയെ പേടി മറക്കാൻ പാകത്തിനുള്ള ദുഖമായി അവന്റെ മനസ്സിൽ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും ഒറ്റ പാച്ചിലിന് ചെന്ന് ആ ദ്വാരമടച്ച തേങ്ങ വലിച്ചു പുറത്തേക്കിടുന്നത് അവൻ മനസ്സിൽ മൂന്നു തവണ ചെയ്തു കഴിഞ്ഞിരുന്നു.

നിലവിളിനിർത്താത്ത പൂച്ചകുഞ്ഞിന്റെ മുഖവും ശ്വാസം കിട്ടാതെ അത് ചത്തു കിടക്കുന്നതും മനസ്സിൽ മാറി മാറി വന്നു. നിമിഷാർധങ്ങളിൽ ആയിരം പൂച്ചകുഞ്ഞുങ്ങളുടെ ജീവനറ്റ വെളുത്ത ശരീരങ്ങൾ നെഞ്ചിലേക്ക് വന്നു വീഴുന്ന പോലെ അവനു തോന്നി.

കുഞ്ഞിച്ചെവികളിലെ ചുവപ്പ് നിറം കണ്ണിലേക്ക് ടോർച്ചടിച്ചു, കരച്ചിലിന്റെ നേർത്ത സ്വരം കാതുകളിൽ സൂചികുത്തി, പേടിച്ചും വിശന്നും ശ്വാസം മുട്ടിയും നൂറുനൂറു കുറിഞ്ഞിപ്പൂച്ചകളുടെ മണം മൂക്കിലേക്ക് തുളച്ചു കയറി..

അവൻ ഞെട്ടിവിറച്ചു കൊണ്ടിരുന്നു.
ഇയ്യേ മതി...
കേറാൻ നോക്ക്...
ഉമ്മയുടെ ശബ്ദം ഒരു അലൂമിനിയപ്പാത്രം പോലെ പ്രതിധ്വനിച്ചു.

പോയാലോ..? വേണ്ട! പോയാലോ..?വെണ്ട!
രാവും പകലുമെന്ന പോലെ മനസ്സ് ഇരുണ്ടും വെളുത്തും മാറി മറിഞ്ഞു. തങ്കമണിചേച്ചി പോയിട്ടുണ്ടാകുമോ അവൻ മുറുക്ക് പുരയിലേക്ക് നോക്കി. ഇരുളാൻ തുടങ്ങിയ പകലിന്റെ അവസാന വെളിച്ചത്തിൽ മുറുക്ക് പുര പൂട്ടികഴിഞ്ഞെന്ന് അവൻ കണ്ടു.
ചെയ്തുപോയ തെറ്റിനെ ഓർത്ത് ഇയ്യ വലിയവരെ പോലെ ദുഃഖിതനായി. മദ്രസയിലെ ഉസ്താദ് പറയുന്ന അറബിക്കഥകളിലെ ദുഷ്ടനായ കൊള്ളക്കാരൻ അവനാണെന്ന് അവനുതന്നെ തോന്നി.

ഇനിയും നിന്നാൽ രാത്രി അവനെ കാർന്നു തിന്നുമെന്ന് ഇയ്യ മനസ്സിലാക്കി. രാത്രി വന്നു മൂടിക്കഴിഞ്ഞാൽ പിന്നെ പകലിന്റെ പ്രേതം അവന്റെ കാട്ടിലിനടിയിൽ നിന്ന് എഴുന്നേറ്റു വരുമെന്ന് അവൻ പേടിച്ചു. ഇയ്യ ഓടാൻ തുടങ്ങി അടുക്കളഭാഗത്തെ കുത്തുകല്ല് കയറി മേലെ പറമ്പിലേക്ക്... ഉമ്മ അടുത്ത വിളി വിളിക്കുമ്പോൾ ഇയ്യ മേലെ പറമ്പിൽ ഒരുകാഞ്ഞിരക്കുറ്റിയിൽ കാൽ തടഞ്ഞ് മണ്ണിൽ മൂക്കുകുത്തി മറിഞ്ഞു വീഴുകയായായിരുന്നു. വീണതും എഴുന്നേറ്റതും ഒന്നിച്ച് കൈമുട്ടിൽ നിന്നൊരു നീറ്റൽ മാത്രം അവനോടൊപ്പം വീണ്ടും ഓടാൻ തയ്യാറായി. രണ്ടു തട്ടുകൾ കൂടി കയറിയാൽ ആ പാവത്തിനെ ജീവനോടെ അടക്കിയ തെങ്ങിൻ കുരൽ കാണാം ഇയ്യ ഇരുട്ടിൽ പാഞ്ഞു.

കരിയാത്തൻ കാവിൽ നിന്നൊരു മണിമുഴക്കം കോയിനായരുടെ തൊടിയിലേക്ക് പരന്നു. പേരമരത്തിലിരുന്ന ഒരു കൂമന്റെ നെഞ്ചും ചിറകുകളും മൂന്നു നാലു തവണ കൂട്ടിയിടിച്ചു. അത് ആകാശത്തേക്കു പറന്നു പോയി.

മാട്ടാച്ചുടിമലയിൽ നിന്നും കുറുനരികൾ വാങ്ക് വിളിച്ചു. പേടിയുടെ കാരണങ്ങളെല്ലാം ഇയ്യയുടെ തൊളിലും നെഞ്ചിലും കുത്തിക്കൊണ്ടിരുന്നു..

അവനാ മുറിഞ്ഞു വീണ തെങ്ങിന്റെ തലപ്പിനോട് ചേർന്ന് മുട്ട്കുത്തി വീണു..

ഇല്ല കരച്ചിലൊന്നും കേൾക്കുന്നില്ല.!

ഇയ്യയുടെ തൊണ്ടയിൽ ഒരു പാറക്കല്ലിടിച്ച പോലെ വേദന കനം വെച്ചു.. മാന്തിയും ഇടിച്ചും അവനാ കൊട്ടത്തേങ്ങ വലിച്ചു പുറത്തേക്കിട്ടു..

കറുകറുത്ത ആ ദ്വാരത്തിലേക്ക് ഒരു സർപ്പമെന്ന പോലെ ഇയ്യയുടെ കൈ ഓടിക്കയറി.. നടുവിരൽ ഒരു തണുപ്പിൽ ചെന്ന് തൊട്ടു..ഉറച്ചൊരു തണുപ്പ്..

ഇല്ല... പൂച്ചക്കുഞ്ഞ് തെങ്ങിൻമാളത്തിലില്ലെന്ന് അവൻ ഉറപ്പിച്ചു.. കൈ പുറത്തേക്ക് വലിച്ചെടുത്ത് അവൻ ആ കറുത്ത ശ്യൂന്യതയിലേക്ക് കണ്ണുകൊണ്ട് നോക്കി...

ഇല്ല ഉറപ്പായി.. അതെങ്ങോട്ടു പോയി..

രക്ഷപ്പെടാൻ വേറെ വഴികളൊന്നും കാണുന്നുമില്ല.
ഇയ്യ ചുറ്റും നോക്കി... രാത്രി..!!

ഇയ്യയെ പേടിപ്പെടുത്താറുള്ള രാത്രി അവനെ ഇരുട്ടിന്റെ പുതപ്പിട്ടു മൂടി.

അവൻ തിരിച്ചു നടന്നു..
ഓരോ കണ്ടവും അവൻ നടന്നു കൊണ്ടിറങ്ങി..
പൂച്ചക്കുഞ്ഞിനെ മലക്കുകൾ നേരിട്ട് വന്നു കൂട്ടിക്കൊണ്ട് പോയതാവുമെന്ന് ആലോചിച്ചു കൊണ്ട് ഇയ്യ പറമ്പുകളിറങ്ങി മുറ്റത്തെത്തി...

കണ്ണുകൾ കലങ്ങിക്കൊണ്ട് പുറത്തു നിന്ന ഉമ്മ അവനോട് ദ്വേഷ്യപ്പെട്ടില്ല..
ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി..

മ്മച്ച്യെ....
മ്മ്... ന്താ..?
ഞമ്മൾ മരിച്ചാ സ്വർഗ്ഗത്തില് പോവൂലെ...!!
പോവുട്ടോ..
മ്മച്ചിന്റെ കുട്ടി ന്തായാലും പോവും..
അപ്പോ അവിടെ ഞമ്മളെ ആടും കോയ്യും ഒക്കെ വെര്ഒ..?

ആടും കോയ്യും ഒക്കെ മഹ്ശറേലാ വരുവാ....
അപ്പോ പൂച്ചക്കുട്ട്യളോ...?
വമ്പൻ ഒർങ്ങിക്കൊട്ടോ...
ഇമ്മച്ചി പാട്ട് പാടിത്തെരാ....

മമ്പുറപ്പൂമക്കാമിലേ..
മൗലാ ദവീലാ വാസിലേ....
ഉം.. ഉം.. ഉം... ഉം.....
ഉം.. ഉം.. ഉം..
ഉം.. റളിയള്ളാ....

ഉമ്മ ഇയ്യയുടെ മുടിയിഴകളിൽ വിരൽ
നടത്തിക്കൊണ്ട് മൂളി.

ഇയ്യ പതുക്കെ കണ്ണുകളടച്ച് കിടന്നു.

കട്ടിലിനടിയിൽ നിന്ന് ഒരു തേങ്ങിക്കരച്ചിൽ അപ്പോൾ ആ പുരയാകെ നിറഞ്ഞു.

ഇരുട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന
മുറ്റത്തെ സപ്പോട്ടാമരത്തിന്റെ ചുവട്ടിൽ ഒരു പൂച്ചക്കുട്ടി ഇയ്യയുടെ കൈകളിലേക്ക് ഓടിക്കയറാൻ നോക്കുന്നു..
കോയിനായരുടെ തൊടിയിൽ നിന്ന് ഒരു തേങ്ങോല വീഴുന്ന ശബ്ദം

കരിയാത്തൻ കാവിലേക്ക് കയറിപ്പോയി.

ശുഭം.