VOL 04 |
 Flip Pacha Online

ഗസ്സയുടെ രോദനം

By: അസിതബാവ. എ മുണ്ടുപറമ്പ്, മലപ്പുറം

ഗസ്സയുടെ രോദനം
രാക്കിനാക്കളിൽ കടന്നുവരുന്നതൊക്കെയും,
എനിക്കു പിറക്കാതെ പോയ പിഞ്ചുപൈതങ്ങളുടെ
വിശപ്പിന്റെ നിലയ്ക്കാത്ത തേങ്ങലുകൾ!

നാസാരന്ധ്രങ്ങളിൽ,
പ്രായം തികയാതെ
പച്ചയ്ക്കു കരിഞ്ഞും വെന്തും
മരണത്തിലേക്കു പിച്ചവെച്ച
ഒലിവിലകളുടെ
കളിപ്പാവകളും കുഞ്ഞുചെരിപ്പുകളും..

പൂമ്പാറ്റക്കുഞ്ഞുങ്ങളുടെ
വിടരാത്ത ചുണ്ടുകൾ
ജീവന്റെ വേവുമണങ്ങൾ
മൗനമായ യാത്രാമൊഴികൾ
തലച്ചോറിനുള്ളിൽ തിളച്ചു മറിയുന്നു.

ഗസ്സ
ലോകം തന്ത്രപൂർവ്വം മറച്ചു വെച്ച
വെളിച്ചം.
ബോധപൂർവ്വം, ഒളിച്ചു വെച്ചൊരു വാക്ക്!