VOL 03 |

ഇന്ത്യയുടെ സ്വാതന്ത്ര്യം: ചരിത്രവും വർത്തമാനവും

By: ടി.പി.എം. ബഷീർ

ഇന്ത്യയുടെ സ്വാതന്ത്ര്യം: ചരിത്രവും വർത്തമാനവും
സ്വതന്ത്ര ഇന്ത്യയ്ക്ക് 78 വയസ്സ് പൂർത്തിയായി. 79-ാം സ്വാതന്ത്ര്യദിനം രാജ്യം സമുചിതമായി ആഘോഷിക്കുകയാണ്. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിന്റേയും അടിമത്തത്തിന്റേയും ചങ്ങലകളിൽ ബന്ധിതമായിരുന്ന നമ്മുടെ രാജ്യം നൂറ്റാണ്ട് നീണ്ട പേരാട്ടങ്ങൾക്കു ശേഷമാണ് സ്വാതന്ത്ര്യം നേടിയത്.

സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട അർധരാത്രിയിൽ ഇടക്കാല പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തു. “നീണ്ട വർഷങ്ങൾക്കു മുമ്പ് വിധിയുമായി നാം ഒരു കൂടിക്കാഴ്ചയ്ക്ക് സമയം കുറിച്ചിരുന്നു. ഇപ്പോൾ നാം പ്രതിജ്ഞ നിറവേറ്റേണ്ട സമയം വന്നു ചേർന്നിരിക്കുന്നു. പൂർണമായിട്ടല്ല; പൂർണ അളവിലുമല്ല. എങ്കിലും വളരെ ഗണ്യമായി.

അർധരാത്രിയുടെ മണി മുഴങ്ങുമ്പോൾ, ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്. ഒരു മൂഹൂർത്തം വരുന്നു. അത് ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ വരാറുള്ളൂ. നാം പഴയതിൽ നിന്ന് ചുവടുവെച്ചിറങ്ങി പുതിയതിലേക്ക് കടക്കേണ്ട മുഹൂർത്തം. ഒരു യുഗം അവസാനിക്കുകയും ദീർഘകാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയും ചെയ്യുന്ന മുഹൂർത്തം.” (സ്വാതന്ത്ര്യം അർധരാത്രിയിൽ- പേജ്- 264)

ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ പ്രഭാഷണങ്ങളിലൊന്നായി ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന വിശേഷണത്തോടെയാണ് ചരിത്രം ഈ പ്രഭാഷണത്തെ അടയാളപ്പെടുത്തിയത്. പാർലമെന്റ് മന്ദിരത്തിൽ ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ ഭരണഘടനാ നിർമ്മാണസഭയുടെ അഞ്ചാം സമ്മേളനത്തിൽ രാത്രി 12 മണിക്ക് അംഗങ്ങൾ ചൊല്ലേണ്ട പ്രതിജ്ഞാ വാചകം അടങ്ങുന്ന പ്രമേയം അവതരിപ്പിക്കാൻ അധ്യക്ഷൻ ഡോ. രാജേന്ദ്ര പ്രസാദ് ഇടക്കാല പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്റുവിനെ ക്ഷണിച്ചു. പ്രസ്തുത പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് നെഹ്റു തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയത്. ‘Long years ago we made a tryst with destiny.’ തുടങ്ങിയ വാക്കുകൾക്ക് മാസ്മരികശക്തിയുണ്ടായിരുന്നു. നെഹ്റുവിന്റെ പ്രമേയത്തെ പിന്തുണച്ച് ചൗധരി ഖലീഖുസ്സമാൻ, ഡോ: എസ്. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എന്തു കൊണ്ട് അർധരാത്രിയിൽ സ്വാതന്ത്ര്യപ്രഖ്യാപനം എന്നത് ഏറെ കൗതുകകരമാണ്.പകൽ സമയമാണ് പ്രഖ്യാപനമെങ്കിൽ രാജ്യമെമ്പാടും സർക്കാർ ഓഫീസുകളിലും സൈനികകേന്ദ്രങ്ങളിലും ഉയർത്തിയിട്ടുള്ള യൂണിയൻ ജാക്ക് എന്ന ബ്രിട്ടീഷ് പതാക താഴ്ത്തുകയും തൽസ്ഥാനത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുകയും ചെയ്യുമായിരുന്നു. അത് അപമാനകരമായി മൗണ്ട് ബാറ്റന് തോന്നി. കാലത്ത് പതാക ഉയർത്തുകയും സന്ധ്യക്ക് താഴ്ത്തുകയും ചെയ്യുന്ന രീതിയാണ് രണ്ടു നൂറ്റാണ്ടോളമായി തുടർന്നു വന്നിരുന്നത്. പതിവു പോലെ ആഗസ്റ്റ് 14 ന് സന്ധ്യക്ക് യൂണിയൻ ജാക്ക് താഴ്ത്തി. അർധരാത്രിയിലെ സ്വാതന്ത്യ്ര പ്രഖ്യാപനത്തിനു ശേഷം പിറ്റേന്ന് കാലത്ത് പാർലമെൻറ് മന്ദിരത്തിനു മുകളിൽ 31 ആചാരവെടികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയും ചെയ്തു. ആഗസ്റ്റ് 16-ന് ചെങ്കോട്ടയിൽ പതാക ഉയർത്തി നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തു. എല്ലാ വർഷവും ആഗസ്റ്റ് 15-ന് ആ കീഴ് വഴക്കം എല്ലാ പ്രധാനമന്ത്രിമാരും തുടർന്നു വരുന്നു. സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമായിരുന്നില്ല. ഇന്ത്യൻ ജനതയുടെ ത്യാഗോജ്വലമായ പോരാട്ടത്തിന്റേയും സമർപ്പണത്തിന്റെയും ഫലമായി ലഭിച്ചതാണ്.

1757-ൽ നടന്ന പ്ലാസി യുദ്ധത്തോടെയാണ് ഉത്തരേന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശം ആരംഭിക്കുന്നത്. അതിനു മുമ്പ് മലബാറിൽ പോർച്ചുഗീസുകാരും (1498-1663), ഡച്ച്, ഫ്രഞ്ച് അധിനിവേശം(1663- 1766) തുടങ്ങിയവ സംഭവിക്കുന്നുണ്ട്. മുഗൾ സാമ്രാജ്യം തകർത്താണ് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നതെങ്കിൽ ടിപ്പു സുൽത്താന്റെ ഭരണം(1766- 1792) തകർത്താണ് മലബാറിൽ 1792-ൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കുന്നത്.

ഇന്ത്യയിലെ വൈദേശിക ആധിപത്യത്തിനെതിരെ നടന്ന നിരന്തരമായ പോരാട്ടങ്ങൾക്ക് ശേഷം ചരിത്രപരമായ അനിവാര്യതയായിരുന്നു ബ്രിട്ടീഷുകാരുടെ പിൻമാറ്റം. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്നാണ് ബ്രിട്ടീഷ് ചരിത്രകാരൻമാർ അധിക്ഷേപിച്ചത്. അത് സ്വാതന്ത്ര്യസമരമായി അവർ അംഗീകരിക്കുന്നേയില്ല. മലബാറിലെ അനേകം ഗ്രാമങ്ങളിൽ പടരുകയും 1921-ൽ പര്യവസാനിക്കുകയും ചെയ്ത മലബാർ സമരം ബ്രിട്ടീഷുകാർക്ക് ‘മാപ്പിള ലഹള’യാണ്.

ഇന്ത്യയിലെ അവസാനത്തെ മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ രക്തസാക്ഷിത്വത്തോടെ ഉത്തരേന്ത്യയും പടക്കളത്തിൽ വെച്ച് രക്തസാക്ഷ്യം വരിച്ച ടിപ്പു സുൽത്താന്റെ വിയോഗത്തോടെ ദക്ഷിണേന്ത്യയും കീഴ്പ്പെടുത്തിയ ബ്രിട്ടീഷുകാർക്കെതിരെ നടന്ന സന്ധിയില്ലാ സമരങ്ങളിൽ ഒരു സമുദായം എന്ന നിലയിൽ മുസ്‌ലിംകളുടെ പങ്ക് നിസ്തുലമാണ്. ജന്മനാ പോരാളികളായിപ്പിറന്ന പടയോട്ടത്തിന്റെ താളവും പടപ്പാട്ടിന്റെ ഈണവും രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു ജനതയുടെ ജീവത്യാഗം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കരുത്തുറ്റ ഈടുവയ്പാണ്.

ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ രക്തസാക്ഷ്യത്തിന്റെ ബാക്കിപത്രമാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം. അത് പക്ഷെ വിഭജനത്തിലാണ് കലാശിച്ചത്. വിഭജനം ചരിത്രത്തിലെ ഒരു അനിവാര്യതയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസും സർവേന്ത്യാ മുസ്‌ലിം ലീഗും മൗണ്ട് ബാറ്റനും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായിരുന്നു വിഭജനം. വിഭജനത്തിന്റെ പിതൃത്വം മുസ്‌ലിം ലീഗിലും അതു വഴി മുസ്‌ലിം സമുദായത്തിലും ചാർത്തുന്ന ചരിത്രനിർമ്മിതിക്കും സ്വാതന്ത്യത്തോളം പഴക്കമുണ്ട്. മൂന്ന് കക്ഷികൾ ചേർന്ന് തയ്യാറാക്കിയ ഒരു കരാറിന്റെ പേരിൽ ഒരു കക്ഷിയെ മാത്രം അപരാധിയാക്കുന്നത് യുക്തിസഹമല്ല.

സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ജനങ്ങൾ ജാതി-മത ചിന്തകൾക്കതീതമായി ഒന്നിച്ചാണ് പങ്കാളികളായത്. ആ ഒരുമയാണ് ബ്രിട്ടീഷുകാരെ നാടു കടത്തിയത്. സ്വാഭാവികമായും
ഈ ഒരുമ തകർക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതു കൊണ്ടാണ് ബ്രിട്ടീഷുകാർ രാജ്യം ഭരിക്കുന്ന ഘട്ടത്തിൽ തന്നെ ഇന്ത്യക്കാരെ മതപരമായി ധ്രുവീകരിക്കുന്ന ചരിത്രനിർമ്മിതികൾക്ക് നേതൃത്വം നൽകിയത്. ആ ചരിത്രത്തെ ആധാരമാക്കിയാണ് സംഘപരിവാരം മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തി വിചാരണ ചെയ്യുന്നത്.

1947-ൽ സ്വാതന്ത്ര്യം നേടിയത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലം എല്ലാവരും അനുഭവിക്കേണ്ടതുമാണ്. എന്നാൽ വിശ്വാസത്തിന്റേയും ഭക്ഷണത്തിന്റെയും പേരിൽ മുസ്ലിംകൾ ഇപ്പോഴും വേട്ടയാടപ്പെടുന്നുണ്ട്. ആരാധനാലയങ്ങൾ കയ്യേറ്റം ചെയ്യപ്പെടുന്നുണ്ട്. പുതിയ നിയമനിർമ്മാണങ്ങളിലൂടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ട്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികം ആഘോഷിക്കാനിരിക്കുന്ന സന്ദർഭത്തിലാണ് ബീഹാറിലെ വോട്ടർപട്ടികയിൽ ഉൾപ്പെടണമെങ്കിൽ പൗരത്വം തെളിയിക്കാനാവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന വ്യവസ്ഥയുമായി തെരഞ്ഞെടുപ്പ്
കമ്മീഷൻ രംഗത്തു വരുന്നത്.
ഇത് ബീഹാറിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനും നീക്കമുണ്ട്. മോദി ഗവൺമെന്റ് നടപ്പാക്കാൻ ശ്രമിക്കുന്നതും സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതുമായ പൗരത്വ ഭേദഗതി നിയമം മറ്റൊരു മാർഗത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് നടപ്പാക്കുകയാണ്.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ആ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നതിന്റെ തുടർച്ചകൾ സ്വാതന്ത്യത്തിന്റെ ആത്മസത്തയെത്തന്നെ തകർക്കുന്നതാണ്. ഇന്ത്യയുടെ വർത്തമാനം അതുകൊണ്ട് തന്നെ ആശങ്കാജനകവുമാണ്.

ഇന്ത്യയിലെ 140 കോടി ജനങ്ങളും ഒരു സ്വതന്ത്ര്യരാജ്യത്തെ പൗരൻമാരാണെന്നും അവർക്ക് ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒരു പോലെ അർഹതയുണ്ടെന്നും ബോധ്യപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കായി ജനാധിപത്യപ്പോരാട്ടങ്ങൾ തുടരേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം നേടിയെടുക്കാൻ ജീവാർപ്പണം നടത്തിയവരുടെ ദീപ്തമായ ഓർമ്മകളോട് നീതി പുലർത്താൻ ആ പോരാട്ടം അനിവാര്യമാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ ഭരണഘടനാമൂല്യങ്ങളും സ്വാതന്ത്യവും പരിരക്ഷിക്കാനുള്ള പോരാട്ടത്തിനായി പ്രതിജ്ഞയെടുക്കാം.