VOL 03 |

സ്വാതന്ത്ര്യ സമരം കേരളവും ഉർദു ഭാഷയും

By: ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട്

സ്വാതന്ത്ര്യ സമരം കേരളവും ഉർദു ഭാഷയും
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യപങ്ക് വഹിച്ച ഭാഷയാണ് ഉർദു. കവിതകൾ, മുദ്രാവാക്യങ്ങൾ,
നാടകം, നോവൽ, ചെറുകഥ, എന്നിങ്ങനെയുള്ള ഉർദു സാഹിത്യ സൃഷ്ടികൾ സമരത്തെ എക്കാലത്തും ആവേശഭരിതമാക്കിയിരുന്നു. സമര സന്ദേശം ജനങ്ങളിലേക്ക് പകർന്നതിൽ ഉർദു പത്രങ്ങളും മറ്റ് അച്ചടി പ്രസിദ്ധീകരണങ്ങളും മുഖ്യ പങ്ക് വഹിച്ചു. മത ഭേദമ ന്യേ ജനങ്ങൾ വായിച്ചിരുന്നത് ഉർദു പത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഉർദു പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു.

സ്വാഭാവികമായും സമരത്തിന്റെ ജ്വാലകൾ കേരളത്തിലും ആളിപ്പടരാൻ തുടങ്ങി. കേരളത്തിലെ ജനങ്ങളെ അന്നും ഒരുമിപ്പിച്ചത് പൊതുഭാഷയായ മലയാളമായിരുന്നു. എങ്കിലും കേരളത്തിൽ പോലും ഉർദു ഭാഷ ചെലുത്തിയ സ്വാധീനത്തെ അവഗണിക്കാനാകില്ല. വൈദേശികാധിപത്യത്തിന് തുടക്കമിട്ട പോർച്ചുഗീസ് സാന്നിധ്യമുണ്ടായത് കേരള തീരത്താണല്ലോ.
1498 മെയ്‌ മാസം കോഴിക്കോട്ടെത്തിയ വാസ് കോ ഡ ഗാമയുടെ സംഘം നടത്തിയ മലബാർ പിടിച്ചെടുക്കാനുള്ള ശ്രമം വിഫലമാക്കിയത് സാമൂതിരിയായിരുന്നു. 1530-ൽ ചാലിയത്ത് പോർച്ചുഗീസുകാർ സ്ഥാപിച്ച കോട്ടയും അതിലെ യുദ്ധസാമഗ്രികളും പിടിച്ചെടുക്കാൻ വേണ്ടി സാമൂതിരി യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരിയുടെ നായർ പടയും കടൽ തീരം കാത്ത കുഞ്ഞാലി മരയ്ക്കാരുടെ മാപ്പിള സൈന്യവും പോർച്ചുഗീസുകാരെ കീഴ്പ്പെടുത്താനാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് അയൽ സംസ്ഥാനമായ ബിജാപൂരിലെ ആദിൽ ശാഹ് സുൽത്താനേറ്റിനോട് സൈനിക സഹായം അഭ്യർത്ഥിച്ചു. തുടർന്ന് അവിടെയുള്ള ഭരണാധികാരിയായ അലി ആദിൽ ശാഹ് (ഒന്നാമൻ ) ആയിരക്കണക്കായ തന്റെ സൈന്യത്തെ കോഴിക്കോട്ടേക്ക് അയക്കുകയും സാമൂതിരിയുടെ സൈന്യവുമായി ചേർന്ന് പോർച്ചുഗീസ് പടയോട് ഏറ്റുമുട്ടി 1571 ൽ ചാലിയം കോട്ട പിടിച്ചെടുത്ത് അവരെ കീഴ്പ്പെടുത്തി.

ബിജാപൂരിൽ നിന്ന് സൈന്യത്തിലെ ഭൂരിഭാഗവും കോഴിക്കോട് തന്നെ താമസമാക്കുകയായിരുന്നു. ഉർദു ആയിരുന്നു അവരുടെ സംസാര ഭാഷ.അക്കാലത്ത് ദക്ക്നി ഉർദു എന്നും പറയുമായിരുന്നു. മലയാളികളായ സൈനികരുമായുള്ള അവരുടെ ആശയ വിനിമയം ഉർദുവിലായിരുന്നു. അങ്ങനെയാണ് വൈദേശിക വിരുദ്ധ പോരാട്ടത്തിൽ ആദ്യമായി കേരളത്തിൽ ഉർദുവിന്റെ സാന്നിധ്യമുണ്ടാകുന്നതെന്ന് പറയാം.

പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി വഴി ഇന്ത്യയെ കീഴടക്കാനെത്തിയ ബ്രിട്ടനെ ദക്ഷിണേന്ത്യയിൽ നേരിട്ടത് ടിപ്പു സുൽത്താൻ ആയിരുന്നു. ടിപ്പുവിന്റെ ഭരണത്തിലായിരുന്നു മലബാർ. ടിപ്പുവിന്റെ സൈനികർക്കായി പ്രസിദ്ധീകരിച്ച പത്രമായിരുന്നു ഫൗജി അഖ്ബാർ എന്ന ഉർദു പത്രം. ഇത് 1794 മുതൽ പ്രസിദ്ധീകരിച്ച് തുടങ്ങിയിരുന്നു. മലബാർ കൊണ്ടോട്ടിയിലെ ശാഹ് തങ്ങൾക്ക് ഈ ആഴ്ചപ്പതിപ്പ് ലഭിച്ചിരുന്നു. ബോംബെക്ക് അടുത്തുള്ള കല്യാണിൽ നിന്ന് വന്ന ശാഹ് തങ്ങൾക്കായിരുന്നു മലബാറിലെ കുറെ കാര്യങ്ങളുടെ ചുമതല ഏല്പിക്കപ്പെട്ടിരുന്നത്. തങ്ങൾക്ക് ഉർദു-അറബി, പേർഷ്യൻ-മറാഠി എന്നീ ഭാഷകളെല്ലാം നന്നായി അറിയാമായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനായി മെനയേണ്ട തന്ത്രങ്ങൾ ശ്ലോകങ്ങൾ മുദ്രാവാക്യങ്ങൾ എന്നിവ എല്ലാം ഫൗജി അഖ്ബാറിൽ വന്നുകൊണ്ടിരുന്നു. ശാഹ് തങ്ങൾ മുഖേന ഫൗജി അഖ്ബാർ ഇവിടെയുള്ള സൈനികർക്കും ലഭിച്ചിരുന്നു. കേരളത്തിലെ ഉർദു ഭാഷാ പ്രചരണ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇത് കാണാനാകും. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരായി പിൽക്കാലത്ത് നടന്ന ഏറ്റവും വലിയ ചെറുത്ത് നില്പായിരുന്നു 1921-ലെ ഖിലാഫത്ത് പ്രക്ഷോഭം. കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും കൈകോർത്ത പ്രക്ഷോഭത്തിൽ അനല്പമായ സ്വാധീനമായിരുന്നു ഉർദു ഭാഷക്കുണ്ടായിരുന്നത്.

മത പണ്ഡിതൻ കൂടിയായിരുന്ന ആലി മുസ്ല്യാരായിരുന്നു ഖിലാഫത്ത് സമരത്തിന്റെ മുന്നണിപ്പോരാളി. ബോംബെയിൽ വെച്ച് കേൾക്കാനിടയായ മൗലാനാ മുഹമ്മദലിയുടെ ഉജ്വലമായ ഉർദു പ്രസംഗമായിരുന്നു സമരത്തിൽ
സജീവമാകാനുള്ള ആലി മുസ്ല്യാരുടെ പ്രേരണ. കൂടാതെ ഹംദർദ് പോലെയുള്ള ഉർദു പത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വായനക്കാരൻ കൂടിയായിരുന്നു മുസ്ല്യാർ .

സമരമുഖത്ത് ബ്രിട്ടന്റെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 1910 ൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ പരോക്ഷമായ പങ്ക് വഹിച്ചു എന്നാരോപിച്ച് തന്നെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഹാജി ബോംബെയിലെത്തി ഉർദു പഠിച്ചതിന് ശേഷം ഹജ്ജിന് യാത്ര തിരിച്ചു. കപ്പലിലുള്ള യാത്രാ മദ്ധ്യേ ഒരു മത പണ്ഡിതനിൽ നിന്ന് കൂടുതലായി ഉർദു പഠിച്ചു. നാല് വർഷത്തെ മക്കാ വാസത്തിനിടയിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസനിൽ നിന്ന് ഉർദുവിൽ കൂടുതൽ പ്രാവീണ്യം നേടി.

മക്കയിൽ നിന്ന് തിരിച്ച് മലബാറിലെത്തി സമരത്തിന് ധീരമായ നേതൃത്വം നല്കിയ അദ്ദേഹത്തെ 1922 ജനുവരി 7 ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യുകയും ജനുവരി 20 ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ വെച്ച് വെടി വെച്ച് കൊല്ലുകയും ചെയ്തു. വധശിക്ഷ നടപ്പാക്കും മുമ്പ് അവസാനമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഉർദുവിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഹാജി മറുപടി പറഞ്ഞതും ഉർദുവിലായിരുന്നു.
1920 ജൂൺ മാസത്തിൽ അലഹാബാദിൽ ചേർന്ന ഖിലാഫത്ത് സമ്മേളനത്തിൽ പുറപ്പെടുവിച്ച ഫത്‌വ ഉർദുവിലായിരുന്നു. മൗലാനാ ആസാദ്, മുഹമ്മദലി ജൗഹർ അടക്കമുള്ള ആയിരക്കണക്കായ പണ്ഡിതരാണ് ഇതിൽ ഒപ്പ് വെച്ചിരുന്നത്. പുസ്തക രൂപത്തിൽ തയ്യാറാക്കിയ ഈ ഫത്‌വയുടെ കോപ്പി പൊന്നാനിയിലും എത്തിയിരുന്നു. ഇത് വിവർത്തനം ചെയ്യാൻ പൊന്നാനിയിലെ ഖിലാഫത്ത് കമ്മിറ്റി മദ്രസ അദ്ധ്യാപകനും ഉർദു പണ്ഡിതനുമായ ഇ.മൊയ്തു മൗലവിയെ സമീപിച്ചു. വിവർത്തകനായ മൗലവി ഇതിലെ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യ സമര മുഖത്ത് സജീവമായി.

കേരളത്തിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അലിഗർ ജാമിഅ മില്ലിയ്യയിൽ പഠിക്കുമ്പോൾ മൗലാന ആസാദ് ഉർദുവിൽ രചിച്ച 'മസ്അലയെ ഖിലാഫത്ത് വ ജസീറയെ' അറബ് എന്ന കൃതി വായിച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പഠനം പൂർത്തീകരിക്കും മുമ്പേ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്ത് ചാടിയത്. 1920 ഫെബ്രുവരി 28 ന് കൽക്കത്തയിൽ ചേർന്ന ഓൾ ഇന്ത്യാ ഖിലാഫത്ത് കോൺഫ്രൻസിൽ ആസാദ് ചെയ്ത പ്രസംഗമായിരുന്നു ഈ പുസ്തകം.
1920 ൽ കോഴിക്കോട് കടപ്പുറത്ത് ബീഉമ്മ (അലി സഹോദരങ്ങളുടെ മാതാവ് ) ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായി എത്തിയപ്പോൾ ചെയ്ത പ്രസംഗം ഉർദുവിലായിരുന്നു. മലബാറിലെ സമര പോരാട്ടങ്ങൾക്ക് കരുത്തു പകർന്ന പ്രസംഗമായിരുന്നു ഇത്.

ഖിലാഫത്ത് കമ്മിറ്റികളുടെ എല്ലാ കത്തിടപാടുകളും നോട്ടീസ് പോസ്റ്റർ എന്നിവയും ഉർദുവിലായിരുന്നു കേരളത്തിലെത്തിയിരുന്നത്. കോഴിക്കോട് നഗരത്തിലെ പൊതു ചുമരുകളിൽ കണ്ടിരുന്ന സമരാഹ്വാന പോസ്റ്ററുകളെല്ലാം ഉർദുവിലായിരുന്നു. എം.പി.നാരായണ മേനോൻ തറമ്മൽ കൃഷ്ണൻ പോലെയുള്ള സമര സേനാനികൾക്കെല്ലാം ഉർദു നന്നായി അറിയാമായിരുന്നു. നേതൃത്വത്തിലുണ്ടായിരുന്ന പലർക്കും ഇ.മൊയ്തു മൗലവിയായിരുന്നു ഉർദു പഠിപ്പിച്ചിരുന്നത്.
1921 ലെ സമാനതകളില്ലാത്ത ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ പോരാളികൾക്കെതിരെ ഭരണകൂടം ചെയ്ത ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും പുറം ലോകത്തെത്തിച്ചതിൽ വലിയ പങ്ക് വഹിച്ച പത്രമാണ് സമീന്ദാർ. എൺപത്തിയാറ് ലേഖനങ്ങളാണ് സമീന്ദാറിൽ മലബാർ സമരം സംബന്ധിച്ച് പരമ്പരയായി പ്രസിദ്ധീകരിച്ചത്. സമീന്ദാറിന്റെ പത്രാധിപരായ മൗലാനാ സഫർ അലി ഖാൻ മൂന്ന് തവണയാണ് മലബാറിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. അദ്ദേഹം മലബാറിലെ മാപ്പിള വീര്യത്തെ പരാമർശിച്ച് അഞ്ച് ഉർദു കവിതകൾ രചിച്ചിട്ടുണ്ട്. ഇതേ പത്രത്തിൽ ബ്രിട്ടീഷ് വിരുദ്ധ കവിത പ്രസിദ്ധീകരിച്ചതിന് എം.എൻ. സത്യാർത്ഥി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാൻ സെ അഛാ മൗലാനാ ഹസ്രത്ത് മൊഹാനിയുടെ ഇൻക്വിലാബ് സിന്ദാബാദ് എന്നിവ കേരളത്തിലെങ്ങും അലയടിക്കുന്ന ഉർദു ശബ്ദമാണ്. കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിൽ ഒരു ഭാഷാ എന്ന നിലയിൽ ഉർദു വഹിച്ച പങ്ക് ഇനിയുമെത്രയോ അനാവരണം ചെയ്യാനാകും.