VOL 03 |

ചരിത്രത്തോടൊപ്പം സഞ്ചരിച്ച ചരിത്രകാരൻ

By: എം.സി വടകര | ഇർഷാദ് മുണ്ടക്കുളം

ചരിത്രത്തോടൊപ്പം സഞ്ചരിച്ച ചരിത്രകാരൻ
◈ ജനനം

സ്വതന്ത്ര സമരം കത്തിജ്വലിച്ചു നിൽക്കുന്ന സമയത്താണ് എന്റെ ജനനം. അതായത് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതിനുശേഷം. 1939 ജൂലൈ 1 പി.ആർ മൂസ - സൈനബ എന്നിവരുടെ മകനായി വടകര പഴങ്കാവില്‍ ജനിച്ചു. അക്കാലത്തെ മുസ്‌ലിം സമൂഹം പ്രത്യേകിച്ചും മലബാറിൽ രാഷ്ട്രീയമായും സാമൂഹ്യമായും ഉന്നതമായ നിലവാരം പുലർത്തുന്ന വരായിരുന്നു. പാക്കിസ്ഥാൻ പ്രക്ഷോഭം ആളിക്കത്തുന്ന സമയം കൂടി ആയിരുന്നു അത്. സാമ്പത്തികമായി സാഹചര്യങ്ങൾ വളരെ മോശമായിരുന്നെങ്കിലും സാംസ്കാരികമായി വളരെ ഉയർന്ന തലത്തിൽ ആയിരുന്നു.

◈ കുടുംബ പാശ്ചാത്തലവും കുടുംബപരമായി മുസ്‌ലിം ലീഗിലുണ്ടായിരുന്ന സ്വാധീനവും എങ്ങനെ ?

മലബാറിലും വടകരയിലും ഒക്കെ മുസ്‌ലിം ലീഗ് അനുഭാവികളും അനുയായികളും തന്നെ ആയിരുന്നു 99 ശതമാനവും. വടകരയിലെ മുസ്‌ലിം ന്യൂനപക്ഷ പ്രദേശമായിരുന്നു ഞങ്ങളുടെ പഴങ്കാവ് ഉൾപ്പെടെയുള്ളവ. എങ്കിലും എന്റെ പിതാവ് അടക്കമുള്ള കുടുംബം മുസ്‌ലിം ലീഗ് ആയിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വരെ ആയി വിടപറഞ്ഞ എൻ. വി കുഞ്ഞാമു അവർകൾ വടകരക്കാരനായിരുന്നു. അന്നത്തെ വടകരയിലെ മുസ്‌ലിം ലീഗ് നേതാവ് അദ്ദേഹമായിരുന്നു. കുറുമ്പ്രനാട് താലൂക്ക് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ആ കമ്മിറ്റിയുടെ ലീഗ് ഓഫീസ് സെക്രട്ടറി ആയിരുന്നു സി .എച്ച്മുഹമ്മദ് കോയ സാഹിബ് സി.എച്ച് പ്രസംഗത്തിലൂടെയും സംഘാടനത്തിലും വളർന്നുവരുന്ന ഒരു സമയം കൂടിയായിരുന്നു അത്.

◈ കുട്ടിക്കാല ഓർമ്മകൾ എങ്ങനെ ഓർത്തെടുക്കുന്നു ?

നമ്മുടേത് ലീഗ് കുടുംബമായതിനാൽ തന്നെ മുസ്‌ലിംലീഗിന്റെയും എം.എസ്.എഫിന്റെയും വിവിധങ്ങളായപരിപാടികളൊക്കെ ഉണ്ടാകുമ്പോൾ പങ്കെടുക്കുകയും വീക്ഷിക്കുകയും ചെയ്യുന്നത് ഹരമായിരുന്നു. അക്കാലത്ത് നടന്ന ഒരു സംഭവം ഓർക്കുന്നു. ജിന്നസാഹിബിന്റെ വളരെ അടുത്ത സുഹൃത്തും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഖാസി മുഹമ്മദ് ഈസ ബലൂചിസ്താൻ ബാരിസ്റ്ററായ (വക്കീൽ)പ്പോൾ മലബാറിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായി വടകരയിൽ വന്നതും സീതി സാഹിബ് പരിഭാഷപ്പെടുത്തിയതും മറക്കാനാകാത്ത അനുഭവമാണ്. പ്രസ്തുത മേഖലകളിൽ മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ ഏറെ പങ്കുവഹിച്ച ഖാസിം മുഹമ്മദ് ഈസ അവർകൾ അന്ന് മുസ്‌ലിം സമുദായത്തിന്റെ ലീഗ് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു.

1952 -ൽ നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ എന്ന നിലക്ക് പങ്കെടുത്തതും തിരഞ്ഞെടുപ്പ് ആവേശങ്ങളിൽ ആനന്ദം കൊണ്ടതും ഇന്നും കുളിരണിപ്പിക്കുന്ന ഓർമ്മകൾ തന്നെയാണ്.

◈ ആദ്യ രാഷ്ട്രീയ പ്രവേശനം എങ്ങനെ ഓർക്കുന്നു?

1954-ൽ എം.എസ്.എഫ് മലബാർ ജില്ല രൂപീകരണം നടക്കുന്നു. വടകരയിലെ പാക്കിസ്ഥാൻ മൈതാനിയിൽ ആയിരുന്നു അത്. ഇപ്പോൾ ഈ മൈതാനം സീതി സാഹിബ് മൈതാനം എന്ന് സർക്കാർ പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണഘടന നിർമ്മാണ സഭ അംഗവും അന്നത്തെ മദ്രാസ് സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റുമായിരുന്ന കെ.ടി.എം അഹമ്മദ് ഇബ്രാഹിം എന്നിവരായിരുന്നു യോഗത്തിന്റെ മുഖ്യാതിഥി. പി .എം അബൂബക്കർ സാഹിബ് പ്രസിഡന്റും ലക്ഷദ്വീപകാരനായിരുന്ന കെ. ഹംസത്ത് ജനറൽ സെക്രട്ടറിയും ആയിരുന്നു. പ്രസ്തുത കമ്മിറ്റിയിൽ ഇ. അഹമ്മദ് സാഹിബ് ജോയിന്റ് സെക്രട്ടറി ആയിരുന്നു. എ.എം. കുഞ്ഞുവാവ ,പി. പി മൊയ്തീൻ. സാഹിബ് ജാൻ തുടങ്ങിയവർ ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നു.

സീതി സാഹിബ്, സി.എച്ച്, ടി ഉബൈദ് തുടങ്ങിയവർ ആ യോഗത്തിൽ പങ്കെടുത്തിരുന്നു. വടകര ടൗൺ വാർഡ് എം.എസ്.എഫ് ഭാരവാഹി എന്ന നിലയിൽ ഈയുള്ളവനും ആ യോഗത്തിൽ ഉണ്ടായിരുന്നു. ആദ്യമായി പങ്കെടുത്ത വിപുലവും ഇത്രയും നേതാക്കന്മാരെ ഒത്തൊരുമിച്ച് കാണുകയും ചെയ്ത യോഗം അതായിരിക്കണം.

◈ സജീവ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനത്തിന്റെ തുടക്കം ഏത് രൂപത്തിൽ?

1956-ൽ കേരളം രൂപീകൃതമാകുന്നതിൽ മുസ്‌ലിംലീഗിന്റെ പങ്ക് അനിഷേധ്യമാണ്. സംസ്ഥാന രൂപീകരണത്തിന്റെ സമിതിയായ എസ്.ആർ.സി യുടെ ചെയർമാൻ സുപ്രീംകോടതി ജഡ്ജിയും, പട്ന ഹൈക്കോടതി ചീഫ് ജഡ്ജിയും, ആസാമിന്റെയും ഒഡീഷയുടെയും ഗവർണറുംമായിരുന്ന ജസ്റ്റിസ് ഫസൽ അലിയും സർദാർ കെ. എം പണിക്കർ, എച്ച്. എൻ കുൻസുറു എന്നിവർ അംഗങ്ങളും ആയിരുന്നു.

മുസ്‌ലിം ലീഗ് ഈ സമിതിക്ക് മുമ്പിലും മറ്റും കേരള സംസ്ഥാന രൂപീകരണത്തിന് നിവേദനം നൽകുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുകയുണ്ടായി. "വിട തരൂ " എന്ന് തുടങ്ങുന്ന ടി.ഉബൈദിന്റെ കവിത സംസ്ഥാന രൂപീകരണ ചരിത്രത്തിൽ പ്രസിദ്ധമാണ്. അന്നത്തെ തിരുകൊച്ചിയും മദ്രാസിലെ മലബാർ ജില്ലയും കൂടിയാണ് ഇന്നത്തെ കേരള സംസ്ഥാനം. ആദ്യമായി നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പി.എസ്.പി സംഖ്യവും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിനെ കൂടെ കൂട്ടാൻ കോൺഗ്രസ് വിമുഖത കാണിച്ച കാലമായിരുന്നു അത്.ജവഹർലാൽ നെഹ്റു മുസ്‌ലിം ലീഗിനെ കുറിച്ച് ചത്ത കുതിര എന്നും അല്ല നെഹ്റുജി ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ് " എന്ന് സി. എച്ചിന്റെ മറുപടിയും പ്രസിദ്ധമാണല്ലോ.അത്തരം ഒരു സാഹചര്യത്തിൽ കോൺഗ്രസ് മുസ്‌ലിംലീഗിനെ കൂടെ കൂട്ടാൻ കൂട്ടാക്കിയില്ല. നേരെമറിച്ച് ആയിരുന്നെങ്കിൽ ലീഗ് കോൺഗ്രസ് സംഖ്യത്തിന് ആദ്യ കേരള സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നു.

ചുരുക്കത്തിൽ ഒന്നാം കേരള മുഖ്യമന്ത്രി ഇ.എം.എസ് ആവുകയും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് സർക്കാർ ഭരണം നടത്തുകയും ചെയ്തു .അന്ന് ഞാൻ എസ്.എസ്.എൽ .സിക്ക് പഠിക്കുകയായിരുന്നു. വടകരയിൽ നിന്ന് കെ. പി മേനോൻ ആണ് വിജയിച്ചത്. അധികം വൈകാതെ തന്നെ ഭരണത്തിന്റെ വികലമായ നയങ്ങൾക്കെതിരെയും ദുർഭരണത്തിനെതിരെയും വലിയ തോതിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചുകഴിഞ്ഞു. വിമോചന സമരത്തിൽ വിദ്യാർത്ഥികളുടെ പങ്ക് അനിഷേധ്യമായിരുന്നു. പ്രത്യേകിച്ചും എം.എസ്.എഫ് അതിശക്തിയായി തന്നെ സമരത്തിൽ ഭാഗമായി.

ഞാനടക്കമുള്ള പ്രവർത്തകർ രണ്ടാഴ്ചയിലധികം ജയിലിൽ കഴിയേണ്ടി വന്നു .അന്ന് ഞാൻ ബ്രണ്ണൻ കോളേജിൽ പി.യു.സിക്ക് പഠിക്കുകയാണ്.കെ . കെ മുഹമ്മദ് സാഹിബും അന്നവിടെ പഠിക്കുന്നുണ്ടായിരുന്നു അഹമ്മദ് സാഹിബ് ഞങ്ങളുടെ സീനിയറായിരുന്നു.

◈ വായനയും എഴുത്തും പുസ്തക രചനയും ഒക്കെ ഇപ്പോൾ ഓർക്കുമ്പോൾ

വായന ചെറുപ്പത്തിലെ എന്റെ ഒരു ശീലമായിരുന്നു. വടകരയിലുള്ള നാഷണൽ ലൈബ്രറിയിൽ ഒഴിവ് കിട്ടുന്ന സമയത്തൊക്കെ വായിക്കാൻ ഇരിക്കും. പലപ്പോഴും ലൈബ്രറി അടക്കുന്നത് വരെയൊക്കെ വായിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, പൊറ്റക്കാട് തുടങ്ങിയവരായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാർ .വായന ഇന്നും ഒരു ഹരമാണ്. വായന ഒരുപാട് വിവരങ്ങൾ കൈമുതലാക്കാനും ഭാഷ നൈപുണ്യം നേടാനും സഹായിച്ചിട്ടുണ്ട്. പിന്നീട് പുസ്തക രചനക്ക് വേണ്ടിയൊക്കെ 2000-ലധികം പേജുകളുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ മുഴുവനായും വായിക്കാൻ പ്രേരണയായത് അന്നത്തെ വായനാനുഭവമാണ്. പഠിക്കുന്ന കാലത്ത് തന്നെ എഴുതാനും ആരംഭിച്ചിരുന്നു. പ്രാദേശികമായിട്ടുള്ള ഒരു നാടകത്തിന് നിരൂപണം എഴുതിയത് ചന്ദ്രിക വരാന്ത പതിപ്പിൽ വന്നതാണ് ആദ്യത്തെ ലേഖനം. കെ.കെ.മുഹമ്മദ് സാഹിബ് ആയിരുന്നു അന്ന് അതിന് പ്രേരിപ്പിച്ചത്. അതിനുമുമ്പും പല ഫീച്ചറുകളും കുറിപ്പുകളും ഒക്കെ ചന്ദ്രികയിൽ എഴുതിയിട്ടുണ്ട്.

എം.ഇ.എസ് വടകരയിൽ നടത്തിയ ഒരു മെഡിക്കൽ ക്യാമ്പിനെതിരായി ഫീച്ചർ എഴുതിയത് ഇന്നും ഓർക്കുന്നു. എം.ഇ.എസും മുസ്‌ലിം ലീഗും തെറ്റിയ സമയത്തായിരുന്നു അത്.

1961-ൽ അതായത് സി.എച്ച് സ്പീക്കർ ആയ അതേ സമയത്ത് രജിസ്ട്രാർ ഓഫീസിൽ ക്ലർക്കായി ജോലി കിട്ടിയതിൽ പിന്നെ സജീവരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. എന്നാൽ മുസ്‌ലിം ലീഗും എം.എസ്.എഫും ഒക്കെ എന്നിൽ തീക്ഷ്ണമായി കുടികൊള്ളുകയും സീതി സാഹിബിനോടും സി.എച്ചിനോടും ഒക്കെയുള്ള അഭിനിവേശം അലതല്ലുകയും ചെയ്തുകൊണ്ടിരുന്നു. ഈയൊരു സാഹചര്യവും പല പ്രമുഖരുടെയും നിർബന്ധപ്രേരണയും കാരണം പാർട്ടിയുടെ സ്ഥിര എഴുത്തുകാരനായി എം.സി ഇബ്രാഹിം എന്ന ഞാൻ എം.സി വടകര എന്ന തൂലിക നാമത്തിൽ മാറുകയുണ്ടായി. ലേഖനം എഴുതിയതിന് ചന്ദ്രികയിൽ നിന്ന് 5 രൂപ ലഭിച്ചത് ഇന്നും കുളിർമയേകുന്ന ഓർമ്മയാണ്. ആദ്യ ലേഖനത്തിന് തന്നെ സി.എച്ചും, പി.എ മുഹമ്മദ് കോയ (മുഷ്താഖ് ) തുടങ്ങിയവർ നൽകിയ അഭിനന്ദനങ്ങൾ വലിയ ബലമേകി. ആയിടക്കാണ് ചന്ദ്രിക വരാന്ത പതിപ്പിൽ മുസ്‌ലിം ലീഗിനെ കുറിച്ച് ചരിത്രപരമായ ഒരു ലേഖനം തയ്യാറാക്കി നൽകിയത്. വരാന്ത പതിപ്പ് ചാർജ് ഉണ്ടായിരുന്ന കെ .പി കുഞ്ഞി മൂസയുടെ പ്രേരണ അതിന് വലിയ ശക്തിയായി .എന്നാൽ കുഞ്ഞി മൂസ ലേഖനത്തിന്റെ അവസാനത്തിൽ തുടരുമെന്ന് എന്റെ അറിവില്ലാതെ കൊടുത്തു. ആയതിനാൽ തന്നെ തുടർന്നുള്ള ലക്കത്തിലും ബാക്കി എന്നോണം എഴുതേണ്ടി വന്നു. കുഞ്ഞിമൂസ വീണ്ടും തുടരും എന്ന് ചേർക്കുകയും പത്തിലേറെ ലക്കത്തിൽ ചരിത്ര ലേഖനം എഴുതേണ്ടി വന്നു.

സി.എച്ച് അടക്കമുള്ള പലരും അന്ന് ഉണ്ടായിരുന്ന പല പഴയകാല നേതാക്കന്മാരെയും ചരിത്രകാരന്മാരെയും പരിചയപ്പെടുത്തി നൽകുകയും അവരെയൊക്കെ നേരിട്ട് കണ്ടും അന്വേഷിച്ചും ഞാൻ എഴുതി. ആ പരമ്പര ചന്ദ്രിക മാനേജിംഗ് ഡയറക്ടറും കേരള ചീഫ് എൻജിനീയറും ആയിരുന്ന ടി.പി കുട്ട്യാമു സാഹിബിന്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിന്റെ ദശാസന്തി എന്ന പേരിൽ ബുക്ക് ആക്കുകയും ചെയ്തു. ഇതാണ് എന്റെ ആദ്യ പുസ്തകം.

രണ്ടാമത്തെ എന്റെ ബുക്ക് സി. എച്ചിനെ കുറിച്ചുള്ള ജീവചരിത്ര രചനയാണ്. പി.എ റഷീദ് ചന്ദ്രിക ഡയറക്ടർ മൊയ്തു സാഹിബ് അടക്കമുള്ളവർ നിർബന്ധിച്ചത് കാരണം സി .എച്ചിനെ പഠിപ്പിച്ച അധ്യാപകൻ ഉൾപ്പെടെയുള്ളവരെ നേരിട്ട് കണ്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം.

മൂന്നാമത്തെ പുസ്തകം അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ കുറിച്ചുള്ളതാണ്. കേരള സാംസ്കാരിക വകുപ്പ് കേരളത്തിലെ സാംസ്കാരിക നവോത്ഥാന നായകരെ കുറിച്ചുള്ള പുസ്തകങ്ങൾ തയ്യാറാക്കാൻ തീരുമാനിക്കുകയും ബാഫഖി തങ്ങളെ കുറിച്ച് തയ്യാറാക്കാൻ മുഹമ്മദലി ശിഹാബ് തങ്ങളെ സമീപിക്കുകയും പക്ഷേ തങ്ങൾ എന്നെ ഏൽപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഞാൻ ബാഫഖി തങ്ങളുടെ ചരിത്രം രചിക്കുകയായിരുന്നു. ആറ് പതിപ്പുകൾ വരെ ഉണ്ടായിട്ടുള്ള ആ പുസ്തകം പ്രത്യേകിച്ചും ബാഫഖി തങ്ങള കുറിച്ചാകുമ്പോൾ ചാരിദാർത്ഥ്യവും സംതൃപ്തിയും ഉളവാകുന്നതാണ്.

മുസ്‌ലിം ലീഗ് നേതാവായിരുന്ന പത്തനംതിട്ടക്കാരനായിരുന്ന കെ.ഇ അബ്ദുറഹ്മാൻ സാഹിബ് അന്നത്തെ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് അംഗമായിരുന്നു. അടുത്ത പുസ്തകം മുസ്‌ലിം ലീഗ് സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതാണ്. ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശം അനുസരിച്ച് ആയിരുന്നു അത് പിന്നീട് പലപ്പോഴായി ഞാൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മുസ്‌ലിം ലീഗ് നിലപാടുകളുടെ നീതി ശാസ്ത്രം .

◈ സി .എച്ച് മുഹമ്മദ് കോയ സാഹിബുമായുള്ള താങ്കളുടെ ബന്ധം ഏത് രൂപത്തിലായിരുന്നു ?

സ്പീക്കറും മന്ത്രിയുമൊക്കെ ആയിരിക്കുമ്പോഴും നമ്മളെ പോലെയുള്ളവരെ പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സി.എച്ചിന്റെ രീതിയും ശൈലിയും എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരുന്ന വിസ്മയമാണ്.

ഒരിക്കൽ തിരുവള്ളൂരിൽ ഒരു സമ്മേളനം നടക്കുമ്പോൾ പ്രവർത്തകരും നേതാക്കളും എല്ലാം പ്രകടനത്തിൽ ആയതിനാൽ സി .എച്ച് മാത്രമായിരുന്നു സ്റ്റേജിൽ ഉണ്ടായിരുന്നത്. അതൊരു തിരഞ്ഞെടുപ്പ് കാലമായിരുന്നു .ആ സമയത്ത് ഞാൻ തയ്യാറാക്കിയ ഒരു ലേഖനം സി. എച്ചിനെ കാണിച്ചു. അത് മുഴുവനായും വായിച്ചശേഷം അദ്ദേഹം പറഞ്ഞു "ഇത്രയൊന്നും കടുപ്പത്തിൽ വേണ്ട. ഇത് ചിലപ്പോൾ തിരഞ്ഞെടുപ്പ് അസാധു ആകാൻ വരെ കാരണമാകും " അതനുസരിച്ച് ഞാൻ ലേഖനം മാറ്റി തിരുത്തി മയപ്പെടുത്തി ചന്ദ്രികയിൽ നൽകി പ്രസിദ്ധീകരിച്ച് വരികയും ചെയ്തു.
എന്നാൽ വിധി വൈപരീതം എന്നോണം മറ്റുചില കാരണങ്ങളാൽ സി. എച്ചിന്റെ ആ പ്രാവശ്യത്തെ തിരഞ്ഞെടുപ്പ് അസാധുവായി.

ആദ്യമായി ലേഖനം എഴുതി തുടങ്ങിയപ്പോൾ സി. എച്ച് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കാണുമ്പോഴൊക്കെ എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ചന്ദ്രിക വരാന്ത പതിപ്പിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നപ്പോൾ ചരിത്രങ്ങൾ അന്വേഷിക്കാനും പരതാനും അക്കാലത്തെ മുതിർന്ന നേതാക്കളെ പരിചയപ്പെടുത്തി നൽകുകയും കൂടുതൽ വായനയ്ക്ക് കനപ്പെട്ട പല പുസ്തകങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.

◈ താങ്കളെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ രാഷ്ട്രീയ നേതാവ് ആരാണ് ? സാഹചര്യം?

മുഹമ്മദലി ജിന്ന, പ്രതിഭ കൊണ്ടും തന്റേടം കൊണ്ടും ആർജ്ജവം കൊണ്ടും ഇന്ത്യ കണ്ട മഹാനായ നേതാവായിരുന്നു ജിന്ന സാഹിബ്. നല്ലൊരു മതേതരവാദിയും ജനാധിപത്യത്തിന്റെ പ്രയോക്താവും ആയിരുന്നു അദ്ദേഹം. ലണ്ടനിലെ ഷേക്സ്പിയർ തിയേറ്ററിലെ നാടക നടനായിരുന്ന ജിന്ന എല്ലാ രംഗത്തും കഴിവും പ്രാപ്തിയും തെളിയിച്ച വ്യക്തിത്വമാണ്.

ലോകത്ത് തന്നെ ഇസ്‌ലാമിന്റെ പേരിൽ ഉണ്ടായിട്ടുള്ള അധികം സംഘടനകളും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വാക്താക്കളായി മാറുമ്പോഴും മുസ്‌ലിം ലീഗ് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സ്പഷ്ടിക്കുന്ന പ്രതീകമായി നിലകൊള്ളുന്നതിൽ ജിന്നയുടെ പങ്ക് അനിഷേധ്യമാണ്.

മുസ്‌ലിം ലീഗിനെതിരെ തീവ്രവാദം ആരോപിച്ചവർക്ക് ജിന്ന നൽകിയ മറുപടി ഷേക്സ്പിയറിന്റെ "റോസാപ്പൂ സുഗന്ധം നൽകിക്കൊണ്ടിരിക്കുംഅത് എവിടെ ആണെങ്കിലും "എന്ന കവിത കൊണ്ടായിരുന്നു.തുർക്കിയും സ്പെയിനും പോലത്തെ ഇസ്ലാമിക രാജ്യങ്ങൾ തകർന്നിടത്ത് ആയുധ വിപ്ലവമില്ലാതെ ജനാധിപത്യപരമായി പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാജ്യം കെട്ടിപ്പടുത്ത ജിന്ന ലോകം കണ്ട അത്ഭുത മനുഷ്യൻ തന്നെയാണ്.
ജിന്നയുടെ മഹത്വം തിരിച്ചറിഞ്ഞ് വടകരയിൽ നിന്ന് ഒരു അഹ്മദ് അദ്ദേഹത്തിന്റെ തറവാട് വക സ്വത്ത് വിറ്റ് കാണാൻ പോയ ചരിത്രം വരെ ഉണ്ട്. ജിന്ന ഈ ലോകം വെടിഞ്ഞു എന്നറിഞ്ഞപ്പോൾ റേഡിയോ വാർത്ത കേൾക്കെ തന്നെ ബോധരഹിതനായ ആളുകൾ വരെ ഉണ്ടായിട്ടുണ്ട്. ജിന്നയുടെ വിശ്വാസപരവും ആത്മാർത്ഥവുമായ ജീവിതശൈലി തന്നെയാണ് അതിനൊക്കെ കാരണം . "ജിന്നയെ പോലെ അദ്ദേഹത്തിന് മുമ്പും ശേഷവും ഒരാൾ ഉണ്ടായിട്ടില്ല "എന്നാണ് എന്റെ നിരീക്ഷണം .

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ദീർഘകാല രാജ്യസഭ എം.പിയും ഒക്കെ ആയിരുന്ന ബി.വി അബ്ദുല്ല കോയ ജിന്നയെ തൊട്ട ചരിത്രമുണ്ട്.ഹാസ്യ നടനായിരുന്ന നൂർ മുഹമ്മദിന്റെ കലാപ്രകടനം നടക്കുന്നുണ്ടായിരുന്നു ശിവാജി മൈതാനത്തിൽ . അവിടെ നാല് അണക്ക് ടിക്കറ്റ് വാങ്ങി കാണാൻ ചെന്നതാണ് ബി.വി. ജിന്ന ഉണ്ടായിരുന്ന വേദിയിൽ കളിക്കുന്നത് അനാദരവാണെന്ന് പറഞ്ഞ് മാറിനിന്നു നൂർ മുഹമ്മദ് ലോകം കണ്ട മഹാ കലാകാരനാണ് നൂർ മുഹമ്മദ് എന്ന് ഓർക്കണം. അപ്പോൾ ജിന്ന കാണികളുടെ അടുത്ത് വന്നിരിക്കുകയും കലാപ്രകടനം ആരംഭിക്കുകയും ചെയ്തു. ഈ സമയത്താണ് ബി. വി ജിന്നയെ തൊടുന്നത്.

◈ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട താങ്കൾക്കുള്ള ഓർമ്മകൾ?

സ്വതന്ത്ര സമരം അതിന്റെ ഉച്ചിയിൽ കത്തിജ്വലിക്കുന്ന സമയത്താണ് എന്റെ ജനനം.അതിന്റെ മുമ്പ് ഉണ്ടായിരുന്ന പല കിരാത സംഭവങ്ങളും മുതിർന്നവരിൽ നിന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് .പിന്നീട് വായനയിലൂടെ അവയെത്രയും വ്യക്തമായി മനസ്സിലാക്കാൻ പറ്റി. "പച്ച "വെബ്സീനിൽ അത്തരം പ്രബന്ധങ്ങൾ വിശദമായി തന്നെ വരുന്നതിനാൽ വിശദമാക്കേണ്ടതില്ലല്ലോ.ജയപ്രകാശ് നാരായണൻ, ജവഹർലാൽ നെഹ്റു തുടങ്ങി നേതാക്കളെ കാണാൻ സാധിച്ചിട്ടുണ്ട്.

◈സ്വതന്ത്ര സമരത്തിൽ മുസ്‌ലിങ്ങളുടെ പങ്കിനെ കുറിച്ച് താങ്കളുടെ വീക്ഷണം ?

സ്വതന്ത്ര സമര ചരിത്രത്തിൽ തന്നെ ഒരു സമുദായം എന്ന നിലക്ക് പങ്കെടുത്തത് മുസ്‌ലിംങ്ങൾ ആണ്. പതിനഞ്ചാം നൂറ്റാണ്ടിൽ വാസ്കോഡഗാമ വരുമ്പോൾ തന്നെ ഇമ്മാനുവൽ രാജാവ് പറഞ്ഞയച്ചത് രണ്ട് കാര്യങ്ങളാണ് മൂർകളെകൊന്നുകളയുക, ക്രിസ്തുരാജ്യം സ്ഥാപിക്കുക എന്നിവയാണവ. മൂർകൾ എന്നത് കൊണ്ട് മുസ്‌ലിംങ്ങൾ എന്നാണ് ഉദ്ദേശം. അവിടുത്തെ അക്രമകാരികളും വധശിക്ഷയ്ക്ക് വരെ വിധിക്കപ്പെട്ട വരും ആയിരുന്നു അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത്. അവർ അതീവ രഹസ്യമായി അവരുടെ നീക്കുപോക്ക്നടത്തുകയും മുസ്‌ലീങ്ങൾ ആക്രമിക്കപ്പെടുകയും പിന്നീട് പീഡിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇതൊന്നും തിരിച്ചറിഞാഞായിരുന്നില്ല മുസ് ലീംകൾ യുദ്ധമുഖത്ത് ശക്തമായ പ്രതിരോധം തീർത്തത്. തങ്ങളുടെ രാജ്യത്തെ ആക്രമിക്കാൻ വരുന്നവരെ എന്ത് വില കൊടുത്തും ചെറുത്തുനിൽക്കുക എന്നതായിരുന്നു മുസ്ലീങ്ങളുടെ ശൈലി. അതിന് വിശ്വാസത്തിന്റെയും ആദർശത്തിന്റെയും പിൻബലം അവർക്ക് അക്കാലത്തെ പണ്ഡിതന്മാരിലൂടെ ലഭ്യമാവുകയും ചെയ്തു. അത് പിന്നീട് ഇടതടവില്ലാതെ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ശക്തമായി തന്നെ തുടർന്നു എന്നത് ചരിത്ര പ്രധാനമായ സത്യമാണ്.

◈ സ്വതന്ത്ര സമരത്തിൽ മുസ്‌ലിം ലീഗിന്റെ സ്വാധീനം എങ്ങനെ നോക്കി കാണുന്നു?

അക്രമപരമായ ഒരു സമരത്തിനും പ്രതിഷേധത്തിനും മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല എന്നത് തന്നെയാണ് വസ്തുത. കൂടുതൽ സ്വാതന്ത്ര്യവും ജനാധിപത്യവും നിലകൊള്ളുന്ന ഒരു മാതൃക രാജ്യം സംജാതമാക്കുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം.

സർ സയ്യിദ് അഹമ്മദ് ഖാൻ ഇവിടെ ഓർക്കപ്പെടേണ്ട ഒരു മഹൽ വ്യക്തിത്വമാണ്. രംഗബോധമില്ലാതെയിരുന്ന സമര പോരാട്ടത്തെ ശാസ്ത്രീയമായി മാറ്റാനും സമുദായ മക്കൾക്ക് വിദ്യാഭ്യാസം നൽകാനും അതിലൂടെ നവോത്ഥാനം കൈവരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആ ചിന്തകളിലൂടെയാണ് 1906 - ൽ മുസ്‌ലിം ലീഗ് രൂപീകൃതമാകുന്നത് തന്നെ .പിന്നീട് അദ്ദേഹം സ്ഥാപിച്ച കോളേജ് യൂണിവേഴ്സിറ്റി (അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റി) ആക്കി ഉയർത്തുന്നത് ഉൾപ്പെടെയുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്ക് കൂടി മുസ്‌ലിം ലീഗ് സാക്ഷ്യം വഹിച്ചു.

◈ മുസ്‌ലിം ചെറുപ്പക്കാർ കമ്മ്യൂണിസം പോലുള്ള മത നിരാസ പ്രസ്ഥാനങ്ങളിലേക്ക് പോകുന്നതിനെ കുറിച്ച് താങ്കളുടെ വീക്ഷണം ?

അഖിലേന്ത്യ ലീഗ് ഉണ്ടായിരുന്ന സമയത്ത് രണ്ട് ലീഗിലും ഉണ്ടായിരുന്ന ഒരാളെ കുറിച്ച് സി. എച്ചിനോട് ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയാണ് ഓർക്കുന്നത്. സി എച്ചിന്റെ മറുപടി "പൂച്ചയെ പോലെയാണ്. പൂച്ച പള്ളിയിലും പോകും അമ്പലത്തിലും പോകും "യഥാർത്ഥത്തിൽ ഇത്തരക്കാർ മുസ്ലിമീങ്ങളെയും കമ്മ്യൂണിസത്തെയും വഞ്ചിക്കുകയാണ്. യഥാർത്ഥ മുസ്‌ലിമിന് കമ്മ്യൂണിസ്റ്റ് ആകാനും യഥാർത്ഥ കമ്മ്യൂണിസ്റ്റിന് വിശ്വാസി ആകാനും സാധിക്കില്ല എന്നത് തന്നെയാണ് അതിന്റെ കാരണം.

◈ മുസ്ലിം ലീഗ് പ്രവർത്തകരോട് താങ്കൾക്ക് പറയാനുള്ളത് ?

"united we stand - divided we fall" (ഐക്യത്തിൽ നിന്നാൽ നമുക്ക് നിലനിൽക്കാം. ഭിന്നിച്ചാൽ നമുക്ക് പരാജയപ്പെടാം) എന്ന ജിന്നയുടെ ആഹ്വാനം തന്നെയാണ് ആദ്യമായി പറയാനുള്ളത്. ലാഭേഛകളില്ലാതെ പാർട്ടിയെ സേവിക്കുക. സമുദായത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാൻ സാധ്യമാകുന്ന അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്തുക. പരമാവധി വായനാശീലവും പഴയകാല സ്മരണകളും ശീലമാക്കുക.

ടി .ഉബൈദും, പുലിക്കോട്ടിൽ ഹൈദ്രും അടങ്ങിയ കവികളുൾപ്പെടെയുള്ള ബുദ്ധിജീവികളും സാവാന്‍ കുട്ടി , കുട്ട്യാമു സാഹിബ് , കുഞ്ഞിപ്പക്കി ,ഡോ: സി.എംകുട്ടി തുടങ്ങിയവിദ്യാഭ്യാസ വിചക്ഷകന്മാരും അടങ്ങിയ പൂർവ്വകാല മുസ്‌ലിം ലീഗിന്റെ പ്രതാഭ കാലം തിരിച്ച് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.

ഗ്രീൻപീഡിയ എന്ന അപ്ലിക്കേഷനും, "പച്ച" വെബ്സിനും അത്തരത്തിലുള്ള മുന്നേറ്റങ്ങൾക്കുള്ള കനൽ തിരിയാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.