VOL 03 |

ഐക്യത്തിന്റെയും മാധുര്യത്തിന്റെയും നാലു പതിറ്റാണ്ട്

By: മുസ്തഫ മച്ചിനടുക്കം

ഐക്യത്തിന്റെയും മാധുര്യത്തിന്റെയും നാലു പതിറ്റാണ്ട്
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മുസ്ലിം ലീഗ് പുനസ്ഥാപിക്കപ്പെട്ടതോടുകൂടി ഒറ്റക്കും തെറ്റയ്ക്കും ഒരുപാട് പേർ ലീഗ് വിട്ടു പോയവരുണ്ട് ശത്രുപക്ഷത്തിന്റെ ഗൂഡലോചനയുടെ ഭാഗമായി ലീഗിന്റെ നാശം കൊതിച്ചു കൊണ്ട് പുതിയപ്രസ്ഥാനങ്ങൾ പലതും രൂപം കൊണ്ടിട്ടുണ്ട് കമ്മ്യൂണിസ്റ്റ് മൂശയിൽ വാർത്തെടുത്ത എടശ്ശേരി മൗലവിയുടെ പ്രോഗ്രസ്സീവ് ലീഗും 1967 ലെ സപ്തകക്ഷി ഭരണകാലത്തു രൂപമെടുത്ത ഹസ്സൻ ഗനിയുടെ സമസ്ത ലീഗ് തുടങ്ങി പലതും ചാപിള്ളകളായി അസ്തമിച്ചു

ഏതൊരു പാർട്ടിയിലുമെന്ന പോലെ
ചില അസ്വാരസ്യങ്ങൾ ഇടക്കാലത്തു മുസ്ലിം ലീഗിലുമുണ്ടായി

ഖായിദേമില്ലത്തിന്റെ നിര്യാണം മൂലം ഒഴിവ് വന്ന ലോകസഭാ സീറ്റിൽ മന്ത്രിയായ സി.എച്ച് നെ സ്ഥാനാർത്ഥിയാക്കിയതും ചാക്കീരി അഹ്‌മദ്‌ കുട്ടി പകരം മന്ത്രിയായതുമെല്ലാം നേതൃ നിരയിൽ ചിലരിൽ ഉണ്ടാക്കിയ അതൃപ്തി ആശങ്ക ഉണ്ടാക്കിയെങ്കിലും ഹജ്ജിനു പോയ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ തിരിച്ചു വരുന്നതോടെ പ്രശ്ന പരിഹാരമാകും എന്നായിരുന്നു എല്ലാവരുടെയും വിശ്വാസം. മലയാളക്കരയെ കണ്ണീരിലാഴ്ത്തി ബാഫഖി തങ്ങൾ 1973 ജനുവരി 19 നു മക്കയിൽ വെച്ച് വഫാത്തായി. പിൻഗാമിയായി വന്ന പാണക്കാട് പൂക്കോയ തങ്ങളുടെയും ദേശീയ നേതാക്കളുടെയും നേതൃത്വത്തിൽ നിരന്തരമായ കൂടിയാലോചനകളും ഒത്തുതീർപ്പ് ശ്രമങ്ങളും നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു

1975 മാര്‍ച്ച് 31-ന് ലീഗിലെ ആറ് എം.എല്‍.എ മാര്‍, ഉമ്മര്‍ ബാഫഖി തങ്ങള്‍, പി.എം അബൂബക്കര്‍, എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി, കെ പി രാമന്‍, മുസ്തഫാ പൂക്കോയ തങ്ങള്‍, ബി എം അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ രാജിവെച്ചു. നിയമസഭയിലെ ചില നടപടി പ്രശ്‌നങ്ങളുടെ പേരില്‍ സ്പീക്കര്‍ പദവിയിലിരുന്ന കെ മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയും രാജിവെച്ചു. തുടര്‍ന്നാണ് 1975 മെയ് 10ന് തലശ്ശേരിയില്‍ വച്ച് സുപ്രധാനമായ പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുന്നത്. അഖിലേന്ത്യാ ലീഗ് നിലവില്‍ വന്നു. മൂന്നു മാസത്തിനകം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ വിമത പക്ഷത്തുള്ളവർ പോലീസ് നടപടികൾ നേരിടേണ്ടി വരുകയും പ്രമുഖ നേതാക്കൾ ജയിൽ വാസത്തിനു വിധേയരാവുകയും ചെയ്തു

1975 ജൂലൈ ആറിന് ഏവരെയും ദുഃഖത്തിലാക്കി പൂക്കോയ തങ്ങളും വിട വാങ്ങിയത് പ്രയാസത്തിലാക്കി. പിന്നീടങ്ങോട്ട് ഇരു ലീഗുകളും വ്യത്യസ്ത മുന്നണികളുടെ ഭാഗമായി പരസ്പരം പോരടിക്കുകയായിരുന്നു

ഉന്നത ശീർഷരായ നേതാക്കളും നിയമസഭാ കക്ഷിയുടെ ഭൂരിപക്ഷവും അഖിലേന്ത്യ ലീഗിന്റെ ഭാഗമായിട്ടും ഔദ്യോഗിക പക്ഷമായ യൂണിയൻ ലീഗിനൊപ്പമായിരുന്നു ഭൂരിഭാഗം പ്രവർത്തകരുടെ മനസ്സും പിന്തുണയും, 1977 മുതൽ മൂന്നു പൊതുതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും 1980-ലെ നായനാർ മന്ത്രിസഭയിൽ പി.എം അബൂബക്കർ സാഹിബ് അംഗമാവുകയും ചെയ്തുവെങ്കിലും രൂക്ഷമായ പോരാട്ടങ്ങൾക്കിടയിലും തങ്ങൾക്കിടയിൽ ഉണ്ടായ ഭിന്നിപ്പിൽ ഇരു ഭാഗത്തുമുള്ള നേതാക്കൾ വ്രണിത ഹൃദയരായിരുന്നു

സി.എച്ച്. മുഹമ്മദ് കോയ സാഹിബും എം.കെ. ഹാജി സാഹിബും ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ യോജിപ്പിന്റെ വഴികൾ തേടിയിരുന്നു. അഖിലേന്ത്യാ ലീഗിനെ കൂട്ടുപിടിച്ച്, മുസ്ലിം ലീഗിനെ തകർക്കാൻ പറ്റുമോ എന്നത് മാത്രമായിരുന്നു ഇടതു മുന്നണിയോടൊപ്പം അവരെ കൂട്ടുക വഴി ഇ.എം.എസ്സും കൂട്ടരും ലക്ഷ്യം വെച്ചത്. അറബി ഭാഷക്കെതിരെ നായനാർ സർക്കാർ നിലപാടെടുത്തപ്പോൾ മന്ത്രിസഭയിൽ പങ്കാളിത്തം ഉണ്ടായിട്ടും നാവനക്കാൻ പറ്റാത്ത അഖിലേന്ത്യാ ലീഗ് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മുറുമുറുപ്പ് ഉണ്ടായിരുന്നു. അതോടെ ചില മധ്യസ്ഥന്മാർ മുഖേന ലയന ചർച്ചകൾ നടന്നിരുന്നു.

1983 ജനുവരി 8 ന് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ലയനകാര്യം ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനമെടുക്കാൻ പ്രസിഡണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ അഖിലേന്ത്യാ ലീഗ് നേതാക്കളുമായി ചർച്ച നടത്തി, മാർച്ചിൽ ലയനം നടത്തുവാനും ഏകദേശ ധാരണ ഉണ്ടായിരുന്നു. ആയിടെ നടന്ന "ആസാം ഐക്യദാർഢ്യ" പരിപാടികളിൽ ഇരു പാർട്ടിയുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പക്ഷെ, ഏതോ കാരണത്താൽ ലയന പ്രക്രിയ നീണ്ടു പോകുകയായിരുന്നു.

ഇതിനിടയിൽ തൊട്ടടുത്ത മാസങ്ങളിലായി 1983 സെപ്റ്റംബർ 28ന് സി.എച്ച് ഉം സി.എച്ചിന്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യാനിരുന്ന നവംബർ മൂന്നിന് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാമെന്നേറ്റിരുന്ന എംകെ ഹാജി സാഹിബും ഇഹലോകവാസം വെടിഞ്ഞത് തീരാ ദുഃഖമായി അവശേഷിച്ചു.

വിഖ്യാതമായ ഷാബാനു കേസും അനുബന്ധ ചർച്ചകളും ഇസ്ലാമിക ശരീഅത്തിനെതിരായി ഇഎംഎസ് നമ്പൂതിരിപ്പാടും മാർക്സിസ്റ്റ് പാർട്ടിയും സ്വീകരിച്ച നിലപാടുകളും ലീഗുകളുടെ യോജിപ്പിന് വേഗത വർധിപ്പിച്ചു

ഞങ്ങളുടെ നിലപാടുമായി യോജിക്കാൻ കഴിയുന്നില്ലെങ്കിൽ അഖിലേന്ത്യാ ലീഗിന് വേണമെങ്കിൽ ബന്ധം വിഛേദിക്കാമെന്ന് ശരീഅത്ത് വിഷയം കൊടുമ്പിരി കൊള്ളുന്ന വേളയിലൊരിക്കൽ ഇ.എം.എസ്. തന്നെ പറഞ്ഞു. 1985 ജൂലൈ 14 ന് മുസ്ലിം ലീഗ് കൗൺസിൽ യോഗം ചേർന്ന് ലയന വിഷയം വീണ്ടും ചർച്ച ചെയ്തു. ശിഹാബ് തങ്ങൾ അവതരിപ്പിച്ച ലയന പ്രമേയം ഐക്യകണ്ഠേന പാസാക്കി. 20 ന് അഖിലേന്ത്യാ ലീഗും കൗൺസിൽ യോഗം ചേർന്നു മുസ്ലിം ലീഗ് തീരുമാനം സ്വാഗതം ചെയ്തു. അന്ന് തന്നെ അഖിലേന്ത്യാ ലീഗ് ഇടതു മുന്നണി വിട്ടു. ഉപാധിയില്ലാത്ത ലയനമായതിനാൽ യാതൊരു വ്യവസ്ഥയും അഖിലേന്ത്യാ ലീഗ് മുന്നോട്ട് വെച്ചിരുന്നില്ല.

1985 ആഗസ്ത് 3 ന് ഇരു ലീഗുകളുടെയും സംയുക്ത യോഗം ചേർന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ.മൊയ്തീൻ കുട്ടി എന്ന ബാവ ഹാജിയും ചേർന്ന് സംയുക്ത ലയന പ്രമേയം അവതരിപ്പിച്ചു. ഒരു പതിറ്റാണ്ടിലേറെക്കാലം രണ്ടായി കഴിഞ്ഞ മുസ്ലിം ലീഗുകൾ ഒന്നാവാൻ തീരുമാനിച്ചു. ഈ സന്തോഷ വാർത്ത ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബായിരുന്നു.

ആഗസ്ത് 16 ന് കോഴിക്കോട് ടാഗോർ ഹാളിൽ ലയന സമ്മേളനം നടന്നു. ശിഹാബ് തങ്ങളും ഉമർ ബാഫഖി തങ്ങളും ചേർന്ന് ലയന പ്രഖ്യാപനം നടത്തി. അണികൾ ആവേശത്താൽ തക്ബീർ ധ്വനികൾ ഉരുവിട്ടു.