VOL 03 |

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

By: ആശിഖ ഖാനം

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
പേര് : സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
ജനനം : 1936 മെയ് 4, പാണക്കാട്, മലപ്പുറം.
പിതാവ് : PMSA പൂക്കോയ തങ്ങൾ
മാതാവ് : ആയിഷ ചെറുകുഞ്ഞി ബീവി.
മരണം : 2009 ഓഗസ്റ്റ് 1
ഭാര്യമാർ : ശരീഫ ഫാത്തിമ ബീവി
ടി പി ആയിഷ ബീവി
മക്കൾ : സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
സയ്യിദത്ത് സുഹറ ബീവി
സയ്യിദത്ത് ഫൈറൂസ് ബീവി
സയ്യിദത്ത് സമീറ ബീവി
സഹോദരങ്ങൾ : സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

യമനിൽ നിന്ന് കേരളത്തിലെത്തിയ പ്രവാചക പരമ്പരയിലെ മുപ്പത്തി നാലാം പേരമകനായ അലി ശിഹാബുദ്ദീനിലൂടെയാണ് ശിഹാബ് തങ്ങൾ കുടും ബം കേരളത്തിലെത്തുന്നത്. ആ പരമ്പരയിലാണ് പിന്നീട് പാണക്കാട് പുതിയമാളിയേക്കാൾ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മെയ് 4ന് സയ്യിദ് മുഹമ്മദലി ശിഹാബ് ബാ അലവി ബാ ഹുസൈനി എന്ന ശിഹാബ് തങ്ങൾ ജനിക്കുന്നത്.
DMRT സ്‌കൂളിലെയും കോഴിക്കോട് എം എം ഹൈസ്‌കൂളിലെയും പഠനശേഷം ഉ ന്നതവിദ്യാഭ്യാസത്തിനായി ഈജിപ്തിലെത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങ ൾ അൽ അസ്ഹർ യൂണിവേഴ്സിറ്റി, കെയ് റോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി അറബി ഭാഷ ശാസ്ത്രത്തിലും സാഹിത്യത്തിലും ഉന്നതബിരുദം നേടി. ശേ ഷം ഈജിപ്തിൽ തന്നെയും അധ്യാപകനായി തുടരാനായിരുന്നു അദ്ദേഹത്തിന് താത്പര്യമെങ്കിലും പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങളെ പ്രായാധിക്യം ബാധിച്ചുതുടങ്ങിയതിനാൽ നാട്ടിലെത്തി ജനങ്ങൾക്കിടയിലേക്കുള്ള ജീവിതത്തിലേക്ക് ശിഹാബ് തങ്ങൾ കടന്നുവന്നു.

പൂക്കോയ തങ്ങളുടെ മരണത്തെ തുടർന്ന് 1975-ൽ മുപ്പത്തി ഒമ്പതാം വയസിൽ അദ്ദേഹത്തിന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. പിന്നീട് മരണം വരെയും ആ സ്ഥാനത്തേക്ക് മറ്റൊരു പേര് ചിന്തിക്കേണ്ട ആവശ്യം മുസ് ലിം ലീഗ് പ്രസ്ഥാനത്തിന് വന്നില്ല.

34 വർഷക്കാലം മുസ് ലിം ലീഗിന്റെ അനിഷേധ്യനായ നേതാവായി തുടർന്നപ്പോഴും ശിഹാബ് തങ്ങൾ പൊതുസമ്മതനായിരുന്നു. ജാതി മത കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെ നാനാദിക്കുകളിലെയും മനുഷ്യർ തീരുമാനങ്ങൾക്കും അനുഗ്രഹങ്ങൾക്കും സങ്കടങ്ങൾ ഇറക്കിവെക്കാനും പാണക്കാട്ടേക്ക് ഒഴുകി. ബാബരി മസ്ജിദ് സാമൂഹ്യ ദ്രോഹികളാൽ തകർക്കപ്പെട്ടപ്പോൾ ഇന്നാട്ടിലൊരു വർഗീയ കലാപം പ്രതീക്ഷിച്ചവരെയൊക്കെ ശിഹാബ് തങ്ങൾ നേരിട്ടത് അമ്പലങ്ങൾക്ക് മുന്നിൽ മുസ്ലിംകളോട് കാവൽ നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഇന്ത്യൻ മതേതരത്വത്തിന്റെ അവസാന പ്രവാചകൻ എന്നാണ് ഈ സംഭവത്തിൽ ദേശീയ മാധ്യമങ്ങൾ ശിഹാബ് തങ്ങളെ വിശേഷിപ്പിച്ചത്.

മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന ഭാരിച്ച ഉത്തരവാദിത്വത്തിന് ഇടയിലും മതപരമായ കാര്യങ്ങളിലും അദ്ദേഹം വിട്ടുവീഴ്ച്ച കാണിച്ചിരുന്നില്ല. നൂറു കണക്കിന് മഹല്ലുകളുടെ ഖാളിയായും അദ്ദേഹം തന്റെ ജീവിതകാലയളവിൽ സേവനമനുഷ്ഠിച്ചു.

സാഹിത്യത്തിലും കലകളിലും എല്ലാം ചെറുതല്ലാത്ത താത്പര്യമുണ്ടായിരുന്നു ശിഹാബ് തങ്ങൾക്ക്. മതം, സമൂഹം, സംസ്കാരം എന്ന പുസ്തകം രചിച്ചു. ശിഹാബ് തങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ മരണശേഷം രചിക്കപ്പെട്ടത്. ഡോ. എം കെ മുനീറിന്റെ 'പറഞ്ഞു തീരാത്ത ഒരു ജീവിതം' , ഡോ. സൈനുൽ ആബിദീൻ പുത്തനാഴിയുടെ 'തങ്ങൾ, വിളക്കണഞ്ഞ വർഷങ്ങൾ' , കെ.പി കുഞ്ഞിമൂസയുടെ സ്‌മൃതി പഥങ്ങളിലെ ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ 'എന്റെ പ്രിയപ്പെട്ട ബാപ്പ', എന്നിവയെല്ലാം അതിൽ പ്രശസ്തമാണ്.

സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ ബീവി, ടി പി ആയിഷ ബീവി എന്നിവർ ഭാര്യമാരാണ്. സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സുഹറ ബീവി, ഫൈറൂസ് ബീവി, സമീറ ബീവി എന്നിങ്ങനെ അഞ്ച് മക്കളാണ്.

2009 ഓഗസ്റ്റ് 1നായിരുന്നു മലയാള മണ്ണിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ശിഹാബ് തങ്ങളുടെ മടക്കം. ആ സൂര്യനണഞ്ഞിട്ട് ഒന്നര പതിറ്റാണ്ടു കഴിഞ്ഞെങ്കിലും അദ്ദേഹം പകർന്നുവെച്ച വെളിച്ചം ഇന്നും പൂർവ്വാധികം ശക്തിയോടെ ഈ മണ്ണിൽ നിലനിൽക്കുന്നു..