VOL 03 |

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ എം.എസ്.എഫ് സൃഷ്ടിച്ചത് പുതിയ ചരിത്രം

By: News

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ എം.എസ്.എഫ്  സൃഷ്ടിച്ചത് പുതിയ ചരിത്രം
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ ചെയർപേഴ്സണും സെക്രട്ടറിയും ഒന്നിച്ച് എം.എസ്.എഫ് വഹിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. എം.എസ്.എഫ് പ്രതിനിധിയായ ഒരു വിദ്യാർഥിനി ചെയർപേഴ്സണായി ചുമതലയേൽക്കുന്നതും ആദ്യമാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് എം.എസ്.എഫ് പ്രതിനിധികളായി രണ്ട് മുൻ ചെയർമാൻമാർ ഉണ്ടായിട്ടുണ്ട്. 1982-ൽ സി.എം.യൂസഫും 1983-ൽ ടി.പി വി.കാസിമും. പി.കെ.ഷിഫാന യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണായി ചുമതലയേൽക്കുമ്പോൾ അത് ചരിത്രപ്രധാനമാവുന്നത്, വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു സമൂഹത്തിലെ പുതിയ തലമുറയിലെ ഒരു പെൺകുട്ടി ഒരു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ നയിക്കാനെത്തുന്നു എന്നതു കൊണ്ടാണ്.

മുസ്‌ലിം ലീഗിന്റെ ആരംഭകാലത്ത് എതിരാളികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത് മലബാറിലെ കള്ളിത്തുണിയുടുത്ത വല്ലിപ്പമാരുടേയും കറുപ്പ് തുണിയുടുത്ത വല്ലിമ്മമാരുടേയും പിന്തുണ കൊണ്ടാണ് മുസ്‌ലിം ലീഗ് നില നിൽക്കുന്നതെന്നും അവരുടെ കാലം കഴിഞ്ഞാൽ ലീഗ് തകരുമെന്നുമായിരുന്നു. മലബാറിൽ വ്യാപകമായി പ്രൈമറി സ്കൂളുകളും പഞ്ചായത്ത് തോറും ഹൈസ്കൂളുകളും സ്ഥാപിച്ച് നമുക്ക് അതിന് മറുപടി പറയാമെന്നായിരുന്നു സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ പ്രഖ്യാപനം. വിദ്യാഭ്യാസമുണ്ടായാൽ മുസ്‌ലിം ലീഗിനെ സമുദായം കൈവിടുകയല്ല, ചേർത്തു പിടിക്കുകയാണ് ചെയ്യുക എന്ന ആത്മവിശ്വാസമായിരുന്നു ആ പ്രഖ്യാപനത്തിന്റെ കരുത്ത്.

1967 മുതൽ 1980 വരെ 13 വർഷക്കാലം തുടർച്ചയായി മുസ്‌ലിം ലീഗ് അധികാരത്തിലുണ്ടായിരുന്ന കാലത്താണ് ഏറ്റവും കൂടുതൽ പ്രൈമറി സ്കൂളുകളും ഹൈസ്കൂളുകളും സ്ഥാപിക്കപ്പെട്ടത്. നിരവധി കോളേജുകളും സ്ഥാപിക്കപ്പെട്ടു.

1968-ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും 1972-ൽ കൊ ച്ചിൻ യൂണിവേഴ്സിറ്റിയും സ്ഥാപിച്ചത് സി.എച്ച്. വിദ്യാഭ്യാസ മന്ത്രിയാകുമ്പോഴാണ്. ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് കണ്ണൂർ യൂണിവേഴ്സിറ്റിയും സംസ്കൃത യൂണിവേഴ്സിറ്റിയും സ്ഥാപിച്ചതിനോടൊപ്പം ഹയർ സെക്കണ്ടറി സ്കൂളുകളും നിരവധി സ്വാശ്രയ സ്ഥാപനങ്ങളും അനുവദിച്ചു. നാലകത്ത് സൂപ്പി സാഹിബ് നിരവധി ഹൈസ്കൂളുകൾ ഹയർ സെക്കണ്ടറിയായി ഉയർത്തി.ർ പി.കെ. അബ്ദുറബ്ബ് സാഹിബ് മലയാളം സർവകലാശാല സ്ഥാപിച്ചതിനു പുറമെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പുതിയ കോളേജുകളും അനുവദിച്ചു. സമൂഹത്തിൽ വിദ്യാഭ്യാസവിപ്ലവം സാധ്യമാക്കുകയെന്ന ദൗത്യമാണ് മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാർ നിർവഹിച്ചത്. ഇൻഫർമേഷൻ ടെക്നോളജി യുഗത്തിൽ കേരളത്തിന് സ്വന്തമായ ഐ.ടി.നയം രൂപീകരിച്ച് കമ്പ്യൂട്ടർ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ പി.കെ. കുഞ്ഞാലിക്കു ട്ടി സാഹിബും ചരിത്രത്തിൽ അടയാളപ്പെടുത്തി.

ഇങ്ങനെ വിദ്യാഭ്യാസത്തിന്റെ പുതിയ ചക്രവാളം തേ ടുന്ന വിദ്യാർത്ഥി സമൂഹം കാമ്പസുകളിൽ എം.എസ്.എഫിനെ ആവേശപൂർവം പുണരുകയാണ്. ഇത് ചരിത്രത്തിലെ മധുരമായ പ്രതികാരം കൂടിയാണ്. വിദ്യാഭ്യാസം ഉണ്ടായാൽ മുസ്‌ലിം ലീഗ് തകരുകയല്ല വളരുകയാണ് ചെയ്യുകയെന്ന് പുതിയ തലമുറ തെളിയി ച്ചിരിക്കുന്നു.

കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ കെ.കെ.ടി.എം. ഗവൺമെൻറ് കോളേജിലെ ചരിത്ര വിദ്യാർഥിയാണ് ചെയർപെഴ്സൺ പി.കെ.ഷിഫാന. മലപ്പുറം ജില്ലയിലെ കരിപ്പൂർ ആണ് സ്വദേശം. കോട്ടക്കൽ ഫാറൂഖ് കോളേജിലെ സുഫ്‌യാൻ വില്ലൻ ആണ് സെക്രട്ടറി. മുഹമ്മദ് ഇർഫാൻ (വൈസ് ചെയർമാൻ) നാഫിആ ബിറ (വൈസ് ചെയർമാൻ) കെ.എസ്.യു. പ്രതിനിധിയായ അനുഷാ റോബി (ജോ.സെക്രട്ടറി) മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് സൽമാനുൽ ഫാരിസ്, കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് സഫ്‌വാൻ ശമീം എന്നിവരാണ് മറ്റ് സാരഥികൾ. ജേതാക്കൾക്ക് അഭിനന്ദനങ്ങൾ.

ഈ ചരിത്രമുഹൂർത്തത്തിന് നേതൃത്വം നൽകിയ പി.കെ.നവാസ്, സി.കെ. നജാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള എം.എസ്.എഫ് കമ്മിറ്റിക്കും അഭിനന്ദനങ്ങൾ.