VOL 03 |

ഗാന്ധിയോർമ്മകളുടെ നിത്യപ്രസക്തി

By: ടി.പി.എം. ബഷീർ

ഗാന്ധിയോർമ്മകളുടെ  നിത്യപ്രസക്തി
മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ നമ്മുടെ ഗാന്ധിജിയും നമ്മുടെ രാഷ്‌ട്രപിതാവും ആയത് കാലത്തിന്റെ നിയോഗമായിരുന്നു. അഹിംസയുടെ പ്രവാചകനായി ചരിത്രം അദ്ദേഹത്തെ വരവേറ്റു. അധിനിവേശ ശക്തികൾക്കെതിരെ രക്തരൂക്ഷിത പോരാട്ടങ്ങൾഅരങ്ങേറുമ്പോഴും ഗാന്ധിജി തന്റെ സമരമാർഗം സമാധാനത്തിൻ്റേതാക്കി പരിവർത്തിപ്പിച്ചു. തീക്ഷ്‌ണമായ സമരമുറകളുംസത്യഗ്രഹം ഉൾപ്പെടെയുള്ള ഗാന്ധിയൻ സമരമാർഗങ്ങളുംഒടുവിൽ നമ്മുടെ രാജ്യത്തെ സ്വതന്ത്രയാക്കി.
സ്വാതന്ത്ര്യാനന്തര നാളുകളിൽ ആളിപ്പടർന്ന വർഗീയാഗ്‌നിയ്ക്കുമേൽ തീർത്ഥജലമായി ഗാന്ധിജി വീണ്ടും അവതരിച്ചു. അത്ഹിംസയുടെ വക്താക്കൾക്ക് ഉൾക്കൊള്ളാനായില്ല. ഒടുവിൽനാഥുറാം വിനായക് ഗോദ്സെ എന്ന ഹിന്ദുത്വവാദിയുടെ
വെടിയുണ്ടകളേറ്റു വാങ്ങി ആ ജീവിതം പൊലിഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷ്യം ജനുവരി 30 ന് ആണെങ്കിലും ഒക്ടോബർ രണ്ടിന്റെ ജയന്തി ദിനത്തിലും, മാത്രമല്ല മിക്ക ദിവസങ്ങളിലും ആ വെടിയൊച്ചകൾ നമ്മുടെ കാതിൽ മുഴങ്ങുന്നുണ്ട്. ആ വെടിയൊച്ചകൾ പുതിയ കാലത്ത് ബുൾഡോസറിന്റെ മുരൾച്ചയായി പരിണമിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ഇന്ത്യയെ ഗാന്ധി ഘാതകരുടെ പ്രത്യയശാസ്‌ത്രം കീഴ്പ്പെടുത്തിയിരിക്കുന്നു. ബ്രിട്ടീഷുകാരുടെ അധീശത്വത്തിൽനിന്ന് ഹിന്ദുത്വയുടെ ഫാസിസ്റ്റ് വൽകൃത അടിമത്തത്തിലേക്ക്നമ്മുടെ രാജ്യം ദ്രുതഗതിയിൽ സഞ്ചരിക്കുകയാണ്.
ജനാധിപത്യത്തിന്റെ നടവഴിയിലൂടെ ഇരച്ചു വരുന്ന വർഗീയ ഫാസിസം ഭരണഘടനയേയും ജുഡീഷ്യറിയേയും തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴിപ്പെടാൻ പ്രേരിപ്പിക്കുന്ന വിധം അധികാരത്തിന്റെ മുഷ്‌ടി പ്രയോഗിച്ചു കൊണ്ടിരിക്കുന്നകാഴ്ചയിൽ സ്‌തബ്‌ധരാണ് നാം. തീർച്ചയായും, നാം ഒരു വിമോചകനെ തേടുന്നുണ്ട്. ഗാന്ധിജിയുടെ ഇന്ത്യയെ വീണ്ടെടുക്കാൻ പുതിയ പോരാട്ടങ്ങൾ കാലം ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിയോർമ്മകൾ ആ പോരാട്ടങ്ങൾക്ക് കരുത്ത് പകരട്ടെ.
‘പച്ച’യുടെ പ്രിയപ്പെട്ട വായനക്കാർക്ക് ഗാന്ധി ജയന്തി ആശംസകൾ