VOL 04 |
 Flip Pacha Online

സി എച്ച് അക്ഷരങ്ങളുടെ കൂട്ടുകാരൻ

By: എൻ.കെ. അഫ്സൽ റഹ് മാൻ

സി എച്ച് അക്ഷരങ്ങളുടെ കൂട്ടുകാരൻ
ചരിത്രത്തിന്റെ നാല്‍ക്കവലയില്‍ കാലം കൊളുത്തി വെച്ച വര്‍ണോജ്ജല ദീപം. തന്റെ ജീവചരിത്രം ഒരു ജനതയുടെ പുരോഗതിയുടെ വര്‍ണാഭമായ ചരിത്രമാക്കി മാറ്റിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ്. 1927 ജൂലൈ 17 -ാം തിയതി ആലി മുസ്ലിയാരുടെയും മറിയാമുവിന്റെയും മകനായി കോഴിക്കോടിനടുത്ത് അത്തോളിയില്‍ ജനിച്ചു. സി.എച്ച് തന്നെ തന്റെ ജനനത്തെ കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്. വായില്‍ വെള്ളിക്കരണ്ടിയില്ലാതെ അരയില്‍ പൊന്നരഞ്ഞാണവും പൊന്നേലസുമില്ലാതെ നാവില്‍ തേക്കാന്‍ തേനും വയമ്പുമില്ലാതെ ഇല്ലായ്മടെ മടിത്തട്ടില്‍ കൈകാലിട്ടടിച്ചാണ് ഞാന്‍ വളര്‍ന്നത്.

സി.എച്ച്. മുഹമ്മദ്‌കോയ സാഹിബ് എന്ന അനിതര സാധാരണമായ ഒരു പ്രതിഭയെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികക്ക് പരിചയപ്പെടുത്തിയത് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളായിരുന്നു.

കൊയിലാണ്ടിയിലെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ബാഫഖി തങ്ങള്‍ നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് കൊണ്ടാണ് സി.എച്ച് പഠിച്ചു വളര്‍ന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ പ്രഗല്‍ഭനായിട്ടുള്ള ഒരു വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. കയ്യില്‍ കിട്ടുന്ന എന്തും വായിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു സി.എച്ച്. അതുകൊണ്ട് തന്നെ നല്ലൊരു പ്രാസംഗികന്‍ ആയിരുന്നു. സ്‌കൂളിലെ സഹപാഠികള്‍ സി.എച്ചിനെ വിളിച്ചിരുന്നത് വെടിപ്പെട്ടി കോയ എന്നായിരുന്നു. ആ കാലത്ത് സ്‌കൂള്‍ സന്ദര്‍ശിച്ച ആത്മവിദ്യാപീഠത്തിന്റെ സ്ഥാപകന്‍ വാഗഭട്ടാനന്ദ സ്വാമികളുമായി വേദി പങ്കിടാന്‍ സി.എച്ചിന് അവസരം ലഭിച്ചു.

അത്തോളിയില്‍ നിന്നും കൊയിലാണ്ടിയില്‍ പോയി താമസിച്ച് പഠിച്ച സി.എച്ച്, ബാഫഖി തങ്ങളുടെ സ്‌കോളര്‍ഷിപ്പില്‍ പഠിച്ച സി.എച്ച്, ബാഫഖി തങ്ങളോടൊപ്പം മുസ്‌ലിം ലീഗ് വേദികളില്‍ പോകാന്‍ തുടങ്ങി. ആദ്യമൊക്കെ ശ്രോദ്ധാവായിരുന്ന സി.എച്ച് പിന്നീട് പ്രാസംഗികനയി മാറി. മുസ്‌ലിം ലീഗിന്റെ വേദികളില്‍ പഞ്ചവര്‍ണ്ണ കിളിയെപ്പോലെ ആകര്‍ഷണീയതയുള്ള ഒരു നേതാവയി സി.എച്ച് മാറിത്തുടങ്ങി. ഇന്റ്റര്‍മീഡിയറ്റ് പഠന ശേഷം മുഴുവന്‍ സമയ രാഷട്രീയത്തിലേക്ക് സി.എച്ച് കടന്നു വന്നു. ഇന്റ്റര്‍മീഡിയേറ്റിന് സാമൂതിരി കോളേജില്‍ സയന്‍സ് വിഷയത്തില്‍ ചേര്‍ന്ന സി.എച്ചിന് കെമിസ്ട്രി പരീക്ഷ വിജയിക്കാന്‍ സാധിക്കാതെ ഔപചാരിക പഠനം നിര്‍ത്തേണ്ടിവന്നു. തന്റെ 23-ാം വയസ്സില്‍ ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്ററായി 1950ല്‍ സി.എച്ച് ചാര്‍ജെടുത്തു.

ചെറുപ്രായത്തില്‍ തന്നെ സി.എച്ച മുഹമ്മദ് കോയ സാഹിബ് പാര്‍ലമെന്റ്ററി രംഗത്തേക്ക് കടന്നുവന്നു. 1952ലും 1955ലും കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ടു. കേരള രൂപീകരണ ശേഷം 1957-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും സി.എച്ച് നിയമസഭയിലെത്തി. 1960ല്‍ വീണ്ടും താനൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം. സീതീ സാഹിബ് 1961 ഏപ്രില്‍ 17ന് മരണപെട്ടപ്പോള്‍ ആ ഒഴിവിലേക്ക് തന്റെ 34ാം വയസ്സില്‍ 1961 ജൂണ്‍ 9ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായി സി.എച്ച് തെരഞ്ഞടുക്കപ്പട്ടു. 1962ല്‍ കോഴിക്കോട് നിന്നും സി.എച്ച് ലോക്‌സഭയിലെത്തി. ആ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മുന്നണിയില്ലാതെയാണ് മല്‍സരിച്ചത്. 1957ല്‍ മുന്നണിയുടെ ഭാഗമായി മല്‍സരിച്ചട്ടും കെ.എം. സീതീ സാഹിബ് പരാജയപ്പെട്ട കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് സി.എച്ച് തിരിച്ച് പിടിച്ചു. 1967 ല്‍ മങ്കടയില്‍ നിന്നും നിയമസഭയിലേക്ക് മല്‍സരിച്ച സി എച്ച് വന്‍ വിജയം നേടി. എതിരാളികള്‍ക്ക് കെട്ടിവെച്ച കാശു പോലും ലഭിച്ചില്ല. 1967 മാര്‍ച്ച് 6ന് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി ഒരു മുസ്‌ലിം ലീഗുകാരന്‍ സി എച്ചിലൂടെ മന്ത്രിയായി. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് വിദ്യാഭ്യാസം, ബാപ്പു കുരിക്കളെന്ന എം.പി എം അഹമ്മദ് കുരിക്കള്‍ പഞ്ചായത്ത് ഫിഷറീസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.1969 നവമ്പറില്‍ അച്യുതമേനോന്‍ ഗവണ്‍മെന്റ്റില്‍ സി എച്ച് ആഭ്യന്തര മന്ത്രിയായി.

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മരണപ്പെട്ട ഒഴിവില്‍ വന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ 1973 ജനുവരി 22ന് സി.എച്ച് മഞ്ചേരിയില്‍ നിന്നും വിജയിച്ചു. 1977ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1978 ല്‍ പി.കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും സി.എച്ച് അംഗമായി. 1979 ഒക്ടോബര്‍ 12ന് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുസ്‌ലിം ലീഗുകാരനായാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവാന്‍ കഴിയില്ല എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു മുസ്‌ലിം ലീഗുകാരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1980ലും 1982ലും മഞ്ചേരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.എച്ച് 1982ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ പൊതുമരാമത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്തിയായിരുന്നു. തന്റെ 56-ാം വയസ്സില്‍ 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ വെച്ച് ആ ഇതിഹാസം ഈ ലോകത്തോട് വിടപറഞ്ഞു.

ചന്ദ്രികയുടെ പത്രാധിപരായിരുന്ന റഹീം മേച്ചേരി ഇങ്ങനെ എഴുതി വച്ചു. അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് എന്ന വിശേഷണം സിഎച്ചിന്റെ ചരിത്രത്തിന്‍മേല്‍ ആദ്യം പതിയേണ്ട മുദ്രയാണ്. ആ ജീവിതചരിത്രത്തിന് പതിച്ചുകിട്ടിയ അടിക്കുറിപ്പുകള്‍ ഒന്നും ആ മനസ്സില്‍ സര്‍ഗ്ഗവിസ്തൃതിയെ ഇത്രമേല്‍ സ്പര്‍ശിക്കുന്നതല്ല. കൊടുങ്കാറ്റ് പോലെ ചീറി അടിച്ചുപോയ ആ വിശിഷ്ട ജന്മത്തെ പലരായി പലകോണില്‍ കണ്ട്‌കോറിയിട്ട കാഴ്ച കുറിപ്പുകളൊന്നും ഹരിതാഭമായ ആ മനസ്സിന്റെ ധ്യാന സഞ്ചാരത്തെ അറിഞ്ഞ സാക്ഷി മൊഴികള്‍ അല്ല. അത്തോളിയിലെ അറിയപ്പെടാത്ത ഒരു മുല്ല വീട്ടില്‍ മുളച്ച് അനന്തപുരിയുടെ പരമാവധിയോളം വളര്‍ന്ന ഭരണകര്‍ത്താവാണ് സി.എച്ച്. ആത്മഹര്‍ഷത്തിന്റെ ആരവങ്ങള്‍ ആകാശത്തോളം ഉയര്‍ത്തി മലയാളനാട് ആദരിച്ചോമനിച്ച അതുല്യനായ ഒരു വാഗ്മി ആയിരുന്നദ്ദേഹം.വംശഹത്യയുടെ വേതാള രാഷ്ട്രീയം നാടെരിക്കുന്ന കാലത്ത് തലകുനിക്കാതെ തലമുറകളെ കാക്കാന്‍ പകരക്കാരനെത്താതെ പടി കടന്ന് പോയ ജനതയുടെ നേതാവായിരുന്നു അദ്ദേഹം ചിന്തയുടെ ചൂടാറാതെ പറയുകയും പറയുന്നതിലേറെ പൊള്ളുന്ന വാക്കുകളില്‍ എഴുതുകയും ചെയ്ത പത്രപ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനും സഞ്ചാരിയും കണ്ടതും കാണേണ്ടതും രേഖപ്പെടുത്തി വെച്ച സര്‍ഗ സൃഷ്ടിയുടെ സാധ്യതകള്‍ തുറന്ന സാഹിത്യകാരനുമായിരുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ്. എപ്പോഴും ആള്‍ക്കുട്ടത്തിന്റെ ആര്‍പ്പുവിളികളില്‍ നിന്ന് അക്ഷരലോകത്തിന്റെ നിലാമുറ്റത്തേക്ക് ഓടിയെത്താന്‍ വെമ്പല്‍ കൊണ്ട ഒരു ഹൃദയം സി.എച്ചില്‍ മിടിച്ച് കൊണ്ടേ ഇരുന്നു ആ ഹൃദയാരാമത്തിന്റെ കുളിര്‍മയില്‍ നിന്ന് ഊറി വീണ മഞ്ഞുതുള്ളികളുടെ അഴകും ആഴവും വായിച്ചെടുക്കാന്‍ അക്ഷര കേരളത്തിന്റെ ആചാര്യന്‍മാര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമായിരന്നു സി.എച്ച്. മുഹമ്മദ്‌കോയാ സാഹിബ്. സാഹിത്യത്തിലേക്ക് വഴി മാറി വന്ന രാഷ്ട്രീയ ക്കാരനെന്നോ രാഷ്ട്രീയത്തില്‍ നിന്നും വഴിമാറിയ സാഹിത്യകാരനെന്നോ സി.എച്ചിനെ വിശേഷിപ്പിക്കാമായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബ് എഴുതിയ പുസ്തകങ്ങള്‍ നിരവധിയാണ്. മൗലാന മുഹമ്മദലി, ലിയാഖത്തലി ഖാന്‍, നിയമസഭാ ചട്ടങ്ങള്‍, ഇന്ത്യയിലെ മുസ്‌ലിം ഭരണകാലം കഥകളിലൂടെ, നബിയും സ്വഹാബിമാരും, എന്റെ ഹജ്ജ് യാത്ര, ഞാന്‍ കണ്ട മലേഷ്യ, ലിബിയന്‍ ജമാഹിരിയില്‍, സോവിയറ്റ് യൂണിയന്‍, ലോകം ചുറ്റിക്കണ്ടു, ശ്രീലങ്കയില്‍ അഞ്ചു ദിവസം, ഗള്‍ഫ് രാജ്യങ്ങള്‍.
നല്ലൊരു സഞ്ചാര സാഹിത്യകാരാനായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബ്. അദ്ദേഹം ലോകത്തെവിടെ ചെന്നാലും ആ നാട് ചുറ്റിസഞ്ചരിച്ച് അവിടെ നിന്നെന്തെങ്കിലും തന്റെ നാട്ടിലേക്ക് പകര്‍ത്താനുണ്ടോ എന്ന് അന്വേഷിക്കുമായിരുന്നു. അമേരിക്ക സന്ദര്‍ശിച്ച സി.എച്ചിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആണ്. ആയിരത്തിലധികം അധ്യാപകരും പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളുമുള്ള ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണത്.

150 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ സ്ഥാപിതമായ സര്‍വകലാശാല. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ആഭ്യസ്തവിദ്യര്‍ വിദേശത്തേക്ക് തൊഴിലന്വേഷിച്ച് പോകുന്ന കേരളത്തില്‍ ഒരു സാങ്കേതിക സര്‍വകലാശാല എന്ന ആശയം ഉദിച്ചത് ഇന്റ്റര്‍മീഡിയേറ്റ് വരെ പഠിച്ച സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചിന്തയില്‍ നിന്നാണ്. അതാണ് ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക സര്‍വകലാശാലയായി അറിയപ്പെടുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(കുസാറ്റ്). കേരളത്തിന്റെ നിയമനിര്‍മ്മാണസഭയില്‍ കുസാറ്റിന്റെ ബില്‍ അവതരിപിച്ച് സംസാരിക്കുന്നതിനിടയില്‍ ജോസഫ് മുണ്ടശ്ശേരി എന്ന പ്രഗല്‍ഭനായ നിയമസഭാ സമാജികര്‍ ധാരാളം അഭിപ്രായങ്ങള്‍ മുന്നോട്ട് വെച്ചപ്പോള്‍ പ്രതിപക്ഷ നിരയിലേക്ക് ചൂണ്ടിക്കൊണ്ട് ജോസഫ് മുണ്ടശ്ശേരിയോട് സി.എച്ച് ചോദിച്ചു അങ്ങേക്ക് ഈ വരാന്‍ പോകുന്ന സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ആയി സേവനം അനുഷ്ടിക്കാന്‍ താല്‍പര്യമുണ്ടോ എന്ന്. രാഷ്ട്രീയത്തിനുമപ്പുറം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന സഹൃദയനായ രാഷ്ട്രീയക്കാരനായിരുന്നു സി.എച്ച്.മുഹമ്മദ് കോയ സാഹിബ്.പിന്നീട് ജോസഫ് മുണ്ടശ്ശേരി ആ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി. പ്രഗല്‍ഭ എഴുത്തുകാരനായിട്ടുളള എം.സി. വടകര സി എച്ചിനെ അനുസ്മരിച്ചപ്പോള്‍ ഇങ്ങിനെ എഴുതി വെച്ചു. മൃഗശാലയില്‍ മേഞ്ഞു നടക്കുന്ന സീബ്രയെ കണ്ടപ്പോള്‍ വിസ്മയാധീനനായ സന്ദര്‍ശകന്‍ ചോദിച്ചു. അല്ലയോ സീബ്രേ, നീ കറുത്ത വരകളോട് കൂടിയ വെളുത്ത കുതിരയോ വെളുത്ത വരകളോട് കൂടിയ കറുത്ത കുതിരയോ. കറുപ്പും വെളുപ്പും ഇഴപിരിച്ചെടുക്കാനാവാത്ത രൂപലാവണ്യമാണ് ഈ സന്ദര്‍ശകന്റെ മനം കവര്‍ന്നത്. കേരളത്തില്‍ വാക്കുകള്‍ കൊണ്ട് വര്‍ണ്ണ പ്രപഞ്ചം സൃഷ്ടിച്ച ഒരു അദ്ഭുത മനുഷ്യനുണ്ട് അദ്ദേഹത്തെ പറ്റിയും ഇങ്ങിനെ പറയാം അല്ലയോ സി.എച്ചേ അങ്ങ് രാഷ്ട്രീയം പൊതിഞ്ഞ് നില്‍ക്കുന്ന സാഹിത്യകാരനോ സാഹിത്യം പൊതിഞ്ഞ് നില്‍ക്കുന്ന രാഷ്ട്രീയക്കാരനോ? 1952 ഡിസംബറില്‍ ഒറ്റപ്പാലത്ത് നടന്ന സമസ്ത കേരളാ സാഹിത്യ പരിഷത്ത് സമ്മേളനം ചരിത്ര പ്രസിദ്ധമായിട്ടുള്ള സാഹിത്യ സംഭവം ആയിരുന്നു കേരളത്തില്‍ ഇന്നോളം നടന്നിട്ടുള്ള സാഹിത്യ മേളകളില്‍ വെച്ച് ഏറ്റവും വലുത്. മൂന്ന് ദിവസങ്ങളിലായി നടന്ന ഒറ്റപ്പാലം പരിഷത്ത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ദാര്‍ശനിക പ്രതിഭയും അന്ന് ഭാരതത്തിന്റെ ഉപരാഷ്ട്രപതിയുമായിട്ടുള്ള ഡോ:എസ് രാധാകൃഷ്ണന്റെ സാന്നിദ്ധ്യം കൊണ്ട് ചിരസ്മരണീയമായി. അഞ്ചാം സെഷനില്‍ അദ്ധ്യക്ഷത വഹിച്ചത് കേരള സാഹിത്യത്തിന്റെ മരതകജ്യോതിയായിട്ടുള്ള ജോസഫ് മുണ്ടശേരി മാഷാണ് അദ്ദേഹം ഉദ്ഘാടനത്തിനായി സി.എച്ച് മുഹമ്മദ് കോയ എന്ന് പേര് വിളിച്ചപ്പോള്‍ നിളാ തീരത്ത് ഒരു ചരിത്രം പിറക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞ ഉടനെ മുണ്ടശ്ശേരി മാഷും മഹാകവി വള്ളത്തോളും സി എച്ചിനെ അഭിനന്ദിച്ചു. ഇരുപത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ വിഖ്യാത പണ്ഡിതമാരും സാഹിത്യ വിശാരദന്‍മാരും മാറ്റുരക്കുന്ന ഒരു മഹത് സദസ്സില്‍ ഉല്‍ഘാടകനാവുക എന്നത് അന്നത്തെ നിലക്ക് ഒരപൂര്‍വ്വമായിട്ടുള്ള ബഹുമതിയും സാഹിത്യ പരിഷത്തിന്റെ ചരിത്രത്തില്‍ റിക്കാഡുമാണ്. മലയാളത്തിലെ ഏറ്റവും പ്രമുഖനായിട്ടുള്ള കഥാകൃത്തുകളില്‍ ഒരാളായിട്ടുള്ള യു. എ ഖാദര്‍ തന്റെ ഗുരുവര്യനായിട്ടാണ് സി.എച്ചിനെ കണക്കാക്കുന്നത്. തന്നെ ഒരു കഥാകൃത്താക്കി മാറ്റുന്നതില്‍ സര്‍വ്വ ബഹുമതിയും അദ്ദേഹം സി.എച്ചിന് നല്‍കുന്നു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഖാദര്‍ ഒരു കഥയെഴുതി സി.എച്ചിന്റെ കയ്യില്‍ കൊടുത്തു. സി.എച്ച് അതൊരു ബാലചാപല്യമായി കണക്കാക്കിയില്ല. അദ്ദേഹം അത് വായിച്ചു നോക്കി സാരമായ വെട്ടിത്തിരുത്തലുകള്‍ വരുത്തി ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചു. യു.എ കാദറിന്റെ ആദ്യ കഥയാണത്.തന്റെ രചന ആദ്യമായി അച്ചടിമഷിപുരണ്ട ആ അനര്‍ഘ നിമിഷത്തെ ഖാദര്‍ അനുസ്മരിക്കാറുണ്ട്. കഥയെഴുത്തിന്റെ പൊരുളെന്തെന്ന് സി.എച്ചാണ് തനിക്ക് പറഞ്ഞ് തന്നതെന്ന് ഖാദര്‍ പറയാറുണ്ട്.

സി.എച്ചിന്റെ കാലത്തെ യുവ സാഹിത്യകാരന്‍മാര്‍ക്കെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സി.എച്ചിനോട് കടപ്പാടുണ്ടായിരുന്നു. ആ കടപ്പാട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയാണ് കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം മുന്‍ തലവന്‍ ഡോ. എം.എന്‍ കാരശ്ശേരി മാഷ്. സി.എച്ചുമായുള്ള അടുപ്പത്തെക്കുറിച്ച് കാരശ്ശേരി മാഷ് ഇങ്ങനെയാണ് പറയാറുള്ളത്. ഏത് സ്ഥാനത്തിരിക്കുമ്പോഴും എവിടെയും എപ്പോഴും ഞങ്ങള്‍ക്കൊക്കെ അവിടേക്ക് പ്രവേശനമുണ്ടായിരുന്നു ഞങ്ങള്‍ക്കെന്ന് പറഞ്ഞാല്‍ സാഹിത്യവുമായി ബന്ധമുള്ളവര്‍ക്ക്. വൈക്കം മുഹമ്മദ് ബഷീറും, വക്കം അബ്ദുല്‍ഖാദറും, ടി. ഉബൈദുമെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് പൊന്‍കുന്നം വര്‍ക്കിയേയും, കേശവദേവിനേയും, ഉറൂബിനെയും സാഹിത്യ അക്കാദമി പ്രസിഡണ്ടാക്കിയിട്ട് സി.എച്ച് മുഹമ്മദ് കോയ സാഹിബ് കൊണ്ടുവരുന്നത്. കഴിവുള്ള സാഹിത്യകാരന്‍മാര്‍ക്കൊക്കെ അര്‍ഹിക്കുന്ന പരിഗണന നല്‍കി പ്രോല്‍സാഹിപ്പിച്ചു സി.എച്ച്. അതിലുപരി മനുഷ്യസ്‌നേഹത്തിന്റെ നിറകുടമായിരുന്നു. മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി സി.എച്ചിനെ ഓര്‍ക്കുന്നത് ഇങ്ങിനെയാണ്. ഭവദ്വിയോഗാര്‍ത്തര്‍ ഞങ്ങള്‍ക്കരുളുന്നു സമാശ്വാസം, ഹുവല്‍ഹയ്യുല്‍ഖയ്യൂം എന്ന ശാശ്വതസത്യം എന്ന് ഈണത്തില്‍ ചൊല്ലി കൊണ്ടാണ് സി.എച്ച് തന്നെ ആദ്യമായി പരിചയപ്പെട്ടപ്പോള്‍ തന്റെ കൈ പിടിച്ചു കുലുക്കിയത്. ഞാന്‍ അടി മുതല്‍ മുടി വരെ ഒന്നു പുളകിതനായി മാറി. തന്റെ കവിത മറ്റൊരാള്‍ ചൊല്ലി തരുന്നത് സഹൃദയന്റെ മുമ്പില്‍ പുളകിതനാവാത്ത ഏതെങ്കിലും കവിയുണ്ടാകുമോ. 1964ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അതിനെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹുവല്‍ ഹയ്യുല്‍ ഖയ്യൂം എന്ന ടൈറ്റിലില്‍ ഞാന്‍ എഴുതിയ കവിതയിലെ അവസാനത്തെ രണ്ട് വരികളാണ് സി.എച്ച് എന്നെ ചൊല്ലി കേള്‍പ്പിച്ചത്. സി എച്ചിനെപ്പോലെ പ്രഗല്‍ഭനായ തിരക്കുള്ള ഒരു രാഷ്ട്രീയക്കാരന്‍ എന്നെപ്പോലെ നിസ്സാരക്കാരനായ ഒരാളുടെ എഴുത്തുകള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നത് ഓര്‍ത്ത് ഞാന്‍ അഭിമാനം കൊണ്ടു. അതുകൊണ്ടാണ് സി.എച്ച് വിട പറഞ്ഞപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയത് സുന്ദരമായ ഒരു കൊടുങ്കാറ്റ് അവസാനിച്ചു എന്ന്. ഡോ. സി കെ രാമചന്ദ്രന്‍ സി എച്ചിനെ കുറിച്ച് പറഞ്ഞത് ഇങ്ങിനെയാണ് കലവറയില്ലാതെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു മനുഷ്യ സ്‌നേഹിയായിരുന്നു സി.എച്ചെന്ന്. ഹിന്ദു പുരാണങ്ങള്‍ കാണാതെ ഉദ്ധരിക്കാനും വ്യാഖ്യാനിക്കാനും കഴിയുന്ന അപൂര്‍വ്വം മുസ്‌ലിം ങ്ങളില്‍ ഒരാളായിരുന്നു സി.എച്ച്. മലയാളത്തില്‍ ഇന്ന് അറിയപ്പെടുന്ന പല സാഹിത്യകാരന്‍മാരെയും ചന്ദ്രികയിലൂടെ വളര്‍ത്തിക്കൊണ്ടു വന്നത് സി.എച്ച് മുഹമ്മദ് കോയ സാഹിബാണ്.