VOL 03 |

കാലം തിളക്കമേറ്റിയ വ്യക്തിത്വം

By: ജോർജ്ജ് ഓണക്കൂർ

കാലം  തിളക്കമേറ്റിയ  വ്യക്തിത്വം
വർത്തമാനകാലത്തിന്റെ ആകർഷണങ്ങൾ പലപ്പോഴും ചരിത്രത്തിന്റെ താളുകളിൽ വിസ്മൃതമാകുന്നു. കാലം ഘർഷണം ചെയ്തു തിളക്കമേറ്റുന്ന വ്യക്തിത്വങ്ങൾ അതിവിരളം. ചൈതന്യധന്യമായ ഇത്തരമൊരു മഹാജീവിതത്തിന്റെ സുരഭിലസ്മരണകൾ ഉണർത്തുന്നു ശ്രീ. സി.എച്ച്. മുഹമ്മദ് കോയ; മൂന്നു പതിറ്റാണ്ടിലോറെ കേരള രാഷ്ട്രീയത്തിൽ മങ്ങാത്ത സൗഹൃദത്തിന്റെയും സംസ്കാരത്തിന്റെയും സജീവസാന്നിദ്ധ്യമായിരുന്ന പ്രതിഭാശാലി.

എന്നും നേതൃനിരയിൽ നിലയുറപ്പിച്ച സി.എച്ച്. നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ നക്ഷത്ര പ്രഭ ചൊരിഞ്ഞു. പൂപോലൊരു മനസ്സും പൂർണ്ണശോഭ നിറഞ്ഞ മുഖവുമായി കർമ്മവേദിയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഗ്രാമ്യമായ ആർജ്ജവത്തിന്റെയും ചാരുവായ നിഷ്ക്കളങ്കതയുടെയും പ്രതീകമായിരുന്നു. സി.എച്ചിന്റെ പാദമുദ്ര പതിയാത്ത കർമ്മവേദികൾ ചുരുക്കം. പ്രവർത്തകനെന്ന നിലയിൽ പൊതുജീവിതത്തിനു തുടക്കമിട്ട അദ്ദേഹം 'ചന്ദ്രിക' വാരികയിൽ ലേഖനങ്ങളും സമകാലിക രാഷ്ട്രീയത്തെ സ്പർശിക്കുന്ന കുറിപ്പുകളും പ്രസിദ്ധപ്പെടുത്തി പ്രശസ്തനായി. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും യൂത്ത് ലീഗിന്റെയും വേദികളിൽ സി.എച്ച്. ആയിരുന്നു ആകർഷണകേന്ദ്രം.

1946 ഫെബ്രുവരിയിൽ 'ചന്ദ്രിക'ദിനപ്പത്രമായി പ്രകാശനം ചെയ്തു തുടങ്ങിയതോടെ സി.എച്ച്. അതിന്റെ സഹപത്രാധിപരായി; 1949-ൽ മുഖ്യ പത്രാധിപരും. ന്യൂനപക്ഷ സമൂഹങ്ങളുടെ അഭയസ്ഥാനമെന്ന നിലയിൽ മുസ്ലിം ലീഗിനെ പുനഃസംഘടിപ്പിക്കുന്നതിലും പിന്നോക്ക ജനവിഭാഗങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന് അടിത്തറയൊരുക്കുന്നതിലും സി.എച്ച് വഹിച്ച പങ്ക് അതിപ്രധാനമാണ് അതോടൊപ്പം പത്ര പംക്തികളിലൂടെ ആശയപ്രചാരണത്തിന്റെ സവിശേഷ ദൗത്യവും അദ്ദേഹം വഹിച്ചെടുത്തു.

'ചന്ദ്രികയ്ക്ക് സി.എച്ച് തയ്യാറാക്കിയ മുഖപ്രസംഗങ്ങൾ നർമ്മബോധം കൊണ്ടും നിശിതമായ ഭാഷാപ്രയോഗം കൊണ്ടും അത്യന്തം ശ്രദ്ധേയങ്ങളായി. ഏതു ജോലിത്തിരിക്കിനിടയിലും പുതിയ പുസ്തകങ്ങൾ തെരഞ്ഞു പിടിച്ചു വായിക്കുന്നതിന് സി.എച്ചിന് ഉണ്ടായിരുന്ന ഔത്സുക്യം അനന്യമാണ്. പ്രസംഗവേദികളിൽ അനർഗ്ഗളം പ്രവഹിച്ച വാചോവിലാസത്തിന്റെ ഊർജ്ജധമനികൾ ഇതിന്റെ സൃഷ്ടിയാണ്

മലബാറിന്റെ വികസനത്തിലും സാംസ്കാരിക പുരോഗതിയിലും ജാഗരൂകനായിരുന്നു സി.എച്ച്. 1952-ലും 1955-ലും നടന്ന കോഴിക്കോട് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം വരിച്ച സി.എച്ച്. മുസ്ല ലീഗ് പാർട്ടി ലീഡറായി. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപം കൊണ്ടു. 1957-ൽ നടന്ന നിയമസഭാ തിരഞെഞ്ഞെടുപ്പിൽ സി.എച്ച്. താനൂർ നിയോജകമണ്ഡലത്തിൽ നിന്നു വിജയിച്ച് ലീഗിന്റെ പാർലമെന്റെറി പാർട്ടി നേതാവായി.

1962-ലും 1973-ലും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാൽ 1957 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ സി.എച്ച്. തുടർച്ചയായി കേരള നിയമസഭയിൽ അംഗമായിരുന്നു. എക്കാലത്തും സ്വന്തം കക്ഷിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വപദവി അദ്ദേഹത്തെ തേടിയെത്തി.

പ്രതിപക്ഷത്തും ഭരണപക്ഷത്തും സി.എച്ച്. മാറി മാറി ഇരുന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയും ഇന്ത്യൻ നാഷനൽ കോൺഗ്രസും നേത്യത്വം നൽകിയ മന്ത്രിസഭകളിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായും മുഖ്യമന്ത്രിയായും നിസ്തുലസേവനം അദ്ദേഹം കാഴ്ചവച്ചു. നിയമസഭയുടെ സ്പീക്കർ എന്ന നിലയിലും സി.എച്ച്. പ്രശോഭിച്ചു.

ദീർഘകാലം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത സി.എച്ച്. പുരോഗമനാത്മകമായ ഒട്ടേറെ പരിപാടികൾ പ്രാവർത്തികമാക്കി. കാലിക്കറ്റ് സർവ്വകലാശാലയും (1968) കൊച്ചി സാങ്കേതിക സർവ്വകലാശാലയും (1971) സി.എച്ചിന്റെ സൃഷ്ടികളാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയെ അടിമുടി നവീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹം. കേരളത്തിലെ സ്വകാര്യ കോളേജ് അധ്യാപകർ കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ സി.എച്ചിനെ അനുസ്മരിക്കുന്നു. അവർക്ക് ജോലി സ്ഥിരത ഉറപ്പുനൽകിയത് അദ്ദേഹം ആവിഷ്കരിച്ച സർവ്വകലാശാല നിയമമാണ്. മാനേജ്മെന്റെുകളുടെ ചൂഷണത്തിൽ പൊറുതിമുട്ടിയ സ്വകാര്യ കോളേജ് അദ്ധ്യാപകർക്ക് സർക്കാർ നേരിട്ടു ശബളം നല്കുന്ന വ്യവസ്ഥിതി ഉണ്ടാക്കിയതും സി.എച്ചിന്റെ ഭരണകാലത്താണ്. 15 വർഷം പൂർത്തിയാക്കുന്ന ലക്ചറർമാർക്ക് നോൺ കേഡർ പ്രൊഫസർ തസ്തിക അനുവദിച്ചുകൊണ്ട് അദ്ദേഹം കോളേജ് അദ്ധ്യാപകരുടെ രക്ഷാപുരുഷനായി.

സർവ്വകലാശാലയുടെ പരമോന്നത സമിതിയായ സെനറ്റിൽ വിദ്യാർത്ഥികൾക്ക് അംഗത്വം നൽകി സി.എച്ച്. ചരിത്രം സൃഷ്ടിച്ചു. നമ്മുടെ സർവ്വകലാശാലാ പാരമ്പര്യത്തിൽ അത്യപൂർവ്വമായിരുന്നു ഈ സംഭവം. പരിണിത പ്രജ്ഞരെന്നു ഭാവിച്ചവർ നെറ്റി ചുളിച്ചപ്പോൾ കർമ്മചൈതന്യമാർന്ന പുതിയ തലമുറയിൽ പ്രഗല്ഭനായ ആ ഭരണാധികാരി വിശ്വാസമർപ്പിക്കുകയായിരുന്നു. കേരള സർവ്വകലാശാലായൂണിയൻ പുനരുജ്ജീവിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും നേത്യത്വപരവുമായ വികസനത്തിന് വഴിയൊരുക്കിയതും സി.എച്ച്. തന്നെ.

പിന്നോക്ക പ്രദേശങ്ങളുടെയും സമുഹങ്ങളുടെയും വികസനത്തിന് സി.എച്ച്. അർപ്പിച്ച സംഭാവന അതുല്യമാണ്. നിയമസഭയ്ക്കകത്തും പുറത്തും ആ ധീരമായ ശബ്ദം മുഴങ്ങി; ഫലപ്രദമായ കർമ്മപദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. രാഷ്ട്രത്തിന്റെ ഐക്യവും പുരോഗതിയും യഥാർത്ഥമാകണമെങ്കിൽ ദുർബ്ബലവിഭാഗങ്ങളുടെ ഉള്ളിൽ നിന്ന് ഭയവും നിത്യജീവിതതത്തിൽ നിന്ന് ദാരിദ്ര്യവും ഒഴിഞ്ഞു പോകണമെന്ന് സി.എച്ച്. വിശ്വസിച്ചു. അത്തരമൊരു ഭാവിയായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ സ്വപ്നം.

പാർട്ടി നേതാവായിരുന്നതുകൊണ്ട്, നിയമസഭാവേദിയിൽ ഉന്നയിക്കപ്പെടുന്ന ഏതു പ്രശ്നത്തിലും ഇടപെട്ടു സംസാരിക്കാൻ സി.എച്ച്. നിർബ്ബന്ധിതനായി. മന്ത്രി എന്ന നിലയിൽ അദ്ദേഹം ചുമതല വഹിക്കാത്ത വകുപ്പുകളില്ല; അതിൽത്തന്നെ സദാ വിമർശനവിധേയമാകുന്ന വിദ്യാഭ്യാസവും ആഭ്യന്തരവും പ്രധാനം. ഒട്ടേറെ നിയമനിർമ്മാണങ്ങൾക്ക് അദ്ദേഹം നേത്യത്വം നൽകി. നിയമസഭാവേദിയിൽ സി.എച്ചിന്റെ സാന്നിദ്ധ്യം എപ്പോഴും സജീവമായി അനുഭവപ്പെട്ടു. കലയുടെ ചൈതന്യവാഹിതയായ ആ പ്രഭാഷണങ്ങൾ അപൂർവ്വമായ അനുഭവം കാഴ്ചവച്ചു. ഉള്ളിൽത്തറയ്ക്കുന്ന വിമർശനശരങ്ങൾ എതിരാളികളുടെ നേർക്കു തൊടുത്തുവിടുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച പാടവം അസാധാരണമാണ്. അതിൽ നിറഞ്ഞുനിന്ന കാവ്യാത്മകത്വം എല്ലാവരേയും ഹഠാദാകർഷിച്ചു.

സി.എച്ചിന്റെ നിയമസഭാപ്രസംഗങ്ങൾ എത്രയോ വർഷം മുൻപ് എന്റെ ശ്രദ്ധാകേന്ദ്രമായതാണ് ആശയങ്ങൾ അതിപ്രഗല്ഭമായി, അത്യാകർഷകമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷപാടവം ആദരണീയമായി അനുഭവപ്പെട്ടിട്ടുണ്ട്. സങ്കീർണ്ണമായ നിയമനടപടികളെപ്പോലും കലാഭംഗിയാർന്ന ഭാഷാശൈലി കൊണ്ട് സി.എച്ച്. അവിസ്മരണീയമാക്കി. സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്ന ഉപമകൾ; ഉപകഥകൾ, നർമ്മബോധത്തിന്റെ തിളക്കമാർന്ന “സി.എച്ച്. ശൈലി പ്രഭാഷണകലയെ ഒട്ടൊന്നുമല്ല സമ്പന്നമാക്കിയിട്ടുള്ളത്.

ലോകം മുഴുവൻ ചുറ്റിക്കാണുകയും എട്ടോളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത സി.എച്ചിന്റെ വിലപ്പെട്ട സാഹിത്യ സംഭാവനകൾ സഹൃദയർക്കു ലഭ്യമാണ്. പക്ഷേ അദ്ദേഹത്തിൻെ നിയമസഭാപ്രസംഗങ്ങൾ ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റിലെ റിക്കാർഡുകൾക്കുള്ളിൽ മറഞ്ഞു കിടക്കുന്നു. കേരളത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ വികസനചരിത്രത്തിന്റെ പ്രമാണരേഖയാണ് അത്. എല്ലാ താല്പര്യങ്ങളിലുമുപരി ദേശീയബോധവും മനുഷ്യമോചനവും ലക്ഷ്യമാക്കി കർമ്മയോഗിയായ സി.എച്ച്. ആ ആശയ പ്രപഞ്ചം പ്രകാശിതമാകുന്നത് വർത്തമാനകാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനസേവനത്തിലൂന്നിയ രാഷ്ട്രീയ സംസ്കൃതിയുടെ വീണ്ടെടുപ്പിന് സഹായകമായിത്തീരും എന്നതിൽ സംശയമില്ല.

ഈ ഒരു ചിന്തയാണ് സി എച്ചിന്റെ നിയമസഭാപ്രസംഗങ്ങൾ സമ്പൂർണ്ണമായി സമാഹരിച്ച് ആകർഷകമായി സംവിധാനം ചെയ്തു പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന ബോധ്യം എന്നിൽ സൃഷ്ടിച്ചത്. 1993 ജനുവരി 16ന് പ്രേംനസീർ ഫൗണ്ടഷന്റെ അവാർഡുദാനം സംബന്ധിച്ച പരിപാടികളിൽ സംബന്ധിക്കാൻ കോഴിക്കോട്ടെത്തിയപ്പോൾ ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഇക്കാര്യം ചർച്ചാവിഷയമായി. പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ തലേക്കുന്നിൽ ബഷീർ ഈ ആശയത്തെ സർവ്വാത്മനാ സ്വാഗതം ചെയ്തു. പ്രിയംകരനായ ഡോ. എം.കെ. മുനീർ ഇക്കാര്യത്തിൽ പ്രത്യേകം ആഹ്ലാദവും അഭിമാന

വും പ്രകടിപ്പിച്ചു. ഗ്രന്ഥം എഡിറ്റു ചെയ്തു തയ്യാറാക്കുന്ന ചുമതല ഏല്ക്കുന്നതിന് ഡോ. മുനീർ എന്നെ നിർബന്ധിച്ചു. ആ സ്നേഹത്തിനു വഴങ്ങാതിരിക്കാൻ കഴിഞ്ഞില്ല. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അസി. എഡിറ്റർ ശ്രീമതി ആബിദ യൂസുഫ് ഗ്രന്ഥത്തിന്റെ എഡിറ്റിംഗിൽ സഹായിച്ചു. നിയമസഭാരേഖകളിൽ നിന്ന് സി.എച്ചിന്റെ പ്രസംഗങ്ങൾ കണ്ടെടുത്തു തന്നത് ലെജി സ്ലേച്ചർ ലൈബ്രറിയിലെ ഡപ്യൂട്ടി ലൈബ്രേറിയൻ ശ്രീ.വി.സുന്ദരേശപണിക്ക രാണ്. സി.എച്ചിന്റെ 'നിയമസഭാപ്രസംഗങ്ങൾ' ഒരു സമ്പൂർണ്ണഗ്രന്ഥമായി പ്രകാശിതമാകുമ്പോൾ ഈ മാന്യവ്യക്തികളുടെ സഹകരണം നന്ദിയോടെ ഓർക്കുന്നു. ഡോ. മുനീർ അർപ്പിച്ച വിശ്വാസം നഷ്ടമാക്കാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വിശിഷ്ടഗ്രന്ഥം തയ്യാറാക്കാൻ കഴിഞ്ഞുവെന്നാണ് എന്റെ ആശ്വാസം. ഈ പ്രയത്നത്തിൽ സെയ്ന്റെ് ജോസഫ്സ് പ്രസ്സ് മാനേജർ ബ്രദർ ഇമ്മാനുവൽ കണിയാംപറമ്പിൽ, സിഗ്മ ലേസർ പ്രിന്റ്സ് ഉടമ ശ്രീ. ആർ. രാധാകൃഷ്ണൻ എന്നിവർ - എന്നോടൊപ്പം ഉറങ്ങാത്ത രാത്രികൾ പങ്കിട്ടവരാണ്. ശ്രീ. എൻ.ആർ.എസ്. ബാബു - (കേരള കൗമുദി), ശ്രീ. എ. യൂസുഫ് കുഞ്ഞ്(ഡി.വൈ.എസ്.പി.) എന്നിവർ നൽകിയ സഹായങ്ങളും മറക്കാനാവില്ല. സമയപീഡനത്തിനു വഴങ്ങി അതിവേഗം ആകർഷകമായ കവർചിത്രം തയ്യാറാക്കിത്തന്ന ആർട്ടിസ്റ്റ് ബി.ഡി. ദത്തനും ക്യതജ്ഞത യർഹിക്കുന്നു. ഏറെ അഭിമാനിക്കാൻ വക തരുന്ന ഒരു പുസ്തകമാണ് സഹൃദയർക്കു മുന്നിൽ സന്തോഷപൂർവ്വം അവതരിപ്പിക്കുന്നത്. പരസ്പരബന്ധമില്ലാത്ത കൂറേ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങളല്ല ഇതിൻെറ ഉള്ളടക്കം. രാഷ്ട്രീയ നേതാക്കന്മാർ സമയോചിതമായി അഭിപ്രായഭേദങ്ങൾ വരുത്താൻ വിദഗ്ദ്ധരാണ്. അങ്ങനെയാകുമ്പോൾ പൂർവ്വാപര വൈരുദ്ധ്യം അവരുടെ പ്രഭാഷണങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്.

ഈ ദുർവ്വിധികളൊന്നും സി.എച്ചി ൻെറ നിയമസഭാ പ്രസംഗങ്ങളെ പിടികൂടിയിട്ടില്ല. തന്റെ കർമ്മമണ്ഡലത്തിലെ പ്രകാശ സൂര്യനെക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ട് എപ്പോഴും ദിശാബോധം പുലർത്താൻ കഴിഞ്ഞു. കേരളം പിറന്നെങ്കിലും തിരുവിതാംകൂർ- കൊച്ചി യോട് "മലബാർ അറ്റാച്ച്ഡ് എന്ന സമീപനം നിലനിന്ന കാലഘട്ടത്തിൽ ആ പ്രദേശത്തിന്റെ വികസനത്തിനുവേണ്ടി നിരന്തരം ശബ്ദമുയർത്തുകയെന്നത് സ്വന്തം കടമയായി സി.എച്ച്. തിരിച്ചറിഞ്ഞു. താനുൾക്കൊള്ളുന്ന ജനവിഭാഗമനുഭവിച്ചു പോന്ന അവഗണന അവസാനിപ്പിക്കാനുള്ള പോരാട്ടമായിരുന്നു മറ്റൊന്ന്. ദുർബ്ബലജനവിഭാഗങ്ങളുടെ മുഴുവൻ വികസനമെന്ന മാനത്തിലാണ് സി.എച്ച്. ആ പ്രയത്നത്തെ പ്രതിഷ്ഠിച്ചത്. ദേശീയ താല്പര്യങ്ങളും ഉയർന്ന മാനവികതയും കാത്തുസൂക്ഷിക്കുന്നതിന് ഉതകേണ്ട പശ്ചാത്തലമാണ് ഈ മനുഷ്യ മോചനമെന്ന് അദ്ദേഹം കണ്ടെത്തി.

ഇനിയൊന്നുള്ളത് സി.എച്ചിന്റെ അഭിപ്രായസ്ഥിരതയും ദീർഘവീക്ഷണവുമാണ്. സ്വാർത്ഥ പ്രീണനത്തിനു വഴങ്ങി നയവ്യതിയാനങ്ങൾ വരുത്താൻ തയ്യാറാകുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ സി.എച്ച്. ഇല്ല. മദ്യനിരോധനത്തിനുവേണ്ടി ഒന്നാം കേരള നിയമസഭയിൽ പ്രതിപക്ഷത്തിരിക്കുമ്പോൾ ശക്തിയായി വാദിച്ചു അദ്ദേഹം. കൂടെനിന്ന് ഒച്ചവച്ചവർ രണ്ടാം നിയമസഭയിൽ ട്രഷറി ബഞ്ചിൽ സ്ഥാനം നേടിയപ്പോൾ സ്റ്റേറ്റ് റവന്യൂവിൽ സംഭവിക്കുന്ന നഷ്ടത്തെക്കുറിച്ചോർത്തു വിലപിക്കാൻ തുടങ്ങി; കള്ള വാറ്റു തടയാനാവുമോ എന്നു സന്ദേഹിക്കാൻ തുടങ്ങി. പക്ഷേ സി.എച്ച്. അചഞ്ചലനായി നിലകൊണ്ടു. "വ്യഭിചാരനിരോധനനിയമം ലംഘിച്ചു കൊണ്ട് ഇന്നു വ്യഭിചാരം നടക്കുന്നില്ലേ എന്നു പറഞ്ഞു വേശ്യാലയങ്ങൾ നിയമവിധേയമാക്കാമോ? എങ്കിൽ മാത്രമേ കള്ള വാറ്റു ചുണ്ടിക്കാട്ടി മദ്യനിരോധം പിച്ചിചീന്താനാവൂ”- സി.എച്ച്. നിയമസഭയിൽ പ്രസ്താവിച്ചു (മാർച്ച 25, 1960). സത്രീധന നിരോധന നിയമത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സമീപനം വ്യത്യസ്തമായിരുന്നില്ല.

പിന്നോക്ക ജനവിഭാഗങ്ങളുടെയും ന്യൂനപക്ഷ ങ്ങളുടെയും സംരക്ഷണവും പുരോഗതിയും ലക്ഷ്യമാക്കുമ്പോഴും അതിന്റെ മറവിൽ നടക്കുന്ന സ്വാർത്ഥതയും ചൂഷണവും സി.എച്ച്. അംഗീകരിച്ചില്ല. കോളേജ് ഭരണ സമിതികളിൽ സർക്കാർ നോമിനിയെ ഉൾപ്പെടുത്തുന്ന വ്യവസ്ഥ സർവ്വകലാശാലാ നിയമത്തിൽ ചേർത്തതിനെ ന്യൂനപക്ഷത്തിന്റെ വക്താക്കളെന്നു ഭാവി ചുകൊണ്ടു സ്വാർത്ഥമതികൾ എതിർത്തപ്പോൾ സി.എച്ച്. പറഞ്ഞു.

“ഗവൺമെന്ററിൻെറ പ്രതിനിധിയെ ഗവേണിംഗ് കൗൺസിലിൽ വെച്ചതിനെപറ്റിയാണ് ഇവിടെ പലർക്കും ആക്ഷേപമുണ്ടായത്. ഗവൺമെന്റെ് എന്നു പറയുന്നതു വല്ലയിടത്തു നിന്നും വലിഞ്ഞു കയറി വരുന്നതല്ല. ഭരണഘടനാവിധേയമായി ജനങ്ങളുടെ ഭൂരിപക്ഷം വോട്ടോടുകൂടി തിരഞ്ഞെടുത്ത് അധികാരത്തിൽ വരുന്ന സ്ഥാപനമാണ് ഗവൺമെന്റെ്. അങ്ങനെയുള്ള ഗവൺമെന്റിന്റെ ഒരു പ്രതിനിധി ഗവേണിംഗ് കൗൺസിലിൽ വന്നാൽ സർവ്വും നശിച്ചുപോകുമെന്നു പറയുന്നത്, അണ്ടനും അടകോടനുമൊക്കെ ഭരിക്കാൻ തുടങ്ങുമെന്നു പറഞ്ഞ് ജനാധിപത്യവ്യവസ്ഥിതിയെ എതിർത്തതുപോലെ തന്നെയാണ്.” (നവംബർ 14, 1968)

ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകിയ സി.എച്ചിന്റെ വീക്ഷണം എപ്പോഴും പുരോഗമനപരമായിരുന്നു. ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ചതുമായി രുന്നു. സർവ്വകലാശലകളുടെ സ്വയം ഭരണാവകാശത്തിൽ ഗവൺമെന്റ് കത്തിവയ്ക്കുന്നു എന്ന മുറവിളി അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കാറുണ്ട്.

1968-ൽ വിദ്യാഭ്യാസമന്ത്രിയായിരിക്കേ സർവ്വകലാശാലാ നിയമം സംബന്ധിച്ച സെലക്ട് കമ്മറ്റി റിപ്പോർട്ടു ചർച്ചയ്ക്കുള്ള മറുപടിയിൽ സി.എച്ച്. അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.

സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുക, സർവ്വകലാശാലയുടെ നിയമനകാര്യങ്ങളിലോ വൈസ് ചാൻസലറുടെ നിയമനത്തെ സംബന്ധിച്ചിടത്തോളമോ ആവശ്യമായ നിയന്ത്രണം വരുത്തുക ഇതൊക്കെ ജനാധിപത്യരാജ്യങ്ങളിൽ നടപ്പുള്ള സമ്പ്രദായങ്ങളാണ്.” (നവംബർ 15, 1968)

പ്രശ്നങ്ങൾ അപഗ്രഥിച്ചു പഠിക്കാനും യുക്തമായ പരിഹാരമാർഗ്ഗം കണ്ടത്താനും പ്രാഗല്ഭ്യം പ്രകടിപ്പിച്ച സി.എച്ച്. സമർത്ഥനായ ഭരണാധികാരി എന്ന ഖ്യാതി നേടി. കഷ്ടതയനുഭവിക്കുന്നവരുടെ ആശാ കേന്ദ്രമായി. എല്ലാവരുാടയും നല്ല സ്നേഹിതനായി. മാറിമാറി വന്ന രാഷ്ട്രീയ ബന്ധങ്ങൾക്കിടയിലും അജാതശത്രുവായികഴിയാൻ അദ്ദേഹത്തിനു സാധിച്ചു.

മന്ത്രിസ്ഥാനമേറ്റെടുത്തുകൊണ്ട്സി .എച്ച്. പറഞ്ഞു: "ഞങ്ങൾ അപ്രാപ്തരാണെന്ന് ഒരു പക്ഷേ നിങ്ങൾ കേൾക്കുമായിരിക്കാം. പക്ഷേ ഞങ്ങൾ അഴിമതിക്കാരാണെന്ന് നിങ്ങൾ ഒരിക്കലും കേൾക്കേണ്ടി വരില്ല." (മാർച്ച് 6, 1967)

അഴിമതി തൊട്ടുതീണ്ടാത്ത, ആദർ ശധീരനും സംസ്കാര സമ്പന്നനുമായ സി.എച്ച്.; ആ ധന്യജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഈ നിയമസഭാ പ്രസംഗങ്ങളിൽ മുഴങ്ങിക്കേൾക്കാം.

(സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഇസ്ലാമിക് കൾചറൽ, എഡ്യൂക്കേഷനൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിച്ച 'സി.എച്ച്. മുഹമ്മദ് കോയ, നിയമസഭാ പ്രസംഗങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ മുഖവുര.)

തൂലിക - 1995 സെപ്തംബർ