VOL 03 |

സി.എച്ചിന്റെ സഞ്ചാര സാഹിത്യ ലോകം

By: റഹ് മാൻ തായലങ്ങാടി

സി.എച്ചിന്റെ സഞ്ചാര സാഹിത്യ ലോകം
ചരിത്രത്തിലാകെ നിറഞ്ഞുനിൽക്കുന്ന ബഹുമുഖ പ്രതിഭകളുള്ള ഒരു വ്യക്തിയുടെ വൈകാരികവും സർഗാത്മകവുമായ മുഖഛായയുടെ പ്രതിഫലനം സമസൃഷ്ടി ജീവിതത്തിന്റെ ഭൗതിക പ്രകാശ വലയത്തിൽ മുങ്ങിപോകുന്നതിനു ചരിത്രത്തിൽ സമാനമായ തെളിവുകളധികമുണ്ടോ എന്നെനിക്കറിയില്ല. സി.എച്ച്. മുഹമ്മദ്കോയ എന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ അതികായന്റെ വ്യക്തിത്വത്തിന്റെ പുറകിലെ ശക്തിധാരയായി വർത്തിക്കുന്ന സർഗ്ഗപ്രതിഭ അധികമൊന്നും വിശകലനങ്ങൾക്കും ഗൗരവപൂർണ്ണമായ പഠനങ്ങൾക്കും വിധേയമാകാതെ ഒട്ടൊക്കെ സാധാരണമായ ഒന്നായി ഗണിക്കപ്പെട്ടുപോയതു പ്രകടനാത്മകമായ രാഷ്ട്രീയ വ്യക്തിത്വം മറ്റെല്ലാ സർഗ്ഗാ

ത്മക വ്യാപാരങ്ങൾക്കും മേലെ ഉയർന്നു നിന്നത് കൊണ്ടാവണം.

തൊട്ടതിനെയൊക്കെ ധന്യമാക്കുന്ന കൈപ്പുണ്യത്തോടെ ജന്മമെടുത്ത മഹാഭാഗ്യശാലി എന്നു സാഹിത്യ നിരൂപകന്മാർ പോലും സമ്മതിച്ച സി.എച്ച്. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സി.ച്ചിന്റെ രണ്ടു മുഖങ്ങൾ വ്യക്തിത്വ സ്വരൂപണത്തിൽ പരസ്പ്പരപൂരകങ്ങളായി വർത്തിച്ചിട്ടുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സി.എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കണ്ണാടിയാണ് സാഹിത്യജീവിതത്തിലെ വൈകാരികമുഖം.

മറ്റെന്തിനേക്കാളുമുപരി ഭാവനാവിലാസവും പ്രതിഭാ ശക്തിയുമുള്ള സി.എച്ച്. ജനനാൽ തന്നെ സാഹിത്യകാരനാണെന്ന് ഒരിക്കൽ പ്രമുഖസാഹിത്യനിരൂപകനായ സി.പി. ശ്രീധരൻ പറയുകയുണ്ടായി. മനോധർമ്മ വൈഭവവും സ്വഭാവമഹിമയും കർമ്മധീരതയും പ്രയത്ന ശീലവുമൊക്കെ യാണ് ആ സാഹിത്യകാരനെ രൂപപ്പെടുത്തി എടുത്തത്. രാഷ്ട്രീയത്തിൽ നിന്ന് മേൽവിലാസം മാറ്റിയതല്ല; സാഹിത്യത്തിൽ നിന്നു രാഷ്ട്രീയത്തിലേക്ക് കുടി കടന്നുവെന്നേയുള്ളു എന്നാണ് സി.പി.ശ്രീധരന്റെ നിഗമനം.

അലങ്കാര മധുരവും നിർഗ്ഗളധാരവുമായ സി.എച്ചിന്റെ ഊർജ്ജസ്വലമായ ശൈലി അദ്ദേഹത്തിന്റെ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു.

മലയാള സഞ്ചാര സാഹിത്യത്തെ ലോക സാഹിത്യവുമായി അടുപ്പിച്ച പ്രതിഭയാണ് എസ്.കെ. പൊറ്റക്കാടെന്ന് പറയാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും, ആ സഞ്ചാരങ്ങൾക്കിടയിൽ വീണ് കിട്ടിയ അത്ഭുതങ്ങളെയും കുതുഹലങ്ങളെയും അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അനുഭവിപ്പിക്കുകയും ചെയ്ത് സി.എച്ച് മുഹമ്മദ്കോയ പൊറ്റക്കാടിനൊപ്പം സഞ്ചാര സാഹിത്യത്തിൽ തോളുരുമ്മി നിൽക്കുന്നു എന്നു പറയാതിരിക്കാൻ കഴിയില്ല.

ഭരണതന്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും കൂടിയായ സി.എച്ച്. തന്റെ യാത്രക്കിടയിൽ മനസ്സിൽ തറച്ച അനുഭവങ്ങൾക്ക് ഭാഷ്യം നൽകുന്ന കാര്യത്തിൽ മറ്റു യാത്രാ വിവരണ സാഹിത്യകാരന്മാരെ അപേക്ഷിച്ചു തന്റേതായ ഒരു വീക്ഷണവും ആ വീക്ഷണത്തിന് അനുപേക്ഷണീയമായ ശൈലിയും കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മറ്റു യാത്രാ വിവരണ സാഹിത്യങ്ങളിൽ നിന്നു സി.എച്ചിന്റെ കൃതികൾ പുതിയൊരു തലത്തിൽ വേറിട്ടു

നിൽക്കുന്നു.

ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കമായ കൗതുകത്തോടെ അത്ഭുതങ്ങളെ നോക്കിക്കാണുന്ന സി.എച്ചിന്റെ ഭാഷ ചിലപ്പോൾ നിസ്സംഗമായ ഭാവത്തോടെ വായനക്കാരന്റെ വിരലിൽ പിടിച്ചു മഹാനഗരങ്ങളിലുടെ നടത്തിക്കൊണ്ടു പോകുന്നു. മറ്റു ചിലപ്പോൾ ആക്ഷേപഹാസ്യത്തിന്റെ അറ്റം ചെത്തിക്കൂർപ്പിച്ച ശരങ്ങൾ കൊള്ളേണ്ടിടത്ത് ആഞ്ഞെറിഞ്ഞ് തറപ്പിക്കുന്നു. വേറെ ചിലപ്പോൾ മധുരമായ നർമ്മത്തിന്റെ കിക്കിളിയുട്ടലോടെ ആസ്വാദകനെ കുടുകുടാ ചിരിപ്പിക്കുന്നു.

“എന്റെ ഹജ്ജ് യാത്ര" എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ

കല്പന പ്രകാരം ഇബ്രാഹിം നബി വിളിച്ച വിളിക്കുത്തരം നൽകാൻ പുണ്യഭൂമിയിലെത്തി നിൽക്കുന്ന ഗ്രന്ഥകാരൻ ഒരു തരം ഉൾക്കിടലത്തോടെ തരളിതനായിത്തീർന്നു. ഇസ്ലാമിക ചരിത്രത്തിൽ പച്ചപിടിച്ചു നിൽക്കുന്ന സംഭവങ്ങൾ ഒന്നൊന്നായി മനസ്സിൽ നിറം വാർന്നു പോകാതെ അവിടെ കടന്ന്പോകുന്നത് പുതിയൊരനുഭവത്തിന്റെ ചൈതന്യവത്തായ ഉൾപുളകത്തിന്റെ ഭാഷയിലാണ് സി.എച്ച്. വിവരിക്കുന്നത്.

"എന്റെ ഹജ്ജ് യാത്ര” “ഗൾഫ് രാജ്യങ്ങളിൽ” “കോ-ലണ്ടൻ-കൈറോ" "ഞാൻ കണ്ട മലേഷ്യ" "ശ്രീ ലങ്കയിൽ അഞ്ചുദിവസം" "ലോകം ചുറ്റികണ്ടു” “സോവിയറ്റ് യൂണിയനിൽ” “ലിബിയൻ ജമാഹരിയാ" തുടങ്ങിയ യാത്രാവിവരണ ഗ്രന്ഥങ്ങളെഴുതിയ സി.എച്ച്. മുഹമ്മദ് കോയയുടെ ആദ്യ ഗ്രന്ഥമായ 'എന്റെ ഹജ്ജ് യാത്ര'യുടെ ഒന്നാം പതിപ്പു മുഴുവൻ മൂന്നാഴ്ച കൊണ്ട് വിറ്റുതീർന്നുവെന്നത് ഒരു ചെറിയ സംഭവമല്ല. ആസ്വാദകരിൽ നിന്നു ഇത്രയും വലിയൊരു പ്രതികരണം മലയാളത്തിൽ മറ്റധികം ഗ്രന്ഥങ്ങൾക്ക് ലഭിക്കാനിടയില്ല. ഒരു തീർത്ഥയാത്രയുടെ സ്മരണകൾ പ്രസന്ന മധുരവും ചേതോഹരവുമായ ഒതുക്കത്തോടെ ഒരു ശിൽപിയുടെ കരവിരുതു പ്രകടമാക്കുന്ന ശൈലിയിൽ ഒരുക്കാൻ കഴിയുമെന്ന് ഈ ഗ്രന്ഥത്തിൽ കൂടി സി.എച്ച് തെളിയിക്കുന്നു.

തീർത്ഥയാത്രാ വിവരണങ്ങളെ പ്രതിപാദിക്കുമ്പോൾ ശങ്കരവാര്യരുടെ 'എന്റെ കാശി യാത്രയും' സാധുശീലൻ പരമേശ്വരൻ പിള്ളയുടെ 'കന്യാകുമാരി മുതൽ കപില വസ്തു വരെയും' വെട്ടൂർ രാമൻ നായരുടെ 'പുരി മുതൽ നാസിക് വരെയും' മാധവനാരുടെ 'ഒരു ഹിമാലയൻ യാത്രയും' എടുത്തുദ്ധരിക്കാൻ മറക്കാത്ത സാഹിത്യചരിത്രകാരന്മാരിൽ പലരും 'എന്റെ ഹജ്ജ് യാത്ര' കാണാതെ പോയത് മനഃപൂർവ്വമാകാനിടയില്ല. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മാധ്യമം യാത്രാവിവരണമാണെന്ന കണ്ടെത്തലിന് രൂപം നൽകിയ സി.എച്ചിന്റെ 'എന്റെ ഹജ്ജ് യാത്ര' അദ്ദേഹത്തിന്റെ തന്നെ മറ്റു കൃതികളിൽ നിന്ന് മികച്ചു നിൽക്കുന്നു.

ഞാൻ പോയി, ഞാൻ കണ്ടു, ഞാൻ എഴുതി എന്നു ഒന്നാം പതിപ്പിന്റെ മുഖവുരയുടെ തുടക്കത്തിൽ തന്നെ ഗ്രന്ഥകാരൻ പറയുന്നു. സമഗ്രമായ ഒരു യാത്രാ വിവരണമെഴുതണമെന്ന ഉദ്ദേശ്യത്തോടെയല്ല സി.എച്ച് ഒരു തീർത്ഥയാത്രയ്ക്ക് തുടക്കം കുറിച്ചത്. തിരിച്ചെത്തിയപ്പോൾ മനസ്സിൽ തിളക്കമാർന്നുകിടന്ന യാത്രയുടെ സ്മരണകൾ അതിന്റെ ജീവൽത്തുടിപ്പുകൾ ചിതറിപ്പോകാതെ പകർത്തുകയും ചെയ്തു. 'എന്റെ ഹജ്ജ് യാത്ര'യ്ക്ക് ഒന്നിലേറെ പ്രത്യേകതകളുണ്ട്. ഒന്ന് കൃതിയോട് പുലർത്തുന്ന മൗലികമായ ആത്മാർത്ഥയാണ്. രണ്ട് തന്റെ അനുഭവങ്ങൾ തുടർന്നുള്ള കാലങ്ങളിൽ ഹജ്ജ് യാത്ര നടത്തുന്നവർക്ക് ഒരു മാർഗ്ഗരേഖയാ യിരിക്കണമെന്ന നിർബന്ധവും. ഇതുപറയാൻ മറ്റു ചില കാരണങ്ങളുണ്ട്. റഷ്യയിലോ അമേരിക്കയിലോ ഒരു ഓട്ട പ്രദക്ഷിണം നടത്തി രണ്ടു ദിവസത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ, റഷ്യയിലും അമേരിക്കയിലും കിട്ടുന്ന സകല ഗൈഡുകളും പഠിച്ചു കനമുള്ള യാത്രാവിവരണ ങ്ങൾ എഴുതിയ സാഹിത്യകാരന്മാർ നമുക്കുണ്ട്. ആ യാത്രയുടെ നിഴലിൽ നിന്ന് കൊണ്ടു ജീവിതകാലം മുഴുവൻ എഴുതി വരുന്നവരുമുണ്ട്. അതു വേറെക്കാര്യം. സി.എച്ച് ആകട്ടെ ഇവിടെനിന്ന് കപ്പൽ കയറിയ സമയം തുടങ്ങി ഇവിടെ തിരിച്ച് പിറന്ന മണ്ണിൽ കാലുകുത്തുന്നത് വരെയുള്ള കാലം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒരു യാത്രാവിവരണം ആത്മകഥ പോലെ സത്യസന്ധതയുടെ കാര്യത്തിൽ പ്രധാന്യമർഹിക്കുന്നതാണ്.

മിനായിൽ മൂന്ന് സ്ഥലങ്ങളിൽ ഹജ്ജ് തീർത്ഥാടകർ കല്ലെറിയണം. ഏഴേഴു കല്ലുകൾ. അതിനുശേഷം ചെയ്യേണ്ടത് ബലി അറുക്കലാണ്. മിനായുടെ അതിർത്തിയിൽ നാലുനാഴിക പൊരിവെയിലിൽ നടന്നുവേണം മൃഗബലി നടത്തുക. അതു വേറെയൊരാളെ അധികാരപ്പെടുത്തിയും ചെയ്യാവുന്നതാണ്. സി.എച്ച്. വേറെയൊരാളെ അധികാരപ്പെടുത്തുകയാണുണ്ടായതെന്ന് ഗ്രന്ഥത്തിൽ വ്യക്തമായി പറയുന്നു. സോദ്ദേശം മാത്രമായിരുന്നു ഇതിനു പിന്നിലെ പ്രചോദനമെങ്കിൽ ഗ്രന്ഥകാരനു നിർദോഷമായ ഒരു പരാമർശം നടത്തി ഇവിടെ ഒഴിയാമായിരുന്നു. പക്ഷെ അതിനൊക്കെ മുകളിൽ ഉയർന്നു നിൽക്കുന്ന ആത്മാർത്ഥതയും സത്യസന്ധതയുമാണ് ബലിയർപ്പിക്കാൻ മറ്റൊരാളെ ഏൽപ്പിച്ച കാര്യം പോലും ഇവിടെ തുറന്ന് പറയാൻ പ്രേരിപ്പിച്ചത്. സി.എച്ചിന്റെ മറ്റൊരു യാത്രാ വിവരണഗ്രന്ഥത്തിന്റെ പേര് തന്നെ ശ്രീലങ്കയിൽ അഞ്ചു ദിവസം എന്നാണ്.

സഊദി അറേബ്യയെ സംബന്ധിക്കുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങൾ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു ഭാഗം സി.എച്ച് ഈ പുസ്തകത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. അതാവട്ടെ യാത്രാവിവരണത്തിലുൾപ്പെടുത്തിയിട്ടുമില്ല. ഇതൊരു ചരിത്ര വിദ്യാർത്ഥിക്ക് റഫറൻസിനുപകരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ അനുബന്ധമായി ഹജ്ജ് യാത്രയിലെ പ്രാർത്ഥനകളുടേയും മറ്റും വ്യക്തമായ ഒരു രേഖയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'എന്റെ ഹജ്ജ് യാത്ര' അതിന്റെ പേരിന്റെ അർത്ഥ സീമയിൽ ഒതുങ്ങുന്ന ഒന്നല്ല എന്ന് വക്കം അബ്ദുൽ ഖാദർ പ്രകടിപ്പിച്ച അഭിപ്രായം ഇവിടെ പ്രസക്തമാണ്. സി.എച്ച് തന്നെ മുഖവുരയിൽ പറയുന്നുണ്ട് ഈ പുസ്തകം ഏതിനത്തിൽ പെടുമെന്ന് അറിഞ്ഞു കൂടെന്ന്. ഇതൊരു മതപരമായ ഗ്രന്ഥമല്ല... ഇതൊരു യാത്രാ വിവരണ ഗ്രന്ഥമാണോ? ആ പദത്തിൽ ഇത് ഒതുങ്ങി നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആത്മീയ കാര്യങ്ങൾ തൊട്ട് സുലൈമാനീ എന്ന കടും ചായ വരെയുള്ള പല വിഷയങ്ങളും ഇതിൽ ചർച്ചാ വിഷയങ്ങളാണ്.

ശരിയാണ്- ഇതിൽ വിശ്വസ്നേഹം മുതൽ സോഷ്യലിസം വരെയുണ്ട്. പക്ഷെ അതൊക്കെ ഹജ്ജിനെ കേന്ദ്ര വൽക്കരിച്ച് കൊണ്ടാണെന്ന് മാത്രം.

ഒരു കാലഘട്ടത്തിന്റെ ജീവിത ഭാവങ്ങൾ ചരിത്രത്തിന്റെ ഉലയിലിട്ടു ഊതിപ്പഴുപ്പിച്ചു രൂപപ്പെടുത്തി, അതു സാഹിത്യത്തിന്റെ അന്തർധാരയായി വളർത്തിയെടുക്കണമെങ്കിൽ സാഹിത്യകാരൻ ചരിത്രകാരൻ കൂടിയായിരിക്കണം. അങ്ങനെയാകുമ്പോൾ സാഹിത്യം അർത്ഥമാക്കുന്ന ഭാവതലങ്ങളിലേക്ക് ഏറ്റവും അടുത്ത് നിൽക്കുകയും ചെയ്യുന്നു. അധികമൊന്നും ആഴമോ പൊരുളോ ഇല്ലാത്ത ദൈനംദിന ജീവിതത്തിന്റെ ഉപരിപ്ളവമായ മുഖ ത്തിനുപോലും അഗാധവും അർത്ഥ പൂർണ്ണവുമായ മറ്റൊരു തലമുണ്ടെന്ന് കാണിച്ചുകൊടുക്കാൻ എഴുത്തുകാരന്റെ ഈ ചരിത്രാവബോധം സഹായകമാവുന്നു. സഊദി അറേബ്യൻ മണ്ണിലെ ചരിത്രസ്മാരകങ്ങൾക്കോ രൊന്നിനും വർത്തമാന കാലഘട്ടത്തിന്റെ ജീവിത തത്വശാസ്ത്രങ്ങളോട് ആത്മീയമായ ബന്ധമുണ്ട്. ആ ബന്ധത്തിന്റെ മനസ്സിലുറിയ വൈകാരികാംശവും എഴുത്തുകാരന്റെ ചരിത്ര ബോധവും സമന്വയിക്കപ്പെടുന്നത് കൊണ്ടാണ് സി.എച്ചിന്റെ 'എന്റെ ഹജ്ജ് യാത്ര' ആസ്വാദനക്ഷമയുമുള്ള വായനക്കാരന്റെ ഏറ്റവും അടുത്തു വന്നുനിൽക്കുന്നത്.

ആത്മാവിഷ്കാരത്തിന് ശില്പശാല സജ്ജമാക്കുന്ന എഴുത്തുകാരനു തന്റെ കയ്യിലുള്ള ചരിത്രത്തിന്റെ മുത്തുകളും അനുഭവങ്ങളും എഴുത്തിന് സഹായകമായ അസംസ്കൃത വസ്തുക്കളാണ്. ഭാഷയിലെ മിക്ക ക്ലാസ്സിക്ക് കൃതികളും ഗദ്യപദ്യങ്ങളും ഇസ്ലാമിക് ചരിത്രവും പഠിച്ചുറച്ചു മനസ്സിന്റെ ചെപ്പിൽ അവ വിലപ്പെട്ടവയായി സൂക്ഷിക്കുന്ന സി.എച്ചിനു ആ അവബോധം സൃഷ്ടിയുടെ വൈകാരികാംശത്തെ അതിന്റെ ഉൾക്കരുത്തോടെ അവതരിപ്പിക്കാൻ ശക്തി നൽകുന്നു. എന്റെ ഹജ്ജ് യാത്രയിൽ ഒന്ന് തൊട്ടാൽ തിളച്ചുയരുന്ന ഇതി ഹാസ കഥകളുടെ ചാരുതയാർന്ന അവതരണത്തിന് പിന്നിൽ ഈ അവബോധത്തിന്റെ ഉൾക്കരുത്താണുള്ളത്.

(സി.എച്ചിന്റെ സഞ്ചാര സാഹിത്യലോകം എന്ന പുസ്തകത്തിൽ നിന്ന്- കാർവാൻ ബുക്സിനോട് കടപ്പാട്)