VOL 03 |

ഓർമ്മയിലെ സി.എച്ച്

By: എസ്.വി. മുഹമ്മദ് വടകര

ഓർമ്മയിലെ സി.എച്ച്
സി.എച്ച്. മുഹമ്മദ് കോയ വെറും ഒരു വ്യക്തിയായിരുന്നില്ല. ഒരു പ്രതിഭയായിരുന്നു എന്നുപറഞ്ഞാലുമാവില്ല. ഒരു പ്രസ്ഥാനമായിരുന്നു. മുസ്ലിം ജനസാമാന്യത്തിന്റെ എക്കാലത്തെയും വക്താവും ജിഹ്വയും, ഒരു കാലഘട്ട ത്തിന്റെ ഹരവും ജ്വരവും എല്ലാം.... എല്ലാമായിരുന്നു. കേരളത്തിലെ ജനങ്ങൾക്കിടയിൽ അദ്ദേഹം നേടിയെടുത്ത ഇരിപ്പിടം ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു. പകരക്കാരനില്ലാതെ.

ഞങ്ങൾ എസ്.വി. സഹോദരന്മാരോട് ഞങ്ങളുടെ കുഞ്ഞുനാളിലേ സി.എച്ചിന് പ്രത്യേക സ്നേഹവും അടുപ്പവുമുണ്ടായിരുന്നു. വടകരയിൽ വരുമ്പഴെല്ലാം കോട്ടപ്പറമ്പിലെ ഞങ്ങളുടെ സുഹറാമൻസിൽ അദ്ദേഹത്തിനൊരിടത്താവളമായിരുന്നു. ഞങ്ങളുടെ ആപ്പ (മാതൃസഹോദരി ഭർത്താവ്) യും, വടകര താഴെ അങ്ങാടിയിൽ ഈ വർത്തമാനത്ത് കൊഴിഞ്ഞുതീരുന്ന സീനിയർ സിറ്റിസൻമാർക്ക് മുഴുവനും ഉസ്താദും, എ.മമ്മു, വടകര എന്ന പേരിൽ പ്രശസ്തനായിരുന്ന ജേർണലിസ്റ്റും ചരിത്രാന്വേഷകനുമായിരുന്ന മമ്മു മാസറ്ററായിരുന്നു. സി.എച്ചുമായുള്ള ഞങ്ങളുടെ അടുപ്പത്തിനു കാരണക്കാരൻ. ആപ്പയുമായി അന്നത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഏറെ സൗഹൃദത്തിലായിരുന്നുവെങ്കിലും എസ്.വി. സഹോദരന്മാരിൽ മൂത്തയാളായ ജേഷ്ഠൻ അബ്ദുറഹിമാനും, അനുജൻ (മാതൃസഹോദരീ പുത്രൻ) അബ്ദുള്ളാക്കും, ഈ വിനീത ലേഖകനും ഏറ്റവും കൂടുതൽ ആദരണീയനായിരുന്നത് സി.എച്ച്. മാത്രമായിരുന്നു. കൃഷിബിരുദത്തിലേക്കുള്ള എന്റെ പഠന വഴിത്തിരിവിന്റെ വഴികാട്ടിയും അദ്ദേഹമായിരുന്നു.

1962-ൽ പ്രി-പ്രൊഫഷനൽ കോഴ്സിനുശേഷം വെള്ളായണി കാർഷിക കോളേജിൽ ത്രിവത്സര ബിരുദത്തിനു ചേർന്ന ഈ ലേഖകൻ താമസിയാതെ അന്നത്തെ പ്രഥമ കാർഷിക സർവകലാശാലയിലേക്ക് (യു.പിയിലെ നൈനിറ്റാൾ ജില്ലയിൽ) ചേക്കേറുകയായിരുന്നു. അവിടെ ചേരുന്നതിനു മുമ്പ് യു.പി സർക്കാർ ലോൺ സ്കോളർഷിപ്പു നൽകുമെന്നറിഞ്ഞിരുന്നുവെങ്കിലും അഡ്മിഷൻ കഴിഞ്ഞപ്പോൾ “കേരളീയർക്ക് കേരളം നൽകും" എന്ന നിലപാടിലായി. യു.പിയിൽ പഠിക്കുന്നവർക്ക് കേരളത്തിൽ നിന്ന് ലഭ്യമല്ല എന്ന് കേരള അധികാരികളും മറുപടി തന്നു. സംസ്ഥാനങ്ങളുടെ ഈ ചിറ്റമ്മനയം വിവരിച്ച് ഞാൻ പ്രധാനമന്ത്രി നെഹ്റുജിക്ക് നേരിട്ട് പരാതി അയച്ചു. പകർപ്പ് അന്ന് കോഴിക്കോട് എം.പി ആയിരുന്ന എന്റെ നേതാവിനുമയച്ചു കൊടുത്തു. ആദരണീയനായ സി.എച്ചിൽ നിന്ന് മറുമൊഴിക്ക് താമ സമുണ്ടായില്ല. താനും നാളുകൾക്കകം പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിൽ നിന്ന് ഞങ്ങളുടെ വി.സിക്കൊരു നിർദ്ദേശം കിട്ടി. വി.സി എന്നെ നേരിൽ വിളിച്ച് പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിൽ നിന്ന് എനിക്കനുവദിക്കപ്പെട്ട ഇന്ററിം റിലീഫ് (ഇടക്കാലാശ്വാസം) ആയ 100 രൂപയുടെ ചെക്കും ഒപ്പം പി.എമ്മുമായി നേരിട്ട് കത്തിടപാട് നടത്തിയതിന് അൽപം പൗരുഷ താക്കീതും നൽകി. അന്ന് 100 രൂപക്ക് മൂല്യം വളരെ കൂടുതലായിരുന്നു. (ഒന്നരപ്പവന്റെ മൂല്യം) സി.എച്ചിന്റെ ഇടപെടലായിരുന്നു അതിന്റെ പിന്നിൽ.

ക്ലാസിൽ മെമ്മോ വന്നതിനാൽ അന്ന് വി.സിയെ കാണാൻപോകുമ്പോൾ സുഹൃത്തുക്കൾ “പുരീമക്കൻ ലഗാദോ" (തീർത്തും വെണ്ണപുരട്ടുക) എന്നു കളിയാക്കിയിരുന്നു. 'വെണ്ണ പുരട്ടുക' എന്നാൽ മലയാളത്തിലെ 'മണിയടിയ്ക്കുക' എന്നതാണർത്ഥം.

കോഴ്സ് കഴിഞ്ഞ് സർവീസിൽ ചേർന്ന് ഏതാനും വർഷം കഴിഞ്ഞപ്പോൾ കേരളത്തിൽ കാർഷിക സർവകലാശാല നിലവിൽ വന്ന വേളയിൽ അതിലേക്കു മാറുന്നതിന് ഓപ്ഷൻ നൽകണമെന്ന് സി.എച്ച് നിർദ്ദേശിച്ചിരുന്നു. അത് ചെവിക്കൊള്ളാതിരുന്നതിന്റെ ഫലം ഇപ്പോഴും അനുഭവിച്ചു തീർക്കുന്നു.

സ്നേഹമസൃണമായ ആ ഉപദേശം സ്വീകരിച്ചിരുന്നു വെങ്കിൽ.. (വരാൻ വെച്ചത് വഴിയിൽ തങ്ങില്ലല്ലോ).

1969 ജൂലായ് 21-ന് മനുഷ്യൻ ചന്ദ്രനിലിറങ്ങിയ ദിവസം. അനുജൻ അബ്ദുള്ളയെ എം.എസ്. എഫ് രംഗത്ത് നിന്നകറ്റി പഠിത്തത്തിൽ കൂടുതൽ ശ്രദ്ധാലുവാകുവാൻ ഞാൻ തിരുവനന്തപുരം ഔവർ കോളേജിൽ കൊണ്ടുചെന്നാക്കി. അന്നും പിറ്റെദിവസവും സി.എച്ചിനെ കാണാമെന്ന ആഗ്രഹം സഫലമായില്ല. ഇ.എം.എ സ്സിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മന്ത്രിസഭയുടെ കൗണ്ട് ഡൗൺ ദിനങ്ങളായിരുന്നതിനാലായിരുന്നു സി.എച്ചിനെ കാണാൻ കിട്ടാതെ പോയത്. മൂന്നാം നാൾ രാത്രി

8 മണിക്ക് ഞാനും അനുജനും മന്ത്രിമന്ദിരത്തിലെത്തി. സന്ദർശകരുടെ മാരിത്തിരക്ക്. നിരാശനാവാതെ സി.എച്ചിന്റെ സന്തത സഹചാരിയായിരുന്ന ബാബുക്കാന്റെ കയ്യിൽ എന്റെ പേരെഴുതിയ കടലാസ്തുണ്ട് കൊടുത്തു. ഞങ്ങളെക്കാൾ മുമ്പെ അവിടെയെത്തി വരാന്തമുഴുവൻ കയ്യടക്കിയ മാന്യമഹാജനങ്ങളെ മുഴുവൻ അതിശയിപ്പിച്ചുകൊണ്ട് സി. എച്ചിന്റെ വിളി “എസ്. വീ..." മുറ്റത്ത് നിന്നിരുന്ന ഞങ്ങളെ സമീപിച്ച ബാബുക്ക ഹാ.. ഇത്ര പരിചയക്കാരനാണെന്ന് നേരത്തെ പറയരുതോ" എന്നു കമന്റടിച്ചു. ഏറെ നാളുകൾക്കുശേഷം കണ്ട സൗഹൃദത്തിന്റെ പരന്ന ചിരി ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. എം.എസ്. എഫിന്റെ രംഗത്ത് നിന്ന് ഞങ്ങൾ അനുജനെ അകറ്റാൻ ശ്രമിച്ചു. സി.എച്ച് അവനെ എറണാകുളം എം.എസ്.എഫ് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ടാക്കി.

സി.എച്ച്. ദുബായിൽ

1976-79 കാലയളവിൽ ഞാൻ ലീവിൽ ദുബായിൽ ജോലി ചെയ്തിരുന്നപ്പോൾ സി.എച്ച് രണ്ടുതവണ അവിടെ വന്നു. 1976-ലെ തണുത്ത ജനുവരിയായിരുന്നു ഒന്നാമൂഴം. ഒപ്പം സീതിഹാജി, ബി.വി. സേട്ടുസാഹിബ് എന്നിവരുമുണ്ടായിരുന്നു. ചന്ദ്രികാഫണ്ടിലേക്കുള്ള ധനശേഖരണമായിരുന്നു ദൗത്യം. ഇന്ത്യൻ ഹൈസ്ക്കുളിൽ സജ്ജമാക്കിയ സ്റ്റേജിൽ വെച്ചായിരുന്നു സി.എച്ച് എന്നെ കാണുന്നത്.

വടകര മുസ്ലിം വെൽഫയർ അസോസിയേഷന്റെ 200 ദിർഹം സംഭാവന നൽകാൻ സ്റ്റേജിലെത്തിയപ്പോൾ കെട്ടിപ്പുണർന്ന അദ്ദേഹം പിറ്റേന്ന് കാലത്ത് ഹോട്ടൽ മുറിയിൽ ചെന്ന് കാണണമെന്നാവശ്യപ്പെട്ടു.

പിറ്റേന്ന് കാലത്ത് 8 മണിക്ക് തന്നെ ഞാൻ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലെ ആറാം നിലയിലെ മുറിയിലെത്തി. സി.എച്ച്. ടൈ കെട്ടുവാൻ ശ്രമിക്കുകയായിരുന്നു. കെട്ടു ശരിയാവാതെ വന്നപ്പോൾ ഞാൻ സഹായിച്ചു. ബ്രീഫ് കേസിലെ ആറു ടൈകളും അതേ മാതിരി അമേരിക്കൻ നോട്ട് (ഇരട്ടകെട്ട്) ഇട്ട് കോളറിനകത്തിട്ട് ഫിറ്റ് ചെയ്യാവുന്ന പരുവത്തിൽ കെട്ടിവെച്ചു കൊടുത്തു. അപ്പോഴതാ സീതിഹാജി വരുന്നു. "ഇതാരാ സി.എച്ചേ?" സി.എച്ച് പരിചയപ്പെടുത്തി. ഒപ്പം എനിക്കൊരു നിർദ്ദേശവും. "കണ്ടില്ലേ എടവണ്ണക്കാർ പോത്തിന്റെ കഴുത്തിൽ കയറിട്ടപോലെ ടൈ കെട്ടിയത്. നീ അതൊന്ന് നേരെയാക്കിക്കെട്ട്". ആ കളിയാക്കൽ കേട്ടുകൊണ്ടായിരുന്നു ബി.വി. അബ്ദുള്ളക്കോയ സാഹിബും, സേട്ടുസാഹിബും സി.എച്ചിന്റെ മുറിയിലേക്കു വന്നത്. ബി.വിയുടെ ടൈ കെട്ട് പെർഫെക്റ്റായിരുന്നു. സേട്ടുസാഹിബ് പതിവ് ഷെർവാണിയിലും. സീതിഹാജിക്ക് ഒറ്റത്തവണയേ കെട്ട് കാണിച്ചുകൊടുക്കേണ്ടി വന്നുള്ളൂ (അതിബുദ്ധിമാൻ!) നാലുപേരും കഥാവശേഷരായി.

ടൈ കെട്ടും ചായകുടിയും കഴിഞ്ഞിറങ്ങുന്നതിന് മുമ്പ് ലെറ്റർ പേഡിൽ എനിക്കൊരു ശുപാർശക്കത്ത് തന്നു. അന്ന് ദുബായി കസ്റ്റംസ് വകുപ്പിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്തിരുന്ന മാഹിക്കാരൻ മനോളി അബ്ദുൽ ഖാദറിനായിരുന്നു കത്ത്. അത് പിറ്റെ ദിവസം തന്നെ മേൽവിലാസക്കാരന് ഞാൻ എത്തിച്ചുവെങ്കിലും ഗുണം ചെയ്തില്ല. അബ്ദുൽ ഖാദർ അവിടെ പഴയ ആളായിരുന്നതിനാൽ എനിക്ക് എന്റെ ബിരുദത്തിനും പരിചയത്തിനുമനുസ്യതമായ ജോലി ഉടനെ ലഭിക്കുമെന്ന് പാവം സി.എച്ചും ഞാനും കരുതി.

അബ്ര കടന്ന് എല്ലാ ദിവസവും അബ്ദുൽ ഖാദറുടെ കസ്റ്റംസ് കാര്യാലയത്തിൽ കയറിയിറങ്ങിയ എനിക്ക് ഒടുവിൽ ഒരൊഴിഞ്ഞ മറുപടിയാണ് കിട്ടിയത്. അബ്ദുൽ ഖാദർ ഒഴിഞ്ഞുമാറിയതിനു പിന്നിൽ രാഷ്ട്രീയവും പ്രാദേശീകവുമായിരുന്നു എന്നു പിന്നീട് മനസ്സിലായി.

1978-ൽ വീണ്ടും ദുബായിൽ

1978 ഡിസംബറിൽ സി.എച്ചും, റവന്യു മന്ത്രി ബേബിജോണും ഗൾഫുമലയാളികളുടെ ക്ഷേമാന്വേഷണം ലക്ഷ്യമാക്കിയുള്ള യാത്രയിൽ ദുബായിലെത്തി. രണ്ടു മന്ത്രിമാർക്കും ദുബായി കോൺസുലേറ്റിന്റെയും മലയാളികളുടെയും നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകപ്പെട്ടു. എയർപോർട്ടിലെത്തിയ പരശ്ശതം ആളുകളിൽ നിന്ന് ഈ എസ്.വി. കുട്ടിയെ പ്രത്യേകം പേരെടുത്ത് വിളിച്ച് അരികിൽ നിർത്തിയത് സ്വീകരണമൊരുക്കിയ വമ്പന്മാർക്കതിശയമായി.

ബർ ദുബായിലെ ഹോട്ടൽ അംബാസഡറിലായിരുന്നു മന്ത്രിമാർ താമസിച്ചിരുന്നത്. സി.എച്ചിന്റെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്ന ചുമതല ഉച്ചവരെ ലീഗ് കുട്ട്യാലി എന്ന പള്ളിക്കര കുട്ട്യാലിക്കാക്കും വൈകീട്ട് എനിക്കുമായിരുന്നു. ഒരു ദിവസം വൈകിട്ട് മൂന്നു മണിയായിക്കാണും. ഒരു നാദാപുരത്തുകാരൻ സുഹൃത്തും, കൂടെ കണ്ണൂര് ജില്ലാക്കാരനായ ഒരു ഹാജ്യാരും സി.എച്ചിനെ കാണാൻ ഹോട്ടലിലെത്തി. ഞാൻ കാര്യം തിരക്കി. ഹാജ്യാർ നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ടിക്കറ്റെടുക്കാൻ നോക്കുമ്പോഴാണ് പാസ്പോർട്ട് കാലാവധി കഴിഞ്ഞതറിഞ്ഞത്. ശരിയായ യാത്രാരേഖകളൊന്നുമില്ലാതെ ലോഞ്ചുകളിൽ വന്ന് യു.എയിൽ കുടിയേറിയ മുഴുവൻ ഇന്ത്യക്കാർക്കും 1973-ലെ ഷാർജാ ലോഞ്ചപകടത്തിന് ശേഷം യു.എ.ഇ എമ്പസിയിലൂടെയും ദുബായിലെ കോൺസുലേറ്റിലൂടെയും പാസ്പോർട്ടുകൾ നൽകപ്പെട്ടു. അന്ന് പാസ്പോർട്ട് ലഭ്യമായവരിൽ പാക്കിസ്ഥാനിൽ നിന്ന് വന്ന മലയാളികളുണ്ടായിരുന്നു. അങ്ങനെ ലഭ്യമായ തന്റെ പാസ്പോർട്ട് പുതുക്കാൻ ഹാജ്യാർ കോൺസലേറ്റിൽ നൽകി. മൂന്ന് ദിവസം കഴിഞ്ഞ് അത് തിരികെ വാങ്ങാൻ കോൺസുലേറ്റിലെത്തിയപ്പോഴാണ് തന്റെ പൗരത്വത്തെപ്പറ്റി അവിടെ ആരോപരാതി നൽകിയതറിഞ്ഞത്.

അന്ന് ദുബായി കോൺസൽ ജനറൽ പാലക്കാട്ടുകാരനായ വെങ്കിട്ടരാമൻ എന്ന ജെന്റിൽമാനായിരുന്നു. വളരെ നല്ലവനായിരുന്നു. "മലയാളികളായ രണ്ടു മന്ത്രിമാരുണ്ടല്ലോ. ദുബായിൽ, അവരിൽ ഒരാളോട് ഹാജിയാരുടെ പൗരത്വം സാക്ഷ്യപ്പെടുത്തുന്ന കത്ത് വാങ്ങിയാൽ പാസ്പോർട്ട് നൽകാം." എന്ന എളുപ്പവഴി കോൺസുലേറ്റിൽ നിന്ന് പറഞ്ഞതനുസരിച്ച് ഒരു സാക്ഷ്യപത്രത്തിനായി സി.എച്ചിനെ സമീപിക്കുന്നതിനാണ് നാദാപുരത്തുകാരനും ഹാജ്യാരും എത്തിയത്.

മെയ് മറന്ന ജനസേവകൻ

മന്ത്രി നിശ്ചയിക്കപ്പെട്ട മകളുടെ കല്യാണത്തിന് നാട്ടിലെത്താൻ നിയമമനുവദിക്കാത്ത ഹാജ്യാരുടെ കഥകേട്ട് കരളലിഞ്ഞ സി.എച്ച് സ്വന്തം സ്ഥാനം പോലും മറന്നുപോയി. ലെറ്റർ പേഡെടുത്തു കത്തെഴുതുവാനൊരുങ്ങി. ഒറ്റ നിമിഷം ആ കത്തു നൽകലിന്റെ ഭവിഷ്യത്തുകൾ എന്റെ എളിയ ബുദ്ധിയുടെ വിലയിരുത്തലിന് വിധേയമായി. ഹാജ്യാർ പാക്കിസ്ഥാനിൽ പോയിരുന്നതായി പിന്നീട് എൻക്വയറിയിലെങ്ങാനും തെളിഞ്ഞാൽ മഞ്ഞപ്പത്രങ്ങളിലെ വാർത്താ സുവിശേഷങ്ങളെങ്ങനെയിരിക്കും? അത് ആ മഹാ മനുഷ്യസ്നേഹിയുടെ സ്ഥാനത്തെ എങ്ങനെ ബാധിക്കും? ഈ ചോദ്യങ്ങൾക്കുത്തരമില്ലാതെ അസ്വസ്ഥനായ ഞാൻ രണ്ടും കൽപിച്ച് സി.എച്ചിന്റെ കയ്യിൽ കയറിപിടിച്ചു. “കത്തെഴുതരുത് അത് റിക്കാർഡാണ്. വിവരം ഫോണിലൂടെ അറിയിച്ചാൽ മാത്രം മതി." അൽപനേരം "ആബ്സന്റ് മൈൻ്ഡ്" ആയിപ്പോയ നേതാവിന് കാര്യത്തിന്റെ ഗൗരവം പിടികിട്ടി. ഒട്ടും താമസിയാതെ ഞാൻ ഫോൺ ഡയൽ ചെയ്തത് ശ്രീ വെങ്കട്ടരാമനെ "മിനിസ്റ്റർ ഓൺ ലൈൻ" എന്നറിയിച്ചു. പിന്നീട് കാര്യങ്ങൾ വിശദമായി സി.എച്ച് ഫോണിലൂടെ പറഞ്ഞു. ഹാജ്യാർക്ക് പാസ്പോർട്ടും കിട്ടി.

കറപുരളാത്ത കൈകൾ

കറപുരളാത്ത ശുദ്ധ കരങ്ങൾക്കും സ്നേഹമസ്യണമായ മനസ്സിനും ഉടമയായ സി.എച്ചിന് പകരം നിൽക്കാൻ ഇനിയുമാരുമുണ്ടാവില്ലെന്ന് തെളിയിക്കുന്ന മറ്റൊരനുഭവം കൂടിയുണ്ടായി. മകൻ മുനീറിന്റെ ജീൻസിന്റെയും ഫരീദക്കുട്ടിയുടെ മേക്സിയുടെയും അളവു കുറിച്ച തുണ്ടുകടലാസ് അദ്ദേഹം ഈ വിനീതനെ ഏൽപിച്ചിരുന്നത് എവിടെയോ കൈമോശം വന്നുപോയി. എന്നാൽ ഓർമശക്തി അൽപം കൂടുതലുള്ള എനിക്ക് അളവുകൾ മനഃപ്പാഠമായിരുന്നു.

സി.എച്ച്. തിരിച്ചു പോകുന്നതിന്റെ തലേ ദിവസം ഹാജ്യാർ ഒരു ഇടത്തരം സൂട്ട്കേസുമായി വൈകീട്ട് അംബാസഡർ ഹോട്ടലിലെത്തി. ഹാജ്യാർ സൂട്ട്കേസുമായി മുറിയിൽ പ്രവേശിക്കുന്നത് കണ്ട്, സി.എച്ച് “ഹാജ്യാർ ഇന്നുതന്നെ പോവുന്നോ?" എന്നു ചോദിച്ചു. പാസ്പോർട്ട് കിട്ടിയ സന്തോഷത്താൽ മുനീറിന്റെ അളവിലുള്ള കുറെ ജീൻസും, പാന്റ്സും, ഫരീദ മോളുടെ അളവിലുള്ള കുറെ മേക്സികളും പിന്നെ എന്തെല്ലാമോ ഗിഫ്റ്റുകളുമടങ്ങിയ സൂട്ട്കെയ്സ് സി.എച്ചിന് പാരിതോഷികം നൽകാനായിരുന്നു ഹാജ്യാരും നാദാപുരത്തുകാരൻ സുഹൃത്തും പ്രത്യക്ഷപ്പെട്ടത്. വളച്ചുകെട്ടും, ഒളിച്ചുവെക്കലും ഒട്ടും വശമില്ലാത്ത പള്ളിക്കര കുട്ട്യാലിക്ക പെട്ടി സി.എച്ചിനുള്ള പാരിതോഷികമാണെന്നും ഒരു നന്ദിപ്രകാശമാണെന്നും അദ്ദേഹത്തെ അറിയിച്ചു. ഇത് കേൾക്കേണ്ട താമസം സി.എച്ച് ക്ഷോഭിച്ചു. കണ്ണുകൾ ചുവന്നു. ക്ഷുഭിതനായ സി.എച്ചിനെ അന്നാദ്യമായി (അവസാനമായും) കണ്ടു. മറുമൊഴി കിട്ടിയത് എനിക്കായിരുന്നു. “ഇപ്പോൾ തീർച്ചയായി ഹാജ്യാർ പാക്കിസ്ഥാനിൽ പോയിരുന്നു എന്നത്. അല്ലെ എസ്.വി” പാരിതോഷികവുമായി വന്ന ഹാജ്യാരും നാദാപുരത്തുകാരൻ സുഹൃത്തും സ്ഥലം കാലിയാക്കി. കുട്ടികളുടെ അളവെഴുതിയ തുണ്ടുകടലാസിന്റെ തിരോധാനം അപ്പോഴായിരുന്നു പിടികിട്ടിയത്. കുട്ടികൾക്ക് റെഡിമെയ്ഡ് നേരത്തേ വാങ്ങിയിരുന്നതിനാൽ എന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടില്ല. ദുബായി സാധനങ്ങൾ (അതും മക്കൾക്ക് പാരിതോഷികമായി ലഭിച്ചവ) തിരികെ നൽകി, സ്വന്തം സേവന സന്നദ്ധതയ്ക്കും സമുദായ സ്നേഹത്തിനും 100 ശതമാനം മാർക്കു നേടിയ മറ്റേതു രാഷ്ട്രീയ

നേതാവുണ്ട്. കേരളത്തിൽ-ഭാരതത്തിൽ?.

ആ അനർഘ നിമിഷങ്ങളൊക്കെ എന്റെ ജീവിതത്തിലെ ധന്യമായ ഓർമകളാണ്. ദുബായിലേക്കു പോവാൻ അപേക്ഷിച്ച എന്റെ ലീവ് നിരസിച്ച പത്രത്തിൽ എനിക്ക് ജോലിക്കു ഹാജരാവാൻ മെമ്മോ പ്രസിദ്ധപ്പെടുത്തിയ അധികൃതരെ നല്ല ഭാഷയിൽ ശാസിച്ച് എന്റെ ലീവനുവദിപ്പിച്ച ആ വന്ദ്യപുരുഷനെ എങ്ങനെ. "My dear boy" എന്ന് അഭിസംബോധന ചെയ്തുകൊണ്ടെനിക്ക് അദ്ദേഹമെഴുതിയ അഞ്ചാറുകത്തുകൾ എസ്. എസ്. എൽ.സി ബുക്കിലായിരുന്നു ഞാൻ നിധിപോലെ സൂക്ഷിച്ചിരുന്നത്. 1957-ൽ സ്വന്തമായി പണിതീർത്ത വീട്ടിലേക്ക് കുടുംബത്തോടൊപ്പം കൂടുമാറിയ്പോൾ പല പ്രമാണങ്ങളും നഷ്ടപ്പെട്ടുപോയതിൽ എസ്.എസ്.എൽ.സി ബുക്കും അപ്രത്യക്ഷമായി. ആ കത്തു കൾ കൈമോശം വന്നുപോയ ദുഃഖമാണ് സി.എച്ചിനെ ഓർക്കുമ്പോൾ എന്നിലേക്ക് അരിച്ചു കയറുന്നത്. സി.എച്ച്. പിരിഞ്ഞിട്ട് ഇരുപത്തിനാലു വർഷം തികയുന്നു. കാലം പോയതറിഞ്ഞില്ല. ആ ചിരിച്ചുവെച്ച മുഖം മായാതെ മറയാതെ മനസ്സിൽ കൊണ്ടുനടക്കുന്ന എസ്.വി കുട്ടിക്ക് ഒരു പ്രാർത്ഥനയേയുള്ളു. "നാളെ മഅ്ശറയിൽ എന്റെ രക്ഷിതാക്കളോടൊപ്പം ആദരണീയനായ എന്റെ നേതാവിനെയും നേരിൽ കാണുവാനിടയാക്കണേ റബ്ബേ".

തൂലിക - സെപ്തംബർ 2007