സി.എച്ച്
By: ഡോ.എം.എൻ കാരശ്ശേരി

ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും സുഹൃത്തുമായ കാനേഷ് പൂനൂര് ആ കാര്യം പറഞ്ഞു കേട്ടപ്പോൾ ഞാൻ അമ്പരന്നുപോയി. അക്കാലത്ത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബി.എ. വിദ്യാർത്ഥിയായ ഞാൻ ചന്ദ്രിക ആഴ്ച പതിപ്പിൽ എഴുതിയ ഒരു കഥയെ പരിഹസിച്ച് 'തപാൽപെട്ടി'യിൽ കണ്ടകുറിപ്പ് എഴുതിയത് ചീഫ് എഡിറ്റർ സി.എച്ച്. മുഹമ്മദ് കോയയാണ് ! കത്തിനു ചുവടെ ചേർത്ത പേര്: "മമ്മദ്കോയ നടക്കാവ്'. വളരെയേറെ തിരക്കുള്ള മുസ്ലിം ലീഗ് നേതാവും പ്രാസംഗികനും ചന്ദ്രികയുടെ ചീഫ് എഡിറ്ററും ഒക്കെയായ സി.എച്ച്. എന്റെ കഥ വായിക്കുകയോ? വായിച്ചാൽതന്നെ അതിന്ന് ഒരു പ്രതികരണം എഴുതുകയോ? അപ്പോഴാണ് കാനേഷ് ആ രഹസ്യം വെളിപ്പെടുത്തിയത്- സി.എച്ച്. പലപ്പോഴും തപാൽപ്പെട്ടിയിലേക്ക് കത്തുകളെഴുതാറുണ്ട്. പല തമാശപ്പേരുകളിലാണ്.
അങ്ങനെയാണ് എഡിറ്ററെ' ചെന്നൊന്ന് കാണണമെന്ന് എനിക്ക് പൂതി തോന്നിയത്. കാനേഷ് ആ ആഴ്ച തന്നെ എന്നെയും കൂട്ടി കർട്ടനുകളുടെ പച്ചനിറത്തിൽ മുങ്ങിയ ആ മുറിയിൽ ചെന്നു. എന്തോ വായിച്ചുകൊണ്ടിരുന്നവാക്യം പൂർത്തിയാക്കി പുസ്തകം മടക്കിവെച്ച് പറഞ്ഞു:
'ഇരിക്ക്'
ഒറ്റ വാക്യത്തിൽ എന്നെ പരിചയപ്പെടുത്തി കാനേഷ് ജോലിയിലേക്ക് തിരിച്ചുപോയി.
സി.എച്ച്. എന്റെ നാടിനെപ്പറ്റിയും കുടുംബത്തെപ്പറ്റിയും പഠിപ്പിനെപ്പറ്റിയും ഒക്കെ വിസ്തരിച്ചു ചോദിച്ചു. എന്റെ മൂത്താപ്പ എൻ.സി.കോയക്കുട്ടി ഹാജിയെ മൂപ്പർക്ക് പരിചയമുണ്ട്. എനിക്ക് ശകലം അന്തസ്സ് തോന്നി! നല്ലപോലെ പഠിക്കണമെന്നും സ്ഥിരമായി ചന്ദ്രികയിൽ എഴുതണമെന്നും ഉപദേശിച്ചു. കൂട്ടത്തിൽ ഒന്നുകൂടിപ്പറഞ്ഞു: പഠിപ്പ് എഴുത്തിനെയോ, എഴുത്ത് പഠിപ്പിനെയോ ബാധിക്കാതെ നോക്കണം.
ആ മുറിയിൽനിന്ന് പുറത്തു കടക്കുമ്പോഴും എനിക്ക് അമ്പരപ്പ് ബാക്കിയായിരുന്നു - പ്രസംഗവേദികളിൽ ആവേശോജ്വലമായി കത്തിക്കാളുന്ന ഈ മനുഷ്യൻ, എതിരാളികളുടെ മർമ്മം പിളർക്കുന്ന നർമ്മം പ്രയോഗിക്കുന്ന ഈ പോരാളി, അതിപ്രശസ്തനായ രാഷ്ട്രീയനേതാവ്, ഒരു പതിനെട്ടുകാരനോട് എന്തൊരു പരിഗണനയാണ് കാണിച്ചത്!
ചന്ദ്രിക ആപ്പീസിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ധാരാളം കഥകൾ എ.എം. കുഞ്ഞിബാവയും കാനേഷും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അധികവും ആ മനസ്സിന്റെ വലിപ്പം കാണിക്കുന്ന തമാശകളാണ്. അതിലൊരെണ്ണം പറയാം: അക്കാലത്ത് ഇടയ്ക്കിടെ ചന്ദ്രിക സാമ്പത്തികപ്രതിസന്ധിയിൽ ചെന്നുചാടും. അത്തരമൊരു സന്ദർഭം. ചീഫ് എഡിറ്റർ മെയിൻ ബിൽഡിംഗിന്റെ വാതിൽക്കൽ നിൽക്കുകയാണ്. മാനേജർ വന്ന് ആ മാസം ശമ്പളംകൊടുക്കാൻ പ്രയാസമാണെന്ന് പറഞ്ഞു.
സി.എച്ച്. റോഡിന്റെ എതിർവശത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ചുവരിലെ മഹദ് വചനം ചൂണ്ടിക്കാണിച്ച് പറഞ്ഞു: 'അതാ, ആ എഴുത്ത് കണ്ടോ. അത് ഓരോ കടലാസ്സിൽ എഴുതി ഓരോരുത്തർക്കും കൊടുത്തേക്ക്.'
മാനേജർ ചുവരിലേക്ക് നോക്കി. അവിടെ മുഴുപ്പിച്ച് എഴുതിവെച്ചിരിക്കുന്നു: 'പാപത്തിന്റെ ശമ്പളം മരണമത്രെ!'
മുസ്ലിം ലീഗുകാരെയും മാപ്പിളമാരെയും ചന്ദ്രികയെയും ഒക്കെ തമാശയാക്കുന്നത് മൂപ്പർക്ക് ഒരു പ്രത്യേക ഹരമായിരുന്നു. മുസ്ലിംകളുടെ സൽക്കാരക്കമ്പത്തെ കളിയാക്കി 'ലീഗ് നേതാവായിരിക്കാൻ സഹനശക്തി മാത്രം പോരാ, 'ദഹനശക്തിയും വേണം' എന്നു പറയാറുണ്ടായിരുന്നു.
ഇതിനിടെ എനിക്ക് ബി.എ. പരീക്ഷയ്ക്കു ഒന്നാം റാങ്ക് കിട്ടിയതിലും ഞാൻ മലയാളം എം.എ.യ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ ചേർന്നതിലും ഒക്കെ സി.എച്ച്.താൽപര്യം കാണിച്ചതായി കാനേഷ് പറഞ്ഞറിഞ്ഞു. എന്നെ ശ്രദ്ധിക്കുന്ന 'കാര്യമായ ഒരാളു'ണ്ടെന്ന തോന്നൽ എന്റെ ഉത്തരവാദിത്തം വർദ്ധിപ്പിച്ചു. ഞാൻ വല്ലപ്പോഴുമൊക്കെ ചന്ദ്രികയിൽ ചെന്നു കാണുമായിരുന്നു. ഒരിക്കൽ എന്നോടു പറഞ്ഞു: 'നിങ്ങളുടെ മൂത്താപ്പ കോയക്കുട്ടി ഹാജി വലിയ ലീഗ് വിരുദ്ധനാണ്. ഞങ്ങളുടെ പാർട്ടിയെ കണ്ടുകൂടാ. സംഭാവനപോലും തരില്ല. പക്ഷേ എനിക്ക് മൂപ്പരെ ഇഷ്ടമാണ്. കാരണം മൂപ്പരുടെ ലീഗ് വിരോധം ഇഖ്ലാസ് ഉള്ളതാണ്.'
അതിനെപ്പറ്റി ഞാൻ പിന്നെയും പിന്നെയും ആലോചിച്ചു. ഒരാൾ നമ്മുടെ ആശയത്തിനെതിരാവുമ്പോഴും അയാളുടെ നിലപാട് ആത്മാർത്ഥമാണെങ്കിൽ അത് മനസ്സിലാക്കുകയും അയാളോട് അനിഷ്ടം കാണിക്കാതിരിക്കുകയും വേണമെന്ന പാഠത്തിലേക്ക് ഞാൻ യാത്ര ആരംഭിച്ചത് സി.എച്ചിന്റെ ആ പറച്ചിലിനെത്തുടർന്നാണ്.
1975 കാലത്ത് അദ്ദേഹത്തിന്റെ അയൽക്കാരനായി കുറച്ചു മാസം താമസിക്കാനിടയായത് ഞങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാൻ കാരണമായി. ഞാനന്ന് എന്റെ ബന്ധുവായ ടി.കെ. പരീക്കുട്ടി ഹാജിയുടെ പാർസൽ സർവീസിൽ ജോലിക്കാരനാണ്. താമസം പരീകുട്ടി ഹാജിയുടെ നടക്കാവിലുള്ള വീട്ടിൽത്തന്നെ. പരീക്കുട്ടി ഹാജിക്ക് ഇടയ്ക്കിടെ ഓരോ കാര്യമുണ്ടാവും. ഇതിന്നു വേണ്ടി മൂപ്പരുടെ കൂടെയോ, ഒറ്റക്കോ സി.എച്ചിനെ ചെന്നു കാണേണ്ട ഡ്യൂട്ടി കിട്ടും. ഇതൊക്കെ എനിക്ക് വലിയ ആനന്ദമായിരുന്നു. ഓരോ തവണ കാണുമ്പോഴും വലിയൊരു നേതാവിനെ കണ്ടു എന്ന തോന്നലല്ല, സരസനും വാത്സല്യസമ്പന്നനും ആയ ഏതോ കാരണവരെ കണ്ടു എന്ന തോന്നലാണ് എനിക്കുണ്ടായത്.
കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാളവിഭാഗത്തിൽ ഞാൻ ഗവേഷണ വിദ്യാർത്ഥിയായിച്ചേർന്നു എന്നും വിഷയം മാപ്പിളപ്പാട്ടാണെന്നും ചെന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിന്ന് വളരെ സന്തോഷമായി. മാപ്പിളപ്പാട്ടു കമ്പക്കാരനായ സി.എച്ച്. പല സുഹൃത്തുക്കളോടും എന്റെ ഗവേഷണത്തെപ്പറ്റി സംസാരിച്ചതായി അറിഞ്ഞു. സ്വാഭാവികമായും അതെനിക്ക് വലിയ പ്രോത്സാഹനമായി.
സി.എച്ചിന്റെ പ്രിയസുഹൃത്തും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ അദ്ധ്യാപകനും ആയ ഡോ.എൻ.എ. കരീം സ്റ്റുഡന്റ് വെൽഫെയർ ഡീനായി കാലിക്കറ്റ് സർവകലാശാലയിൽ വന്നുചേർന്നതോടെയാണ് സി.എച്ചുമായി കൂടുതൽ ഇടപഴകാൻ എനിക്കവസരം കിട്ടിയത്.
കരീംസാറും സി.എച്ചും നല്ല കമ്പനിയാണ്. രണ്ടുപേരും നല്ല തമാശ പറയും. ഒന്നിച്ച് ചന്ദ്രികയിൽ ജോലിചെയ്തിട്ടുണ്ട്. നിരന്തര സമ്പർക്കമുണ്ട്. ഇടയ്ക്കിടെ കരീംസാറ് സി.എച്ചിന്റെ കഥകൾ പറഞ്ഞുതരും. പലതും തമാശകളാണ്. കരീംസാറ് പല യാത്രകളിലും എന്നെ ഒപ്പം കൂട്ടിയിരുന്നു. അങ്ങനെ ഇടയ്ക്ക് സി.എച്ചിനെയും ചെന്നു കണ്ടിട്ടുണ്ട്. ആ കാഴ്ചകൾ ഞങ്ങൾക്കിടയിലെ പ്രായത്തിന്റെ അതിരുകൾ പോലും മായ്ച്ചുകളഞ്ഞു. അദ്ദേഹത്തോട് ഏതുവിഷയത്തെപ്പറ്റിയും എപ്പോഴും എന്തും പറയാവുന്ന ഒരു 'ആൾ' ആയി ഞാൻ മാറി. അത് അദ്ദേഹത്തിന്റെ വലിപ്പം. ചന്ദ്രിക നടത്തിപ്പിനെപ്പറ്റിയും മുസ്ലിം ലീഗിന്റെ നയങ്ങളെപ്പറ്റിയും എനിക്ക് വിമർശനങ്ങൾ പലതുണ്ടായിരുന്നു. അതൊക്കെ തുറന്നു പറയുന്നതിൽ ഒരു കേസുമില്ല. ഒരിക്കൽ ഞാൻ ചോദിച്ചു.
'മുസ്ലിം ലീഗ് എന്തിന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഈ മട്ടിൽ എതിർത്തു?'
എന്റെ ആവേശം കണ്ട് സി.എച്ച്. ചിരിച്ചു: 'കാരശ്ശേരി ഒന്നാമത് മനസ്സിലാക്കേണ്ടത്: അന്ന് ലീഗ് നേതൃത്വത്തിൽ സി.എച്ച്. ഇല്ല. അതുകൊണ്ട് ഇതിന് ആ നിലയ്ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം എനിക്കില്ല. രണ്ടാമത് മനസ്സിലാക്കേണ്ടത്. അന്ന് അബ്ദുറഹ്മാൻ സാഹിബ് പറഞ്ഞ പലതും മുസ്ലിം സമുദായത്തിന്ന് മനസ്സിലാവുമായിരുന്നില്ല. സമുദായത്തിന്ന് മനസ്സിലാവുംപോലെ പറയാൻ സാഹിബിന്നും അറിഞ്ഞുകൂടായിരുന്നു. സാഹിബ് കാലത്തിന്ന് മുമ്പേവന്ന നേതാവാണ്.' പത്തു മുപ്പതു കൊല്ലം മുമ്പ്, വേറൊരിക്കൽ ഞാൻ ചോദിച്ചു: 'ഇവിടത്തെ ഹരിജനങ്ങളുടെയും മുസ്ലിംകളുടെയും പ്രശ്നങ്ങൾ പലതും സമാനമല്ലേ? രണ്ട് കൂട്ടരും ചേർന്ന് ഒരു രാഷ്ട്രീയപാർട്ടിയുണ്ടാക്കുകയല്ലേ, വേണ്ടത്?
അപ്പോഴും മൂപ്പർ ചിരിച്ചു: 'ഇപ്പറയുന്ന ചിലതൊക്കെ സത്യമാവാം. അത്തരം ഒരു രാഷ്ട്രീയപാർട്ടിയെപ്പറ്റി ആലോചിക്കുകയും ചെയ്യാം. ഇപ്പോൾ സമയമായിട്ടില്ല. നിങ്ങൾ മുസ്ലിം മൈൻഡിനെപ്പറ്റി ചിന്തിക്കണം. അവർക്ക് തിരിയാത്ത വിപ്ലവം പറഞ്ഞ് അവരെ ഹലാക്കാക്കിയിട്ടെന്ത് കിട്ടാനാണ്? പിന്നെ ഞങ്ങൾ ഈ വഴിക്കൊക്കെ ആലോചിക്കുന്നതു കൊണ്ടല്ലേ, ചടയനെ എം.എൽ.എ. ആക്കിയ ?
1976 - ൽ ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ചേർന്നു. എന്തോ അത്യാവശ്യത്തിനു തിരുവനന്തപുരത്തു പോകേണ്ടതുണ്ടായിരുന്നു. സി.എച്ച്. മന്ത്രിയാണ്. കരീം സാറ് കേരള സർവകലാശാലയിൽ പ്രോ-വൈസ് ചാൻസലറും. കരീം സാറിനോടൊപ്പം ഞാൻ മന്ത്രിമന്ദിരത്തിൽ ചെന്ന് കണ്ട് വിവരം പറഞ്ഞപ്പോൾ സി.എച്ചിന്റെ മുഖം ചുവന്നു. പിന്നെ സംസാരം കരീം സാറിനോടാണ്:
'ഇതെന്താ കരീം ഈ കേൾക്കുന്നത്? ഇയാൾ മാതൃഭൂമിയിൽ ചേർന്നെന്നോ? പ്രത്രക്കാരനാവാനാണോ കാരശ്ശേരി ഇക്കാലമൊക്കെ പഠിച്ചത്? ഇയാൾ തുടങ്ങിവെച്ച ഗവേഷണം ആര് പൂർത്തിയാക്കും? പത്രക്കാരനാവണമെങ്കിൽ ഞാൻ ഇയാളെ ചന്ദ്രികയിൽ നിയമിക്കുമായിരുന്നല്ലോ. ഞാൻ ആ വഴിക്ക് ആലോചിച്ചതേയില്ല. കാരണം പത്രക്കാരനാവാൻ ഒരു മാതിരിക്കാർക്കൊക്കെ പറ്റും. യൂണിവേഴ്സിറ്റിയിൽ ചെന്ന് ഗവഷണം നടത്തി പിഎച്ച്.ഡി. എടുക്കാൻ എല്ലാവർക്കും പറ്റുമോ? ഇത് ശരിയല്ല. കാരശ്ശേരി രാജിവെയ്ക്കണം.'
കരീംസാറും ഞാനും സ്തംഭിച്ചു പോയി. കരീംസാറിന്റെ കൂടി ഉപദേശം അനുസരിച്ചാണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കരീംസാറ് പറഞ്ഞു:
'സി.എച്ച്. പറഞ്ഞതു എനിക്ക് മനസ്സിലായി. പക്ഷേ'
'കരീം, ഒരു ജോലി ഇത്ര വലിയ പ്രശ്നമാണോ? നമ്മളൊക്കെ ഇവിടെയില്ലേ? എനിക്ക് കാരശ്ശേരിയെപ്പറ്റി വളരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടിപ്പേൾ-'
കരീംസാറ് വിഷമിച്ചു. ഗവേഷണം പാർട്ട് ടൈം ആയി തുടരാമെന്നും രണ്ടു മൂന്നു കൊല്ലം മാതൃഭൂമിയിൽ പണിയെടുക്കുന്നത് നല്ലൊരനുഭവം ആകുമെന്നും വൈകാതെ കോളജിൽ ലക്ചറർ ആയിക്കിട്ടിയേക്കുമെന്നുമൊക്കെ സി.എച്ചിനെ പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹം പാടുപെട്ടു. അന്ന് ഞങ്ങൾ ഇറങ്ങുമ്പോൾ സി.എച്ച്. പറഞ്ഞു: 'പിഎച്ച്.ഡി. എടുക്കണം. എന്നിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആകണം.' തമാശ കേൾക്കണോ: മാതൃഭൂമിയിൽ അന്ന് പണി കിട്ടാൻ പ്രയാസമാണ്. എനിക്ക് പണി കിട്ടിയതിനെപ്പറ്റി സുഹൃത്തുക്കൾക്കിടയിൽ പരന്ന പരദൂഷണം - സി.എച്ചിന്റെ ശുപാർശകൊണ്ടുകിട്ടിയതാ! മാതൃഭൂമിക്കാലത്തു എനിക്കുണ്ടായ മറ്റൊരനുഭവം. തിരുവനന്തപുരത്തു ആദ്യത്തെ ലോക മലയാളസമ്മേളനം നടക്കുന്നു. കേരള സർവ്വകലാശാലയുടെ മേൽനോട്ടം. സി.എച്ചിന് കൂടി പങ്കാളിത്തമുള്ള മന്ത്രിസഭ കാര്യമായൊരു തുക അനുവദിച്ചിട്ടുണ്ട്. ഒരുസമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ചെന്ന ഞാൻ സമ്മേളനത്തിന്റെ നടത്തിപ്പിനെ നിശിതമായി വിമർശിച്ച് ഒരു റിപ്പോർട്ടയച്ചു. മാതൃഭൂമി ഒന്നാം പേജിൽ വളരെ പ്രാധാന്യം
നൽകി എന്റെ പേര് ചേർത്ത്
അത് കൊടുത്തു. ഞാൻ ശരിക്കും ബേജാറായി - സി.എച്ചിനും കരീംസാറിനുമൊക്കെ
എന്തുതോന്നും?
ഞാൻ കരീംസാറിനെ ഫോണിൽ വിളിച്ചു. അദ്ദേഹം പറഞ്ഞു. 'ഒന്നും വിഷമിക്കേണ്ട. ആ വിമർശനമൊന്നും സി.എ ച്ച്. വ്യക്തിപരമായി എടുക്കില്ല. നമ്മൾ ഓരോരുത്തരും നമ്മുടെ ഓരോ പണിയെടുക്കുന്നു. അത്രയേയുള്ളൂ.' അന്നു വൈകുന്നേരം കരീംസാറും ഞാനും സി.എച്ചിനെ പോയിക്കണ്ടു. ഞങ്ങൾ ഒപ്പം ചായ കുടിച്ചു. തമാശ പറഞ്ഞു. ആ റിപ്പോർട്ടു കണ്ടതായേ മൂപ്പർ ഭാവിച്ചില്ല! മന്ത്രിമന്ദിരത്തിൽ വെച്ച് വേറൊരു സന്ദർഭത്തിൽ നിത്യസഹചരനായ ബാബുവിനെ ചൂണ്ടിക്കാട്ടി എന്നോടു പറഞ്ഞു:
'കാരശ്ശേരീ, നമ്മുടെ ഈ ബാബു വില്ലേ, ഇവന് തിരുവനന്തപുരത്ത് എന്നെ ക്കാൾ സ്വാധീനമുണ്ട്. ഇവനെ എല്ലാവർക്കും അറിയാം. ഇവന് ആരോടും എന്തും പറയാം. അതുകൊണ്ട് ഇവിടെ എന്ത് കാര്യം നടക്കാനുണ്ടെങ്കിലും ഇനി ബാബുവിനോട് പറഞ്ഞാൽ മതി.' ഇതൊക്കെ മൂപ്പർ ആവർത്തിച്ചു പറയും, കേട്ടോ, 'കോയക്കാ' എപ്പോഴും കളി പറയുന്ന ആളാണെന്നറിയുന്ന മെലിഞ്ഞു നീണ്ട ബാബുവിന് വെളുവെളെയുള്ള ചിരി താടിമീശകൾക്കിടയിലൂടെ അന്നേരത്തു പ്രകാശിക്കും.
മാതൃഭൂമി വിട്ട് ഞാൻ മീഞ്ചന്ത ആർട്സ് കോളജിൽ അദ്ധ്യാപകനായ കാലം. ഗവേഷണം പുനരാരംഭിച്ചു. ആയിടെ ഒരു വൈകുന്നേരം ഞാൻ സി.എച്ചിന്റെ നടക്കാവിലെ വീടിന്റെ കോലായിൽ എന്തോ തമാശയും പറഞ്ഞ് ഇരിക്കുകയാണ്.
അപ്പോൾ മഞ്ഞയിൽ ചുവന്ന പുള്ളികളുള്ള ബ്ലാക്ക് ഷർട്ടും ഇളംമഞ്ഞ പാന്റ്സും ധരിച്ച വെളുത്തുതുടുത്ത ഒരു ചെറുപ്പക്കാരൻ പാന്റ്സിന്റെ കീശയിൽ കൈതിരുകി ഗേറ്റ് കടന്നുവന്നു. ഞാൻ കൗതുകം പൂണ്ടു: സി.എച്ചിന്റെ മോൻ എത്ര മുതിർന്നുപോയി!
'നിങ്ങക്ക് മുനീറിനെ അറിയാമല്ലോ ഇല്ലേ..'പിന്നെ! കുട്ടിയാവുമ്പോഴേ കാണുന്നതല്ലേ?'
അതു കേട്ടതും മുനീറിന്റെ മുഖം ലജ്ജ കൊണ്ടു ചുവന്നു. സി.എച്ച്. മകനോട് ചോദിച്ചു: 'നിനക്ക് കാരശ്ശേരി മാഷെ അറിയാം, ഇല്ലേ?' മുനീർ ഒന്നുകൂടി ലജ്ജിച്ച്, എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ച്, ഉപ്പയുടെ ചോദ്യത്തിന് തലയാട്ടൽകൊണ്ട് മറുപടി പറഞ്ഞ് പതുക്കെ അകത്തേക്ക് പോയി.
ഞാൻ പറഞ്ഞു: 'മുനീറിന്ന് മെഡിസിന് കിട്ടി എന്നു കേട്ടു.' നന്നായി സി.എച്ചിന്റെ മുഖം ഗൗരവം പൂണ്ടു: 'ഞാൻ നിങ്ങളോട് പറയാനിരിക്കുകയായിരുന്നു.
അവന് വലിയ പൂതി. എന്താ പറയുക? നിങ്ങൾ അവനെ ഒന്നു പദേശിക്കണം.' എനിക്കങ്ങോട്ടു മനസ്സിലായില്ല. ഞാൻ ചോദിച്ചു: 'എന്താ കുഴപ്പം?'
'കുഴപ്പമൊന്നുമില്ല. മെഡിസിൻ ആണോ അവൻ പഠിക്കേണ്ടത്? അതിലൊക്കെ എന്താ ഇത്ര പഠിക്കാനുള്ളത്? ജോലി കിട്ടും. പൈസയുണ്ടാക്കാം. ഞാനവനോടു പറഞ്ഞതാണ്, ചരിത്രം പഠിക്കാൻ. അവൻ ചരിത്രത്തിൽ എം.എ.യും പിഎച്ച്.ഡിയും എടുത്തു കാണാനാണ് എനിക്ക് ആഗ്രഹം. നിങ്ങൾ അതൊന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം.'
'മുനീറിന്ന് മെഡിസിന് പഠിക്കാനാണ് താൽപര്യമെങ്കിൽ അത് പഠിക്കട്ടെ. അതു കഴിഞ്ഞ് ചരിത്രം വായിച്ചാൽ പോരെ?' 'എന്തു താൽപര്യം? ഇതൊക്കെ മാഷ്മ്മാരോ ക്ലാസ് മേറ്റുകളോ പറയുന്നതാവും. അല്ലാതെന്താ? എന്തൊരു മെനക്കെട്ട പണിയാണ്, ഡോക്ടറുടേത്! ചരിത്രം പഠിച്ച് സംസ്കാരത്തെപ്പറ്റി ഗവേഷണം നടത്താൻ നിങ്ങൾ അവനോട് പറയണം.' ഞാൻ ചിരിച്ചൊഴിഞ്ഞു. ഞാൻ എന്താണ് പറയുക? ഞാനോർത്തത് വേറൊരു തമാശയാണ്. മുനീറിന്ന് ബാംഗ്ലൂരിൽ മെഡിസിന് സീറ്റു കിട്ടിയതിനെപ്പറ്റി എന്തെല്ലാം പരാതികളാവും നാട്ടിൽ പരന്നിരിക്കുക?
നടക്കാവിലെ "ക്രസന്റ് ഹൗസിലെ' മറ്റൊരനുഭവം ഇപ്പോൾ ഓർമ്മ വരുന്നു: ഗേറ്റിൽ പതിവില്ലാതെ ഒരു പോലീസുകാരൻ. അയാൾ ഗൗരവത്തിൽ എന്നോട് ചോദിച്ചു: 'എന്താ വന്നത്?' 'സി.എച്ചിനെ കാണാൻ'
'മിനിസ്റ്റർക്ക് നല്ല സുഖമില്ല' "അതുകൊണ്ടാ കാണാൻ വന്നത്' 'കാണാൻ പറ്റില്ല' 'അതെന്താ?'
"മിനിസ്റ്റർക്ക് വിശ്രമം വേണം. ആളെ കടത്തിവിടാതിരിക്കാനാ എന്നെ ഇവിടെ നിർത്തിയിരിക്കുന്നത്.' സാധു മനുഷ്യൻ. അയാൾ സ്വന്തം ഡ്യൂട്ടി ചെയ്യുന്നു. 'ശരി' എന്ന് പറഞ്ഞ് ഞാൻ തിരിച്ചുനടന്നു. നാലടി നടന്നപ്പഴേയ്ക്ക് "ഹേയ് കാരശ്ശേരീ' എന്നു വിളിച്ചു ബാബു ഓടി വന്നു. "എന്താങ്ങള് കോയാക്കനെ കാണാതെ പോവ്വാ?'
'ആളെ വിടുന്നില്ലെന്ന് പറഞ്ഞു.' "അതൊന്നും ങ്ങള് നോക്കണ്ട. ബരീ. കോയാക്ക മോളിലുണ്ട്. ചെല്ലീ.' ഞാൻ കയറിച്ചെല്ലുമ്പോൾ മുകളിലെ കിടപ്പുമുറിയിൽ മൂപ്പര് വിശ്രമിക്കുകയാണ്. എന്നോട് ഇരിക്കാൻ പറഞ്ഞു. പെട്ടെന്ന് ഇറങ്ങണം എന്നു കരുതിയതിനാൽ ചെന്നപാടെ ആയിടെ പുറത്തിറങ്ങിയ എന്റെ 'തിരുമൊഴികൾ' എന്ന പുസ്തകത്തിന്റെ കോപ്പി കൊടുത്തു. പത്തമ്പതു പേജ് മാത്രമുള്ള ചെറിയ പുസ്തകമാണ്. ഒന്നും മിണ്ടാതെ അദ്ദേഹം ശ്രദ്ധാപൂർവ്വം പേജ് മറിച്ചു. അപ്പോൾ തന്നെ വായനയും തുടങ്ങി. ഓരോ പേജായി മറിച്ച് അര മണിക്കൂർ കൊണ്ട് വായിച്ചുതീർത്തു! ഞാൻ അതി ശയിച്ചു പോയി.
പുസ്തകം മടക്കിവെച്ച് പറഞ്ഞു: 'നന്നായിട്ടുണ്ട്. ഇത് മുഴുവൻ നബിവചനങ്ങളല്ലേ? മലയാളത്തിന്റെ കൂടെ അറബിമൂലം കൂടി കൊടുക്കാമായിരുന്നില്ലേ?' ഞാൻ പറഞ്ഞു: "അമുസ്ലിംകൾക്ക് പുസ്തകം വായിക്കാൻ അസൗകര്യം തോന്നും എന്ന് വെച്ച് അതു ഒഴിവാക്കിയതാണ്. എല്ലാ മതവിശ്വാസികളും നബിവചനസമാഹാരം വായിക്കണം എന്നു കരുതിയാണ് ഇത് തയ്യാറാക്കിയത്.' 'ശരിയാ, ശരിയാ' എന്നു പറഞ്ഞ് - സ്വന്തം പുസ്തകശേഖരത്തിലുള്ള ചില പുസ്തകങ്ങൾ സമ്മാനമായിത്തന്നു.
ഏതു സ്ഥാനത്തിരിക്കുമ്പോഴും എവിടെയും എപ്പോഴും ഞങ്ങൾക്കൊക്കെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നു. ഞങ്ങൾക്കെന്ന് പറഞ്ഞാൽ, സാഹിത്യവുമായി ബന്ധമുള്ള വർക്ക്. കരീം സാറ് എപ്പോഴും പറയും 'നല്ല രാഷ്ട്രീയനേതാവാണെന്നോ, നല്ല മന്ത്രിയാണെന്നോ, നല്ല പ്രസംഗകനാണെന്നോ പറഞ്ഞു കേൾക്കാൻ സി.എച്ചിന് മോഹമില്ല; മോഹം നല്ല സാഹിത്യകാരനാണെന്ന് പറഞ്ഞു കേൾക്കാനാണ്.'
സംഗതി വളരെ ശരിയാണെന്നാണ് എന്റെയും അനുഭവം. സാഹിത്യത്തെപ്പറ്റിയും സാഹിത്യകാരന്മാരെപ്പറ്റിയും സംസാരിക്കുവാനാണ് മൂപ്പർക്ക് ഇമ്പം. ബഷീറിനോടും ഉറൂബിനോടും വലിയ ഭ്രമം. ബഷീറിന്ന് സി.എച്ചിനെ വലിയ വാത്സല്യമായിരുന്നു. ഒരിക്കൽ അതേപ്പറ്റി ചോദിച്ചപ്പോൾ ബഷീർപറഞ്ഞു:
'വല്ല വിവരവുമുണ്ടോ സാറേ? സി.എച്ച്. ഇവിടത്തെ സാദാ രാഷ്ട്രീയക്കാരെപ്പോലെ ഒരുത്തനല്ല. പുസ്തകം വായിക്കും. വായിച്ചത് മനസ്സിലാക്കാനുള്ള സാമാനം ആ തലയ്ക്കകത്തുണ്ട്.' 'വല്ല തെളിവും പറയാമോ?'
'ചുമ്മാ.... ഇതിനെന്തിനാ തെളിവ്? നിങ്ങൾക്ക് സി.എച്ചിനെ അറിഞ്ഞുകൂടേ? ഇനി, തെളിവുവേണമെങ്കിൽ ഇന്നാ പിടിച്ചോ - മാപ്പിളമാരുടെ ഏതോ ഒരു യോഗത്തിൽ ഒരു കാക്കാ എന്നെ കുറെ ചീത്ത പറഞ്ഞു. 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു' എന്ന പേരിൽ ഞാൻ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. നിങ്ങൾ വായിച്ചോ എന്നറിഞ്ഞുകൂടാ. അത് വായിക്കണമെന്ന് സർക്കാർ നിയമമൊന്നും ഇല്ല, കെട്ടോ. കഷ്ടകാലത്തിന് ആ കാക്കാ അതു വായിച്ചിട്ടുണ്ട്. എന്നിട്ട് മനസ്സിലാക്കിയതെന്താണെന്നോ അതിൽ മെതിയടിയെപ്പറ്റി പരിഹസിച്ചുപറഞ്ഞിട്ടുണ്ട്. മെതിയടി എന്നു പറയുന്ന ശറഫാക്കപ്പെട്ട സാമാനം മുസ്ലിംകൾ നിസ്കരിക്കുവാൻ വേണ്ടി വുളു എടുത്താൽ ഇടുന്നതാണ്. അതുവഴി ബഷീർ നിസ്ക്കാരത്തെ പരിഹസിച്ചിരിക്കുന്നു. മുസ്ലിം വിരുദ്ധമാണ് ആ പുസ്തകം. ബഷീർ മുസ്ലിം വിരുദ്ധ സാഹിത്യകാരനാണ്! ഈ കാക്കാ പ്രസംഗിച്ചു തീർന്ന ഉടനെ സി.എച്ച്. പ്രസംഗിച്ചു. എന്താ പറഞ്ഞതെന്നോ-'മെതിയടിയും നിസ്ക്കാരവും മാത്രമല്ല ആ പുസ്തകത്തിൽ തിരയേണ്ടത്. അതിൽ മുസ്ലിം സാമൂഹ്യ ജീവിതമുണ്ട്. അതിന്റെ ഭംഗികളുണ്ട്. സ്വാഭാവികമായും സാമൂഹ്യവിമർശനമുണ്ട്. ആ വിമർശനം മുസ്ലിംകൾ സദ്ബുദ്ധിയോടെ സ്വീകരിക്കണം. ബഷീർ ആർക്കും എതിരല്ല'. തിരിഞ്ഞോ സാറേ? നേരത്തെ വഅള് പറഞ്ഞ കാക്കാ ഏതു വഴിക്ക് പോയെന്ന് കണ്ടില്ല. സാഹിത്യം തിരിയാത്ത കാക്കാമാരിൽ നിന്ന് എന്നെ രക്ഷിച്ചവരിലൊരുത്തൻ സി. എച്ചാണ്. ആ കാക്കമാർ ഹാലിളകി വന്നിരുന്നെങ്കിൽ എന്റെ സ്ഥിതിയെന്താ, കാക്കാ?'
സി.എച്ച്. ഞങ്ങളോട് രാഷ്ട്രീയം സംസാരിച്ചില്ല. വ്യക്തിപരമായ വിശേഷങ്ങളും കലാസാഹിത്യപ്രശ്നങ്ങളുമാണ് സംസാരിച്ചത്. എന്താവശ്യത്തിന്നും മൂപ്പർ ഞങ്ങൾക്ക് എത്തി; എന്തു സഹായം ചെയ്തു തന്നാലും ഞങ്ങൾ മൂപ്പർക്കുമുമ്പിൽ കുറഞ്ഞുപോയി എന്ന് ഞങ്ങൾക്കു തോന്നിയില്ല. കാരണം അദ്ദേഹം വലുപ്പം ഭാവിച്ചില്ല സൗഹാർദ്ദവും നർമ്മവും കൊണ്ട് പ്രസാദമധുരമായ ആ സാന്നിധ്യം അപകർഷതാബോധത്തിലേയ്ക്ക് താണുപോവാതെ ഞങ്ങളെക്കാത്തു.
പള്ളിക്കര വി.പി. മുഹമ്മദ് മുസ്ലിം ലീഗിനെയും സി.എച്ചിനെയും നിശിതമായി വിമർശിച്ച് സോഷ്യലിസ്റ്റുപാർട്ടിയുടെ സ്റ്റേജുകളിൽ പ്രസംഗിച്ചു നടക്കുന്ന കാലത്താണ് സി.എച്ച്. അദ്ദേഹത്തെ കേരള സാഹിത്യ അക്കാദമിയിലേക്ക് നോമിനേറ്റ് ചെയ്തത്. ലീഗുകാർ അതിന്നെതിരെ ഹാലിളകിയപ്പോൾ ആ നേതാവ് പറഞ്ഞു: 'അക്കാദമിയിലേക്ക് നോമിനേറ്റു ചെയ്യുന്നത് ആ പണിക്ക് പറ്റുന്നവരെയാണ്. വി.പി.യെ അതിന്നു പറ്റും അതിന്ന് പാർട്ടി നോക്കാൻ പറ്റില്ല'. പ്രശ്നം അവിടെത്തീർന്നു.
ഈ രീതി അന്നും ഇന്നും സാധാരണമല്ല. സി.എച്ച്. ആഭ്യന്തര മന്ത്രിയായപ്പോൾ പറഞ്ഞ ഒരു വാക്യം ഞങ്ങൾ
എന്നും ഓർത്തു വെയ്ക്കും: 'ലീഗുകാരന്റെ കസാല പോലീസ് സ്റ്റേഷനിലല്ല, ലീഗ് ഓഫീസിലാണ്.'
പ്രത്യുല്പ്പന്നമതിത്വം സി.എച്ചിന്റെ എടുത്തുപറയേണ്ട ഗുണങ്ങളിലൊന്നാണ്. നിയമസഭയിലും പ്രസംഗവേദിയിലും പ്രതസമ്മേളനത്തിലും സാധാരണ വർത്ത മാനത്തിലുമെല്ലാം ഉരുളയ്ക്കുപ്പേരി കൊടുക്കുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു.
മൂപ്പര് വിദ്യാഭ്യാസമന്ത്രിയായിരിക്കെ, ഒരു പ്രതിപക്ഷമെമ്പർ സഭയിൽ പാഠപുസ്തകങ്ങളെപ്പറ്റി പരാതി പറഞ്ഞു. പുസ്തകങ്ങൾക്ക് ഗൗരവം കൂടിപ്പോയി എന്നാണാക്ഷേപം. മെമ്പർ ചോദിച്ചു:
"കടിച്ചാൽ പൊട്ടാത്ത ഈ പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നത് ക്രൂരതയല്ലേ?” ഉടനെ ചെന്നൂ, സി.എച്ചിന്റെ മറുപടി: അത് കടിക്കാനുള്ളതല്ല, പഠിക്കാനുള്ളതാണ്.
രാഷ്ട്രീയത്തിലെ എതിരാളികളെപ്പറ്റി എന്നപോലെ സ്വന്തം പാർട്ടിക്കാരെപ്പറ്റിയും - എന്തിന്, അടുത്ത ചങ്ങാതി മാരെപ്പറ്റിപ്പോലും - തമാശക്കഥകളുണ്ടാക്കി പ്രചരിപ്പിക്കുന്നത് സി.എച്ചിന്റെ ശീലമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹപ്രകടനം ഇത്തരം തമാശകളിലുടെയാണ് വെളിപ്പെട്ടുപോന്നത്. തന്റെ പ്രിയസുഹൃത്ത് സീതിഹാജിയെപ്പറ്റിയുള്ള തമാശക്കഥകളുടെ തുടക്കം സി.എച്ചിൽ നിന്നാണ്. ഒരിക്കൽ രണ്ടുപേരുംകൂടി ഹജ്ജിനുപോയി. ഹജ്ജ് കഴിഞ്ഞെത്തിയ സി.എച്ച്. പറഞ്ഞ കഥയാണിത്:
“ഹജ്ജിന്റെ ഭാഗമായി ചെകുത്താനെ കല്ലെറിയുന്ന ചടങ്ങുണ്ടല്ലോ. ഞങ്ങൾ രണ്ടുപേരും സൗകര്യമായി കല്ലെറിഞ്ഞു. അപ്പോൾ ചെകുത്താൻ ചോദിച്ചു - സീതിഹാജീ, നമ്മൾ തമ്മിൽ ഇത് വേണോ?”
ഇതുപോലെ സീതിഹാജിയുമൊത്തുള്ള ഓരോ യാത്രയെപ്പറ്റിയും അനേകം കഥകൾ. നാട്ടുകാർ അതൊക്കെ ഏറ്റുപിടിച്ചു. സീതിഹാജിയും അതിൽ രസിച്ചു. പിന്നെ, നാട്ടുകാർ സ്വന്തം വകയിൽ ധാരാളം കഥകൾ മെനഞ്ഞുണ്ടാക്കി ആ ഖജാന സമ്പന്നമാക്കി!
ഇത്രയും ആത്മവിശ്വാസം. അപൂർവ്വം പേരിലേ ഞാൻ കണ്ടിട്ടുള്ളു. അനുയായികളിൽ നിന്ന് ഇത്രയും 'മുഹബ്ബത്ത്' കിട്ടിയ ഒരു നേതാവിനെയും എനിക്ക് അടുത്തു പരിചയമില്ല. ഞാൻ പലപ്പോഴും ആലോചിച്ചിരുന്നു പോയിട്ടുണ്ട് - പ്രാദേശിക രാഷ്ട്രീയത്തിന്റെയും സാമുദായികരാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം ചെല്ലേണ്ടിയിരുന്ന ഒരാളല്ലേ, സി.എച്ച്?
സി.എച്ചിനെ ഞാൻ അവസാനമായിക്കാണുന്നത് ബാംഗ്ലൂരിലെ ജിൻഡാൽ പ്രകൃതി ചികിത്സാലയത്തിൽ വെച്ചാണ്. നവാസ് പൂനൂരും ഞാനും അദ്ദേഹത്തിന്റെ രോഗം കാണാൻ ചെന്നതായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ മുറിയിൽ സീതിഹാജിയുണ്ട്. സി.എച്ചിനെ കറുത്ത മണ്ണ് പുരട്ടിനിലത്തു ചളിയിൽ കിടത്തിയിരിക്കുന്നു. ഞങ്ങൾ ചെന്നപാടെ മൂപ്പർ ചോദിച്ചു: 'നിങ്ങൾ എന്നെക്കാണാൻ ഇത്രദൂരം വന്നോ?'
ആ കിടപ്പ് കണ്ടപ്പോൾ ഞങ്ങൾക്കെന്തോ വല്ലാതെ തോന്നി. ഞങ്ങളുടെ വിഷമം തീർക്കാനെന്നോണം സി.എച്ച്. പറഞ്ഞു: 'കാരശ്ശേരീ, ഗംഗാനദി കുടിച്ചു വറ്റിച്ച ഒരു മഹർഷിയുടെ കഥയില്ലേ, പുരാണത്തിൽ?'
'ഉണ്ട്, ജഹ്നു മഹർഷി'
'അതുപോലൊരു മഹർഷിയാവാൻ പോവുകയാണ് ഞാൻ. കാവേരി. ഞാൻ കുടിച്ചുവറ്റിക്കും.' 'ങ്ഏ?' 'എനിക്കു കുടിക്കാൻ കാവേരിയിലെ പച്ചവെള്ളം മാത്രമേ തരുന്നുള്ളു.' ഞങ്ങൾ ചിരിച്ചു പോയി. പ്രകൃതിചികിത്സയെപ്പറ്റി അന്നു പറഞ്ഞ പല തമാശകളിലൊന്ന്:
'ഇവിടെ ഒരു പണിക്കാരനുണ്ട്. അവൻ ഇടയ്ക്കിടെ വന്ന് ശരീരത്തിന്റെ ഓരോ ഭാഗത്ത് ചൂടാക്കിയ മണ്ണും തണുപ്പിച്ച മണ്ണും എല്ലാം പൊത്തിവെച്ചു പോവും. ഇടയ്ക്ക് ഞാൻ അവനോട് ചോദിക്കും: ഇതൊക്കെ ഡോക്ടർ പറഞ്ഞതു തന്നെയോ, അതോ നിന്റെ വകവല്ലതും കൂട്ടുന്നുണ്ടോ?
കോഴിക്കോട് ടൗൺഹാളിൽക്കിടത്തിയ ആ മൃതദേഹം ഒന്നു കാണാനുള്ള എന്റെ പരിശ്രമം വിജയിച്ചില്ല. ജനത്തിരക്കിലും ലാത്തിച്ചാർജ്ജിലും നിലകിട്ടാതെ ഖിന്നനായി വീട്ടിലേയ്ക്കു മടങ്ങുമ്പോൾ വ്യസനത്തോടെ ഞാൻ ഓർത്തുപോയി- സി.എച്ചിനെ കാണാൻ പോയിട്ട് അതുപറ്റാതെ ഞാൻ മടങ്ങുന്നത് നടാടെയാണല്ലോ!
ചന്ദ്രിക ദിനപത്രം:
26 സപ്തംബർ 2004