VOL 03 |

സി.എച്ചിനെ ഓർക്കുമ്പോൾ

By: സി.ടി അബ്ദുറഹീം

സി.എച്ചിനെ ഓർക്കുമ്പോൾ
സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ കേരളത്തിന്റെ, വിശേഷിച്ച് മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ദുഃഖകരമായ ഓർമ്മയായി മാറിയിട്ട് വർഷങ്ങൾ പലതായി. കേരള രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന ആ വ്യക്തിത്വം, താൻ പ്രതിനിധാനം ചെയ്ത സംഘടനയുടെ അതിരുകൾക്കപ്പുറം ജനഹൃദയങ്ങളിലേക്ക് പടർന്നു കയറി സിംഹാസന മുറപ്പിച്ചു. ജീവിതകാലത്തും ശേഷവും കക്ഷിത്വങ്ങൾക്ക് അതീതമായി, കേരളം അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. ജനസാമാന്യത്തിന്റെ അടിത്തട്ടിൽ വേരുറപ്പിച്ച ഈ അംഗീകാരം ഒരു പക്ഷെ മുസ്ലിം ലീഗിൽ മറ്റാർക്കും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു തന്നെ പറയാം. ജനപ്രാതിനിധ്യത്തിന്റെ വിവിധ തലങ്ങളിലും ഭരണസാരഥ്യത്തിന്റെ വ്യത്യസ്ത ശ്രേണികളിലും സി.എച്ച് തന്റെ യോഗ്യതയും പ്രാപ്തിയും തെളിയിക്കുക തന്നെ ചെയ്തു. എഴുത്തിലും പ്രസംഗത്തിലും മാത്രമല്ല, ജീവിതത്തിലും അദ്ദേഹം അനുകരണീയമാംവിധം ഉയർന്നുനിന്നു. സാധാരണ രാഷ്ട്രീയക്കാർക്ക് അന്യമായ കലാബോധവും സർഗവാസനയും അദ്ദേഹമുയർത്തി. ആശയപ്രകാശന വൈഭവവും രാഷ്ട്രീയ ചർച്ചയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് മാറ്റുകൂട്ടി. പ്രസ്ഥാനത്തിന്റെ അണികളിൽ സ്വയം ലഹരിയാവാനും സ്വന്തം സാന്നിധ്യം തന്റെ തലമുറയ്ക്ക് നല്ല അനുഭവമാക്കാനും കഴിഞ്ഞു എന്നതാണ് ആ വ്യക്തിത്വത്തിന്റെ മഹത്വം. സവിശേഷ

മായ ഈ വ്യക്തി മാഹാത്മ്യം സമൂഹത്തിൽ മുസ്ലിം ലീഗിന്റെ സ്വീകാര്യതയ്ക്ക് മാത്രമല്ല, 'ഇമേജിനും' മാറ്റ് കൂട്ടുകയുണ്ടായി.

ഓർമ്മയുടെ അനശ്വരത

സി.എച്ച് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നേതാവ് മാത്രമായിരുന്നോ? ആ ഓർമ്മകളുമായി ബന്ധപ്പെട്ട് ചരിത്രം ഭാവിതലമുറകളുമായി കാത്ത് വെയ്ക്കുന്ന ഈടുവെയ്പുകളെന്തൊക്കെയാണ്? കിടയറ്റ ഊർജ്ജസ്വലതയാലും അടിയുറച്ച തീരുമാനങ്ങളാലും നേതൃതലത്തിലേക്ക് ഉയർത്തപ്പെട്ടവർ നിരവധിയാണ്. വിശേഷിച്ച് രാഷ്ട്രീയത്തിൽ. അധികാരത്തിന്റെ കസേരക്കളിയിൽ അടപുതന്ത്രങ്ങൾ പയറ്റിതെളിയുന്നവർക്ക് സാധ്യതകൾ ഏറെയാണ്. പലപ്പോഴും അൽപ്പായുസ്സുകളായി മൺമറഞ്ഞുപോവുന്ന അവരെ സമൂഹം പെട്ടെന്ന് മറക്കു ന്നു. ഭാവി തലമുറകൾക്ക് അവരെ ഓർമ്മിക്കേണ്ട ആവശ്യമേ വരുന്നില്ല. ഇതിന് വിപരീതമായി, വെളിച്ചം വിതറുന്ന സ്മരണയായി തലമുറകൾ നെഞ്ചേറ്റത്തക്കവിധം സി.എച്ചിൽ മിഴിവാർന്ന മഹത്വമെന്താണ്? ഈ ചോദ്യം ആവശ്യപ്പെടുന്ന മറുപടിയാണ് മനുഷ്യജന്മങ്ങളെ ചരിത്രപുരുഷന്മാരായി അടയാളപ്പെടുത്തുന്നത്.

ഇങ്ങനെ വിലയിരുത്തുമ്പോൾ, അധഃസ്ഥിതിയുടെ അവഹേളന പേറുന്ന മുസ്ലിം സമൂഹത്തിന്റെ ആത്മനൊമ്പരം ഉൾകൊണ്ട് അവസാനം വരെ പ്രവർത്തനരംഗത്ത് ഒരു പോരാളിയെപോലെ ജ്വലിച്ചുനിന്ന വ്യക്തിയാണ് സി.എച്ച് എന്ന് കാണാം. ഈ അധഃസ്ഥിതിയിൽ നിന്നുള്ള മോചനം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ നവോത്ഥാനത്തിലൂടെയാണ് എന്ന് അദ്ദേഹം മനസ്സിലാക്കി. സമുദായങ്ങളിലെ ഇളം തലമുറകളെ ഉന്നത വിദ്യാഭ്യാസത്തിന്റെ വഴിത്താരയിലേക്ക് ആനയിക്കാൻ എല്ലാ അർത്ഥത്തിലും അദ്ദേഹം പ്രോൽസാഹിപ്പിച്ചു. മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തമായ ഉയർച്ചയ്ക്ക് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ വിജ്ഞാന സമ്പാദത്തിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചിറിഞ്ഞു. വിദ്യാഭ്യാസമ ന്ത്രിയെന്ന നിലയ്ക്ക് ഈ രംഗത്ത് ഒട്ടേറെ

കാര്യങ്ങൾ ചെയ്യുവാൻ അദ്ദേഹത്തിന് സന്ദർഭം ലഭിക്കുകയുമുണ്ടായി. മലബാറിന്റെ വളർച്ചയുടെ നാഴികക്കല്ലായിത്തീർന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യാഥാർത്ഥ്യമായത് അങ്ങനെയാണ് (സി.എച്ചിന്റെ സ്മരണ അനശ്വരമാക്കുന്ന ഈ സർവകലാശാല അദ്ദേഹത്തിന്റെ വിജ്ഞാനത്തെയും വീക്ഷണത്തെയും അടയാളപ്പെടുത്തുന്ന പ്രകാശഗോപുരമായി നിലനിൽക്കുന്നു.

മതേതരത്വത്തിന്റെ വക്താവ് കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഇന്ന് പരിഗണിക്കപ്പെടുന്നുണ്ട്. മതേതര ജനാധിപത്യ സംസ്കാരത്തിന് ലീഗ് നൽകിയ സംഭാവന ശ്രദ്ധേയമാണ്. വിഭജനവും ജിന്നയും വർഗ്ഗീയ കലാപങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടല്ലാതെ സ്വാതന്ത്ര്യാനന്തര ലീഗ് ഓർമ്മിക്കപ്പെട്ടിരുന്നില്ലെന്നത് ഈ സംഘടനയുടെ പ്രവർത്തനത്തെ എത്ര മാത്രം ദോഷകരമായി ബാധിച്ചിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 1906 -മുതൽ ഉത്തരേന്ത്യയിൽ കോൺഗസ്സിന്റെ തുല്ല്യശക്തിയായി തീർന്ന മുസ്ലിം ലീഗ് സ്വാതന്ത്ര്യത്തോടെ വൻതകർച്ച നേരിടുകയുണ്ടായി. നവാബുമാരും പണ്ഡിതശ്രേഷ്ഠരും തലയെടുപ്പുള്ള നിരവധി നേതാക്കന്മാരും ബുദ്ധിജീവികളും നേതൃത്വം നൽകിയ ഈ സംഘടന കാരണമെന്തായാലും സ്വാതന്ത്ര്യം ലഭിച്ച് 60 വർഷങ്ങൾക്ക് ശേഷവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷീണാവസ്ഥയിൽ മുരടിച്ച് ൽക്കുകയാണ്. എന്നാൽ കേരളത്തിലെ സ്ഥിതിയോ? താരതമ്യമില്ലാത്തവിധം സജീവശക്തിയായി കേരള രാഷ്ട്രീയത്തിൽ ലീഗ് നിറഞ്ഞു നിൽക്കുന്നു.

സമുദായത്തിന്റെ പേരിൽ അറിയപ്പെടുമ്പോഴും സാമുദായിക സങ്കുചിതത്വം ലീഗിൽ ആരോപിക്കുവാൻ ശത്രുക്കൾ പോലും മടികാണിക്കുന്നു. മുസ്ലിം സമുദായത്തിന്റെ താൽപ്പര്യങ്ങൾ ഉയർത്തിപിടിക്കുമ്പോഴും അന്യസമുദായങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതിനോ, അവരുടെ പുരോഗതിക്കെതിരെ അസഹിഷ്ണുത പുലർത്തുന്നതിനോ ലീഗ് ശ്രമിക്കാറില്ല. എല്ലാ സമുദായങ്ങളുടെയും പുരോഗമനോന്മുഖമായ സാമൂഹിക കൂട്ടായ്മയിലാണ് ധന്യതയെന്ന് അണികളെ ഉണർത്തുന്നതിൽ ലീഗ് നേതൃത്വം ശ്രദ്ധപുലർത്തുന്നു. മതേതര ജനാധിപത്യ സംസ്കാരത്തോട് ലീഗ്

പുലർത്തുന്ന ഈ പ്രതിബദ്ധതയാണ്, വിഭിന്ന മുന്നണി ബന്ധങ്ങളിലൂടെ കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലെത്താൻ ലീഗിനെ സഹായിച്ചത്. ഭരണതാൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ, പലഘട്ടങ്ങളിലും ആദർശപരമായി ലീഗിനെ ചോദ്യം ചെയ്യാൻ ഇടതുപക്ഷ കക്ഷികൾ മുതിർന്നിട്ടുണ്ടെങ്കിലും, മതേതരത്വത്തോടും ജനാധിപത്യത്തോടുമുള്ള അതിന്റെ പ്രതിബദ്ധതയെ അവഗണിക്കാൻ അവർക്ക് ഇതേവരെ സാധിച്ചിട്ടില്ല.

കേരളത്തിലെ മുസ്ലിം ലീഗിന് ഈ മട്ടിൽ അംഗീകാരം ലഭിച്ചപ്പോൾ ഉത്തരേന്ത്യയിൽ സ്ഥിതി മറിച്ചാവാൻ കാരണമെന്താണ്? ഇവിടെയാണ് സി. എച്ചിനൊപ്പം പ്രവർത്തിച്ച നേതൃത്വത്തിന്റെ പ്രായോഗിക വൈഭവം പ്രകടമാവുന്നത്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും അന്തരീക്ഷവും ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ, ഈ പാരമ്പര്യത്തിന്റെ സ്വഭാവികത ഉൾകൊണ്ട് പ്രവർത്തിക്കാനുള്ള പ്രത്യുൽപന്നമതിത്വത്തിന്റെ പങ്ക്ഒട്ടും കുറച്ച് കാണാനാവില്ല. ലീഗ് നേതൃത്വം പുലർത്തിയ പക്വമായ ഈ സമീപനമാണ് സാമുദായിക സംഘടനയെന്ന് വിമർശിക്കപ്പെടുമ്പോഴും, ജനമദ്ധ്യത്തിൽ പാർട്ടിക്ക് മതേതരമായ സ്വീകാര്യത നേടിക്കൊടുത്തത്. ഇതിൽ മുഖ്യമായ പങ്ക് സി.എച്ചിന് അവകാശപ്പെട്ടതാണ്.

ഉറച്ച മതവിശ്വാസവും യാഥാസ്ഥിതിക വീക്ഷണവും പുലർത്തുന്ന മുസ്ലിം സമൂഹത്തിൽ, അവർക്ക് അപ

രിചിതമായ മതേതര-ജനാധിപത്യ സംസ്കാരത്തിന് അംഗീകാരം ലഭിക്കുക എളുപ്പമായിരുന്നില്ല. ബഹുമതസമൂഹത്തിൽ പ്രായോഗിക ഭരണസംവിധാനമെന്ന നിലക്ക് ഈ വ്യവസ്ഥയെ അംഗീകരിക്കൽ മതസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇസ്ലാമിക വിശ്വാസത്തിൽ അടിയുറച്ച് നിന്നു കൊണ്ട് തന്നെ ഈ ദൗത്യം നിർവ്വഹിക്കുവാൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്. വിശേഷിച്ചും മതാധിഷ്ഠിത രാഷ്ട്രീയ സംഘടനകൾ മതേതരത്വത്തിന്റെ ഇസ്ലാമികമായ സാധുതയെ ചോദ്യംചെയ്തുകൊണ്ട് 'ഫത്വ' (മതവിധി)കൾ ഇറക്കുകയും, മതസൗഹാർദ്ദത്തിന്റെ അന്തരീക്ഷം കളങ്കപ്പെടുത്തുകയും ചെയ്തപ്പോഴൊക്കെ അതിന് തടയിടാനും രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിർത്താനും മുസ്ലിംലീഗ് വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല.

ആശയപരമായ ഇത്തരം നിലപാടുകൾ സമൂഹത്തിൽ വോരോടണമെങ്കിൽ ധീരമായ നേതൃത്വം കൂടിയേ തീരൂ. ഇങ്ങനെ ചിന്തിക്കുന്നവരിൽ മുമ്പനായിരുന്നു എന്നും സി.എച്ച്, കേരളീയമായബഹുസ്വരതയിൽ മുസ്ലിം സാനിധ്യത്തിന്റെ രീതിയും, ദിശയും എന്താവണമെന്ന് ലീഗിലൂടെ പ്രവർത്തിച്ച് കാണിക്കുകയായിരുന്നു. സി.എച്ച്. സ്വജീവിതം കൊണ്ട് തലമുറകളെ അദ്ദേഹം ഉണർത്തികൊണ്ടിരുന്ന പ്രധാന പാഠവും ഇതാണെന്ന് ഞാൻ കരുതുന്നു. സമകാലീനർക്ക് മറക്കാനാവാത്ത ഒരനുഭവമായി സി.എച്ച് മാറിയതും ഈ ദീർഘ ദർശിത്വം കൊണ്ടാണ്. സി.എച്ചിനെ ഏറ്റവും അടുത്തറിഞ്ഞ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ പറഞ്ഞത് ഇങ്ങനെയാണ്

"സ്വന്തം സമുദായത്തെ ഉൽക്കർഷത്തിലെത്തിക്കാനുള്ള സി.എ ച്ചിന്റെ അദമ്യമായ അഭിവാഞ്ചയെ കുറിച്ച് സൂചിപ്പിക്കുമ്പോൾ ഒരു വസ്തുതകൂടി എനിക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. സ്വസമുദായത്തെ അദ്ദേഹം എത്ര ത്തോളം സ്നേഹിച്ചിരുന്നുവോ അത്രത്തോളം ഇതര സമുദായങ്ങളിൽ പെട്ടവരെയും അദ്ദേഹം സ്നേഹിച്ചിരുന്നു; കേരളത്തെ അദ്ദേഹം സ്നേഹിച്ചിരുന്നു; ഇന്ത്യയെ അദ്ദേഹം സ്നേഹിച്ചിരുന്നു; ഇന്ത്യാ-പാകിസ്ഥാൻ യുദ്ധകാലത്ത് ജനങ്ങളെ കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങൾ ചെയ്ത് അവരിലെ രാജ്യസ്നേഹം തട്ടിയുണർത്തിയ സി.എച്ച് നമസ്കാരത്തഴമ്പും ചന്ദനക്കുറിയും കുരിശും ഒന്നിച്ചു ഘോഷയാത്ര നടത്തുന്ന കേരളമാണ് തന്റെ സ്വപ്നം എന്ന് ഉറക്കേ പറഞ്ഞയാളാണ്.

ഈ കാലഘട്ടത്തിൽ സി.എച്ച് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഒരു പക്ഷെ അദ്ദേഹത്തിന് രാജ്യത്തെ മൊത്തത്തിൽ കണ്ടു കൊണ്ടുള്ള ഒരുനിലപാട് സ്വീകരിച്ചുകൊണ്ട് വമ്പിച്ച രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്നു, എന്നത് നിസ്തർക്കമാണ്. നാടിനും മുസ്ലിം സമുദായത്തിനും ഇപ്പോഴാണ്, ജനാധി പത്യത്തിന്റെയും മതേതരത്വത്തിന്റെയും ശക്തമായ വക്താവായിരുന്ന സി.എച്ചിന്റെ നഷ്ടം ശരിക്കും അനുഭവപ്പെടുന്നത്.”

(സി.എച്ച്. മുഹമ്മദ് കോയ, നിയമസഭാ പ്രസംഗങ്ങൾ)