VOL 03 |

കോയസാഹിബിനെ ഓർക്കുമ്പോൾ

By: ഡോ. മുണ്ടോൾ അബ്ദുല്ല

കോയസാഹിബിനെ ഓർക്കുമ്പോൾ
സി.എച്ച്. മുഹമ്മദ്കോയ എന്ന മുൻ മുഖ്യമന്ത്രിയെ എനിക്കറിയില്ല. എനിക്ക് കോയാസാഹിബിനെ മാത്രമേ അറിയു. കോഴിക്കോട്ട് മിക്കവാറും മാപ്പിളമാർ കോയമാരാണ്. പ്രമാണിമാരായ കോയമാർ കോയസാഹിബുമാരും. ഇതിൽ മൂന്ന് കോയാസാഹിബുമാരെയാഴിച്ച് ബാക്കിയുള്ള കോയാ സാഹിബുമാരെയോ കോയാമാരെയോ ഞാൻ അംഗീകരിച്ചിട്ടില്ല. ഒന്ന് പി.പി. ഹസ്സൻകോയ സാഹിബ്, രണ്ട് പി.പി. ഉമ്മർകോയ സാഹിബ് ഹസ്സൻകോയാ സാഹിബിനെ അടുത്തറിയും എന്ന് എനിക്കു പറയാം. പക്ഷെ എന്നെ അറിയുമെന്നു ഒരു കൗണ്ടർ അഫിഡവിറ്റ് ഹസ്സൻകോയാസാഹിബ് പറയുകയില്ല. പരിചയം ഏകപക്ഷീയം എന്നർത്ഥം. രണ്ടാമത്തെ കോയാ സാഹിബ്, പി.പി. ഉമ്മർകോയാ സാഹിബ് “എനിക്ക് ഡോ. മുണ്ടോൾ അബ്ദുല്ലയെ അറിയുകയില്ല” എന്ന് പി. പി. ഉമ്മർകോയാസാഹിബ് പറയുകയില്ല. അദ്ദേഹവുമായി അത്രയ്ക്ക് അടുപ്പമുണ്ടായി രുന്നു. ഇപ്പോൾ ഞാൻ കോയാസാഹിബ് എന്നുവിളിച്ചിരുന്ന മുൻ മുഖ്യ മന്ത്രിയുൾപ്പെടെ എല്ലാവരും പ്രാതസ്മരണീയർ.

ഈ ലേഖനം എന്റെ കോയാസഹിബിനെ കുറിച്ചാണ്. കേരളത്തിലെ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ച് പാർലിമെന്റിലേക്കു മത്സരിക്കുമ്പോൾ കോയാസാഹിബ് എനിക്കെഴുതി. "നിന്റെ കോയാസാഹിബ് സ്ഥാനമൊഴിയുന്നു. അഴിമതിയുടെ കറപുരളാത്ത കൈകളുമായി. അതിൽ നീ അഭിമാനിക്കുന്നുണ്ടാകും എന്ന് എനിക്കറിയാം. ഇവിടെ ഇപ്പോൾ അതു വലിയ കാര്യമല്ല എന്ന് നിനക്കറിയുമെന്ന് എനിക്കറിയാം !!

ഒരിക്കൽ ഞാൻ തീവ്രമായ ഇസ്ലാംമതതീവ്രവാദിയായിരുന്നു.

കാസർക്കോട്ടെ മുസ്ലിം ഹൈസ്ക്കൂളിൽ പഠിച്ചതിനും തളങ്കരയിലെ പള്ളിക്കാലിൽ പരേതനായ വൈദ്യർ അബ്ദുൽ ഖാദിർ എന്നയാളുടെ വീട്ടിൽ താമസിച്ചതിനും ഞാൻ കൊടുത്ത വിലയായിരുന്നു മുസ്ലിം തീവ്രവാദം. ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിൽ ആമവാദമാണുള്ളത്. ആമവാദത്തിന് ആയുർവേദം ഫലിക്കുന്ന ചികിത്സയാണ്. തീവ്രവാദത്തിന് തിരണ്ടിവാലിന്റെ അടിയാണ് ഒറ്റമൂലിക. എന്റെ ആ മുസ്ലിം തീവ്രവാദം ഫറൂഖിൽ വെച്ച് കൂടി.

തളങ്കരയിലെ ഗവർമെണ്ട് മുസ്ലിം ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് എന്റെ മുസ്ലിം തീവ്രവാദം നാമ്പിടുന്നത്. ഫറൂഖിൽ വെച്ച് അതു പൂത്തുലയുന്നു. പിന്നീട് വിക്ടോറിയ കോളജിലെത്തിയപ്പോൾ അതു കെട്ടടങ്ങാൻ തുടങ്ങി. കംപാരിട്ടീവ് റിലീജിയൻ എന്ന വിഷയത്തിൽ എനിക്ക് താൽപര്യമുണ്ടാവുന്നത് പാലക്കാട്ടെ വിക്ടോറിയ കോളജിൽ വെച്ചാണ്. മു

സ്ലിം ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ്ഞാൻ മുസ്ലിം വിദ്യാർത്ഥി ഫെഡറേഷനിൽ ചേരുന്നത്. കാസർകോട്ടെ എം.എസ്.എഫ്. എന്നത് പരേതാത്മാക്കളായ ടി.എ. ഇബ്രാഹിം സാഹിബിന്റെയും ബി.എം.അബ്ദുർ റഹ്മാൻ സാഹിബിന്റെയും സൃഷ്ടിയായിരുന്നു. പരക്കെ താജ്ആമുച്ച എന്നറിയപ്പെടുന്ന പി.എ.അഹമ്മദ് സാഹിബിന്റെയും.

എം.എസ്.എഫിൽ ഞാൻ ചേർന്ന തായിരുന്നില്ല. കണ്ണൂർ സിറ്റിയിലെ മക്കാടത്ത് വീട്ടിൽ ചെന്നു ഇ.അഹമ്മദിനെ കണ്ട് എം.എസ്.എഫിൽ വരണമെന്നാവശ്യപ്പെടണമെന്ന് അന്ന് എം.എൽ.എ. ആയിരുന്ന സി.എച്ച്. മുഹമ്മദ്കോയ ഉദുമയിൽ വെച്ച് എന്നോടാവശ്യപ്പെട്ടതായിരുന്നു.

ഫറൂഖിൽ പഠിക്കുമ്പോഴാണ് കോയാ സാഹിബുമായി കൂടുതൽ അടുക്കുന്നത്. അന്നാണ് ഞാൻ “ചന്ദ്രിക” ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും എഴുതി തുടങ്ങുന്നത്. ഒരു കാസർക്കോടൻ ബ്യാരിയ്ക്ക് (ബ്യാരി = കാസർക്കോട്ടെ മുസ്ലിംകൾ ബ്യാരികളാണ്, ബ്യാരി വ്യാപാരിയുടെ മറ്റൊരു രൂപം) വഴങ്ങാത്ത ഭാഷയാണ് മലയാളം. മലയാളം എഴുതാനും പഠിക്കാനും അന്ന് ഒരു ഉബൈദ് മാസ്റ്ററുണ്ടായിരുന്നു. മറ്റാരുമുണ്ടായിരുന്നില്ല. ഇപ്പോഴാണ് റഹ്മാൻ തായലങ്ങാടിയും കെ.എം. അഹമ്മദും അവതരിച്ചത്. ഈ ബ്യാരിക്കുട്ടിയ്ക്കു മലയാളം എഴുതാനുള്ള ആത്മവിശ്വാസം കോയാസാഹിബ് തന്നതായിരുന്നു. പോക്കർ സാഹിബും (വി.സി.അബൂബക്കർ സാഹിബ്) പി.എ.യും (പി.എ. മുഹമ്മദ്കോയയും) എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പേരുവെച്ചും അല്ലാതെയും “ചന്ദ്രിക” യിൽ ഞാൻ എഴുതിയിരുന്നു. ഇന്ന് മലയാളത്തിൽ എഴുതാനുള്ള ആത്മവിശ്വാസമുണ്ട്. അത് കോയാസാഹിബ് എന്നിലുണ്ടാക്കിയതാണ്. പോകെപ്പോകെ എന്നിലെ തീവ്രവാദം ഇല്ലാതായി. ലീഗിൽ ഞാൻ അംഗത്വമെടുത്തിരുന്നില്ല.

തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നത് അക്കാലത്ത് പി.ഡി.പി.യോ എൻ.ഡി.എ ഫോ. ഉണ്ടായിരുന്നെങ്കിൽ ഞാൻ രണ്ടിലൊന്നിൽ എത്തിപ്പെട്ടേനെ എന്നാണ്.

എന്നോട് ലീഗിൽ ചേരാൻ കോയസാഹിബ് ആവശ്യപ്പെട്ടിരുന്നില്ല. കോഴിക്കോട്ടുണ്ടായിരുന്നപ്പോൾ കോയ സാഹിബിനോടുള്ള അടുപ്പം എനിക്ക് ശ്രീധരേട്ടനോടും (അരങ്ങിൽ ശ്രീധരൻ) ഉണ്ടായി. വാസുദേവൻ നായരോടും. ഞാനറിയതെ ഒരു കോസ്മോ പോളിറ്റിക്കാവുകയായിരുന്നു. അതിൽ പരിഭവിക്കാതിരുന്ന ഒരു വലിയ മനുഷ്യനായിരുന്നു കോയാസാഹിബ്.

കഴിഞ്ഞ ദിവസം ഞാൻ പ്രൊഫസർ ഡോ. മാധവൻ കുട്ടിയോട് കോയസാഹിബിനെകുറിച്ച് സംസാരിക്കുകയായിരുന്നു. സാറിന്റെ ഒരേയൊരു പരാതി സി.എച്ച്. ചിലപ്പോൾ Ascertain ചെയ്യാതിരുന്നു എന്നു മാത്രമാണ് കോയാ സാഹിബിന്റെ സ്നേഹിതന്മാരോ ആരാധകരോ ആയ ഒരുപാട് അമുസ്ലിങ്ങളെ എനിക്കറിയാം. അവരുടെ കാഴ്ചപ്പാടിൽ സി.എച്ചിൽ വർഗ്ഗീയതയുണ്ടായിരുന്നില്ല.

മാരിമുത്തു ബാലകൃഷ്ണൻ:

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു മാരിമുത്തു ബാലകൃഷ്ണനുണ്ടായിരുന്നു. ഇന്തോനോഷ്യയിലേക്കു കുടിയേറിപ്പാർത്ത ഒരു തമിഴ് ട്രക്ക് ഡ്രൈവറുടെ മകൻ സ്കോളർഷിപ്പ് കിട്ടുമെന്നുപ്രതീക്ഷിച്ചു ഇന്ത്യയിൽ പഠിക്കാൻ വന്നതായിരുന്നു. ഇന്തോനേഷ്യയിൽ നിന്നു പ്രവാസികളായ ഇന്ത്യക്കാരുടെ കുട്ടികൾക്കു രണ്ട് സ്കോളർഷിപ്പ് ഇന്ത്യ കൊടുത്തിരുന്നു. രണ്ടാമത്തെ സ്കോളർഷിപ്പ് കിട്ടിയിരുന്ന കുട്ടി പരീക്ഷയിൽ തോറ്റതുകൊണ്ട് അതാർക്കും കൊടുക്കാതെ വെച്ചിരിക്കുകയായിരുന്നു. മാരിമുത്തുവിന്റെ സാമ്പത്തികവിഷമങ്ങൾ കോയാസാഹിബിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പ്രധാനമന്ത്രിക്ക് സാക്ഷാൽ ജവഹർലാൽ നെഹ്റുവിന്ന് ഒരു കത്തെഴുതി. മാരിമുത്തുവിന്നു സ്കോളർഷിപ്പ് കിട്ടി. പിന്നീട് ചൈന ഇന്ത്യ ആക്രമിച്ചപ്പോൾ നമ്മൾ ചിലവുചുരുക്കാൻ തീരുമാനിച്ചപ്പോൾ കോയാസാഹിബ് വീണ്ടും പ്രധാനമന്ത്രിക്കെഴുതി. അന്നത്തെ വിദേശകാര്യ സഹമന്ത്രിയായിരുന്ന ലക്ഷ്മി എൻ.മേനോൻ ബാലകൃഷ്ണന് നേരിട്ട് ഒരു കത്തെഴുതി. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം ബാലകൃഷ്ണന്ന് സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചുവെന്നറിയിക്കാനാ കോയാസാഹിബിന്നു വളരെ ബഹുമാനവും സ്നേഹവും അടുപ്പവുമുള്ള നേതാവായിരുന്നു.

അരങ്ങിൽ ശ്രീധരൻ

ശ്രീധരേട്ടൻ അദ്ദേഹത്തിന്നു ഒരു സഹോദരനെപ്പോലെയായിരുന്നു. തിരിച്ചും. ലീഗ് പി.എസ്.പി. സഖ്യമാണ് കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയത്. ആ സഖ്യം കൊണ്ട് ഡോ.കെ.ബി. മേനോൻ നേരത്തെയും അരങ്ങിൽ ശ്രീധരൻ പിന്നീടും ലോക്സഭയിലെത്തി. ശ്രീധരേട്ടന് മലയാളം വഴങ്ങുമായിരുന്നില്ല. അദ്ദേഹം പഠിച്ചതും വളർന്നതും കേരളത്തിനു വെളിയിലായിരുന്നു. അദ്ദേഹത്തിന് ഒന്നാംഭാഷ ഇംഗ്ലീഷാണ്. രണ്ടാം ഭാഷ വടകരക്കാർതീയരുടെത് “എനിക്കത് മറന്നുപോയി” എന്നു പറയുന്നതിന്നുപകരം “എന്നോടത് മറന്നുപോയി" എന്നാണ് ശ്രീധരേട്ടൻ പറഞ്ഞിരുന്നത്. ഇംഗ്ലീഷിൽ ആലോചിച്ച്, വാചകം ഇംഗ്ലീഷിൽ രൂപപ്പെടുത്തി അതിനെ മലയാളത്തിൽ സ്വയംതന്നെ തർജ്ജമ ചെയ്യുകയായിരുന്നു ശ്രീധരേട്ടൻ ചെയ്തിരുന്നത്. ശ്രീധരേട്ടന്റെ മലയാളത്തിന്റെ ഈ പോരായ്ക ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ മാത്രമെ കോയസാഹിബ് ശ്രദ്ധിച്ചിരുന്നുള്ളു. ''അതു ശരിയാ, ശ്രീധരനു മലയാളത്തിനൊരു കൃത്രിമത്വമുണ്ട്” കോയാസാഹിബ് സമ്മതിച്ചു.

സി. എച്ചിന്റെ പ്രസംഗ ശൈലി

കോയ സാഹിബ് ഒരു പ്രഭാഷകനായിരുന്നില്ല. ഗ്രാമ്യമായ ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റെേത്. തന്നെ താനെ വരുന്ന ഫലിതമല്ലാതെ അദ്ദേഹം പ്രസംഗത്തിലേക്കു ഫലിതത്തെ വലിച്ചു കൊണ്ടുവരുമായിരുന്നില്ല. ഗ്രാമ്യവും അകൃത്രിമവുമായ ഫലിതവും അദ്ദേഹത്തിന്റെ പ്രസംഗത്തെ ആകർഷകമാക്കി. കോയാസാഹിബിന്റെ പ്രസംഗത്തിന്റെ വലിയ ഒരാരാധകനായിരുന്ന കൗമുദി ബാലകൃഷ്ണനെ അത്ഭുതപ്പെടുത്തിയത് കോയാസാഹിബിന്റെ ഉച്ഛാരണ സ്ഫുടതയായിരുന്നു. ഇംഗ്ലണ്ടിൽ സായ്പന്മാരക്കാൾ സ്ഫുടമായി ഇംഗ്ലീഷ് പറയുന്നത് കുടിയേറിപ്പാർത്ത ഇന്ത്യക്കാരും പാക്കി സ്ഥാനികളും ബംഗ്ലാദേശികളും. അവർക്കെല്ലാം ഇംഗ്ലീഷ് ഒരു രണ്ടാംഭാഷയാണ്. കോയാസാഹിബിന്ന് മലയാളം ഒരു രണ്ടാംഭാഷയായിരുന്നു. അപ്പോൾ

അദ്ദേഹത്തിന്റെ വാചകഘടന (Syntax) ഉച്ചാരണ രീതിയും വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികം.

കാർട്ടൂൺ വരച്ച സി.എച്ച്:

കോയാ സാഹിബിന്റെ മകൻ ഡോ.മുനീർ കാർട്ടൂൺ വരക്കുന്ന കാര്യം എല്ലാവർക്കുമറിയാം. പക്ഷെ ഇംഗ്ലീഷിൽ ഡൂഡ്ൽസ് എന്നുപറയുന്ന പലതും

അദ്ദേഹം ചെയ്തിരുന്നു. കേരളാ ഗവർമ്മേണ്ടിന്റെ ഔദ്യോഗിക ചിഹ്നമാണല്ലോ രണ്ടാനകൾ. അവ പട്ടിണി കിടക്കുന്നത് കോയസാഹിബിനിഷ്ടമായിരുന്നില്ല. ഓരോ ആനക്കും തിന്നാനായി മുമ്മൂന്നു (ആകെ ആറ്) വാഴകൾ അദ്ദേഹം വരച്ചുവെയ്ക്കാറുണ്ടായിരുന്നു. അത്തരമൊരു ഡൂഡ്ൽ പ്രഫസർ മാധവൻ കുട്ടി വളരെക്കാലം സൂക്ഷിച്ചു വെച്ചിരുന്നുവത്രെ.

മലയാറ്റൂർ:

കാർട്ടൂണിസ്റ്റ് മന്ത്രിയെ കോയാ സാഹിബ് സസ്പെന്റ് ചെയ്തു. ചെയ്യാൻ പാടില്ലാത്തതാ യിരുന്നു അത്. കോയാസാഹിബിനെ കളിയാക്കി മന്ത്രി ഒരുകാർട്ടൂൺ വരച്ചതായിരുന്നു പ്രകോപനം.തന്റെ ഏതെങ്കിലും വിവരദോഷികളായ കീഴുദ്യോഗസ്ഥൻ സാക്ഷാൽ മന്ത്രിയെ സന്തോഷിപ്പിക്കാൻവേണ്ടി കാർട്ടൂണിസ്റ്റ് മന്ത്രിയെ സസ്പെന്റ് ചെയ്യാനുള്ള നിർദ്ദേശം ഫയലിലാക്കി വിദ്യാഭ്യാസമന്ത്രിയുടെ മേശപ്പുറത്തുവെച്ചതായിരിക്കും. ഒരു നോട്ടക്കുറവ് കാരണം ആഫയലിൽ കോയാസാഹിബ് ഒപ്പുവെച്ചു

പോയതായിരിക്കും. അവസാനം സി.എച്ചിന്റെ അതിഥിയായി പ്രാതൽകഴിക്കാനെത്തിയ പരേതനായ മലയാറ്റൂർ രാമകൃഷ്ണൻ കാർട്ടൂണിസ്റ്റ് മന്ത്രിയോട് കാട്ടിയത് ക്രൂരതയാണെന്ന് പറഞ്ഞപ്പോൾ കാർട്ടൂണിനെക്കുറിച്ച് ഒരു നോട്ട് തയ്യാറാക്കാൻ മലയാറ്റൂരിനോട് കോയാസഹിബ് ആവശ്യപ്പെട്ടു. ആ നോട്ടിൻ് പിൻബലത്തിൽ കോയാ സാഹിബ് സസ്പെൻഷൻ ഓർഡർ പിൻവലിച്ചു. ഇത് സാക്ഷാൽ അയ്യർവാൾ ഈ എന്നോട് പറഞ്ഞതാണ്. സാക്ഷി മറ്റൊരു പ്രാതസ്മരണീയനായ കണിയാപുരം രാമചന്ദ്രൻ.

കാർട്ടൂൺ:

കോയാസാഹിബിന്ന് കാർട്ടൂൺ ഇഷ്ട്ടമായിരുന്നു. ചന്ദ്രികയ്ക്കു ഒരു കാർട്ടൂണിസ്റ്റു വേണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അപ്പോഴാണ് ബി.എം. ഗഫൂർ അവതരിക്കുന്നത്. ഗഫൂറിനെ 'ചന്ദ്രികയുടെ' ഫുൾടൈം കാർട്ടൂണിസ്റ്റായി നിയമിക്കാനുള്ള നിർദ്ദേശം അദ്ദേഹം വലിയതങ്ങൾ അദ്ധ്യക്ഷനായ കമ്മറ്റിയിൽ വെക്കുന്നു. വലിയതങ്ങൾക്കു കാർട്ടൂൺ എന്താണെന്നറിയില്ല. കോയാസാഹിബ് വിവരിച്ചുകൊടുത്ത് 'ആളെ കളിയാക്കി കോലം വരക്കുന്നതാണ് തങ്ങളെ കാർട്ടൂൺ എന്നു പറയുന്നത്" തങ്ങൾ സമ്മതിക്കുന്നു. ഗഫൂർ ചന്ദ്രികയിലെത്തുന്നു!

സരസ്വതീ ദേവിയുടെ മുലകൾ:

കോയാ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റപ്പോൾ ഏതാണ്ട് കുത്തഴിഞ്ഞതായിരുന്നു വകുപ്പ്. സർവ്വീസ് റഗുലറൈസ് ചെയ്യപ്പെടാതെ സൂപ്പർന്യൂമറിയായി അനേകം പേർ ഉണ്ടായിരുന്നു. അവരുടെ സർവ്വീസ് റഗുലറൈസ് ചെയ്തിട്ട് മതി പുതിയ നിയമനങ്ങൾ എന്നു കോയാസാഹിബ് ഫയലിൽ എഴുതി. അത് തിരുവനന്തപുരത്തെ പണ്ടാരംവക സംഗീതവിദ്യാലയത്തിലെ പിള്ളാരെ വിഷമിപ്പിച്ചു. അവർ സമരത്തിന്നു പുറപ്പെട്ടു. അവരുടെ സ്വന്തം രീതിയിൽ സംഗീത ഉപകരണങ്ങളുമായി സെക്രട്ടറിയേറ്റു നടയിൽ. പി.ഉണ്ണികൃഷ്പ്പിള്ള എന്ന സി.പി.ഐ. ക്കാരൻ മെമ്പർ സംഗതി റൂൾ 66ന്റെ ബലത്തിൽ അസംബ്ലിയിൽ ഉന്നയിച്ചു. സംഗീത വിദ്യാർത്ഥികൾ വഴിയാധാരമാകുമെന്നു പറഞ്ഞു പ്രസംഗം സംസ്കൃതശ്ലോകമുദ്ധരിച്ച് ഉപസംഹരിച്ചു. ശ്ലോകം ഇതായിരുന്നു.

“സാഹിതം സംഗീതമവി

സരസ്വതീം സ്തനദ്വയാഹ”

എന്നിട്ടു ഇങ്ങിനെ പറഞ്ഞു. "സാഹിത്യവും സംഗീതവും സരസ്വതീ ദേവിയുടെ രണ്ടു ലകളായിരിക്കെ സാഹിത്യകാരനായ മന്ത്രി എന്തുകൊണ്ട് സംഗീതത്തെഇഷ്ടപ്പെടുന്നില്ല. കോയാ സാഹിബ് ഇങ്ങിനെ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഞാൻ സാഹിത്യവും സംഗീതവും ശ്രീ ഉണ്ണികൃഷ്ണപ്പിള്ള പറഞ്ഞതും ഇഷ്ടപ്പെടുന്നയാളാണ്." തന്റെ രണ്ടു കൈപ്പടങ്ങൾകൊണ്ടു ഒരു മുദ്രകാണിച്ചായിരുന്നു മറുപടി പിറ്റേന്ന് മതൃഭൂമിയിൽ പി.സി. സുകുമാരൻ നായർ ഇങ്ങനെ റിപ്പോർട്ട് ചെയ്തു. "സംസ്കൃതശ്ലോകമുദ്ധരിച്ചു കൊണ്ട് ശ്രീ ഉണ്ണികൃഷ്ണപ്പിള്ള നടത്തിയ ഉപക്ഷേപത്തിന്നു വിദ്യാഭ്യാസ മന്ത്രി കഥകളി മുദ്രയുടെ സഹായത്തോടെ മറുപടി പറഞ്ഞു". അറിഞ്ഞവർക്ക് അറിയുന്നവർക്കും എല്ലാം മനസ്സിലായി ഊറി ഊറി ചിരിച്ചു. മന്ദബുദ്ധികൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. ബ്രഹ്മി ബുദ്ധിമാന്ദ്യത്തിനു നല്ലതാണെന്ന് ആ കാലത്ത് പരക്കെ

അറിയപ്പെട്ടിരുന്നില്ല.

കോയാസാഹിബും ബുർഖയും:

എല്ലാ സ്ത്രീകളും ജാതിമതഭേ ദമന്യേ ബുർഖ ധരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു കോയാസാഹിബ്.മുല്ലാ ഉമറിന്റെയും ബിൻലാദന്റെയും താലിബാൻ വാദത്തിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഞാൻ കോഴിക്കോട്ട് പഠിച്ചിരുന്നപ്പോൾ ചേർത്തലയിലെ അത്രയില്ലെങ്കിലും മന്തുകാൽ ഏതാണ്ട് സർവ്വസാധാരണമായിരുന്നു കോഴിക്കോട്ട്.നല്ലൊരു ബുർഖയിൽ മൂടിയാൽ വൈരുപ്യത്തെ മറച്ചുവെക്കാൻ സാധിക്കുമെന്നതായിരുന്നു കോയാസാഹിബിന്റെ ന്യായീകരണം. ബുർഖയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ചത് നല്ലൊരു ഉരുപ്പടിയായിരിക്കുമെന്ന് ആളുകൾ, ആണുങ്ങൾ, കരുതുമെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നിട്ട് "Heard melodiesare sweet un-heard melodies are sweeter" ഇംഗ്ലീഷ് കവിതയും തന്റെ വാദത്തിന്നു ശക്തികൂട്ടാൻ അദ്ദേഹം ഉദ്ദരിക്കുമായിരുന്നു.

പെണ്ണമ്മജേക്കബും കള്ളക്കടത്തും

കാസർക്കോട്ടെ വ്യാപാര പ്രമുഖരേയും കോഴിക്കോട്ടെ ലീഗുകാരെയും പരസ്പ്പരം പരിചയപ്പെടുത്തുന്നത് വിനീതനായ ഈ ചരിത്രകാരനാണ്. 'ചന്ദ്രിക' കടം കേറി സഖറാത്തിന്റെ ഹാലിൽ കഴിയുമ്പോൾ എന്റെ പുത്തിയിൽ തോന്നിയതായിരുന്നു 2+2=4 എന്ന സമവാക്യം, കോയാസാഹിബും ചെറിയതങ്ങളും (സെയ്തുമ്മർ ബാഫഖി തങ്ങളും) പിന്നെ ഈ ഞാനും കാസർക്കോട്ടുവരുന്നു. കാസർക്കോട്ടെ മുസ്ലിം പ്രമാണിമാർ സ്റ്റേറ്റ് ഹോട്ടലിൽ വന്നു കോയാസാഹിബിനെയും ചെറിയ തങ്ങളെയും കാണുന്നു. ചന്ദ്രികയുടെ അനേകം

ലക്ഷം രൂപകളുടെ ഷേറുകൾ ബ്യാരികൾ വാങ്ങുന്നു. മാഉൽ ഹയാത്ത് കുടിച്ചാലുള്ളുപോലെ ചന്ദ്രിക കടക്കെണിയിൽ നിന്നും അനിർവാര്യമായ ജപ്തിയിൽ നിന്നും സലാമത്താവുന്നു. കാസർക്കോട്ടെ ബ്യാരികൾ ലീഗുകാരെ അവരറിയാതെ ഉപയോഗിക്കുന്നു. വിവരം അങ്ങാടിപ്പാട്ടാകുന്നു. ശ്രീമതി പെണ്ണമ്മ ജേക്കബ് പ്രശ്നംപലകുറി നിയമസഭയിൽ പറയുന്നു. സബൂർകെട്ട കോയാസാഹിബ് ഇങ്ങിനെമറുപടി പറയുന്നു:

“ശ്രീമതി പെണ്ണമ്മ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്, സർ. ഞങ്ങൾ കള്ളക്കടത്തുകാരല്ല നേരെ കടത്തുന്നവരാണ്.” പിന്നെ ലീഗുകാരും കാസർക്കോട്ടെ കള്ള ക്കടത്തുകാരായ ബ്യാരികളെകുറിച്ചും പെണ്ണമ്മ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. ആ വിവരം പത്രങ്ങളി ൽ അച്ചടിച്ചുവന്നപ്പോൾ ഞാൻ എന്റെ ആസ്വാദനം, ആരാധന രൂപത്തിലുള്ളത്, കോയാസാഹിബിന്നെഴുതി.

"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം" എന്ന ഈരടിയോടെയായിമൂന്നു മറുപടി ആരംഭിച്ചത്. തന്റെ വാക്കുകൾക്കു ഞാൻ ഇല്ലാത്ത അർത്ഥം 'ആരോപിയ്ക്കുന്നു" എന്ന് കോയാസാബിഹ് “പരിഭവിച്ചു".

അറബിത്തെറി:

എനിക്കൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു. അറബിയുൾപ്പെടെയുള്ള/ ഭാഷകളിലെ തെറിബൈത്തുകൾ / ശ്ലോകങ്ങൾ എനിക്കറിയുമെന്നു.

ഒരു നാൽക്കാലിയുടെ ആദ്യത്തെ വരി എഴുതി (ഞാൻ ചതുഷ്പതി മുഴുവൻ എഴുതികൊടുത്തിരുന്നു.)

നിസ്ഫലയാലിമളാ...

കോയാ സാഹിബ് അറബിയിൽത്തന്നെ ഒരു അഷ്ടപതി എഴുതിത്തന്നു. എന്നിട്ട് കൊല്ലക്കടയിൽ സൂചിവിൽക്കരുതെന്ന ഉപദേശവും.

വിജയകുമാർ പറഞ്ഞത്:

ഇപ്പോൾ ബിനോയ് വിശ്വത്തിന്റെ സ്റ്റാഫിലുള്ള വിജയകുമാർ എന്ന പത്രക്കാരൻ കോയാസാഹിബിന്റെ അയൽവാസിയായിരുന്നു. കോയാസാഹിബിനെ കാണാൻ വിജയകുമാർനടക്കാവിലെ ക്രസന്റ് ഹൗസിലേക്ക് പോവും. കോയാസാഹിബ് കണ്ണാടിയിൽ നോക്കിയിട്ടല്ല ഷേവു ചെയ്യുക. എന്തെങ്കിലും ആലോചിച്ചുകൊണ്ട് അദ്ദേഹം ഷേവ് ചെയ്യും. അദ്ദേഹത്തിന്റെ ഹിറ്റ്ലർ മീശ പലപ്പോഴും പല കോലത്തിലായിരിക്കും.

ഒരിക്കൽ വിജയകുമാർ സംഗതികോയാസാഹിബിനോട് പറയുന്നു

“എന്തു ചെയ്യാനാണ് വിജയകുമാർ. കോഴിക്കോട്ടെ ഒരുമാതിരിപ്പെട്ട ബാർബറന്മാരെല്ലാം ഇപ്പോൾ പത്രക്കാരാണ്. അപ്പോൾ ഇങ്ങിനെ ചില കെടുതികൾ അനിർവ്വാര്യമാണ്.

റഹ്മാൻ തായലങ്ങാടിയുടെ

പാപത്തിന്റെ ശമ്പളം:

റഹ്മാൻ തായലങ്ങാടി എന്ന എന്റെ കാസർക്കോട്ടെ പ്രഥമശത്രു കുറേക്കാലം ചന്ദ്രികയിലായിരുന്നു. കോഴിക്കോട്ട് ശംബളം കിട്ടാൻ വൈകിയപ്പോൾ

റഹ്മാൻ ചീഫ് എഡിറ്ററെ സമീപിച്ചു.ചന്ദ്രികയുടെ നേരെ എതിരെയുള്ള പെന്തക്കോസ്റ്റ് പള്ളിയുടെ മതിലിൽ എഴുതിവെച്ചിരുന്ന ഒരു തിരുവചനമാണ്

റഹ്മാനോട് വായിക്കാൻ ച.പ. (=ചന്ദ്രികപത്രാധിപർ) ആവശ്യപ്പെട്ടത്. അതിങ്ങനെയായിരുന്നു. "പാപത്തിന്റെ ശമ്പളം മരണമത്രെ”.

മുഴുപ്പിരാന്തനും

അരപ്പിരാന്തനും:

ലിബിയയിൽ ഞാൻ കേണൽ ഖദ്ദാഫിയുടെ സ്വന്തക്കാരനായിരുന്നു. ഖദ്ദാഫിയുടെ കൂടെയുള്ള ഒരു ഫോട്ടോ ഞാൻ കോയാസാഹിബ്ബിന്ന് അയച്ചുകൊടുത്തു. ഇങ്ങിനെ ഒരു മറുപടി വന്നു: "പടം തിരുവനന്തപുരത്തെ ഏതെങ്കിലും പത്രത്തിൽ അച്ചടിപ്പിയ്ക്കാം. നിന്റെ പഴയ നായർ ഇരകൾ കണ്ട് വികാര തരളിതകളാവട്ടെ. ഫോട്ടത്തിന്റെ കീഴെ മുഴുപ്പിരാന്തനും അരപ്പിരാന്തനും എന്ന് എഴുതും. അത് ആരാണെന്ന് നിങ്ങൾ പരസ്പ്പരം വഴക്കിട്ട് തീരുമാനിച്ചാൽ മതി”

എം.ടി. സാഹിത്യ അക്കാദമിയിലെത്തുന്നു:

ഇപ്പോൾ ജ്ഞാനപീഠത്തിലിരിക്കുന്ന എം.ടി. വാസുദേവൻ നായർക്ക് ആദ്യമായി ഒരു അംഗീകാരം സർക്കാർ വക കിട്ടുന്നത് കോയാസാഹിബിൽ നിന്നാണ്. അന്നദ്ദേഹം പുറത്തെവിടെയോ ഉണ്ടായിരുന്ന എനിക്കെഴുതി: "നിന്റെ ഗുരുവിനെ ഞാൻ സാഹിത്യഅക്കാദമിയിലെടുത്തത് വലിയവാർത്തയായിരിക്കുന്നു" പിന്നീട് എം.ടി. വെച്ചടി വെച്ചടി മേൽപ്പട്ട് കയറി. ഞാൻ ശുപാർശ ചെയ്തിരുന്നത് കലാമണ്ഡലത്തിൽ എടുക്കേണമെന്നായിരുന്നു. തന്റെ ബയോഡാ

റ്റയിൽ പെർഫോർമിംഗ് ആർട്ടിൽ കുറച്ചുകാലം വിലസിയിട്ടുണ്ടെന്നു എഴുതിചേർക്കാൻ വാസുദേവൻനായർക്കു ആഗ്രഹമുണ്ടായിരുന്നു. അതു ചെയ്യാൻ വിദ്യാഭ്യാസമന്ത്രിക്കു സാധിച്ചില്ല. വളരെ നീളത്തിൽ ചാടുകയല്ലാതെ ഉയരത്തിൽ ചാടാൻ കഴിയാതിരുന്ന അച്ചുതമേനോനാണ് തനിക്കു വിനയായത് എന്ന് അച്ചുതമോനോൻ ഫൗണ്ടേഷന്റെ തലപ്പത്തിരിക്കുന്ന വാസുദേവൻനായരുണ്ടോ അറിയുന്നു.

കരുണാകരൻ മാസ്റ്റർ പ്രസംഗിച്ചത്:
ബി.ജെ.പി. നേതാവ് ശ്രീ.പി.പി. കരുണാകരൻ നമ്പ്യാർ മാസ്റ്റർ ഒരു യോഗത്തിൽ “ഘോരഘോരം" പ്രസംഗിക്കുകയായിരുന്നു അപ്പോൾ വേദിയിലേക്കു മരാമത്തു മന്ത്രി ഡോ. എം. കെ. മുനീർ കയറി വരുന്നു. എല്ലാവരും കയ്യടിക്കുന്നു. ജയ് വിളിക്കുന്നു. സിന്ദാബാദ് വിളിക്കുന്നു. ആരവം കെട്ടടങ്ങിയപ്പോൾ സംസ്കൃത പണ്ഡിതൻ കൂടിയായ മാസ്റ്റർ ഉവാച: "ഇവിടെ കേട്ട കയ്യടിയും, ജയ് വിളിയും, സിന്ദാബാദ് വിളിയും നമ്മുടെ മരാമത്തു മന്ത്രി ഡോ.എം.കെ. മുനീറിന്നുള്ളതല്ല. അത് കേരളത്തിന്റെ പൊന്നോമനപുത്രൻ മർഹൂം ജനാബ് സി.എച്ച്. മുഹമ്മദ്കോയാ സാഹിബിനെ അനുസമരിപ്പിച്ചതുകൊണ്ടാണുണ്ടായത്. മാസ്റ്റർക്കും കിട്ടി നീണ്ട കയ്യടി.

ഗൗരിയമ്മയെപ്പേടി; ഗൗരിയമ്മയ്ക്കും പേടി:

കോയാസാഹിബ് അറിയാത്ത വിഷയങ്ങൾ സംസാരിക്കുകയില്ല. ഭൂപരിഷ്കരണത്തെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളത്രയും കലക്കി കുടിച്ച ടീമാണ്

ഗൗരിയമ്മ. അത് കോയാസാഹിബിന്നറിയാം, പിന്നെ കക്ഷി ഗൗരിയമ്മയാണെന്നും. പ്രകോപിപ്പിച്ചാൽ നല്ല മറുപടികിട്ടും. വടികൊടുത്ത് അടി വാങ്ങുന്നതിന്ന് തുല്യമാണ് ഗൗരിയമ്മയെ പ്രകോപിപ്പിക്കുക എന്നത്. കോത്താരി കമ്മീഷൻ റിപ്പോർട്ട് കമ്പോടുകമ്പ് കാണാപ്പാഠം പഠിച്ച കക്ഷിയാണ് സി.എച്ച് എന്ന് ഗൗരിയമ്മയ്ക്കറിയാം. വിദ്യാഭ്യാസ കാര്യത്തിൽ ഗൗരിയമ്മ ഇടപെടുകയില്ല. കോയാസാഹിബിന്റെ നല്ലൊരു സുഹൃത്തായിരുന്നു ടി.വി. ഇടതു വലതു പക്ഷങ്ങളിൽ നിന്നുള്ള ദമ്പതികളെ അനുയോജിപ്പിക്കാൻ ശ്രമിച്ചവരിൽ ഒരാൾ കോയാ സാഹിബായിരുന്നു. തോറ്റവരിലും. ഭഗവാൻ സഹായി ഗവർണ്ണരെന്ന രൂപത്തിൽ ഇടപെട്ടിട്ടും ഗൗരി-തോമസ്സ് ദമ്പതികളെ സഹവസിപ്പിയ്ക്കാൻ തിരുമേനി സമ്മതി

ച്ചില്ല. ഒടുവിൽ എന്റെ ഗുരുനാഥ പ്രൊഫസർ സൂസൻ വർഗ്ഗീസായിരുന്നു തൊമ്മച്ചനു തുണയായിട്ടുണ്ടായിരുന്നത്. സി.എച്ചിന്ന് തമാശ പറയുന്ന

ആരെയും ഇഷ്ടമായിരുന്നു. നല്ല തമാശക്കാരനായിരുന്നു എം.എൻ. ഗോവിന്ദൻ നായർ. അതുകൊണ്ട് തന്നെ സി.എച്ചിന് നല്ലൊരു കൂട്ടുകാരനും ടി.കെ. ദിവാകരനെയും സി.എച്ചിന് വലിയ കാര്യമായിരുന്നു. അന്നു മന്ത്രിമന്ദിരങ്ങളിൽ ഓടിക്കളിച്ചു നടന്ന കുട്ടികളായിരുന്നു മുനീറും ബാബുവും. കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ അവരിരുവരും ഒരേ മന്ത്രിസഭയിൽ അംഗങ്ങളായി. Son Rise Phenomena എന്നു വേണമെങ്കിൽ ഈ പ്രതിഭാസത്തെ ഇംഗ്ലീഷിൽ തർജ്ജമ ചെയ്യാം.

മദിരാശിയിലെ

നേരമ്പോക്കുകൾ:

കുറച്ചുകാലം ഞാൻ മദിരാശിയിലുണ്ടായിരുന്നു. സെൻട്രൽ ഹെൽത്ത് സർവ്വീസിൽ മദിരാശി വഴി (അന്നു ചെന്നൈയില്ല) കടന്നു പോവുമ്പോൾ പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെങ്കിലും കോയാ സാഹിബ് ഒന്നോ രണ്ടോ ദിവസം മദിരാശിയിൽ തങ്ങും. താമസം മദിരാശി സർക്കാറിന്റെ അതിഥിയായിട്ട്. അതിന്റെ അർത്ഥം വാഹനവും ഭക്ഷണവും സെക്യൂരിറ്റിയും മദിരാശി ഗവൺമെന്റിനൊത്ത് എന്നർത്ഥം. പക്ഷെ കോയസാഹിബിന് ഇതൊന്നും ആവശ്യ മില്ലായിരുന്നു. പുരുസവാക്കത്തുള്ള എം. കെ. ഹാജി സാഹിബിന്റെ അഹമ്മദിറസ്റ്റോറന്റ്റിൽ വെച്ചായിരിക്കും ഒജീനം. അതു പ്രത്യേകമായി വിളമ്പുന്നതിനു മേൽനോട്ടം തിരുരങ്ങാടിയിലെ ഹംസക്കയ്ക്ക്. ചിലപ്പോൾ പ്രേംനസീർ വീട്ടിലേക്കു ക്ഷണിക്കും അല്ലെങ്കിൽ പുരുസവാക്കത്തെ അഹമ്മദി റസ്റ്റോറണ്ടിൽ വെച്ച് കോയാ സാഹിബിന്റെ കൂടെ ഒജീനം കഴിക്കും.എം. കൃഷ്ണൻ നായർ:എനിക്കു ഒരിക്കലും സഹിയ്ക്കാൻ സാധിക്കാത്ത ഒരു കോളമിസ്റ്റായിരുന്നു പ്രഫസർ എം. കൃഷ്ണൻ നായർ. അദ്ദേഹത്തെ ഡോ. ഭാസ്ക്കരൻ നായർ ചിറ്റൂരിലേക്ക് ആട്ടിയോടിച്ചിരുന്നു. ചിറ്റൂരിലെ താമസത്തിന്റെ വിഷമതകൾ കൃഷ്ണൻ നായർ മുൻ വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൃഷ്ണൻനായരെ തിരുവനന്തപുരത്തേക്കു തിരിച്ചുകൊണ്ടുവരണമെന്നത് മുണ്ടശ്ശേരി മാസ്റ്ററുടെ ആഗ്രഹമായിരുന്നു. മുണ്ടശ്ശേരി മാസ്റ്ററുടെ സന്ദേശം കോയാസാഹിബിനെ അറിയിക്കുക ഈ “ഹംസ"ത്തിന്റെ ജോലിയായിരുന്നു.ആ കാലത്ത് കൃഷ്ണൻനായർ ഉള്ളൂരിന്റെ ഉമാകേരളത്തിലെ ആദ്യത്തെ ഏഴുവരികൾ പോലും വായിക്കാതിരിക്കാനുള്ള കാരണം "മലയാളനാട്ടിൽ" എഴുതി: പതിനാലു തെറ്റുകൾ കണ്ടതുകൊണ്ട് “നീ കൃഷ്ണൻനായരെ കാണാറുണ്ടോ?” കോയാസാഹിബ് ചോദിച്ചു. "മിക്കവാറും വൈകുന്നേരങ്ങളിൽ സ്റ്റാച്യൂ ജങ്ക്ഷനിലെ കറന്റു് ബുക്ക്സിൽ കാണാറുണ്ട്. ഞാൻ മറുപടി പറഞ്ഞു. "കയ്യിൽ ഒരു കെട്ട് പുസ്തകവും ഉണ്ടാവും" ഞാൻ കൂട്ടി ചേർത്തു.

കോയാ സാഹിബ് എന്നിട്ട് എനിക്കീ ഉപദേശം തന്നു. നീ ഇനി അദ്ദേഹത്തെ കണ്ടാൽ എടാ നായിന്റെ മോനെ കൃഷ്ണൻ നായരെ എന്നു അങ്ങയെ എങ്ങിനെ വിളിക്കും സാറെ. സാർ ഇതിൽ വ്യാകരണതെറ്റുകൾ കാണുകയില്ലെ എന്നു ചോദിക്കണമെന്ന്.

Beauty and the Beast

കോയാ സാഹിബ് രണ്ടാമതായി ലോകസഭയിലെത്തുമ്പോൾ ഇന്ദിരാജിയായിരുന്നു പ്രധാനമന്ത്രി. ഒരു ദിവസം സെൻട്രൽ ഹാളിൽ വെച്ച് കോയാസാഹിബ് നിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നത്രെ. അടുത്ത മേശയിൽ ആചാര്യ കൃപലാനിയും എസ്.കെ. പാട്ടീലും മുഖാമുഖമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നത്രെ. കൃപലാനി പട്ടലിനോട് ഇങ്ങനെ ചോദിക്കുന്നത് കോയാസാഹിബ് കേട്ടത്രെ. "What is this Patil.Our country is between the beauty and the Beast". കൃപലാനി ഉദ്ദേശിച്ച ബ്യൂട്ടി ഇന്ദിരാജിയും ചെകുത്താൻ കാമരാജനാഡാറുമായിരുന്നു. അന്നു കാമരാജനാഡാറായിരുന്നു കോൺഗ്രസ്സ് പ്രസിഡണ്ട്.

എന്റെ ഹജ്ജുയാത്ര:

സർക്കാർ വക ഞാൻ ഹജ്ജിന്നുപോയിരുന്നു. തിരിച്ചുവന്നപ്പോൾ കോയാസാഹിബിനെ കണ്ടു. “എങ്ങിനെ ഉണ്ടായിരുന്നു ഹജ്ജ്?” അദ്ദേഹം ചോദിച്ചു.

“വലിയ കുഴപ്പമില്ല”

“ചെറിയകുഴപ്പം ഉണ്ടെന്നു സൂചനയുണ്ടല്ലൊ?" ഞാൻ മിണ്ടിയില്ല.

“നീ ഇഹ്റാം കെട്ടിയില്ലെ?”

"കെട്ടി"

“ഹറമിനെ വലംവെച്ചില്ലെ?”

"വെച്ചു”

“മുടി വെട്ടിയില്ലെ”

"വെട്ടി”

മുസ്തലിഫയിൽ രാപ്പാർത്തില്ലെ?

“പാർത്തു”

“കല്ല് പെറുക്കിയില്ലെ”

“പെറുക്കി”

“ഷൈത്താന്മാരെ എറിഞ്ഞില്ലെ?”

“അതു ശരിയായില്ല കോയാസാഹിബെ. എറിയാൻവേണ്ടി ഞാൻ ഓങ്ങുമ്പോൾ വലിയ ഷൈത്താൻ ഇത് നമ്മള് തമ്മിൽ വേണോ എന്ന് ചോദിച്ചപ്പോൾ

എന്റെ ഉള്ളലിഞ്ഞുപോയി. ഞാൻ കല്ല് ദൂരത്തേക്കു വലിച്ചെറിഞ്ഞുകളഞ്ഞു.

"ഈ കഥ അദ്ദേഹം ആവർത്തിക്കുമായിരുന്നത്രെ. അവസാനം എല്ലാ ചീത്ത കഥകൾക്കും പിതൃത്വം പത്തായക്കോടൻ സീതിഹാജിക്കു കിട്ടുന്നതുപോലെ എന്റെ കഥ സീതിഹാജിയുടെ പേരിലായി.

കോയാ സാഹിബ് ഏറിന്റെകാര്യ ത്തിൽ ഒരു പടികടന്ന ഉപദേശം ഇ. അഹമ്മദിന് കൊടുത്തു. അഹ്മ്മദ് ഹജ്ജിന്നു പോകാൻ വേണ്ടി യാത്ര ചോദിക്കാൻ

വേണ്ടി സി.എച്ചിന്റെ അടുത്തേക്കുവന്നു.

അഹമ്മദേ സൂക്ഷിക്കണം. ഏറ് ഇങ്ങോട്ടുവരും. അതായിരുന്നു കോയാസാഹിബിന്റെ ഉപദേശം.

ഈ ലേഖനം ഞാൻ ഉദ്ദേശിച്ചതിലുമധികം നീണ്ടുപോയി. നിർത്താൻ നോക്കട്ടെ.

സി.എച്ച്. നല്ലൊരു വായനക്കാരനായിരുന്നു. മലയാളത്തിൽ കിട്ടുന്ന എല്ലാ പുസ്തകങ്ങളും അദ്ദേഹം വായിച്ചിരുന്നു. ഫലിതമാണ് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നത്. സി.എച്ചിന്റെ കണ്ണിൽ വി.സി. (അന്നത്തെ ച.പ. വി.സി. അബൂബക്കർ സാഹിബാണ്) മലയാളത്തിലെ ഏറ്റവും നല്ല ഫലിതമെഴുത്തുകാരൻ. അവർ പരസ്പ്പരം സ്നേഹിക്കുകയും ആരാധിക്കു

കയും ചെയ്തിരുന്നു.

നല്ലൊരു ഭരണാധികാരിയായിരുന്നു കോയാ സാഹിബ്. മുസ്ലീമിങ്ങളെയോ മുസ്ലീം ലീഗുകാരെയോ അദ്ദേഹം വഴിവിട്ട് സഹായിച്ചിട്ടില്ല. ലീഗു മത-വി

മതലീഗുകളായതിന്റെ പിന്നിൽ സി.എ ച്ചിന്ന് വളയാത്ത നട്ടെല്ലുള്ളതാണ് കാരണം. ലീഗിന്നകത്ത് ഒരു കോക്കസ്സുണ്ടായിരുന്നു. അവർക്കു ഒരു നട്ടെല്ലില്ലാത്ത ഒരു വിദ്യാഭ്യാസ ആഭ്യന്തര മന്ത്രിയെയായിരുന്നു ആവശ്യം. കോയാസാഹിബ് അതായിരുന്നില്ല. അവർക്കദ്ദേഹം അനഭിമതനായി. ലീഗ് പിളർന്നു. പിളർത്തുന്നതിന്റെ പിന്നിൽ തിരുമേനിയുണ്ടായിരുന്നു. പിന്നീട് അതേ തിരുമേനിവിമത ലീഗുകാരെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു.

പഠിക്കേണ്ട പാഠം: കൂട്ടു. മുന്നണി കേരളത്തിൽ അനിർവാര്യമാണ്. എന്നാൽ നിൽക്കാൻ പറ്റിയ കാല് സ്വന്തം കാല് തന്നെയാണ്.

പിൻകുറിപ്പ്:- ഞാൻ ലീഗുകാരനല്ല. ലീഗിൽ എനിക്ക് കുറെ സ്നേഹിതന്മാരുണ്ട്. കാസർക്കോട്ടെ റഹ്മാൻ തായലങ്ങാടി എനിക്കൊരാരാദ്ധ്യനായ എഴുത്തുകാരനാണ്. ഈ ലേഖനത്തെ ലീഗിൽ ചേരാനായുള്ള അപേക്ഷയായി കരുതാതിരിക്കണമെന്ന് അപേക്ഷിക്കുന്നു.