അപൂർവ്വ ചാരുതയാർന്ന നേതൃത്വ സിദ്ധി
By: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

ഒരു സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും നേതാവായി തലമുറകൾക്ക് ആവേശം നൽകി കടന്നുപോയ വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ്കോയ സാഹിബിൻ്റേത്. പിന്നോക്ക ജനവിഭാഗത്തിന്റെ മോചനം ജീവിത ലക്ഷ്യമായി കാണുകയും അതിനുവേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത നേതാവാണ് സി.എച്ച്. സി.എച്ചിന്റെ ജീവിതത്തിന് അപൂർവ്വ ചാരുതയേകുന്ന നിരവധി ഘടകങ്ങളുണ്ട്. മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ സുപ്രധാനമായ ഒരു ഘട്ടത്തെയാണ് സി.എച്ച്. പ്രതിനിധീകരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷരാഷ്ട്രീയത്തിന് വ്യക്തമായ ദിശാബോധം നൽകിയതും മുന്നണി രാഷ്ട്രീയത്തിന് പുതിയമാനങ്ങൾ നൽകി അതിന്റെ സാധ്യതകൾ മുഴുവൻ ഉപയോഗപ്പെടുത്താൻ കഴിഞ്ഞതും സി.എച്ചിന്റെ പ്രധാന നേട്ടമാണ്. മുസ്ലിംലീഗ് മുന്നണി രാഷ്ട്രീയ ത്തിലൂടെ നേടിയെടുത്തത് വെറും രാഷ്ട്രീയ ബന്ധങ്ങളല്ല. കേരളത്തിലെ മറ്റു സമുദായങ്ങളുമായുള്ള മാനസികബന്ധം കൂടിയാണ്. ന്യൂനപക്ഷരാഷ്ട്രീയവും ന്യൂനപക്ഷപ്രശ്നങ്ങളും എന്തെന്ന് അവരെയൊക്കെ ബോധ്യപ്പെടുത്താനും നമ്മുടെ ന്യായമായ അവകാശങ്ങൾക്കു അവരുടെ കൂടി പിന്തുണ നേടിയെടുക്കാനും നമുക്കു കഴിഞ്ഞത് മുന്നണി ബന്ധങ്ങളിലൂടെയാണ്. കേരളത്തിൽ ഭരണരംഗത്ത് അസ്ഥിരത പ്രകടമായിരുന്ന ഒരു ഘട്ടത്തിലാണ് മുന്നണി രാഷ്ട്രീയത്തിന്റെ പിറവി. വ്യത്യസ്ത വീക്ഷണഗതികളും, അഭിപ്രായങ്ങളുമുള്ള രാഷ്ട്രീയപാർട്ടികളെ ഒരേ പ്ലാറ്റ്ഫോമിൽ അണിനിരത്തുമ്പോൾ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങൾ യഥാസമയം പരിഹരിക്കുന്നതിൽ വലിയ പാടവമാണ് സി.എച്ച്. പ്രദർശിപ്പിച്ചിരുന്നത്. മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അഹോരാത്രം പാട് പെടുമ്പോഴും ഇതര സമുദായങ്ങളുടെ ആദരവ് നേടിയെടുക്കാൻ സി.എച്ചിനു
കഴിഞ്ഞിരുന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും മനസിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സി.എച്ചിനു കഴിഞ്ഞതും ഈ പ്രത്യേകത കൊണ്ടാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതിരിക്കാനും, ജൻമസിദ്ധമായ നർമ്മബോധം വലിയ അളവിൽ പാലിക്കാനും സി.എച്ച്. ശ്രദ്ധിച്ചിരുന്നു. എത്ര മുടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും അതൊക്കെ സി.എച്ചിന്റെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രം ലളിതമായി അനുഭവപ്പെടുകയാണ് പതിവ്. ഇത് സി.എച്ചിന്റെ മാത്രം സവിശേഷമായ ഒരു സിദ്ധിയായിരുന്നു. രാഷ്ട്രീയ നായകനായിരിക്കുമ്പോൾ തന്നെ കലാസംസ്കാരിക രംഗത്തുള്ളവരുമായും ആത്മബന്ധം പുലർത്തുകയും അവരുടെയൊക്കെ ആദരവ് പിടിച്ച് പറ്റുകയും ചെയ്തിരുന്നു സി.എച്ച്. വിദ്യാഭ്യാസരംഗത്തും അതുല്യമായ സംഭാവനകൾ നൽകിയാണ് അദ്ദേഹം കടന്നുപോയത്. സി.എച്ചിന്റെ അപൂർവ്വചാരുതയാർന്ന വ്യക്തിത്വം കാലമേറെ കഴിഞ്ഞാലും ആവേശകരമായി തിളങ്ങി നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.